Kerala (Page 28)

കോഴിക്കോട്: മലയാളി സൈനികൻ വിഷ്ണുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയതായി മന്ത്രി എ കെ ശശീന്ദ്രൻ. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. സൈനികൻ വിഷ്ണുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന് ഇപ്പോൾ ഒരു നിഗമനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. അന്വേഷണസംഘം പൂനെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

എന്നാൽ, കോഴിക്കോട് കമ്മീഷണർ ജമ്മുവിലെയും പൂനെയിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുന്നുണ്ട്. സൈബർ വിദഗ്ധനുൾപ്പെടെയുള്ള സംഘമാണ് പൂനെയിലേക്ക് പോയത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് കോഴിക്കോട് എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കാണാതായത്. ബന്ധുക്കളാണ് ഇദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്.

അവധിയായതിനാൽ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. ചൊവ്വാഴ്ച പകൽ 2.15 നാണ് വിഷ്ണു അവസാനമായി വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. അമ്മയെ വിളിച്ചപ്പോൾ പറഞ്ഞത് കണ്ണൂരിൽ എത്തിയെന്നാണ്. എന്നാൽ രാത്രി വൈകിയും കാണാഞ്ഞതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂർ പൊലീസിൽ പരാതി നൽകിയത്. എ ടി എം കാർഡിൽ നിന്ന് 15,000 രൂപ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി പി വിജയൻ. ക്രമസമാധാന ചുമതലയുണ്ടായിരുന്നപ്പോൾ എം ആർ അജിത്കുമാർ നൽകിയ റിപ്പോർട്ടാണ് ഐജിയായിരുന്നപ്പോൾ പി വിജയൻ സസ്‌പെൻഷനിലേക്ക് പോകാൻ കാരണം. കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാ വിവരങ്ങൾ ചോർത്തി നൽകിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി വിജയന് സസ്‌പെൻഷൻ ലഭിച്ചത്.

ആ നടപടിക്ക് പിന്നാലെ അതേക്കുറിച്ച് അന്വേഷിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നടത്തിയെങ്കിലും എംആർ അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ട് പി വിജയനെ സർവീസിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് ഇന്റലിജൻസ് എഡിജിപിയായി പ്രമോഷൻ നൽകി. ഇതിന് ശേഷമാണ് ഗുരുതരമായ മറ്റൊരു ആരോപണവുമായി എംആർ അജിത് കുമാർ രംഗത്തെത്തുന്നത്. ഡിജിപിക്ക് എംആർ അജിത് കുമാർ അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ഫിനാൻസ് കോർപ്പറേഷൻ വഴി ക്ഷീര മേഖലയിൽ പുതു സംരംഭങ്ങൾ തുടങ്ങാനും കന്നുകാലികളെ വാങ്ങുന്നതിനും വായ്പകൾ അനുവദിക്കും. ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പുമന്ത്രി വി.അബ്ദുറഹിമാനാണ് ഇക്കാര്യം അറിയിച്ചത്. മൂർക്കനാട് ആരംഭിക്കുന്ന മിൽമ മിൽക്ക് പൗഡർ ഫാക്ടറിയുടേയും മലപ്പുറം ഡയറിയുടേയും ഉദ്ഘാടനത്തിന് മുന്നോടിയായുള്ള അഗ്രി -ഡയറി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിൽമ മിൽക്ക് പൗഡർ ഫാക്ടറി കേരളത്തിന് അഭിമാനവും രാജ്യത്തിന് മുതൽക്കൂട്ടുമാണ്. കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ചയുടെ പടവുകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു.

പരമ്പരാഗത കൃഷി രീതികൾ, കാർഷിക ഉപകരണങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ എന്നിവയെക്കുറിച്ച് പുതു തലമുറയ്ക്ക് അറിവുപകരുന്നതാണ് അഗ്രി ഡെയറി ഫെസ്റ്റ്. നാടൻ പശുക്കളുടെ പ്രദർശനം, ഭക്ഷ്യമേള, കലാ സന്ധ്യ എന്നിവയും അഗ്രി ഡെയറി ഫെസ്റ്റിന്റെ ഭാഗമാണ്. മിൽമയും സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡവലപ്പ്മെന്റ് ഫൗണ്ടേഷനും ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 115 തരം കാർഷിക ഉപകരണങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. മുളകൊണ്ടും കയർകൊണ്ടും നിർമ്മിക്കുന്ന പരമ്പരാഗത ഉത്പ്പന്നങ്ങളുടെ നിർമ്മാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, വസ്ത്രം നെയ്യൽ, നൂൽനൂൽപ്പ്, മൺകല നിർമ്മാണം എന്നിവയെല്ലാം മേളയിൽ കാണാം.

