General (Page 9)

തിരുവനന്തപുരം: റഷ്യ-യുക്രൈൻ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നയത്തെയാണ് കോൺഗ്രസ് എംപി ശശി തരൂർ വീണ്ടും പ്രശംസിച്ചത്. ദില്ലിയിൽ നടന്ന ‘റായ്സിന ഡയലോഗ്’ സെഷനിൽ സംസാരിക്കുമ്പോഴാണ് തരൂർ മോദിയുടെ നയതന്ത്രം ശരിയാണെന്ന് വിലയിരുത്തിയത്. രണ്ടു രാജ്യങ്ങളുമായും ബന്ധം നിലനിര്‍ത്താൻ മോദിക്ക് കഴിഞ്ഞു, മുമ്പ് താൻ അതിനെ എതിർത്തത് തെറ്റായിപ്പോയെന്നും തരൂർ വ്യക്തമാക്കി.

തരൂരിന്റെ പ്രസ്താവന ബിജെപി ഏറ്റെടുത്തു. അദ്ദേഹത്തിന്റെ അഭിപ്രായം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ബിജെപി നേതാക്കൾ അതിനെ സ്വാഗതം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എക്സിൽ തരൂരിനെ ടാഗ് ചെയ്ത് അഭിനന്ദന കുറിപ്പ് പോസ്റ്റു ചെയ്തു.

ഇതിന് മുമ്പും പ്രധാനമന്ത്രിയെ അനുകൂലിച്ചും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മോദിയുടെ കൂടിക്കാഴ്ചയെ പിന്തുണച്ചും തരൂർ പ്രതികരിച്ചിട്ടുണ്ട്.

മനുഷ്യരെന്ന നിലയിൽ അന്തസ്സ് ഉയർത്തിപ്പിടിച്ചു ജീവിക്കാൻ ട്രാൻസ് സമൂഹത്തിന് അവകാശമുണ്ടെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

അനീതിയും വിവേചനവുമല്ല ട്രാൻസ് സമൂഹം ആഗ്രഹിക്കുന്നത്. അവരുടെ സുരക്ഷിതവും സുഗമവുമായ ജീവിതത്തിനു വേണ്ടി നിരവധി പദ്ധതികൾ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ അവരുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ ഫെസ്റ്റിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

“അനവധി നിരവധിയായ ആന്തരിക, മാനസിക സംഘർഷങ്ങളിലൂടെയാണ് ട്രാൻസ് സമൂഹം കടന്നുപോകുന്നത്. സാമൂഹികമായി ഒറ്റപെട്ടു ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ സഹൂഹ്യനീതി വകുപ്പ് ഒപ്പമുണ്ടെന്ന് ഈ സന്ദർഭത്തിൽ ഓർമ്മിപ്പിക്കുകയാണ്. തനിച്ചല്ല നിങ്ങൾ, സഹൂഹ്യനീതി വകുപ്പ് ഒപ്പമുണ്ട് എന്ന ആശയമാണ് വകുപ്പ് ഉയർത്തിപിടിക്കുന്നത്,” ഡോ ബിന്ദു പറഞ്ഞു.

