Kerala

കൊളംബോ: കേരളത്തിലെ ശബരിമല ധർമ്മശാസ്‌താ ക്ഷേത്രത്തെ ശ്രീലങ്ക ഔദ്യോഗിക തീർത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. പ്രതിവർഷം 15,000-ത്തിലധികം ശ്രീലങ്കൻ തീർത്ഥാടകർ ശബരിമല സന്ദർശിക്കുന്ന സാഹചര്യവും, ഇരുരാജ്യങ്ങളിലുമുള്ള പഴക്കം ചെന്ന മതബന്ധവുമാണ് സർക്കാരിനെ ഈ പ്രഖ്യാപനത്തിലേക്ക് നയിച്ചത്. “കേരളത്തിലെ പ്രസിദ്ധമായ ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ വർഷങ്ങളായി ശ്രീലങ്കൻ ഭക്തർ എത്തുന്നുണ്ട്,” എന്ന് ലങ്കൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് യജമാനൻമാർ എന്ന കാഴ്ചപ്പാട് പൂർണ്ണമായും ഉൾക്കൊള്ളേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഭരിക്കപ്പെടേണ്ടവരും ഉദ്യോഗസ്ഥർ ഭരിക്കേണ്ടവരുമാണ് എന്ന ചിന്ത ഉണ്ടായിക്കൂടെന്നും ഭരിക്കപ്പെടേണ്ടവരല്ല മറിച്ച്, സേവിക്കപ്പെടേണ്ടവരാണു ജനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച  സിവിൽ സർവീസ് പരീക്ഷാ വിജയികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ ഭരണസംവിധാനമാണു നമ്മുടേത്. അതുകൊണ്ടുതന്നെ ജനാധിപത്യത്തോട് ഉയർന്ന ആദരവു പുലർത്തുംവിധം തന്നെയാവണം ഭരണനിർവ്വഹണം. ജനാധിപത്യം നിലനിന്നാൽ മാത്രമേ കാര്യക്ഷമവും ജനസൗഹൃദപരവുമായ സിവിൽ സർവീസും നിലനിൽക്കൂ. രാജ്യത്തിന്റെ ഭാവിപരിപാടികൾ എന്തായിരിക്കണം എന്നു ജനാധിപത്യ ഭരണസംവിധാനം നിർണ്ണയിക്കുന്നതിനനുസരിച്ച് നാടിനെ വാർത്തെടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കണമെന്നും സിവിൽ സർവീസ് ജേതാക്കളോട് മുഖ്യമന്ത്രി പറഞ്ഞു.

മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, സമഭാവനയോടെയുള്ള   പെരുമാറ്റം, ഓരോ പൗരന്റെയും അവകാശത്തെക്കുറിച്ചുള്ള അവബോധം, ദുർബ്ബലരായ മനുഷ്യരോടുള്ള അനുതാപം, ഏതു പ്രതികൂല സാഹചര്യത്തിലും ക്രിയാത്മകമായി ഇടപെടാനുള്ള ആത്മവിശ്വാസം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസം എന്നീ ഗുണങ്ങൾ  ഉണ്ടാവണം. അപ്പോഴാണ്  മികച്ച ഉദ്യോഗസ്ഥരാകുന്നത്. അതാണ് യുവ ഉദ്യോഗസ്ഥരായ നിങ്ങൾ ഓരോരുത്തരിൽ നിന്നും നാട് പ്രതീക്ഷിക്കുന്നത്. വായനയിലൂടെയുള്ള അറിവു മാത്രമല്ല, ധാരാളം പ്രായോഗിക അറിവുകളും നേടിയെടുക്കണം. അതിനുതകുന്ന ഗവേഷണ ബുദ്ധിയോടെയും സേവന മനോഭാവത്തോടെയും  മുന്നേറണം. മതനിരപേക്ഷമാവണം നിങ്ങളുടെ മനോഭാവങ്ങൾ. മതനിരപേക്ഷത എന്നത് കേവലമൊരു രാഷ്ട്രീയ പരികല്പനയല്ല, മറിച്ച് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ വർഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുമ്പോൾ നിങ്ങൾ ഒരു രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയല്ല, മറിച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുകയാണ് എന്ന കൃത്യമായ ബോധ്യമുണ്ടാവണം. നിങ്ങളുടെ സേവനത്തിന്റെ ഏറ്റവും വലിയ അംഗീകാരവും പാരിതോഷികവും നിങ്ങളുടെ മുന്നിലെത്തുന്ന സാധാരണക്കാരന്റെ സന്തോഷമായിരിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

