Kerala (Page 2)

മാലിന്യ സംസ്കരണം എളുപ്പമാക്കാൻ ഞെളിയൻപറമ്പിൽ കംപ്രസീവ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോർപ്പറേഷൻ സംഘടിപ്പിച്ച ‘ഹഗ്ഗ്’ ആദരവും ‘അഴക് 2.0’ ലോഞ്ചിംഗും  മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി ബി ജി പ്ലാൻ്റ്  എറണാകുളം ബ്രഹ്മപുരത്ത് ഫലപ്രദമായി പരീക്ഷിച്ചതാണെന്നും പദ്ധതിക്കായി ഭാരത് പെട്രോളിയം കോർപ്പറേഷനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ, വയോജനങ്ങൾ എന്നിവരെ മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമാക്കണമെന്നും നഗരത്തെ കുറിച്ച്  നല്ല വിശേഷണങ്ങളുള്ളത് പോലെ വൃത്തിയുള്ള നഗരമെന്ന അഭിപ്രായം നേടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മേയർ ഡോ.  ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എം എൽഎ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംഎൽഎയുമായ എ പ്രദീപ്കുമാർ എന്നിവർ മുഖ്യാതിഥികളായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ പി ദിവാകരൻ, പി സി രാജൻ, കൃഷ്ണകുമാരി, പി കെ നാസർ, മുൻ മേയർ ടി പി ദാസൻ, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രി സ്വാഗതവും   കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി നന്ദിയും പറഞ്ഞു. വൃത്തി കോൺക്ലേവിൽ സംസ്ഥാനത്തെ മികച്ച കോർപ്പറേഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ 14 ന് കണ്ണൂർ, കാസറഗോഡ്, 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

12ന് കണ്ണൂർ, കാസർഗോഡ്, 13ന്  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, 14ന്  ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം  കോഴിക്കോട്, വയനാട്, 15ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, 16ന്  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും 12ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, 16ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്ര മഴ സാഹചര്യത്തിൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരുന്നതിനാൽ ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ പേജുകൾ പരിശോധിക്കണം.

പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വൻസിംഗ് നടത്തി വരുന്നു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എക്സ്.എഫ്.ജി. ആണ് കേരളത്തിൽ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവിൽ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരിൽ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയിൽ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കോവിഡ് കാരണം അനാവശ്യമായി രോഗികളെ സ്വകാര്യ ആശുപത്രികൾ റഫർ ചെയ്യരുതെന്ന് നിർദേശം നൽകി. ആശുപത്രികളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം.

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. പ്ലാന്റേഷൻ ഏരിയകളിൽ ഡെങ്കിപ്പനി വ്യാപനം കാണുന്നതിനാൽ ശ്രദ്ധിക്കണം. പ്ലാന്റേഷനുകളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കാനും കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്താനും ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം. പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി നടപടി സ്വീകരിക്കും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധത്തിനായി മൈക്രോപ്ലാൻ അനുസരിച്ച് കൃത്യമായ പ്രവർത്തനങ്ങൾ നടത്തണം.

എലിപ്പനിയ്ക്കെതിരെ നിരന്തര ജാഗ്രത വേണം. മലിനജലത്തിലിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. രക്ഷാപ്രവർത്തനത്തിലിറങ്ങിയവർ ഉൾപ്പെടെ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പൊതുജനാരോഗ്യ നിയമ പ്രകാരം പരിശോധനകൾ നടത്തി കർശന നടപടി സ്വീകരിക്കണം.

മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരേയും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാൽ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയിൽ തന്നെ പ്രോട്ടോകോൾ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികൾ കോവിഡ് ആണെന്ന് കാണുമ്പോൾ റഫർ ചെയ്യുന്നത് ശരിയല്ലയെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. 182 കോവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയിൽ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ആർടിപിസിആർ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിർദേശം നൽകി.

നിപ പ്രതിരോധ പ്രവർത്തനം പ്രത്യേകമായി യോഗം ചർച്ച ചെയ്തു. പ്രോട്ടോകോൾ പാലിച്ച് കൺട്രോൾ റൂം പ്രവർത്തനങ്ങൾ തുടരാൻ നിർദേശം നൽകി. രോഗവ്യാപനം ഇല്ലാത്തതിനാലും കണ്ടൈൻമെന്റ് സോൺ പിൻവലിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി.

മഴക്കാലം വരുന്നതിനാൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുള്ളവതിനാൽ ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായ കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തണം. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ രോഗങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ തദ്ദേശ സ്ഥാപനത്തിലും ആക്ഷൻ പ്ലാൻ ഉണ്ടാകണം. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഈ മാസം അവസാനത്തിനുള്ളിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയെന്ന് ഉറപ്പാക്കണം.

മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരേയും ജാഗ്രത പാലിക്കണം.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനപ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മേയ് 19ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 20 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 23 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും 19 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, 20 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, 21 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, 22 ന് കണ്ണൂർ, കാസറഗോഡ്, 23 ന് ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി, തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല മാതൃക കാട്ടിയിരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

        ഈ ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മെയ് 12ന് സർവ്വകലാശാല പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം അവസാന സെമസ്റ്റർ ഫലം ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കുന്ന സർവ്വകലാശാലയായും എം.ജി മാറി. അഭിമാനകരമായ മികവാണിതെന്ന് മന്ത്രി പറഞ്ഞു.

ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിർണ്ണയ ക്യാമ്പുകളിലായാണ് ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന പൂർത്തിയാക്കിയത്. മെയ് ഏഴിന് മൂല്യനിർണ്ണയം അവസാനിച്ചു. മെയ് ഒമ്പതിന് അവസാന സെമസ്റ്റർ വൈവ വോസി പരീക്ഷകളും പൂർത്തിയാക്കി. ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് തൊട്ടു മുൻപു നടന്ന അനുബന്ധ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങൾ കൂടി ഉൾപ്പെടുത്തി സമഗ്രമായ ഫലമാണ് ഇപ്പോൾ സർവ്വകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൃത്യമായ ആസൂത്രണം, ചിട്ടയായ പ്രവർത്തനം – റെക്കോർഡ് വേഗത്തിലുള്ള ഫലപ്രഖ്യാപനത്തിലേക്ക് എത്തിച്ചത് ഇവ രണ്ടുമാണെന്ന് സർവ്വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. അനുകരണീയമായ മാതൃകയ്ക്ക് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

2023 ൽ പരീക്ഷ കഴിഞ്ഞ് പതിനാലാം ദിവസവും 2024 ൽ പത്താം ദിവസവും സർവ്വകലാശാല അവസാന വർഷ ബിരുദഫലം പ്രസിദ്ധീകരിച്ചിരുന്നു. നാലുവർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം മൂന്നാം ദിവസം പ്രസിദ്ധീകരിച്ചും എം ജി സർവ്വകലാശാല, ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രപരിഷ്‌കരണ സംരംഭങ്ങളിൽ തോളോടുതോൾ നിന്നിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മൂല്യനിർണ്ണയ ജോലികൾ ചിട്ടയായി പൂർത്തിയാക്കിയ അധ്യാപകരെയും ക്യാമ്പുകൾക്ക് മേൽനോട്ടം വഹിച്ചവരെയും ജീവനക്കാരെയും ഏകോപനച്ചുമതല നിർവഹിച്ച സിൻഡിക്കേറ്റ് അംഗങ്ങളെയും സർവ്വകലാശാലാ നേതൃത്വത്തെയാകെയും മന്ത്രി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും അനുമോദനങ്ങൾ അറിയിച്ചു.

തിരുവനന്തപുരം: പേവിഷ ബാധയെ തുടർന്ന് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരിയായ നിയ ഫൈസൽ മരിച്ചു. കുട്ടി വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. വാക്‌സിൻ എടുത്തിട്ടും രോഗം ബാധിക്കുന്ന സംഭവങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്.

കോഴിക്കോട് മരിച്ച മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസിന് പിന്നാലെയാണ്, കൊല്ലം കുന്നിക്കോട് സ്വദേശിയായ നിയയുടെ മരണം. ഏപ്രിൽ മാസത്തിൽ മാത്രം സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് ആറ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏപ്രിൽ 8ന് ഉച്ചയോടെ കുന്നിക്കോടിലുള്ള വീട്ടുമുറ്റത്ത് കുട്ടിയെ താറാവിനെ പിന്തുടർന്നെത്തിയ നായ കടിയുകയായിരുന്നു. ഉടൻ തന്നെ ഐ.ഡി.ആർ.വി വാക്സിന്റെ ആദ്യ ഡോസും ആന്റി റാബിസ് സിറവും നൽകി. മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.അതിനുമുമ്പായാണ്, ഏപ്രിൽ 28ന് കുട്ടിക്ക് പനി തുടങ്ങുകയും പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കപ്പെടുകയും ചെയ്തത്. വാക്സിൻ യഥാസമയം സ്വീകരിച്ചതിനാൽ രോഗം ബാധിക്കില്ലെന്ന് കുടുംബം വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ നായയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയില്ല. നായയുടെ അവസ്ഥ എന്തായെന്ന് വ്യക്തമല്ല.

