General (Page 8)

തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ലൂസിഫറിന്‍റെ തുടർച്ചയായ ചിത്രമാണെന്ന് അറിഞ്ഞപ്പോൾ എമ്പുരാൻ കാണുമെന്നാണ് പറഞ്ഞത്. എന്നാൽ, ഇപ്പോൾ സിനിമയിലെ 17 രംഗങ്ങൾ നിർമാതാക്കൾ മാറ്റിയതും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നതായും മനസ്സിലായതിനെ തുടർന്ന് താൻ സിനിമ കാണില്ലെന്ന് തീരുമാനിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാൽ ആരാധകരെയും പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ഒരു സിനിമയെ ചരിത്രമായി കാണാനാകില്ല. സത്യം വളച്ചൊടിച്ച് കഥ രചിക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുമെന്നാണ് തന്റെ നിലപാടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

അതേസമയം, സിനിമയിൽ ചില ഭാഗങ്ങൾ വെട്ടിയതിനുശേഷവും വിവാദം അവസാനിച്ചിട്ടില്ല. സിനിമക്കെതിരെ സംഘപരിവാർ അനുഭാവികൾ വിമർശനം തുടരുന്നതിനിടെ, എമ്പുരാൻ കൂട്ടായ്മക്ക് DYFI പിന്തുണ പ്രഖ്യാപിച്ച് മാനവീയം വീഥിയിൽ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കും.

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് ജസ്റ്റീസ് കെ. ബാബു തള്ളിയത്.

ഹർജി രാഷ്ട്രീയ ലക്ഷ്യത്തോടെ നൽകിയതാണെന്ന വിജിലൻസ് കോടതിയുടെ പരാമർശം ആവശ്യമില്ലാത്തതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ മകൾക്കു ബന്ധമുള്ള എക്സാലോജിക് കമ്പനി കൊച്ചിയിലെ കരിമണൽ വ്യവസായ സ്ഥാപമായ CMRL-സഹിതം നടത്തിയ സാമ്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം.

ഇതിനുമുമ്പ് മൂവാറ്റുപുഴ വിജിലൻസ് കോടതിയും ഇതേ ഹർജി തള്ളിയിരുന്നു. ഹർജിക്കാരിലൊരാളായ ഗിരീഷ് ബാബു ഹർജി പരിഗണനയിൽ ഇരിക്കെ അന്തരിച്ചിരുന്നതിനാൽ, ഹർജി തുടരാൻ മാത്യു കുഴൽനാടൻ മുന്നോട്ട് വന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചത്. എക്സാലോജിക്, മുഖ്യമന്ത്രിയുടെ മകൾ എന്ന ബന്ധം ഉപയോഗിച്ച് CMRL-ൽ നിന്ന് മാസപ്പടി വാങ്ങിയതായും ഇത് വിജിലൻസ് അന്വേഷണ പരിധിയിൽ വരുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

വ്യവസായ വളർച്ചക്കൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന കേരള വികസന മാതൃകയുടെ പുതിയൊരു പതിപ്പ് സൃഷ്ടിക്കണം എന്നതാണ്  സംസ്ഥാന സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷൻ ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ദ്വിദിന പരിസ്ഥിതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ശാസ്ത്രീയ മാലിന്യ സംസ്‌കരണം, നെറ്റ്  സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനം മുന്നോട്ട് പോവുകയാണ്. ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ ദ്വിദിന ശിൽപ്പശാലയുടെ ഭാഗമായുള്ള ചർച്ചകളിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ സഹായകരമാകുമെന്നാണ് സർക്കാർ  പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രതിപാദ്യവിഷയം ഹിമാനികളുടെ സംരക്ഷണമാണ്. ഹിമാനികൾ ഉരുകുന്ന വെള്ളം നമ്മുടെ പല ആവശ്യങ്ങൾക്കും ഉപയോഗിച്ചു വരുന്നതാണ്. എന്നാൽ അനിയന്ത്രിമായ ഹിമാനികളുടെ ഉരുകൽ കാരണം  പരിസ്ഥിതിക്ക് വലിയ ദുരന്തം സംഭവിക്കും. ജലവിതാനം ഉയരുന്നത് പ്രളയമടക്കമുള്ള ദുരന്തങ്ങൾക്ക് കാരണമാകുന്നു. ഈ വിഷയത്തിൽ ബോധവത്കരണം നടത്തുന്നതിന് വേണ്ടിയാണ് ഹിമാനികളുടെ സംരക്ഷണം എന്ന പ്രമേയം ചർച്ച ചെയ്യുന്നത്. കേരളത്തെ സംബന്ധിച്ചു ഈ വിഷയം വളരെ പ്രാധാന്യമുള്ളതാണ്. നദികളും കായലുകളും  സമുദ്രതീരവുമുള്ള  നമ്മുടെ നാടിന്റെ  ജലവിതാനം ക്രമാതീതമായി വർദ്ധിക്കുന്നത് അപകടകരമാണ്.