നാടൻ പശു ഇനങ്ങളായ വെച്ചൂർ, കാസർകോട് കുള്ളൻ, താർപാർക്കർ, ഗിർ, കാൻക്രെജ് എന്നിവയുടെ പ്രദർശനം കാണികൾക്ക് പുത്തൻ അനുഭവമാകുന്നു. അഗ്രി ഫെസ്റ്റിന്റെ ഭാഗമായ ഭക്ഷ്യമേള കേരളത്തിന്റെ തനത് വിഭവങ്ങൾ ഒരുക്കിയുള്ളതാണ്. കേരളത്തിന്റെ തനത് ഭക്ഷ്യ ഇനങ്ങളുടെ രുചി ഏവരിലേക്കും എത്തിക്കുന്ന വിധത്തിൽ വൈവിധ്യമാർന്ന സ്റ്റാളുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. പച്ചില മരുന്നുകൾ ചേർത്തുള്ള ഭക്ഷ്യ ഉൽന്നങ്ങളും കപ്പയുടെ വിവിധ രുചി ഭേദങ്ങളും മേളയിൽ ലഭ്യമാണ്. ചടങ്ങിൽ മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിച്ചു. നാടൻ പശുക്കളുടെ പ്രദർശനത്തിന്റേയും ഭക്ഷ്യമേളയുടേയും ഉദ്ഘാടനം മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് നിർവ്വഹിച്ചു.

കലാസന്ധ്യയുടെ ഉദ്ഘാടനം മിൽമ ചെയർമാൻ കെ.എസ് മണി നിർവ്വഹിച്ചു. മിൽമ ഭരണ സമിതി അംഗങ്ങളായ പി. ശ്രീനിവാസൻ, നാരായണൻ പി.പി, മലബാർ മിൽമ ഭരണ സമിതി അംഗങ്ങളായ അനിത കെ.കെ, സനോജ് .എസ്, ചെന്താമര.കെ, ബാലചന്ദ്രൻ വി.വി, ഉസ്മാൻ ടി.പി, ഗിരീഷ് കുമാർ പി.ടി, സുധാകരൻ.കെ, സ്വാഗത സംഘം വൈസ് ചെയർമാൻമാരായ രാജഗോപാൽ.കെ, സലീന ടീച്ചർ, പി,അബ്ദു, സ്വാഗത സംഘം സെക്രട്ടറിമാരായ കെ.പി.ബാബുരാജ്, അഭിശങ്കർ ഷാജി, കെ.പി. ഹംസ മാസ്റ്റർ, ഷഫീഖ് കൊളത്തൂർ, സാജു കൊളത്തൂർ, സലീം മാസ്റ്റർ, വീരാൻ ഹാജി എന്നിവർ സംസാരിച്ചു. മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ കെ.സി.ജെയിംസ് സ്വാഗതവും എം.ആർ.ഡി.എഫ് സിഇഒ ജോർജ്ജുകുട്ടി ജേക്കബ് നന്ദിയും പറഞ്ഞു.

തിരുവനന്തപുരം: ആന്റി മൈക്രോബിയൽ പ്രതിരോധം സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ വിപത്തെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എജ്യുക്കേഷൻ ( വി. എച്ച്. എസ്. ഇ) വിഭാഗം നാഷണൽ സർവീസ് സ്‌കീമുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗഖ്യം സദാ ആന്റിബയോട്ടിക് സാക്ഷരത യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മൈലപ്ര മാർ കുര്യാക്കോസ് ആശ്രമം ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അശാസ്ത്രീയമായ മരുന്ന് ഉപയോഗം മരുന്നുകൾ കൊണ്ട് അസുഖങ്ങൾ മാറാത്ത സാഹചര്യത്തിലേക്ക് എത്തിക്കും.