കൂടുതൽ മലയാളികൾ സിവിൽ സർവീസ് പരീക്ഷ എഴുതുന്ന രീതി കുറച്ച് വർഷങ്ങളായി കണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട പ്രവണതയാണ്. സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിലൂടെത്തന്നെ നിരവധി പേർ ഈ പരീക്ഷയിലേക്കെത്തുന്നു. അവരിൽ പലരും ഉന്നത വിജയം കരസ്ഥമാക്കുന്നുമുണ്ട്. അത്തരത്തിൽ അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിൽ സംസ്ഥാന സിവിൽ സർവീസ് അക്കാദമി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. 2005 ൽ ഈ സ്ഥാപനം തുടങ്ങിയ ആദ്യ വർഷം സിവിൽ സർവീസ് വിജയികളുടെ എണ്ണം 8 ആയിരുന്നുവെങ്കിൽ ഇപ്പോഴത് 43 ൽ എത്തിനിൽക്കുന്നു. ഏറ്റവും ഉയർന്ന റാങ്ക് കരസ്ഥമാക്കുന്ന മലയാളികളുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തിനാകെയും സിവിൽ സർവീസ് അക്കാദമിക്ക് വിശേഷിച്ചും അഭിമാനം നൽകുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവേശന പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അക്കാദമിയിൽ പ്രവേശനം അനുവദിക്കുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കും സൗജന്യ നിരക്കിൽ പരിശീലനം നൽകുന്നതിനുള്ള പ്രത്യേക നടപടികളും സ്വീകരിച്ചിട്ടുണ്ട്.  വിശാലമായ സൗകര്യങ്ങളുള്ള ഒരു കെട്ടിടം അക്കാദമിക്കായി പണികഴിപ്പിച്ചിട്ടുണ്ട്. വിവിധ ആധുനിക സൗകര്യങ്ങളും വിപുലമായ ഒരു ലൈബ്രറിയും ഇപ്പോൾ അവിടെയുണ്ട്. സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വ്യക്തികൾ കൈകാര്യം ചെയ്യുന്ന ക്ലാസുകളും മാതൃകാ അഭിമുഖങ്ങളും അക്കാദമി നടത്തിവരുന്നുണ്ട്. വിദ്യാർത്ഥികൾക്കു മികച്ച പരിശീലനവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലം കൂടിയാണ് നമ്മുടെ കുട്ടികൾ നേടുന്ന തിളക്കമാർന്ന വിജയം. സിവിൽ സർവ്വീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പരിശീലനം ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. പ്രിലിമിനറി, മെയിൻ കോഴ്സ് പരിശീലനത്തിനുവേണ്ടി മാത്രമാണ് ഫീസ് ഈടാക്കുന്നത്. അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്കു സൗജന്യ പരിശീലനം നൽകുന്നുണ്ട്. ഇതിനായി പ്രത്യേക അഡോപ്ഷൻ സ്‌കീം തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സിവിൽ സർവ്വീസ് അഭിമുഖത്തിനായുള്ള യാത്രയും താമസ സൗകര്യവും സർക്കാർ സൗജന്യമായി ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് സമൂഹത്തെ പുനസൃഷ്ടിക്കുന്നതിനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന്  ചടങ്ങിൽ അദ്ധ്യക്ഷയായിരുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി  ആർ ബിന്ദു പറഞ്ഞു. സാധാരണക്കാരെ മുൻനിർത്തിയുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുക്കളാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതോടെ സംസ്ഥാനത്ത് ആകെ 251 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 8 ജില്ലാ ആശുപത്രികൾ, 6 താലൂക്ക് ആശുപത്രികൾ, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 162 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 16 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ആരോഗ്യ മേഖലയിലെ വികസന മുന്നേറ്റത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജനറൽ ആശുപത്രി (90.66%), മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രി (91.84%), എറണാകുളം കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രം (96.90%), എറണാകുളം പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം (95.83%), കോഴിക്കോട് അരിക്കുളം കുടുംബാരോഗ്യ കേന്ദ്രം (95.58%), മലപ്പുറം പൂക്കോട്ടുമണ്ണ ജനകീയ ആരോഗ്യ കേന്ദ്രം (85.26%), മലപ്പുറം മേലങ്ങാടി ജനകീയ ആരോഗ്യ കേന്ദ്രം (82.77%), കോഴിക്കോട് കക്കാടംപൊയിൽ ജനകീയ ആരോഗ്യ കേന്ദ്രം (81.99%), കോഴിക്കോട് കൂമ്പാറ ജനകീയ ആരോഗ്യ കേന്ദ്രം (82.89%), കോഴിക്കോട് പൊന്നാങ്കയം ജനകീയ ആരോഗ്യ കേന്ദ്രം (94.89%), കണ്ണൂർ മൊറാഴ ജനകീയ ആരോഗ്യ കേന്ദ്രം (92.65%) എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.