പരിസ്ഥിതി മലിനീകരണത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ദൂഷ്യവശം  കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആഗോളതാപനം കുറയ്ക്കുന്നതിനുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ ഉണ്ടാവണം. കേരളം വലിയതോതിലുള്ള വികസനത്തിന് സാക്ഷ്യം വഹിക്കുകയാണ്.  ഐടി, ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ നിരവധി സംരംഭങ്ങളാണ് കേരളത്തിൽ ആരംഭിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖവും അനുബന്ധ റോഡ് റെയിൽവേ വികസനമടക്കം വേഗത്തിൽ പൂർത്തിയാവുകയാണ്. പുതിയ സംരംഭങ്ങൾക്ക് ആവശ്യമായ ജല ലഭ്യത, കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കണം. വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് സാങ്കേതികമായി മാലിന്യ സംസ്‌കരണത്തിലടക്കം സാങ്കേതികസഹായം ഉറപ്പാക്കുന്നതിന് ഹരിത കേരളം മിഷൻ മാതൃകാപരമായ പ്രവർത്തനം നടത്തുന്നുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജലബജറ്റ് പാസാക്കുകയും അതനുസരിച്ച് തുടർപ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക ജല സ്രോതസ്സുകൾ, പുൽമേടുകൾ, കനാലുകൾ ഇവയെല്ലാം ജല ലഭ്യത ഉറപ്പാക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. ഇവയുടെ സംരക്ഷണം പ്രാദേശിക തലത്തിൽ ഉറപ്പാക്കുകയും വെള്ളം കെട്ടിക്കിടന്ന് മലിനീകരണമുണ്ടാകുന്നത് തടയാനും കഴിയണം. വാണിജ്യ സ്ഥാപനങ്ങളുടെയടക്കം ജലദുരുപയോഗം തടയുകയും പുനരൂപയോഗം പ്രോൽസാഹിപ്പിക്കുകയും വേണം. ഓടകൾ മഴവെള്ളം ഒഴുകി പോകുന്നതിന് നിർമ്മിച്ചവയാണ് ഇതിലേക്ക് മലിനജലം ഒഴുക്കി വിടുന്നത് കർശനമായി തടയണം.

