General (Page 80)

തിരുവനന്തപുരം:പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷൻ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സറോഗസി ക്ലിനിക്കുകൾ, എആർടി (ആർട്ടിഫിഷ്യൽ റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകൾ, എആർടി ബാങ്കുകൾ തുടങ്ങിയവ എആർടി സറോഗസി നിയമപ്രകാരം രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളിൽ 140 സ്ഥാപനങ്ങളുടെ പരിശോധന പൂർത്തിയാക്കി രജിസ്‌ട്രേഷൻ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ 18 എ.ആർ.ടി. ലെവൽ 1 ക്ലിനിക്കുകൾക്കും 78 എ.ആർ.ടി. ലെവൽ 2 ക്ലിനിക്കുകൾക്കും 20 സറോഗസി ക്ലിനിക്കുകൾക്കും 24 എ.ആർ.ടി. ബാങ്കുകൾക്കും രജിസ്‌ട്രേഷൻ നൽകിയിട്ടുണ്ട്. സറോഗസി നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങൾ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ചൂഷണങ്ങൾ തടയുന്നതിനും പ്രവർത്തനം സുതാര്യമാക്കുന്നതിനും ആവശ്യമുള്ളവർക്ക് ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും കഴിയുന്നു. രജിസ്‌ട്രേഷൻ നടപടികൾ ത്വരിതപ്പെടുത്തുവാനും പരാതികൾ സമയബന്ധിതമായി അന്വേഷിച്ച് നടപടിയെടുക്കുവാനും മന്ത്രി നിർദേശം നൽകി.

പരിശോധന നടത്തി 4 തരത്തിലുള്ള ക്ലിനിക്കുകൾക്കാണ് അംഗീകാരം നൽകി വരുന്നത്. സറോഗസി ക്ലിനിക്, എആർടി ലെവൽ 1 ക്ലിനിക്, എആർടി ലെവൽ 2 ക്ലിനിക്, എആർടി ബാങ്ക് എന്നിവയാണുള്ളത്. സംസ്ഥാന തലത്തിൽ സ്റ്റേറ്റ് ബോർഡും അപ്രോപ്രിയേറ്റ് അതോറിറ്റിയുമുണ്ട്. സ്റ്റേറ്റ് ബോർഡിന്റെ മേധാവി ആരോഗ്യ വകുപ്പ് മന്ത്രിയും അപ്രോപ്രിയേറ്റ് അതോറിറ്റിയുടെ മേധാവി ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയുമാണ്. സ്റ്റേറ്റ് ബോർഡിന്റെ പരിശോധനാ റിപ്പോർട്ട് പ്രകാരം അപ്രോപ്രിയേറ്റ് അതോറിറ്റിയാണ് അംഗീകാരം നൽകുന്നത്. ഏതെങ്കിലും സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കിൽ പരിശോധിച്ച് അപ്രോപ്രിയേറ്റ് അതോറിറ്റി നടപടി സ്വീകരിക്കും. രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിൽ (https://dhs.kerala.gov.in/en/vigilance/) ലഭ്യമാണ്.

തിരുവനന്തപുരം: ജില്ലാ കലക്ടറുടെ ഇന്റർവ്യൂ അറിയിപ്പ് യഥാസമയം ഉദ്യോഗാർത്ഥിക്ക് നൽകുന്നതിൽ വീഴ്ച വരുത്തിയ പോസ്റ്റൽ വകുപ്പിനോട് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. ശാരീരിക പരിമിതികളുള്ള പുൽപ്പറ്റ ചെറുതൊടിയിൽ അജിത് നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. റവന്യൂ വകുപ്പിൽ സർവ്വേയർ തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം സംബന്ധിച്ച അറിയിപ്പാണ് പരാതിക്കാരന് ലഭിക്കാതെ പോയത്. 2024 ഫെബ്രുവരി 14 ന് നടത്തിയ അഭിമുഖത്തിനുള്ള കത്ത് ഫെബ്രുവരി 16 ന് മാത്രമാണ് പരാതിക്കാരന് ലഭിച്ചത്. ഫെബ്രുവരി ആറിന് സിവിൽ സ്റ്റേഷൻ പോസ്റ്റോഫീസ് മുഖേന അയച്ച അറിയിപ്പ് ഫെബ്രുവരി ഏഴിന് തന്നെ കരുവമ്പ്രം പോസ്റ്റോഫീസിൽ എത്തിയിരുന്നു. എന്നാൽ ഫെബ്രുവരി 16 ന് മാത്രം അറിയിപ്പ് ലഭിച്ചതിനാൽ ഉദ്യോഗാർഥിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാതെ പോവുകയും ജോലിക്കുള്ള അവസരം നഷ്ടമാവുകയും ചെയ്തു.

സംഭവസമയത്ത് പോസ്റ്റ് മാൻ ചുമതല നിർവഹിച്ചയാളുടെ വീഴ്ച കണ്ടെത്തിയതിനാൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടുവെന്നും വകുപ്പിന് നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നുമുള്ള പോസ്റ്റൽ വകുപ്പിന്റെ വാദങ്ങൾ തള്ളിയാണ് കമ്മീഷൻ നഷ്ടപരിഹാരം വിധിച്ചത്. ശാരീരികമായ അവശതയുള്ളവരെ ചേർത്തു പിടിക്കാനുള്ള സാമൂഹ്യബാധ്യത കൂടിയാണ് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച കാരണം നിർവ്വഹിക്കാതെ പോയതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് പോസ്റ്റൽ വകുപ്പും വീഴ്ചവരുത്തിയ ജീവനക്കാരനും ചേർന്ന് നൽകണമെന്നും അല്ലാത്ത പക്ഷം വിധി തീയതി മുതൽ 9% പലിശ നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞു.