കോഴിക്കോട് ജനറൽ ആശുപത്രിയ്ക്ക് എൻ.ക്യു.എ.എസ്., ലക്ഷ്യ, മുസ്‌കാൻ അംഗീകാരങ്ങൾ ഒന്നിച്ച് ലഭിച്ചു. കോഴിക്കോട് ജനറൽ ആശുപത്രിയിലെ ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തീയേറ്റർ 90.38%, ലേബർ റൂം 88.85%, മുസ്‌കാൻ 92.07% എന്നിങ്ങനെ സ്‌കോർ നേടി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലേബർ റൂം 89% സ്‌കോറോടെ ലക്ഷ്യ സർട്ടിഫിക്കേഷൻ നേടി.

സംസ്ഥാനത്തെ മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക, ഗർഭിണികളായ സ്ത്രീകൾക്കും നവജാത ശിശുക്കൾക്കും സർക്കാർ ആശുപത്രികളിലെ ഡെലിവറി പോയിന്റുകളിൽ മികച്ച പരിചരണം ഉറപ്പ് വരുത്തുക എന്നിവയ്ക്കുള്ള ഗുണനിലവാര മാനദണ്ഡമായാണ് ലക്ഷ്യ അക്രെഡിറ്റേഷൻ പ്രോഗ്രാം നടപ്പിലാക്കി വരുന്നത്. ഇതുവരെ സംസ്ഥാനത്ത് ആകെ 15 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. 3 മെഡിക്കൽ കോളേജുകൾ, 9 ജില്ലാ ആശുപത്രികൾ, 3 താലൂക്ക് ആശുപത്രികൾ എന്നിവയാണ് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള ആശുപത്രികൾ.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാൻ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് ആകെ 6 ആരോഗ്യ സ്ഥാപനങ്ങൾക്ക് മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. 2 മെഡിക്കൽ കോളേജുകൾക്കും 4 ജില്ലാ ആശുപത്രികൾക്കുമാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്

സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം, സ്‌നേഹസ്പർശം പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സമാശ്വാസം പദ്ധതിക്കായി ആറു കോടി രൂപയുടെയും സ്‌നേഹസ്പർശം പദ്ധതിക്കായി ഒന്നര കോടി രൂപയുടെയും ഭരണാനുമതി നൽകിയാണ് ഉത്തരവായതെന്ന് മന്ത്രി പറഞ്ഞു.