ജലലഭ്യത പ്രാദേശിക തലം വരെ ഉറപ്പു വരുത്തി ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്ന രീതി അടുത്ത മൂന്നു വർഷത്തിൽ പൂർണ്ണമായി നിർത്തലാക്കാനാണ്  ഉദ്ദേശിക്കുന്നത്. എല്ലാവർക്കും ആവശ്യത്തിന് ജലം ലഭ്യമാക്കുന്നതിനുള്ള കർമ്മ പരിപാടിയാണ് ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നത്. ഉപയോഗിക്കപ്പെടാത്ത പാറമടകൾ, മഴവെള്ള സംഭരണികൾ, മറ്റു ജലസ്രോതസ്സുകളടക്കമെല്ലാം ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കും. നവകേരളത്തിനായി പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ജല ലഭ്യത ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണത്തോടെ പരിപാടികൾ ആസൂത്രണം ചെയ്യാൻ ശിൽപ്പശാലക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർഷിക പരീക്ഷകൾ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ അക്രമാസക്തമായ ആഘോഷങ്ങൾ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇതുസംബന്ധിച്ച് അധ്യാപകർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും, സ്‌കൂൾ പരിസരത്ത് വാഹനപ്രകടനങ്ങൾ അനുവദിക്കരുതെന്നും മന്ത്രി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ ഓഫീസർമാരുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് മന്ത്രി ഈ നിർദേശം നൽകിയത്. വിദ്യാർത്ഥികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കേണ്ടത് അടിയന്തരാവശ്യമാണെന്നും ലഹരി ലഭ്യമാകുന്ന വഴികൾ തടയാനുള്ള നടപടി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് അറിയിച്ചു.

അതേസമയം, എട്ടാം ക്ലാസിലെ വിഷയങ്ങൾക്കായി നിശ്ചയിച്ച മിനിമം മാർക്ക് പ്രയോഗിക്കുന്നതിനായി സർക്കാർ പുതുക്കിയ മൂല്യനിർണ്ണയ രീതിക്ക് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ അടുത്ത ക്ലാസിലേക്ക് വിജയിപ്പിക്കുന്നതിനും അവധിക്കാലത്ത് പിന്തുണാ സംവിധാനങ്ങൾ ഒരുക്കുമെന്ന് മന്ത്രിതേർത്തു പറഞ്ഞു. 2025-26 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഏപ്രിൽ രണ്ടാം വാരത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

പാലക്കാട്: വടക്കഞ്ചേരിയിൽ ലഹരി ഇടപാടിനിടെ പൊലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ എഎസ്ഐ ഉവൈസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി.

ലഹരി ഇടപാട് നടത്തി മടങ്ങുന്നതിനിടെയാണ് പൊലീസ് ഇടപെട്ടത്. പിടിയിലാകുമെന്ന മനസ്സിലാക്കിയ പ്രതി, പൊലീസ് വാഹനം തടയുന്നതിനിടെ ഉവൈസിനെ കാറിടിപ്പിക്കുകയായിരുന്നു. ഉവൈസിന്റെ കാലിന് പരിക്കേറ്റു. കൂടെയുണ്ടായിരുന്ന മറ്റ് പൊലീസുകാർ ചാടി മാറിയതോടെ കൂടുതൽ അപകടം ഒഴിവായി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

റംസാൻ, ഈസ്റ്റർ, വിഷു പ്രമാണിച്ച് കേരളത്തിലെ മാർക്കറ്റുകളിൽ ഗവൺമെന്റ്  നടത്തുന്ന ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെയറുകളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന ഈസ്റ്റർ, വിഷു, റംസാൻ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പീപ്പിൾസ് ബസാറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

          മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ചന്തകൾ ആരംഭിക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ  സപ്ലൈകോയുടെ പ്രധാന ഔട്ട്‌ലെറ്റുകളിൽ ഫെയറിനുള്ള സൗകര്യങ്ങൾ ഒരുക്കി.  സാമ്പത്തിക ബാധ്യത  കണക്കിലെടുത്താണ് നിലവിലെ ഔട്ട്‌ലെറ്റുകളിൽ വിപണന മേള ക്രമീകരിക്കുന്നത്.

        മാർച്ച് 30 വരെ റംസാൻ ഫെയറും എപ്രിൽ 10 മുതൽ 19 വരെ വിഷു, ഈസ്റ്റർ ഫെയറും നടക്കും. മാർക്കറ്റിൽ നിലവിലെ ഉൽപ്പന്നത്തിന്റെ വിലയെ അപേക്ഷിച്ച് 40% വരെ വിലക്കുറവാണ് ഫെയറുകളിലുള്ളത്.