ബൈനറീസിൽ അധിഷ്ടിതമായ നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുവാനും ട്രാൻസ് സമൂഹത്തിന്റെ ദൃശ്യതയും സ്വീകാര്യതയും ഉയർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് വർണ്ണപ്പകിട്ട് എന്ന പരിപാടി നടത്തപ്പെടുന്നത്. വിദ്യാഭ്യാസത്തിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും വകുപ്പ് വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. സ്‌കൂളിൽ പഠിക്കുന്നവർക്ക് പ്രതിമാസം ആയിരം രൂപയും കോളേജിൽ പഠിക്കുന്നവർക്ക് പ്രതിമാസം രണ്ടായിരം രൂപയും വകുപ്പ് നൽകുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയക്കും സർക്കാർ പിന്തുണ നൽകുന്നുണ്ട്. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് ശസ്ത്രക്രിയക്കായി നൽകുന്നത്. തുടർ ചികിത്സ വേണ്ടവർക്ക് പ്രതിമാസം 3,000 രൂപ വരെയാണ് നൽകുന്നത്. മുഴുവൻ സമയം പ്രവർത്തിക്കുന്ന ഒരു ഹെൽപ് ലൈൻ പദ്ധതിയും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം വിശ്രമം ആവശ്യമുള്ളവർക്ക് അത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും വകുപ്പ് ഏറ്റെടുക്കുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും തുണയാകാൻ സാമൂഹ്യ നീതി വകുപ്പ് ഒപ്പമുണ്ട്. വിജയരാജമല്ലികയെപ്പോലെ സർഗാത്മക കഴിവുകളാൽ അനുഗ്രഹീതരായ ട്രാൻസ് സഹോദരങ്ങൾക്കായാണ് ‘അനന്യം’ കലാസംഘം രൂപീകൃതമായതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവെന്ന നിലയിൽ നിന്ന് ഒഴിവാക്കിയെന്ന പ്രചാരണം അസംബന്ധമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വി.എസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശാഭിമാനി നൽകിയ അഭിമുഖത്തിലാണ് എം.വി. ഗോവിന്ദൻ ഇക്കാര്യം വിശദീകരിച്ചത്. മധുരയിൽ നടക്കുന്ന പാർട്ടി ദേശീയ സമ്മേളനത്തിന് ശേഷം പ്രത്യേക ക്ഷണിതാക്കളുടെ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിന്റെ ഇപ്പോഴത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ നേതാവാണ് വി.എസ്. അച്യുതാനന്ദൻ, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേര് ക്ഷണിതാക്കളുടെ പട്ടികയിൽ ആദ്യം ഉണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

ഒരേ നമ്പർ ഉള്ള വോട്ടർ ഐ ഡി കാർഡ് പല വോട്ടർമാർക്കും നൽകിയെന്ന പ്രശ്‌നത്തിന് മൂന്ന് മാസത്തിനകം പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടർ ഐ ഡി കാർഡ് നമ്പർ ഉള്ള വോട്ടർമാർക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ സവിശേഷ വോട്ടർ ഐ.ഡി കാർഡ് നമ്പർ ലഭ്യമാക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഭാവിയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്കും ഇത്തരത്തിൽ സവിശേഷ നമ്പർ ഉറപ്പാക്കുമെന്നും കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇരട്ട വോട്ടർ ഐ.ഡി നമ്പർ കിട്ടിയവരും യഥാർഥ വോട്ടർമാർ തന്നെയാണെന്ന് കമ്മീഷൻ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. വോട്ടർ ഐ.ഡി സീരീസ് അനുവദിച്ചപ്പോൾ ചില രജിസ്‌ട്രേഷൻ ഓഫീസർമാർ തെറ്റായ സീരീസ് നൽകിയതാണ് പിഴവിന് കാരണം. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അവരവരുടെ വോട്ടർ പട്ടിക സ്വതന്ത്രമായി കൈകാര്യം ചെയ്തിരുന്നത് കൊണ്ടാണ് ഇതുവരെ പിശക് കണ്ടുപിടിക്കപ്പെടാതെ പോയത്. സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്തി ഇതിന് പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. വോട്ടർ ഐ ഡി നമ്പർ ഏതാണെങ്കിലും, ഒരു പോളിംഗ് സ്റ്റേഷനിലെ വോട്ടർ പട്ടികയിൽ പേരുള്ള വോട്ടർക്ക് അവിടെ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

വിശദമായ പ്രക്രിയയിലൂടെയാണ് കമ്മീഷൻ വോട്ടർ പട്ടിക തയ്യാറാക്കുന്നതും അന്തിമമാക്കുന്നതും. രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ഏജൻറുമാർക്ക് വോട്ടർ പട്ടിക പരിശോധിക്കാം. വീട് തോറും കയറിയുള്ള സ്ഥിരീകരണത്തിനും വിശദമായ പരിശോധനകൾക്കും കരട് വോട്ടർ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. പരാതികൾ അറിയിക്കാൻ ഒരു മാസത്തെ സമയവും അനുവദിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻറെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ അപാകത ഉണ്ടെന്ന് പരാതിയുണ്ടെങ്കിൽ, ജില്ലാ മജിസ്‌ട്രേട്ടിനോ ജില്ലാ കളക്ടർക്കോ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിനോ അപ്പീൽ നൽകാൻ അവസരമുണ്ട്. തീരുമാനം തൃപ്തികരമല്ലെങ്കിൽ അതാത് സംസ്ഥാനത്തിന്റെയോ കേന്ദ്രഭരണപ്രദേശത്തിന്റെയോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകാനും സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തിരുവനന്തപുരം: വീണ്ടും വിവാദ പ്രസംഗവുമായി പി. സി. ജോർജ്. സംസ്ഥാനത്ത് ലൗ ജിഹാദ് വ്യാപകമായി നടക്കുന്നുവെന്നായിരുന്നു ജോർജിന്റെ അവകാശവാദം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നും, ഇതിൽ 41 പേരെ മാത്രം തിരികെ കൊണ്ടുവരാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