വൃക്ക തകരാർ സംഭവിച്ച് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി പി എൽ വിഭാഗക്കാരായ രോഗികൾക്ക് സമാശ്വാസം – ഒന്ന് പദ്ധതി പ്രകാരം പ്രതിമാസം 1100 രൂപ നിരക്കിൽ ചികിത്സാസഹായം അനുവദിക്കും. വൃക്ക/കരൾ രോഗങ്ങൾ ബാധിച്ച് അവയവങ്ങൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായിട്ടുളളവരിൽ ഒരു ലക്ഷം രൂപവരെ കുടുംബ വാർഷിക വരുമാനമുളളവർക്ക് ശസ്ത്രക്രിയ കഴിഞ്ഞ് പരമാവധി അഞ്ചു വർഷംവരെ സമാശ്വാസം – രണ്ട് പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ നിരക്കിൽ സഹായം അനുവദിക്കും, ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ചവർക്ക് സമാശ്വാസം – മൂന്ന് പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ നിരക്കിലും, അരിവാൾ രോഗം ബാധിച്ച നോൺ ട്രൈബൽ വിഭാഗത്തിൽപ്പെട്ട ബി പി എൽ വിഭാഗക്കാരായവർക്ക് സമാശ്വാസം – നാല് പദ്ധതി പ്രകാരം   പ്രതിമാസം 2000 രൂപ നിരക്കിലും ധനസഹായം നൽകും.

2025 ജൂൺ മാസംവരെയുളള ചികിത്സാ ധനസഹായമാണ് അനുവദിക്കുക. ഈ പദ്ധതിയിൽ തുടർ ധനസഹായം ലഭിക്കാൻ ഗുണഭോക്താക്കൾ എല്ലാ വർഷവും ജനുവരി, ജൂൺ മാസങ്ങളിൽ  ലൈഫ് സർട്ടിഫിക്കറ്റും ബാങ്ക് പാസ് ബുക്ക്, ആധാർ എന്നിവയുടെ പകർപ്പുകളും ഫോൺ നമ്പർ അടക്കം തപാൽ മുഖേന കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ ലഭ്യമാക്കണം.

ചൂഷണത്തിന് വിധേയരായി, അവിവാഹിതരായിരിക്കെ അമ്മമാരാകുന്ന ബി പി എൽ വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കി വരുന്ന സ്‌നേഹസ്പർശം പദ്ധതിയിൽ പ്രതിമാസം 2000 രൂപ നിരക്കിൽ ധനസഹായം അനുവദിക്കും. ഗുണഭോക്താവ് വിവാഹിതയല്ലെന്നതിനുള്ള സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ തുടർ സഹായം ലഭിക്കാനായി സമർപ്പിച്ചിട്ടുളളവർക്കാണ് 2025 ജൂൺ മാസംവരെയുളള ധനസഹായം വിതരണം ചെയ്യുന്നത്. പദ്ധതിയിൽ തുടർ ധനസഹായം ലഭിക്കാൻ എല്ലാ വർഷവും ജൂൺ മാസത്തിൽ ഈ രേഖകൾ തപാൽ വഴി കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ ലഭ്യമാക്കണമെന്നും മന്ത്രി അറിയിച്ചു. 