        285 രൂപ വരെ മാർക്കറ്റിൽ വിലയുള്ള വെളിച്ചെണ്ണ 235 രൂപക്കാണ് സപ്ലൈകോ നൽകുന്നത്. അതുപോലെ മറ്റ് 13 നിത്യോപയോഗ സാധനങ്ങൾ  35 മുതൽ 40 ശതമാനം വിലകുറച്ച് വില കുറച്ച് നൽകുന്നതിന് നിരവധി പ്രതിസന്ധികളെ മറികടക്കേണ്ടി വരുന്നു. നിരവധി തവണ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉൽപ്പന്നങ്ങൾ നൽകുന്ന സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തി പരമാവധി വില കുറയ്ക്കാൻ ഗവൺമെന്റ് സമ്മർദം ചെലുത്തുന്നത്കൊണ്ടാണ് ഇത്തരത്തിൽ വില കുറച്ച് പരമാവധി ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക്  എത്തിക്കുവാൻ കഴിയുന്നത്. ഉത്സവ കാലയളവിൽ സബ്‌സിഡി ഉൽപ്പന്നങ്ങൾ കൃത്യമായി എത്തിക്കാനുള്ള ‘നടപടി സപ്ലൈകോ സ്വീകരിക്കുകയുണ്ടായി. അതു കൂടാതെ മറ്റ് ഉൽപ്പനങ്ങൾ ഏകദേശം 15 മുതൽ 45 ശതമാനം വരെ വിലകുറച്ചു കൊടുക്കുന്നതിനുള്ള ക്രമീകരണവും നടത്തിയിട്ടുണ്ട്.ഏറ്റവും കൂടുതൽ വിൽപ്പന വരുന്ന വിവിധ തരത്തിലുള്ള ബിരിയാണി അരിക്ക് പൊതുവിപണിയിൽ 85, 120 രൂപ വില വരുമ്പോൾ സപ്ലൈകോ യഥാക്രമം 65, 94 രൂപക്കാണ് ഇതേ അരി നൽകുന്നത്.

സവാള, ചെറിയഉള്ളി, വെളുത്തുള്ളി ഇവക്കെല്ലാം  വിലക്കുറവുണ്ട്. പൊതുജനങ്ങൾ പരമാവധി സപ്ലൈകോ സംഘടിപ്പിക്കുന്ന ഫെയറുകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു.

കൊച്ചി: വാളയാർ കേസിൽ സുപ്രധാന നീക്കവുമായി കുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. തങ്ങളെ പ്രതിചേർത്ത സിബിഐ നടപടിക്കെതിരെ നൽകിയ ഹർജിയിൽ, കേസ് കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയാണ് പ്രധാന ആവശ്യങ്ങൾ. കൂടാതെ, കേസിൽ തുടരന്വേഷണം വേണമെന്നും അവർ കോടതിയിൽ വാദിച്ചു.

ഹർജി സ്വീകരിച്ച ഹൈക്കോടതി, സിബിഐയുടെ മറുപടിക്കായി ഏപ്രിൽ ഒന്നിലേക്ക് നീട്ടി. കുട്ടികളുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നും അതിനെ അനുകൂലിക്കുന്ന തെളിവുകൾ സി ബി ഐ അപലപനീയമായി അവഗണിച്ചുവെന്നുമാണ് ഹർജിയിലെ പ്രധാന വാദം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്നതിനുള്ള തെളിവുകൾ ഉണ്ടായിട്ടും മാതാപിതാക്കളെ പ്രതിചേർത്തത് തെറ്റായ നടപടിയാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. സിബിഐയുടെ കണ്ടെത്തലിൽ, ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു വിലയിരുത്തൽ.