എൻഎസ്എസ് വോളന്റിയർമാർ സംസ്ഥാനത്തുടനീളം 343 പഞ്ചായത്തുകളിലെ വീടുകളിൽ സന്ദർശനം നടത്തി മുന്നറിയിപ്പ് നൽകുകയാണ്. അശാസ്ത്രീയമായ മരുന്നുപയോഗത്തിന്റെയും ആന്റിബയോട്ടികളുടെ അമിത ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചും ആന്റി മൈക്രോബിയൽ പ്രതിരോധം തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളെ കുറിച്ചുമാണ് അവബോധം സൃഷ്ടിക്കുന്നത്.

ആന്റിബയോട്ടിക്കുകളുടെ അമിതഉപയോഗം തടയുന്നതിന് ആരോഗ്യവകുപ്പ് പ്രത്യേക പ്രവർത്തനങ്ങൾ നടത്തുകയാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടികൾ വിതരണം ചെയ്യുന്നതിന് വിലക്കുണ്ട്;ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പരിശോധനകൾ നടത്തിവരുന്നു. ആൻറിബയോട്ടിക് മരുന്നുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് നീല കവറുകളിൽ നൽകുകയാണ് ഇപ്പോൾ.

വെറ്ററിനറി ഡോക്ടർമാരുടെ അനുവാദമില്ലാതെ ചിലർ കന്നുകാലികൾക്ക് ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നതായി കാണുന്നുണ്ട്. ഇവയുടെ പാൽ ഉപയോഗിക്കുന്നതും അപകടമാണ്. വെറ്റ് ബയോട്ടിക് എന്ന പേരിലുള്ള പ്രചാരണത്തിലൂടെ ഇതിനെതിരെ ബോധവത്കരണം നടത്തി വരുന്നു – മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട നഗരസഭ ചെയർമാൻ റ്റി. സക്കീർ ഹുസൈൻ അധ്യക്ഷനായി. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ ഡോ. കെ. സുജിത് കുമാർ, വി.എച്ച്.എസ്. ഇ. എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. പി. രഞ്ജിത്ത്, വി എച്ച് എസ് ഇ ഡെപ്യൂട്ടി ഡയറക്ടർ ആർ. സിന്ധു, അസിസ്റ്റൻറ് ഡയറക്ടർ ഷാലി ജോൺ, ഡ്രസ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന കോ- ഓർഡിനേറ്റർ ഷാജി എം. വർഗീസ്, സെന്റ് ജോർജ് വി. എച്ച്. എസ്. എസ്. അട്ടച്ചാക്കൽ മാനേജർ ഫാ. പി വൈ. ജസ്സൻ, പ്രിൻസിപ്പൽ രശ്മി ഗ്രേസ് ഈശോ, വി. എച്ച്. എസ്. ഇ. എൻഎസ്എസ് റീജിയണൽ കോ-ഓർഡിനേറ്റർ ആർ. അനിൽ, ജില്ലാ കോ-ഓർഡിനേറ്റർ ബേബി ചന്ദ്ര, കുന്നം എം. റ്റി വിഎച്ച്എസ്എസ് വോളന്റിയർ ലീഡർ സി. എസ്. ദുർഗ, വി. എച്ച്. എസ്. ഇ. എൻഎസ് എസ് വിദ്യാർത്ഥി വോളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള (സ്ത്രീകൾക്ക് സ്വയം തൊഴിലിനായി വായ്പ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും സംസ്ഥാന സർക്കാരിന്റെ അംഗീകാരവും അനുമതിയുള്ള ഏജൻസി) ദേശീയ അംഗീകാരം ലഭിച്ചു.

ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ഏറ്റവും മികച്ച ഏജൻസിയായി വനിത വികസന കോർപറേഷനെ ആദ്യമായി തെരഞ്ഞെടുത്തത് കഴിഞ്ഞ വർഷമാണ്. ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി രണ്ടാം വർഷവും ആ അംഗീകാരം ലഭിച്ചു. വനിതകളുടെ ഉന്നമനത്തിനായി വനിത വികസന കോർപറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. 2023-24 സാമ്പത്തിക വർഷത്തിൽ 36,105 വനിതകൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് 340 കോടി രൂപ വിതരണം ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിൽ 375 കോടി രൂപയുടെ വായ്പാ വിതരണത്തിലൂടെ 75,000 വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകാനാണ് പരിശ്രമിക്കുന്നത്.