സിയയ്ക്ക് കടിയേറ്റത് മാർച്ച് 29നാണ് . പെരുന്നാളിന് കച്ചവടസ്ഥലത്തേക്ക് പോകുമ്പോഴാണ് നായ ആക്രമിച്ചത്. ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ച് വാക്സിൻ നൽകി. മുറിവുകൾ ഉണങ്ങുമ്പോഴാണ് പനി വന്നത്, തുടർന്ന് പേവിഷബാധ സ്ഥിരീകരിച്ചു. സിയയുടെ മുഖത്തും തലയിലും കൈകാലുകളിലുമായി 20-ലധികം മുറിവുകളുണ്ടായിരുന്നു.

2021-ൽ 11 പേരും, 2022-ൽ 27 പേരും, 2023-ൽ 25 പേരും, 2024-ൽ 26 പേരും സംസ്ഥാനത്ത് പേവിഷ ബാധയെ തുടർന്ന് മരിച്ചു. 2025-ൽ അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോഴേക്കും 14 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ കൂടുതലും കുട്ടികളാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 102 പേരാണ് മരിച്ചത്, ഇവരിൽ 20 പേർ വാക്സിൻ സ്വീകരിച്ചവരായിരുന്നു.

നായ കടിയ്‌ക്കുന്നതിനു ശേഷം ഉടൻ സോപ്പ്, വെള്ളം ഉപയോഗിച്ച് മുറിവ് കഴുകുകയും, വാക്സിൻ അടിയന്തിരമായി സ്വീകരിക്കുകയും ചെയ്യണം എന്നതാണ് ഡോക്ടർമാരുടെ നിർദേശം.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന തീപിടിത്തവുമായി ബന്ധപ്പെട്ട് സാങ്കേതിക അന്വേഷണ നടപടികൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ് അറിയിച്ചു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പിഡബ്ല്യുഡിയുടെ ഇലക്ട്രിക്കൽ വിഭാഗം ഇതിനായി പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തതായി മന്ത്രി പറഞ്ഞു. പോലീസ് ഫോറെൻസിക് സംഘം സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്.

ഇന്നലെ രാത്രി 8 മണിയോടെയാണ് അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയരുന്നത് കാണപ്പെട്ടത്. ഷോർട്ട് സർക്യൂട്ടോ, യുപിഎസ് യൂണിറ്റിനുള്ളിലെ ബാറ്ററിയുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാറോ ആകാം അപകട കാരണം. സംഭവത്തിൽ ബാധിച്ച എംആർഐ യുപിഎസ് യൂണിറ്റിന് 2026 ഒക്ടോബർ വരെ വാറന്റിയുണ്ട്. ആറ് മാസങ്ങൾക്ക് മുമ്പ് വരെ ഈ യൂണിറ്റിന് മൈന്റനൻസ് നടത്തിയത് ആണ്.. അപകടത്തിന്റെ കാരണം വ്യക്തമായി കണ്ടെത്തേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

അപകടസമയത്ത് ആശുപത്രിയിൽ 151 രോഗികൾ ഉണ്ടായിരുന്നു. ഇവരിൽ 114 പേർ ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് തുടരുന്നത്, 37 പേരെ മറ്റു ആശുപത്രികളിലേക്ക് മാറ്റിയതായി മന്ത്രി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് പ്രത്യേകം അന്വേഷണം നടക്കുമെന്ന് മന്ത്രി അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുഖേന മരണകാരണം സ്ഥിരീകരിക്കും. അന്വേഷണത്തിന് മറ്റൊരു മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘമായിരിക്കും ചുമതലയെടുക്കുക.

അപകടം നടന്ന ബ്ലോക്കിന്റെ പുനരുദ്ധാരണത്തിന് കുറച്ച് സമയം വേണ്ടിവരും. വയറിങ് അടക്കമുള്ള ഘടകങ്ങൾ പരിശോധിച്ചുവരികയാണ്. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സാ ചെലവുകൾ സംബന്ധിച്ച് വ്യക്തമായ നിലപാട് ഉടനെയുണ്ടാകുമെന്നും ഡോക്ടർമാർ പരിശോധന നടത്തിയ ശേഷം ബില്ല് സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ആരുടെയും ചികിത്സ തടസപ്പെടില്ലെന്ന് മന്ത്രി ഉറപ്പ് നൽകി.

