Kerala (Page 2,137)

ന്യൂഡല്‍ഹി: ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യ സ്ഥിതി മോശമാകുന്നതിനാല്‍ ജന്മദേശത്തേക്ക് പോകാന്‍ അനുവദിക്കണം എന്നാണ് ആവശ്യം. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ളു അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

ബെംഗളൂരു സ്‌ഫോടന കേസിലെ വിചാരണ പൂര്‍ത്തിയാകുന്നതു വരെ മദനിക്ക് ജാമ്യത്തില്‍ കഴിയാമെന്ന് 2014 ജൂലായില്‍ പുറപ്പടിവിച്ച ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പ്രമേഹവും ഹൃദ്രോഹവും ഉള്‍പ്പടെ നിരവധി അസുഖങ്ങള്‍ അലട്ടുന്നതിനാല്‍ ആയിരുന്നു മദനിക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ കാലയളവില്‍ ബെംഗളൂരു വിട്ട് മദനി പോകരുതെന്നും നിര്‍ദേശിച്ചിരുന്നു. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് 2014 നവംബര്‍ 14 ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമക്കായിരുന്നതാണ്.

എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. വിചാരണ കോടതിയിലെ പഴയ ജഡ്ജി സ്ഥലംമാറി പോയതിനുശേഷം പുതിയ ജഡ്ജിയെ നിയമിച്ചിട്ടില്ല. നിലവില്‍ വിചാരണ നടപടികള്‍ ഒച്ച് ഇഴയുന്ന വേഗത്തിലാണ് പോകുന്നതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ മദനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ബെംഗളൂരുവില്‍ കോവിഡ് കേസ്സുകളുടെ എണ്ണം കൂടുന്നതിനാല്‍ ആവശ്യമായ ചികത്സ ലഭിക്കുന്നില്ല. അച്ഛന്റെ ആരോഗ്യ സ്ഥിതിയും മോശമാണെന്ന് മദനി തന്റെ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടര്‍മാരുടെ പട്ടിക(www.operationtwins.com) എന്നവെബ് സൈറ്റിലൂടെ പുറത്ത് വിട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു. 140 മണ്ഡലങ്ങളിലായി 4,34,000 ഇരട്ടവോട്ടെന്ന് ചെന്നിത്തല ആരോപിച്ചു.

ഒരോ നിയോജക മണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടര്‍ ഐ ഡിയിലും ചേര്‍ത്ത വോട്ടര്‍മാരുടെ പേര് വിവരങ്ങളാണ് വെബ്‌സൈറ്റിലൂടെ പൊതുജനങ്ങളുടെ മുന്നിലെത്തിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ 38000 ഇരട്ടവോട്ടെന്ന് കണക്ക് തള്ളി കൊണ്ടാണ് നാലുലക്ഷത്തിലേറെ ഇരട്ടവോട്ടുകളുടെ വിവരങ്ങള്‍ ചെന്നിത്തല പുറത്തുവിട്ടത്. കള്ളവോട്ടുകള്‍ക്കെതിരെ യുഡിഎഫ് ബൂത്ത്തല പ്രവര്‍ത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്‌സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്.

gold smuglling

കൊച്ചി : സ്വര്‍ണകടത്ത് മാതൃകയില്‍ ദേശവിരുദ്ധ സ്വഭാവമുള്ള ലഘുലേഖകളും കൈപ്പുസ്തകങ്ങളും എത്തിയെന്ന വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴികളിലും ഇതുസംബന്ധിച്ച സൂചനയുണ്ട്. സാധാരണ സ്വര്‍ണക്കടത്തു കേസില്‍ അസാധാരണമായ തിടുക്കത്തോടെ യുഎപിഎ ചുമത്തി അന്വേഷണം എന്‍ഐഎക്കു കൈമാറിയതു രാഷ്ട്രീയ കാരണങ്ങളാലാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. നയതന്ത്ര പാഴ്‌സലില്‍ നിന്ന് സ്വര്‍ണം പിടികൂടിയ കേസില്‍ എയര്‍ കാര്‍ഗോ ഏജന്റ്സ് അസോസിയേഷന്‍ നേതാവ് ഹരിരാജിനെ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രിവന്റീവ് കമ്മിഷണറേറ്റിലായിരുന്നു ചോദ്യം ചെയ്യല്‍.കേസിലെ പ്രതികളായ എടക്കണ്ടന്‍ സെയ്തലവി, ടി.എം.മുഹമ്മദ് അന്‍വര്‍, ടി.എം. സംജു, അബ്ദുല്‍ ഹമീദ്, പഴേടത്ത് അബൂബക്കര്‍, സി.വി. ജിഫ്‌സല്‍, ഹംസത് അബ്ദുസ്സലാം എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കി ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി. റമീസിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.കേസിലെ നിര്‍ണായക കണ്ണിയാണു റമീസ്. സ്വപ്നയെയും സരിത്തിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നതു തുടരുകയാണ്. നാളെ 11 വരെയാണ് ഇവരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്. ഇതിനിടെ, സ്വര്‍ണം കള്ളക്കടത്തു സംബന്ധിച്ചു നികുതി വകുപ്പിനു രഹസ്യ വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 5 കോടി രൂപയാണ് ഇതിനായി മാറ്റി വച്ചിട്ടുണ്ട്. അടുത്തയാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറങ്ങും. സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സുഹൃത്തുക്കള്‍ക്കു പിന്നാലെയാണ് അന്വേഷണസംഘം. ഇരുവര്‍ക്കും സഹായമെത്തിക്കുന്ന സംഘം ഇപ്പോഴും സജീവമാണെന്ന വിവരത്തെ തുടര്‍ന്നാണു സംശയമുള്ളവരെ ഏജന്‍സികള്‍ നിരീക്ഷണത്തിലാക്കിയത്. ചിലരെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തു.