തിരുവനന്തപുരം: യുഎപിഎ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ മലപ്പുറം പെരുമ്പടപ്പ് വെളിയംകോട് താന്നിതുറയ്ക്കൽ വീട്ടിൽ ഷംനാദിനെ ഉത്തർപ്രദേശ് – നേപ്പാൾ അതിർത്തിയിൽ വച്ച് കേരള പോലീസ് പിടികൂടി. സംസ്ഥാന ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെ തൃശൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. വധശ്രമം ഉൾപ്പടെ 22 കേസിൽ പ്രതിയാണ് ഇയാൾ.

തൃശ്ശൂർ സിറ്റി വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. വടക്കേ ഇന്ത്യയിലും നേപ്പാളിലും ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. 2016 ൽ വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും മറ്റും കവർന്ന കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. ഈ കേസ് പിന്നീട് ഭീകരവിരുദ്ധ സേന അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി പിന്നീട് വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ കേസിൽ ഉൾപ്പെട്ട് ഒളിവിൽ പോവുകയായിരുന്നു.

തടിയന്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ സംഘടനയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ആളാണ് ഷംനാദ്. ഒളിവിൽ താമസിക്കാൻ ഇയാളെ സഹായിച്ചവരെക്കുറിച്ച് അന്വേഷണം തുടരുന്നു. ഭീകരവിരുദ്ധസേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ അറസ്റ്റിലായത്.

തിരുവനന്തപുരം: രാപകലില്ലാതെ അടുക്കളച്ചൂടിൽ ഉരുകിത്തീരുന്ന വീട്ടമ്മമാർക്ക് കരുതലേകി എൽഡിഎഫ് സർക്കാർ. സൗകര്യങ്ങളില്ലാത്തതും അനാരോഗ്യകരവുമായ അടുക്കളകൾ നവീകരിച്ച് സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള ‘ഈസി കിച്ചൺ’ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. നഗരസഭകൾക്കും ഗ്രാമ പഞ്ചായത്തുകൾക്കും 75,000 രൂപവരെ ഒരു അടുക്കള നവീകരണത്തിന് ചെലവഴിക്കാം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റിയാണ് പദ്ധതിക്ക് അനുമതി നൽകിയത്. വികസനം കൂടുതൽ സ്ത്രീസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അടുക്കളയുടെ തറപൊളിച്ച് സിറാമിക് ടൈൽപാകൽ, ഗ്രാനൈറ്റ് കൊണ്ടുള്ള കിച്ചൺ സ്ലാബ് സജ്ജീകരിക്കൽ, എംഡിഎഫ് കിച്ചൺ കബോർഡ്, മികച്ച സിങ്ക്, 200 ലിറ്റർ വാട്ടർ ടാങ്ക്, പ്ലംബിങ് ഇനങ്ങൾ, പെയിന്റിങ്, സോക്ക്പിറ്റ് നിർമാണം എന്നീ പ്രവൃത്തികൾ പദ്ധതിയിൽ ഉൾപ്പെടുത്താം. 6000 രൂപ ഇലക്ട്രിക്കൽ പ്രവൃത്തികൾക്കും ഉപയോഗിക്കാം.

സർക്കാരിന്റെ ഭവനപദ്ധതികളിലുള്ള വീടുകൾക്ക് പദ്ധതി ഉപയോഗിക്കാൻ പാടില്ല. തദ്ദേശ സ്ഥാപനങ്ങളിൽ വ്യക്തിഗത ഗുണഭോക്താക്കളുടെ മുൻഗണനാപട്ടിക രൂപീകരിച്ച്, മറ്റ് ആനുകൂല്യങ്ങൾ നൽകിവരുന്നതുപോലെയാണ് ഇതും നടപ്പാക്കുക. ഒരു തദ്ദേശ സ്ഥാപനത്തിന് ഒരു വർഷം നടപ്പാക്കാൻ കഴിയുന്നത് എത്ര അടുക്കളയാണോ അതിനാവശ്യമായ തുക, ഫണ്ടിന്റെ ലഭ്യതയനുസരിച്ച് മാറ്റിവയ്ക്കാം. വഴിയോരങ്ങളിലും മറ്റും അന്തിയുറങ്ങുന്നവർക്ക് ഷെൽറ്റർ നിർമിക്കാനും സ്ത്രീകൾക്ക് നൽകിവരുന്ന സ്വയംതൊഴിൽ ഗ്രൂപ്പിനുള്ള ധനസഹായം ട്രാൻസ്ജെൻഡറുകൾക്കു കൂടി ബാധകമാക്കാനും യോഗം തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി.