സംസ്ഥാന സർക്കാരുമായി സഹകരിച്ചു കേരളത്തെ ഗ്ലോബൽ മാരീടൈം ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതുയുഗ വികസന മാതൃകയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കേരളത്തിന് സാമ്പത്തിക സുസസ്ഥിരത ഉറപ്പുനൽകും. കേരളത്തിന്റെ സ്വപ്നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തുറമുഖത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന്റെ തുറമുഖ അടിസ്ഥാന സൗകര്യങ്ങളിൽ സുപ്രധാന പുരോഗതിയാണ് വിഴിഞ്ഞം പദ്ധതി. ഭാവിയിൽ ട്രാൻസ്ഷിപ്പ്മെന്റ് ഹബിന്റെ ക്ഷമത മൂന്നിരട്ടിയാകും. ഗുജറാത്ത് പോർട്ടിനെക്കാളും വലിയ പോർട്ടാണ് വിഴിഞ്ഞത്ത് അദാനി നിർമ്മിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റ നിർമാണം അദാനി അതിവേഗം പൂർത്തിയാക്കി. രാജ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് മേഖലയിൽ 75 ശതമാനവും വിദേശരാജ്യങ്ങളിലൂടെയാണ് നടക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിലൂടെ അതിന് മാറ്റമുണ്ടാകും. ട്രാൻസ്ഷിപ്പ്മെന്റ് മേഖലയിലൂടെ വിഴിഞ്ഞം തുറമുഖം രാജ്യപുരോഗതിക്ക് വലിയ പങ്കുവഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഗോള കപ്പൽ നിർമ്മാണ മേഖലയിൽ ആദ്യ 20 രാജ്യങ്ങളിൽ ഇന്ത്യയുണ്ട്. കഴിഞ്ഞ 10 വർഷത്തിൽ ഇന്ത്യയിലെ തുറമുഖങ്ങളുടെ കാര്യക്ഷമത വർധിച്ചു. കാർഗോ ഇറക്കുന്നതിൽ 30 ശതമാനം സമയക്കുറവ് വരുത്താനായി. ഇതിലൂടെ കൂടുതൽ കാർഗോ കൈകാര്യം ചെയ്യാൻ കഴിയും. ഭാരതത്തിന്റെ തീരമേഖലയിലെ തുറമുഖ നഗരങ്ങൾ വികസിത ഭാരതം 2047 ലേക്കുള്ള രാജ്യപുരോഗതിയുടെയും സമൃദ്ധിയുടെയും ചാലകശക്തിയാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ രാജ്യത്ത് കോടികണക്കിന് രൂപയുടെ നിക്ഷേപപദ്ധതികൾ നടക്കുകയാണ്. തുറമുഖ സമ്പദ്‌വ്യവസ്ഥയുടെ മുഴുവൻ സാധ്യതകളും രാജ്യം പ്രയോജനപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സാഗർമാല പദ്ധതിയിലൂടെയും പി.എം. ഗതിശക്തി പദ്ധതിയിലൂടെയും തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യവും റോഡ്, റെയിൽ, എയർപോർട്ട്, തുറമുഖ കണക്റ്റിവിറ്റിയും സാധ്യമാക്കി. പൊന്നാനി, പുതിയപ്പ തുറമുഖങ്ങളുടെ നവീകരണവും ഏറ്റെടുത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം ഈസ് ഓഫ് ഡൂയിങ് ബിസിനസിനും സഹായകമാണ്. കിസാൻ ക്രെഡിറ്റ് കാർഡുകൾ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കി. കൊച്ചിയിൽ കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾ സ്ഥാപിച്ചു വികസനവും തൊഴിൽ അവസരവും കൂട്ടും. ഇന്ത്യ യൂറോപ് കോറിഡോറും കേരളത്തിന് ലാഭം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,  കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രിമാരായ ജി.ആർ അനിൽ, സജി ചെറിയാൻ, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, ജോൺ ബ്രിട്ടാസ്, എ എ റഹീം, എം വിൻസെന്റ് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അദാനി പോർട്‌സ് മാനേജിങ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ പങ്കെടുത്തു.

അങ്ങനെ നമ്മൾ ഇതും നേടി’… വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷ പ്രസംഗം തുടങ്ങിയത് ഇങ്ങനെയായിരുന്നു.