pathanamthitta

പത്തനംതിട്ട : വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹമരണത്തില്‍ കേസ് അന്വേഷണം ആരംഭിച്ചു. നര്‍ക്കോടിക് സെല്‍ ഡിവൈഎസ്പി ആര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക. ചൊവ്വാഴ്ചയാണ് ക്യാമറ നശിപ്പിച്ചുവെന്നാരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കസ്റ്റഡിയിലെടുത്ത മത്തായിയെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് അന്വേഷണത്തില്‍ നാട്ടുകാര്‍ ദൂരൂഹത ആരോപിക്കുന്നുണ്ട്. മത്തായി മരിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ 7 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിത അവധിയിലാണ്. ഇതില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മറ്റ് ഉദ്യേഗസ്ഥരുടെ മൊഴി വരും ദിവസങ്ങളിലായിരിക്കും രേഖപ്പെടുത്തുക. നിലവില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മത്തായിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ksrtc

കോഴിക്കോട്: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കോവിഡ് കാരണം സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ തമ്പാനൂരില്‍ നിന്ന് സര്‍വീസുകളുണ്ടാകില്ല. പകരം, തിരുവനന്തപുരം ആനയറയില്‍ നിന്നാണ് താത്കാലികമായി സര്‍വീസുകള്‍ നടക്കുക. കൊവിഡ് കാലത്തേക്ക് മാത്രമായി ഏര്‍പ്പെടുത്തിയ പ്രത്യേകനിരക്കിലാണ് സര്‍വീസ് നടത്തുന്നത്. ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്നും ഇത് കനത്ത വെല്ലുവിളിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ആ സാഹചര്യത്തിലാണ് നഷ്ടമാണെങ്കില്‍ കൂടിയും സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം നികുതി ഇളവ് ആവശ്യപ്പെട്ട് സ്വകാര്യബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയാണ്. സ്വകാര്യ ബസ് ഉടമകള്‍ക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

rain

തിരുവനന്തപുരം : മധ്യകേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തീരത്ത് കടലാക്രമണ സാധ്യതയും ഉള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ആഗസ്റ്റ് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ന്യൂനമര്‍ദത്തിന്റെ രുപീകരണവും വികാസവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

fishing

തിരുവനന്തപുരം : ആഗസ്റ്റ് അഞ്ച് മുതല്‍ മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും മത്സ്യബന്ധനം അനുവദിക്കുക. ബോട്ടിന്റെ രജിസ്‌ട്രേഷന്‍ നമ്പരിന്റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. കണ്ടൈയ്ന്‍മെന്റ് സോണിലും മത്സ്യബന്ധനം നടത്താം. പക്ഷെ, അങ്ങനെ ലഭിക്കുന്ന മത്സ്യം അതാത് സോണില്‍ തന്നെ വിറ്റ് തീര്‍ക്കണം. കണ്ടെയിന്‍മെന്റ് സോണില്‍നിന്ന് മത്സ്യവില്‍പനയ്ക്കായി പുറത്തേക്ക് പോകാന്‍ പാടില്ല. അധികമുള്ള മത്സ്യം സഹകരണ സംഘങ്ങള്‍ മുഖേന മാര്‍ക്കറ്റില്‍ എത്തിക്കും. മത്സ്യബന്ധനത്തിന് പുറപ്പെടുന്ന സ്ഥലത്ത് തന്നെ തിരിച്ചുമെത്തണം. മത്സ്യലേലം ഒഴിവാക്കണം. പ്രാദേശികമായി രൂപീകരിക്കുന്ന ജനകീയ കമ്മിറ്റികളായിരിക്കും മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതും മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും വിപണനവും നിയന്ത്രിക്കുന്നതുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മണല്‍കടത്ത് അഴിമതി അന്വേഷിക്കണം