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്സ് ടെക്നോ മീഡിയയും സംയുക്തമായി ചേർന്ന് ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 സംഘടിപ്പിക്കും. 2025 മാർച്ച് 12, 13 തീയതികളിൽ കൊച്ചി ഗ്രാന്റ് ഹയാത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

കെ.എസ്.ഇ.ബി, കേരള എനർജി മേനേജ്മെന്റ് സെന്റർ എന്നിവയോടൊപ്പം അനർട്ടും സമ്മേളനത്തിന്റെ മുഖ്യപങ്കാളിയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ‘പുനരുപയോഗ ഊർജ്ജവും ഗ്രീൻ ഹൈഡ്രജനും; ഭാവി സാധ്യതകൾ’ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും. കേന്ദ്ര വൈദ്യുതി വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടർ, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, പെട്രോളിയം, പ്രകൃതി വാതകം വകുപ്പുകളുടെ കേന്ദ്ര സഹ മന്ത്രി സുരേഷ്ഗോപി എന്നിവരുടെ സാന്നിധ്യത്തിൽ സമ്മിറ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.

വൈദ്യുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകർ, അനർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വേളൂരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗ്രീൻ ഹൈഡ്രജൻ രംഗത്തെ സാധ്യതകൾ, വെല്ലുവിളികൾ, പുത്തൻ ചുവടുവയ്പ്പുകൾ എന്നിവ ദ്വിദിന സമ്മേളനത്തിൽ ചർച്ചാ വിഷയങ്ങളാകും. പുനരുപയോഗ ഊർജ്ജ രംഗത്തെ വികസനങ്ങളും പുത്തൻമാറ്റങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഇ-ഗവൺമെന്റ് മാഗസീനിന്റെ പ്രത്യേക പതിപ്പ് സമ്മേളനത്തിൽ പ്രകാശനം ചെയ്യും. ഗവേഷകർ, വ്യവസായിക ഉപഭോക്താക്കൾ, ഊർജ്ജ വിദഗ്ദർ ഉൾപ്പെടെ 300 ൽപരം ഡെലിഗേറ്റുകൾ സമ്മേളനത്തിൽ പങ്കെടുക്കും.

തിരുവനന്തപുരം: വൻവിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ചന്തകൾക്ക് തുടക്കമായി. ജില്ലകളിലും ജില്ലാ ആസ്ഥാനത്തെ പ്രധാന സൂപ്പർ മാർക്കറ്റിലും സജ്ജമാക്കുന്ന ചന്ത ഈ മാസം 30 വരെ പ്രവർത്തിക്കും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ പ്രത്യേക ജില്ലാ ചന്തകളുണ്ടാകും. 13 ഇനം സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്എംസിജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 40 ശതമാനം വിലക്കുറവിൽ ഫെയറുകളിലൂടെ വിൽപന നടത്തും.

ബ്രാൻഡഡ് സാധനങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനം വരെ വിലക്കുറവുണ്ടാകും. ഒരുകിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും. കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് ഫെയർ പ്രവർത്തിക്കുക. ജില്ല ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഇന്ന് മുതൽ 30 വരെ ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ ഫ്‌ലാഷ് സെയിലും നടത്തും. സബ്‌സിഡിയിതര ഉൽപന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ഉണ്ടാകും.

തിരുവനന്തപുരം: കെഎഎസ് ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുത്താനുള്ളവർ തിരുത്തണം. പഴയ ശീലങ്ങൾക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ്. അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെഎഎസ് പോസിറ്റീവായ റിസൽട്ട് കിട്ടിയിട്ടുണ്ട്. ഇനിയും ഏറെ മുന്നേറാൻ ഉണ്ട്. നിലവിലെ സർക്കാർ സമ്പ്രദായങ്ങൾ കെഎഎസുകാർ അതേപടി പിന്തുടരരുത്. ചുവപ്പുനാട പഴയതു പോലെ ഇല്ല പക്ഷെ ചില വകുപ്പുകളിൽ ഇപ്പോഴും ഉണ്ടെന്നും അത് മാറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അപ്രധാന വകുപ്പുകളെന്നൊരു വിഭാഗം ഇല്ല. ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണം. ഫയലുകളിൽ കാലതാമസം പാടില്ല. ജനപ്രതിനിധികളെ വിലകുറച്ച് കാണരുതെന്നും ജനങ്ങൾക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് നൽകലാകണം ഫയൽ നോട്ടത്തിന്റെ മാനദണ്ഡമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.