നിലവിലെ സ്‌കൂൾ സമയക്രമം തുടരാൻ തീരുമാനിച്ചതായി മന്ത്രി വി ശിവൻകുട്ടി. അടുത്ത അക്കാദമിക വർഷം ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അന്നത്തെ സാഹചര്യം പരിഗണിച്ച് അക്കാര്യം ചർച്ച ചെയ്യാൻ സന്നദ്ധമാണ്. നിലവിൽ സർക്കാരിന്റെ തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സെക്രട്ടറിയേറ്റ് പി ആർ ചേംബറിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 2025 മെയ്  31  ലെ  സർക്കാർ  ഉത്തരവ്  പ്രകാരം  ക്ലാസ്  1  മുതൽ  4  വരെ  198 പ്രവൃത്തി ദിനങ്ങൾ, ക്ലാസ്  5  മുതൽ  7  വരെ    200 പ്രവർത്തിദിനങ്ങൾ, ക്ലാസ്സ്  8  മുതൽ  10  വരെ 204 പ്രവർത്തിദിനങ്ങൾ  എന്നിങ്ങനെയാണ് 2025-26  വർഷത്തെ അക്കാദമിക് കലണ്ടർ തയ്യാറായത്. എൽ.പി  വിഭാഗം  സ്‌കൂളുകൾക്ക്  അധിക പ്രവർത്തിദിനം  ഇല്ലാതെയും  യു.പി  വിഭാഗം  സ്‌കൂളുകൾക്ക്  ആഴ്ചയിൽ  ആറു  പ്രവർത്തിദിനം  വരാത്ത  രീതിയിൽ  രണ്ട്  ശനിയാഴ്ചകൾ   ഉൾപ്പെടുത്തി കൊണ്ടും  ഹൈസ്‌കൂൾ  വിഭാഗം  സ്‌കൂളുകൾക്ക്  6  ശനിയാഴ്ചകൾ ഉൾപ്പെടുത്തികൊണ്ടുമാണ്  കലണ്ടർ  തയ്യാറാക്കിയിട്ടുള്ളത്.  ഹൈസ്‌കൂൾ  വിഭാഗത്തിന്  ആയിരത്തി  ഒരുന്നൂറ്  ബോധന  മണിക്കൂർ  തികയ്ക്കുന്നതിന്  വെള്ളിയാഴ്ച  ഒഴികെയുള്ള  നൂറ്റി  അറുപത്തിയാറ്  പ്രവർത്തിദിനങ്ങളിൽ  എല്ലാ  ദിവസവും  രാവിലെ  15  മിനിട്ടും  ഉച്ചകഴിഞ്ഞ്  15  മിനുട്ടും  അധിക  പ്രവർത്തിസമയം  ഉൾപ്പെടുത്തി  പീരീഡ്  ക്രമീകരിച്ചിട്ടുള്ളത്.രാവിലെ  9.45  മുതൽ  ഉച്ചയ്ക്ക്  ശേഷം  4.15  വരെ യാണ്  ഹൈസ്‌കൂൾ  വിഭാഗം  പുതുക്കിയ  സമയക്രമം.

കേസ്സിനാധാരമായ  സാഹചര്യം

കേരള  ഹൈക്കോടതിയിൽ  എറണാകുളം  ബീട്ടൂർ  എബനൈസർ എച്ച്.എസിലെ  പി.റ്റി.എ.  യും  മാനേജരും  കൂടി  ഫയൽ  ചെയ്ത  റിട്ട്  ഹർജിയിൽ  പുറപ്പെടുവിച്ച  ഉത്തരവ്  പ്രകാരം  അധ്യയന  വർഷം  ഇരുന്നൂറ്റി  ഇരുപത്  പ്രവൃത്തി  ദിനം  വേണമെന്ന  ഹർജിക്കാരന്റെ  ആവശ്യത്തിന്മേൽ  ചട്ടങ്ങൾ  പ്രകാരം  തീരുമാനമെടുക്കാൻ  പൊതു  lവിദ്യാഭ്യാസ  ഡയറക്ടറോട്  ബഹുമാനപ്പെട്ട  കോടതി നിർദ്ദേശിച്ചു.   