“ക്രിസ്ത്യാനികൾ 24 വയസിനു മുമ്പ് പെൺകുട്ടികളെ വിവാഹം ചെയ്യിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസ്സിലാക്കി രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണം,” എന്നാണ് ജോർജിന്റെ അഭിപ്രായം.

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ ഗുരുതര അപകടത്തിനുള്ളതാണെന്നും, അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാമെങ്കിലും വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു ജോർജിന്റെ പ്രസ്താവന.

പാലായിൽ നടന്ന ലഹരിവിരുദ്ധ പരിപാടിയിലായിരുന്നു പി. സി. ജോർജിന്റെ പ്രസംഗം. മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിൽ കഴിയുമ്പോഴാണ് ഈ പുതിയ പ്രസ്താവന. ജനുവരി 6-ന് ഒരു ചാനൽ ചര്‍ച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് ജോർജിനെതിരെ കേസെടുത്തിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതിപ്പെട്ടത്.

പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്കായി പുതിയ ദർശന മാർഗം ഒരുക്കാൻ ദേവസ്വം ബോർഡ് തുടർ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഫ്ലൈഓവർ ഒഴിവാക്കി ഭക്തർക്ക് നേരിട്ട് ശ്രീകോവിലിനു മുന്നിലെത്താൻ കഴിയുന്ന പാതയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. പുതിയ മാർഗം പരീക്ഷണാടിസ്ഥാനത്തിൽ മീനമാസ പൂജയ്ക്കായി നട തുറക്കുന്ന മാർച്ച് 14ന് ആരംഭിക്കാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ പതിനെട്ടാം പടി കയറിയെത്തുന്ന ഭക്തർ ഫ്ലൈഓവറിലൂടെ ചുറ്റിപോകേണ്ടി വരുന്നു. ഇതുമൂലം ദർശന സമയം വളരെ കുറവാണ്. പുതിയ സംവിധാനം നടപ്പാക്കിയാൽ, ഭക്തർക്ക് നേരിട്ട് കൊടിമരത്തിൻ്റെ ഇരുവശങ്ങളിലൂടെയും ശ്രീകോവിലിനു മുന്നിലേക്ക് പ്രവേശിക്കാം, കൂടാതെ ദർശനത്തിന് കൂടുതൽ സമയം ലഭിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനായി നടുവിൽ കാണിക്കവഞ്ചി സ്ഥാപിക്കുകയും ചെയ്യുമെന്ന് അറിയിക്കുന്നു.

ഇരുമുടിക്കെട്ടില്ലാതെ വടക്കേനടയിലൂടെ എത്തുന്നവർക്കും ശ്രീകോവിലിനു മുന്നിലേക്ക് കടന്നുപോകാനുള്ള സൗകര്യം ഈ പുതിയ മാർഗം നൽകും. താത്കാലികമായ് നിർമ്മിക്കുന്ന ഈ പാത പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ച ശേഷം, വിജയകരമായാൽ കൂടുതൽ ശാശ്വതമാക്കാൻ ദേവസ്വം ബോർഡ് ആലോചിച്ചിട്ടുണ്ടെന്നും ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. കൂടാതെ, അടിയന്തര ഘട്ടങ്ങളിൽ തിരക്ക് നിയന്ത്രണത്തിനായി പഴയ ഫ്ലൈഓവർ നിലനിര്‍ത്തും.