ക്ഷയരോഗത്തെ തുടച്ചു നീക്കാൻ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്ഷയരോഗ നിവാരണത്തിനായി വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. ഡിസംബർ 7 മുതൽ മാർച്ച് 17 വരെ സംഘടിപ്പിച്ച 100 ദിവസത്തെ ക്യാമ്പയിനിലൂടെ വലിയ പ്രവർത്തനങ്ങൾ നടത്താനായി. ഇതിലൂടെ പ്രിവന്റീവ് ടിബി എക്‌സാമിനേഷൻ നിരക്ക് വർഷത്തിൽ ഒരു ലക്ഷം ജനസംഖ്യയിൽ 1500ൽ നിന്ന് 2201 ആയി ഉയർത്താനായി. ഈ ക്യാമ്പയിനിലൂടെ സംസ്ഥാനത്ത് ക്ഷയരോഗ സാധ്യത കൂടിയ 81.6 ലക്ഷം വ്യക്തികളെ മാപ്പ് ചെയ്തു. മാർച്ച് ആദ്യ ആഴ്ചയോടെ അവരിൽ 75 ശതമാനത്തിലധികം പേരെ സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 1,98,101 പേർക്ക് വിശദ പരിശോധന നടത്തി. 5,588 ക്ഷയരോഗ ബാധിതരെ കണ്ടെത്തി തുടർ ചികിത്സ ഉറപ്പാക്കാനായതായും മന്ത്രി വ്യക്തമാക്കി.

‘അതെ! നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം: പ്രതിബദ്ധത, നിക്ഷേപം, വാതിൽപ്പടി സേവനം’ എന്നതാണ് ഈ വർഷത്തെ ലോക ക്ഷയരോഗ ദിന സന്ദേശം. ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, സ്റ്റേറ്റ് ടി ബി സെൽ, ജില്ലാ ടിബി സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക ക്ഷയരോഗ ദിനാചരണത്തിന്റേയും 100 ദിന കർമ്മ പരിപാടിയുടെ സമാപനത്തിന്റേയും ഉദ്ഘാടനം 24ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഹാളിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.

കേരള സമൂഹത്തെ ആധുനിക സമൂഹമായി നവീകരിക്കുന്നതിൽ മലയാള സിനിമയും ജെ.സി. ഡാനിയലും പങ്കുവഹിച്ചിട്ടുണ്ടെന്നു സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലോകത്തുടനീളം മലയാള സിനിമ ശ്രദ്ധിക്കപ്പെടുന്ന ഇക്കാലത്ത് മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയലിന് ആദരവ് നൽക്കേണ്ടത് അനിവാര്യമായ ഉത്തരവാദിത്തമാണ്. യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ നിന്നും എതിർപ്പുകളെ അവഗണിച്ച് സിനിമ നിർമ്മിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ജെ.സി. ഡാനിയലും അദ്ദേഹത്തിന്റെ ‘വിഗതകുമാരൻ’ എന്ന സിനിമയിലെ നായിക പി. കെ. റോസിയും അന്നത്തെ സമൂഹത്തിൽ നിന്ന് കടുത്ത വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ജെ.സി. ഡാനിയലിന്റെ പ്രവർത്തനങ്ങളെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നതിലൂടെ ആ കാലത്തെ സാമൂഹിക അന്തരീക്ഷം ഇന്നത്തെ തലമുറയെ പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. ജെ സി ഡാനിയലിന്റെ വെങ്കല പ്രതിമയുടെ നിർമ്മാണ ഉദ്ഘാടനം ശ്രീ തിയേറ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ആധുനിക സമൂഹത്തോടൊപ്പം ആധുനിക രീതിയിലേക്ക് സിനിമയും മാറുകയാണ്. മറ്റു കലകളിൽ നിന്ന് വ്യത്യസ്തമാണ് സിനിമ. അതുകൊണ്ടുതന്നെ സിനിമ മേഖലയെ സമൂലമായ പരിവർത്തനം ചെയ്യേണ്ട ഉത്തരവാദിത്വം സർക്കാരിനുമുണ്ട്. നമ്മുടെ സമൂഹത്തിലെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടുകൊണ്ട് സിനിമ മേഖല രൂപപ്പെടുത്തേണ്ടതുണ്ടെന്നും വർത്തമാനകാല പ്രശ്‌നങ്ങളെ സിനിമ സംബോധന ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങളുടെ ഫലമായി മദ്രാസിനെ ആശ്രയിച്ചിരുന്ന മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനടാൻ സാധിച്ചു. അതിനുശേഷം അഭിമാനകരമായ ഒരുപാട് സിനിമകൾ കെ എസ് എഫ് ഡി സിയുടെയും ചിത്രാഞ്ജലി സ്റ്റുഡിയോയുടെയും സാങ്കേതിക സഹായത്തോടുകൂടി നിർമിക്കാൻ കഴിഞ്ഞത് നേട്ടമാണ്. ഈ വർഷം രൂപീകരണത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചിത്രാഞ്ജലി സ്റ്റുഡിയോ ക്യാമ്പസിൽ ജെ സി ഡാനിയലിന്റെ പൂർണ്ണകായ വെങ്കല പ്രതിമ സ്ഥാപിക്കുന്നത് മലയാള സിനിമയുടെ ചരിത്ര മുഹൂർത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മലയാള സിനിമയ്ക്ക് നൽകാവുന്ന ഏറ്റവും കരുത്തുറ്റ ഓർമ്മപ്പെടുത്തലാണ് ജെ.സി. ഡാനിയലിന്റെ പ്രതിമ എന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. കലയ്ക്കുവേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുകയും വിപ്ലവശബ്ദം ഉയർത്തുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹമെന്നും ഡോ. ദിവ്യ അനുസ്മരിച്ചു.