വിഴിഞ്ഞം പദ്ധതിയെ വിവിധ ഘട്ടങ്ങളിൽ തടസ്സപ്പെടുത്തുന്നതിന് സ്ഥാപിത താൽപര്യക്കാർ പടർത്താൻ ശ്രമിച്ച തെറ്റിദ്ധാരണകളെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചു. നിയമക്കുരുക്കുകളടക്കം നീക്കി. തീരദേശ പുനരധിവാസ – ജീവനോപാധി പ്രശ്നങ്ങൾ 120 കോടി ചെലവാക്കി പരിഹരിച്ചു. അവിടുത്തെ പെൺകുട്ടികളെ ക്രെയിൻ പ്രവർത്തിപ്പിക്കുന്ന ജോലിയടക്കം ഏൽപ്പിച്ചു. തദ്ദേശീയ സ്ത്രീകൾക്കായി നൈപുണ്യ കേന്ദ്രങ്ങൾ തുറന്നു. ഇങ്ങനെ പ്രശ്നങ്ങൾ പരിഹരിച്ച് സങ്കടങ്ങൾക്ക് അറുതിയുണ്ടാക്കിയാണു സംസ്ഥാന സർക്കാർ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോയത്. അയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നത്. കേരളത്തിന്റെ അതിനപ്പുറം ഇന്ത്യയുടെയാകെ വികസനത്തെ വിഴിഞ്ഞം തുറമുഖം വലിയ തോതിൽ ഭദ്രമാക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സ്വപ്നസാഫല്യവും അഭിമാന മുഹൂർത്തവുമായ വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കുന്നത് മൂന്നാം മിലീനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്. ഇന്ത്യയെ സാർവദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്സ് ഭൂപട ശൃംഖലയിൽ കണ്ണിചേർക്കുന്ന മഹാസംരംഭമാണിത്. രാജ്യചരിത്രത്തിന്റെ വിസ്മൃതിയിൽ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാർവദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ സർക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യമായാണ് ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ മുൻകൈയിൽ ഒരു ബൃഹത് തുറമുഖ നിർമ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയിൽ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞംപോർട്ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. തിരിച്ചടയ്ക്കേണ്ട  818 കോടി രൂപയുടെ  വയബിലിറ്റി ഗ്യാപ് ഫണ്ടാണു കേന്ദ്രം നൽകുന്നത്. ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവർഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയാണ്. 75 ശതമാനം കണ്ടയിനർ ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചു വിടുകയായിരുന്നു ഇക്കാലമത്രയും. അത് അവസാനിക്കുകയാണ്. രാഷ്ട്ര നഷ്ടം വലിയൊരളവിൽ പരിഹരിക്കാൻ കേരളത്തിനു കഴിയുന്നു എന്നതു കേരളീയർക്കാകെ അഭിമാനകരമാണ്. കരാർ പ്രകാരം 2045 ൽ മാത്രമേ ഇതു പൂർത്തിയാവേണ്ടതുള്ളു. നമ്മൾ അതിനു കാത്തുനിന്നില്ല. 2024 ൽ തന്നെ കൊമേഴ്സ്യൽ ഓപ്പറേഷനാരംഭിച്ചു. മദർഷിപ്പിനെ സ്വീകരിച്ചു. തുടർന്നിങ്ങോട്ട്  250 ലേറെ കപ്പലുകൾ വിഴിഞ്ഞത്തു നങ്കൂരമിട്ടു. ഇപ്പോഴിതാ ഒന്നാം ഘട്ടം പതിറ്റാണ്ടു മുമ്പു പൂർത്തിയാക്കി കമ്മീഷൻ ചെയ്യുന്നു. 2028 ൽ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കും.

മഹാപ്രളയം, ഇതര പ്രകൃതിക്ഷോഭങ്ങൾ, കോവിഡ് അടക്കമുള്ള മഹാവ്യാധികൾ എന്നിവയൊക്കെ സമ്പദ്ഘടനയെ ഉലച്ചുവെങ്കിലും കേരളം അവിടെ തളർന്നുനിന്നില്ല. നിർമാണ കമ്പനിയായ അദാനിയും നല്ല രീതിയിൽ സഹകരിച്ചു. 1996 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രൂപപ്പെടുത്തിയ പദ്ധതിയാണിവിടെ യാഥാർത്ഥ്യമാവുന്നത്. ഇടക്കാലത്ത് അനിശ്ചിതത്വത്തിലായ പദ്ധതിയുടെ പഠനത്തിനായി 2009 ൽ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനെ നിയോഗിച്ചു. 2010 ൽ ടെൻഡർ നടപടികളിലേക്കു കടന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചു. 2015 ൽ ഒരു കരാറുണ്ടായി. കരാറിൽ പല തലത്തിലുള്ള വിമർശനങ്ങൾ നിലനിൽക്കുമ്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് തങ്ങൾ കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016 ൽ അധികാരത്തിൽ വന്നതിനെത്തുടർന്നുള്ള ഘട്ടത്തിൽ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചു. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയിൽ യാഥാർത്ഥ്യമാക്കി മാറ്റിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.