ഇതിന്റെ  അടിസ്ഥാനത്തിൽ  പൊതു  വിദ്യാഭ്യാസ  ഡയറക്ടർ  ഹർജിക്കാരനെ  കേൾക്കുകയും  2024  ഏപ്രിൽ  25-ാം  തീയതിയിൽ  ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.  ഉത്തരവ്  പ്രകാരം  വരും  വർഷങ്ങളിൽ  നിയമനാനുസൃതമായ  പ്രവൃത്തി  ദിനങ്ങൾ  കലണ്ടറിൽ  ഉൾപ്പെടുത്താമെന്ന്  തീരുമാനിച്ചു.  എന്നാൽ  ഹർജിക്കാരൻ  കോടതി അലക്ഷ്യ  ഹർജി  ഫയൽ  ചെയ്തു.  ഇവയുടെ  അടിസ്ഥാനത്തിൽ  ഇരുന്നൂറ്റി  ഇരുപത്  പ്രവൃത്തി  ദിനങ്ങൾ  തികയ്ക്കുന്നതിനായി  25  ശനിയാഴ്ചകൾ  കൂടി  ഉൾപ്പെടുത്തി  2024-25  വർഷത്തിലെ  അക്കാദമിക്  കലണ്ടർ  പ്രസിദ്ധീകരിച്ചത്. കേരള  വിദ്യാഭ്യാസ  ആക്റ്റും  ചട്ടങ്ങളും  ബാധകമായ  സ്‌കൂളുകളിലെ  പൊതുവിദ്യാഭ്യാസ  വകുപ്പ്  പ്രസിദ്ധീകരിച്ച  വിദ്യാഭ്യാസ  കലണ്ടർ  ചോദ്യം  ചെയ്തുകൊണ്ട്   ഹൈക്കോടതി  മുമ്പാകെ  സർവീസ്  സംഘടനകളും,  രക്ഷിതാക്കളും,  വിദ്യാർത്ഥികളും  കേസ്സ്  ഫയൽ ചെയ്തു.   കലണ്ടറിനെയും  അത്  പുറപ്പെടുവിച്ച  പൊതുവിദ്യാഭ്യാസ  ഡയക്ടറുടെ  അധികാരത്തെയും  ഈ  ഹർജികളിൽ  ചോദ്യം  ചെയ്തിട്ടുണ്ട്.  സ്‌കൂളുകളിൽ  ശനിയാഴ്ചകൾ  പ്രവൃത്തി  ദിനങ്ങൾ  ആക്കുന്നതിനായി  ഇതൊരു  നയത്തിലും  കീഴ്വഴക്കത്തിലും  മാറ്റം  വരുന്ന  ഒന്നായതിനാൽ  സ്റ്റാറ്റിയൂട്ട്  ഭേദഗതി  വരുത്തേണ്ടതുള്ളതിനാലും  അതിന്  യോഗ്യതയുള്ളത്  ഈ  കേസുകളിലെ  ഒന്നാം  എതിർകക്ഷിയായ  സംസ്ഥാന  സർക്കാർ  ആണെന്നാണ്  ഹർജിക്കാരുടെ  വാദം.

ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും  പരമാവധി വിലക്കുറവിൽ സുലഭമായി ലഭ്യമാക്കുന്നതിന് സപ്ലൈകോ ക്രമീകരണം ഏർപ്പെടുത്തും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ സപ്ലൈകോ കേന്ദ്രകാര്യാലയത്തിൽ നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. 

സപ്ലൈകോ വില്പനശാലകളിൽ സബ്‌സിഡി സാധനങ്ങൾ അടക്കം എല്ലാ ഭക്ഷ്യവസ്തുക്കളും ലഭ്യമാണ്. ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യതയും വിലക്കുറവും ഉറപ്പുവരുത്തുന്നതിനും അരിയുടെ വില കുറയ്ക്കുന്നതിനുമായി കാര്യക്ഷമമായ ഇടപെടൽ നടത്തുന്നുണ്ടെന്ന്  മന്ത്രി പറഞ്ഞു.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി അരി സംഭരിക്കുന്നത് സംബന്ധിച്ച് നേരിട്ട് ചർച്ച നടത്തിക്കഴിഞ്ഞു. ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും നേരിട്ട് സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. അരിയും മറ്റു ഭക്ഷ്യവസ്തുക്കളും ഉൾനാടൻ മേഖലകളിൽ ഉൾപ്പെടെ ലഭ്യമാക്കുന്നതിനായി അരിവണ്ടികൾ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ അശ്വതി ശ്രീനിവാസ്, സപ്ലൈകോ മാനേജർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് വിട നൽകാൻ കേരളം. തിരുവനന്തപുരം വസതിയിൽ നിന്ന് വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലേക്ക് എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിൽ എത്തിയിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണിവരെ പൊതുദർശനം തുടരും.