 ചടങ്ങിൽ ജെ.സി. ഡാനിയലിന്റെ മകൻ ഹാരിസ് ഡാനിയൽ, ശിൽപ്പി കുന്നുവിള എം മുരളി എന്നിവരെ മന്ത്രി ആദരിച്ചു.

ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സംഗമം മാർച്ച് 24 ന്  മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നവകേരളത്തിനായി ജലസുരക്ഷ സമീപനരേഖയുടെ  പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. 24 ന് വൈകുന്നേരം 5.30 ന്   തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിൽ നടന്ന മികച്ച പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ച വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ആദരവ് നൽകും. ‘നെറ്റ്‌സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ മൊബൈൽ ആപ്പ് പ്രകാശനവും, ക്യാമ്പയിൻ മാർഗരേഖ പ്രകാശനവും ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. ‘നവകേരളത്തിന്റെ പരിസ്ഥിതി മികവുകൾ’ പ്രബന്ധ സമാഹാരം പ്രകാശനവും മാപത്തോണിന്റെ ഭാഗമായി തയ്യാറാക്കിയ ഭൂപടം പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ശശിതരൂർ എം.പി, ആന്റണി രാജു എം.എൽ.എ എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ നവകേരളം ന്യൂസ് ലെറ്ററിന്റെ 50-ാം പതിപ്പ് പ്രകാശനം ചെയ്യും. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ, കെ.എസ്.ഡബ്യു.എം.പി. പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ്.  അയ്യർ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ്, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ആസൂത്രണ ബോർഡ് മെമ്പർ ഡോ. ജിജു. പി. അലക്‌സ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ്,  ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി എം. കൃഷ്ണദാസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി. പി. മുരളി, എം.ജി.എൻ.ആർ.ഇ.ജി.എസ്. മിഷൻ ഡയറക്ടർ രവിരാജ് ആർ, ക്ലീൻകേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി. കെ. സുരേഷ്‌കുമാർ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. നവകേരളം കർമ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി. എൻ. സീമ സ്വാഗതവും പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ രജത്ത് നന്ദിയും പറയും.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകേരളം മിഷൻ പ്രതിനിധികൾ, കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റു  സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ സംഗമത്തിന്റെ ഭാഗമാകും.