തിരുവനന്തപുരം : വിജിലന്‍സിന് വീണ്ടും കത്ത് നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബെവ്‌കോ ആപ്, മണല്‍കടത്ത് എന്നിവയുമായിബന്ധപ്പെട്ട് നടന്ന അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ട് ഫെയര്‍ കോഡ് എന്ന സ്വകാര്യ കമ്പനിയെ ഏര്‍പ്പെടുത്തിയതും, പമ്പ-ത്രിവേണിയില്‍ നിന്നുള്ള മണല്‍ നീക്കം സ്വകാര്യ കമ്പനികളെ ഏര്‍പ്പെടുത്തിയതും സംബന്ധിച്ചാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 28, ജൂണ്‍ ആറ് തീയതികളിലാണ് പ്രതിപക്ഷ നേതാവ് പരാതി നല്കിയത്. എന്നാല്‍ വിജിലന്‍സ് നടപടി സ്വീകരിക്കാത്തതിലാണ് വീണ്ടും കത്തയച്ചിരിക്കുന്നത്. അന്വേഷണത്തിലുണ്ടാകുന്ന കാലതാമസം തെളിവുകളും രേഖകളും നഷ്ടപ്പെടാനിടയാക്കും. ഇത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ നടപടി എടുക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ച പുതിയ കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

life mission

ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ മാർഗ്ഗരേഖ പുറപ്പെടുവിച്ചു.

ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും.

പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക.

ഇപ്രകാരം അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയായിരിക്കണം. മറ്റു നിബന്ധനകളും മാർഗ്ഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് നിബന്ധനകളിൽ ഇളവുകൾ ഉണ്ട്. ഇതു പ്രകാരം അപേക്ഷിക്കുന്ന ഗുണഭോക്താക്കളെ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഒൻപത് ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിച്ച് പട്ടികയിൽ ഉൾപ്പെടുത്തും.

ഗ്രാമ പഞ്ചായത്തിലും നഗരസഭകളിലും ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും.

ഗ്രാമപഞ്ചായത്തുതലത്തിലുള്ള പരാതികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികൾ അതാത് നഗരസഭാ സെക്രട്ടറിമാർക്കുമാണ് സമർപ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകൾ അതത് ജില്ലാ കളക്ടർമാരായിരിക്കും പരിശോധിക്കുക. സെപ്തംബർ ഇരുപത്തിയാറിനകം തദ്ദേശസ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.

ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടുലക്ഷത്തി ഇരുപതിനായിരത്തിൽപ്പരം വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്.

മൂന്നാം ഘട്ടത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് ഭവനമൊരുങ്ങുന്നത്.ഇതു കൂടാതെയാണ് വിട്ടുപോയ അർഹരായവരെ കണ്ടെത്താൻ സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

solar ferry

തിരുവനന്തപുരം: കേരള ജലഗതാഗത വകുപ്പിന്റെ ആദിത്യക്ക് അന്തര്‍ദേശീയ ബഹുമതി. ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ ഫെറിയാണ് ആദ്യത്യ. അന്തര്‍ദേശീയ തലത്തില്‍ നല്‍കുന്ന ഗുസ്താവ് ട്രോവ് ബഹുമതിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അവാര്‍ഡിനായി ഏഷ്യയില്‍ നിന്നു പരിഗണിക്കപ്പെട്ട ഒരേയൊരു വൈദ്യുത ഫെറിയാണ് ആദിത്യ. സോളാര്‍ ഫെറി വൈക്കം മുതല്‍ തവണക്കടവ് വരെ 3 കി.മീ. ദൂരത്തിലാണ് സര്‍വീസ് നടത്തുന്നത്. 3 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ആദിത്യ താണ്ടിയത് 70000 കി.മീ. സര്‍വീസ് നല്‍കിയത് 10 ലക്ഷത്തിലധികം യാത്രക്കാര്‍ക്ക്, ലാഭിച്ചത് 1 ലക്ഷത്തിലധികം ലിറ്റര്‍ ഡീസല്‍. തത്ഫലമായി 75 ലക്ഷം രൂപ ലാഭിക്കാനും 280 ടണ്ണോളം കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദനം കുറയ്ക്കാനും സാധിച്ചു. ഒരു വര്‍ഷം ശരാശരി 25 ലക്ഷം രൂപ ലാഭമാണ് ഡീസല്‍ പോലുള്ള ഇന്ധനങ്ങള്‍ ഒഴിവാക്കുന്നതിലൂടെ നേടുന്നത്.
ലാഭകരമായ പൊതുഗതാഗത ഉപാധിയെന്നതോടൊപ്പം തന്നെ ശബ്ദ, ജല, അന്തരീക്ഷ മലിനീകരണങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാത്ത ആദിത്യ ഇതിനോടകം അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. നാല്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ കാലത്തിനിടയില്‍ ബോട്ട് സന്ദര്‍ശിച്ചിട്ടുണ്ട്.