കഴിഞ്ഞ മണ്ഡലകാല മഹോത്സവത്തിൽ ലക്ഷക്കണക്കിന് ഭക്തർ ശബരിമലയിൽ എത്തുകയും, തിരക്ക് കാര്യമായി അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ഭക്തർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ മാർഗം നടപ്പാക്കുന്നതാണ്. ദർശനം സുഗമമാക്കുന്നതിനായി ദേവസ്വം ബോർഡും പോലീസും ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വലിയ മുന്നേറ്റങ്ങളിലൊന്നായ ഹൈഡ്രജൻ ട്രെയിൻ രാജ്യത്ത് സേവനം ആരംഭിക്കാൻ തയ്യാറാകുന്നതായി റിപ്പോർട്ട്. മാർച്ച് 31ന് ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പാളത്തിലെത്തുമെന്നാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ചെന്നൈയിലെ ഉദ്യോഗസ്ഥൻ യു സുബ്ബ റാവു അറിയിച്ചിരിക്കുന്നത്. ഡൽഹി ഡിവിഷനിലെ ജിന്ദ്-സോണിപത്ത് റൂട്ടിലാണ് ആദ്യം ഈ ഹൈഡ്രജൻ ട്രെയിൻ ഓടുമെന്നതായി റിപ്പോർട്ടുകളുണ്ട്. 89 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റൂട്ടിൽ 140 മുതൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടും.

2,638 യാത്രക്കാരെ ഒരേ സമയം കൊണ്ടുപോകാൻ കഴിയുന്ന രീതിയിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ധന സെല്ലുകളുടെ സഹായത്തോടെയാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. ചെന്നൈ പെരമ്പൂരിലുള്ള റെയിൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച ഹൈഡ്രജൻ ട്രെയിനിന്റെ സാങ്കേതികവിദ്യ പൂർണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചതാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇത്.

ട്രെയിനിന്റെ സവിശേഷതകൾ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) രൂപപ്പെടുത്തിയാണ്. നിലവിൽ, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇതെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.

ജിന്ദ്-സോണിപത്ത് റൂട്ടിലാകും ആദ്യ സർവീസ് എന്ന സൂചനകളുണ്ടെങ്കിലും ഇതു സംബന്ധിച്ച് റെയിൽവേ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഒരു ഹൈഡ്രജൻ ട്രെയിനിന്റെ നിർമ്മാണച്ചെലവ് 80 കോടി രൂപയാണ്. 2,800 കോടി രൂപയുടെ പദ്ധതിയിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവേയുടെ പദ്ധതി. ഓരോ ട്രെയിനിലും 10 ബോഗികൾ ഉൾപ്പെടും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിനുകളിൽ കൂടുതൽ ബോഗികൾ ഉണ്ടാകും. ഇംഗ്ലണ്ട്, ചൈന, ജർമനി, ഫ്രാൻസ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലും ഹൈഡ്രജൻ ട്രെയിനുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിലുമധികം കരുത്തുള്ളതാകും ഇന്ത്യ നിർമ്മിച്ച ട്രെയിനുകളെന്ന സൂചനകളുണ്ട്.

കൊച്ചി: വിവാഹ സത്കാരങ്ങൾക്കും മറ്റുള്ള പൊതു പരിപാടികൾക്കും പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ ഉപയോഗം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കാനായി കൂടുതൽ കർശന നടപടികൾ വേണമെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങുകളിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസൻസ് നിർബന്ധമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമതല നൽകിയിട്ടുണ്ട്. സത്കാര ചടങ്ങുകളിൽ അരലിറ്റർ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ നിരോധിച്ചിരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

മലയോര മേഖലകളിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ കൂടുതൽ നിർബന്ധിത നടപടികൾ ആലോചനയിൽ ആണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.

റെയിൽവേ ട്രാക്കുകളിൽ മാലിന്യം തള്ളുന്നത് അനുവദിക്കരുതെന്നും, ട്രാക്കുകൾ മാലിന്യമുക്തമാക്കാൻ കടുത്ത നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി റെയിൽവേയോട് നിർദേശിച്ചു. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിയന്ത്രണം ശക്തമാകുന്നതിനിടയിലാണ് കോടതി ഇത്തരത്തിലുള്ള കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ അവസാന ദിവസം വിദ്യാർത്ഥികളുടെ സ്കൂളിനുള്ളിലെ ആഘോഷങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. കാസർകോട് ഒരു സ്കൂളിലെ യാത്രയയപ്പ് പരിപാടിയിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച സംഭവവും, താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ മരിച്ച സംഭവവും കണക്കിലെടുത്താണ് ഈ തീരുമാനം.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ നടപടിയെടുക്കാൻ തീരുമാനമായത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം അയച്ചിട്ടുണ്ട്.