പ്രിയ നേതാവിനെ അവസാനമായി കാണാനായി തലസ്ഥാനത്ത് ജനപ്രവാഹം . കക്ഷി ഭേദമന്യേ വിവിധ രാഷ്ട്രീയ നേതാക്കൾ വി.എസ്.അച്ച്യുതാനന്ദന് അന്തിമോപചാരമർപ്പിക്കാൻ എത്തുന്നുണ്ട്. ദർബാർ ഹാളിലെ പൊതുദർശനത്തിനു ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി വിഎസിന്റെ മൃതദേഹം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വഴിയുള്ള നിരവധി കേന്ദ്രങ്ങളിലായി പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.

ഇന്ന് രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പത് മണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഓഫീസിൽ പൊതുദർശനത്തിനായി വെക്കും. തുടർന്ന് രാവിലെ പത്ത് മണിമുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടായിരിക്കും. വൈകിട്ട് മൂന്ന് മണിക്ക് പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമ്മകൾ കാത്തുസൂക്ഷിക്കുന്ന വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.

വി.എസ്. അച്യുതാനന്ദന് ആദരസൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കൊളളും. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണെന്നും സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കുമെല്ലാം അവധി ആണെന്നും അറിയിപ്പുണ്ട്. ആലപ്പുഴയിൽ സംസ്കാരം നടക്കുന്നതിനാൽ നാളെയും അവധിയായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്‌കരിക്കാൻ വിദഗ്ധ സമിതി നിർദേശങ്ങൾ സമർപ്പിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പച്ചക്കറികൾക്ക് ബദലായി മൈക്രോ ഗ്രീനുകൾ മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഉൾപ്പെടുത്തും. ഇലക്കറികളിൽ പയർ/പരിപ്പ് ചേർക്കും.

ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി ഉപയോഗിച്ച് വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി എന്നിവ നൽകും. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത ചമ്മന്തി തൊടുകറിയായി വിളമ്പും. ചെറുധാന്യങ്ങൾ ഉൾപ്പെടുത്തി റാഗി ബോൾസ്, റാഗി കൊഴുക്കട്ട, ക്യാരറ്റ് പായസം തുടങ്ങിയ വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തി.

മാലിന്യ സംസ്കരണം എളുപ്പമാക്കാൻ ഞെളിയൻപറമ്പിൽ കംപ്രസീവ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോർപ്പറേഷൻ സംഘടിപ്പിച്ച ‘ഹഗ്ഗ്’ ആദരവും ‘അഴക് 2.0’ ലോഞ്ചിംഗും  മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി ബി ജി പ്ലാൻ്റ്  എറണാകുളം ബ്രഹ്മപുരത്ത് ഫലപ്രദമായി പരീക്ഷിച്ചതാണെന്നും പദ്ധതിക്കായി ഭാരത് പെട്രോളിയം കോർപ്പറേഷനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ, വയോജനങ്ങൾ എന്നിവരെ മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമാക്കണമെന്നും നഗരത്തെ കുറിച്ച്  നല്ല വിശേഷണങ്ങളുള്ളത് പോലെ വൃത്തിയുള്ള നഗരമെന്ന അഭിപ്രായം നേടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മേയർ ഡോ.  ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എം എൽഎ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംഎൽഎയുമായ എ പ്രദീപ്കുമാർ എന്നിവർ മുഖ്യാതിഥികളായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ പി ദിവാകരൻ, പി സി രാജൻ, കൃഷ്ണകുമാരി, പി കെ നാസർ, മുൻ മേയർ ടി പി ദാസൻ, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രി സ്വാഗതവും   കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി നന്ദിയും പറഞ്ഞു. വൃത്തി കോൺക്ലേവിൽ സംസ്ഥാനത്തെ മികച്ച കോർപ്പറേഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ 14 ന് കണ്ണൂർ, കാസറഗോഡ്, 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

12ന് കണ്ണൂർ, കാസർഗോഡ്, 13ന്  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, 14ന്  ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം  കോഴിക്കോട്, വയനാട്, 15ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, 16ന്  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും 12ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, 16ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്ര മഴ സാഹചര്യത്തിൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരുന്നതിനാൽ ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ പേജുകൾ പരിശോധിക്കണം.