അവസാന പരീക്ഷ കഴിഞ്ഞ ശേഷം വിദ്യാർത്ഥികൾ ഹോളി മാതൃകയിൽ കളിക്കലും ചെണ്ടമേളം ഉൾപ്പെടെയുള്ള ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് പലപ്പോഴും പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്നും, അതിനാൽ അത്തരം പ്രവർത്തനങ്ങൾ തടയാൻ സ്കൂൾ മാനേജ്മെന്റുകൾ കർശനമായ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

പരീക്ഷ കഴിഞ്ഞ ഉടൻ വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങണമെന്ന് നിർബന്ധിക്കണമെന്നും, രക്ഷിതാക്കൾ കുട്ടികൾ വീട്ടിൽ പതിവുസമയത്ത് എത്തുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ചില വിദ്യാർത്ഥികൾ സ്കൂളിന്റെ ശൗചാലയങ്ങളിലും മറ്റു സ്ഥലങ്ങളിലും മദ്യപിക്കുകയും നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ, പരീക്ഷ കഴിഞ്ഞ് ഇവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല.

അവസാന പരീക്ഷ കഴിഞ്ഞാൽ ക്യാമ്പസിൽ വിദ്യാർത്ഥികൾ തങ്ങാൻ അനുവദിക്കില്ലെന്നും, തീരുമാനം കർശനമായി നടപ്പിലാക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ് വ്യക്തമാക്കി.

കർണാടകത്തിലെ എല്ലാ തീയറ്ററുകളിലും, മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ, സിനിമാ ടിക്കറ്റ് നിരക്ക് പരമാവധി 200 ആക്കി കുറച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യ സർക്കാരിന്റെ 16-ാം ബജറ്റിൽ ഉൾപ്പെടുത്തിയ പ്രധാന നിർദേശങ്ങളിലൊന്നാണ് ഈ തീരുമാനം.

കന്നഡ സിനിമാ മേഖലയുടെ വളർച്ചയ്ക്കായി സർക്കാർ സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കും. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകൾ കന്നഡ ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്നില്ലെന്ന് രക്ഷിത് ഷെട്ടിയും ഋഷഭ് ഷെട്ടിയും പ്രകടിപ്പിച്ച ആശങ്കയ്ക്ക് പിന്നാലെയാണ് ഈ തീരുമാനം. “ഏകം” എന്ന വെബ് സീരീസ് റിലീസ് ചെയ്യാനാകാത്ത സാഹചര്യത്തിൽ, രക്ഷിത് ഷെട്ടിയുടെ പരംവാഹ് സ്റ്റുഡിയോ 2024 ജൂലൈയിൽ സ്വന്തം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചിരുന്നു.

കന്നഡ സിനിമകളുടെ സംഭരണത്തിനായി സർക്കാർ 3 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, സംസ്ഥാനത്തിന്റെ സാമൂഹിക, ചരിത്ര, സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സിനിമകൾ ശേഖരിക്കുമെന്നും പ്രഖ്യാപനം ഉണ്ടായി. ഡിജിറ്റൽ, ഡിജിറ്റൽ ഇതര ഫോർമാറ്റുകളിൽ സിനിമകൾ ആർക്കൈവിൽ സൂക്ഷിക്കും.

സിനിമാ മേഖലയെ വ്യവസായമായി അംഗീകരിക്കാൻ സർക്കാരിന്റെ തീരുമാനം. വ്യാവസായിക നയത്തിന് കീഴിൽ മറ്റ് മേഖലകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇനി സിനിമാ മേഖലക്കും ലഭിക്കും. കൂടാതെ, കർണാടക ഫിലിം അക്കാദമിയുടെ 2.5 ഏക്കർ സ്ഥലത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ മൾട്ടിപ്ലക്സ് സമുച്ചയം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.