ന്യൂഡൽഹി: പ്രതിരോധമേഖലയിലെ പങ്കാളിത്തത്തിൽ സ്വകാര്യ മേഖല മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താൻ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനുള്ള ഡിആർഡിഒ ഇൻഡസ്ട്രി വർക്ക്ഷോപ്പിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നൂതന ആശയങ്ങൾ കൊണ്ടുവരാനും സാങ്കേതിക വിദ്യയുണ്ടാക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാനും സ്വകാര്യമേഖലയ്ക്കുള്ള കഴിവ് ശ്രദ്ധേയമാണ്. പ്രതിരോധ മേഖലയിലെ സാങ്കേതികവിദ്യയുടെ സ്വാധീനം പരമ്പരാഗത യുദ്ധത്തിൽ മാത്രം, ഒതുങ്ങുന്നതല്ല. ഇത് ഡ്രോണുകൾ, സൈബർ യുദ്ധം, ബയോ വെപ്പണുകൾ എന്നിവയുൾപ്പെടയുള്ള പുതിയ യുദ്ധരീതികൾക്ക് തുടക്കം കുറിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഹിരാകാശത്തെ പ്രതിരോധം നമ്മുടെ പ്രതിരോധമേഖല നേരിടുന്ന പുതിയ വെല്ലുവിളിയാണ്. രാജ്യത്തിന്റെ പ്രതിരോധമേഖലയെ കൂടുതൽ നൂതനവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമാക്കാൻ സർക്കാർ പ്രതിജ്ഞാ ബന്ധമാണ്. ശാസ്ത്രജ്ഞർ, വ്യവസായികൾ, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇ, പ്രതിരോധ ഗവേഷണ -വികസന രംഗത്തെ യുവ സംരംഭകർ എന്നിവരുടെ സഹകരണത്തോടെ ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെൻറ് വിസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ. ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥർ, എൻആർഐ സെൽ പൊലീസ് സൂപ്രണ്ട് എന്നിവരാണ് ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങൾ. പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

റിക്രൂട്ട്മെന്റ് സംബന്ധിച്ച പരാതികളിൽ കർശനമായ നടപടികൾ സ്വീകരിക്കാൻ ലക്ഷ്യമിട്ടുള്ള നോർക്കയുടെ ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായാണ് നടപടി. റിക്രൂട്ട്മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരിൽ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇത്തരം പരാതികളുടെ അന്വേഷണ പുരോഗതി ടാസ്‌ക്ഫോഴ്സ് എല്ലാ മാസവും യോഗം ചേർന്നു വിലയിരുത്തും. എൻജിഒ ആയ പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ശുപാർശകൾ പ്രകാരം റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ തടയുന്നതിന് ഫലപ്രദവും കർശനവുമായ നടപടികൾക്കായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിക്കും. എൻആർഐ സെല്ലിനെ ശക്തിപ്പെടുത്തുന്നതിനും എൻആർഐ സെല്ലിന് മാത്രമായി ഒരു സൈബർ സെൽ രൂപീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും എൻആർഐ സെല്ലിലെ പൊലീസ് സൂപ്രണ്ടിനും നിർദേശം നൽകിയിട്ടുണ്ട്.

വിദ്യാർഥികളുടെ കുടിയേറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളെ നിയന്ത്രിക്കുന്നതിന് നിയമനിർമാണം / നിയമ ചട്ടക്കൂട് ഉണ്ടാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ നിയമ വകുപ്പിന് നിർദേശം നൽകി. റിക്രൂട്ട്‌മെന്റ് ഫീസുമായി ബന്ധപ്പെട്ട ഇടപാടുകൾ നിരീക്ഷിക്കുന്നതിന് ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് അസാധാരണമോ, സംശയാസ്പദമായതോ ആയ ഇടപാടുകൾ ബാങ്കുകൾക്ക് അധികൃതരെ അറിയിക്കാൻ കഴിയുമോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന് നിർദേശം നൽകി.

പട്‌ന: ബിഹാറിലെ വ്യാജ മദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. വ്യാജമദ്യ ദുരന്തത്തിൽ ഇന്ന് എട്ടു പേർ കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 28 ആയി.

ചികിത്സയിലുള്ള 13 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആകെ 79 പേരാണ് വ്യാജ മദ്യം കഴിച്ച് ചികിത്സ തേടിയത്. 30 പേർ ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയെന്നും അധികൃതർ അറിയിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ബിഹാർ സർക്കാർ അറിയിച്ചു.

ബിഹാറിൽ മദ്യ നിരോധനം സമ്പൂർണ പരാജയമാണെന്നും, മുഖ്യമന്ത്രിയുടെ തെറ്റായ നയങ്ങൾ കാരണമാണ് ദുരന്തമുണ്ടായതെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി.

കണ്ണൂർ: മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട സാഹചര്യത്തിലാണ് പി പി ദിവ്യ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹർജിയിൽ പറയുന്നു. തന്റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുൻകൂർ ജാമ്യം വേണം. പ്രസംഗിച്ചത് ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചല്ല. താൻ ഒളിച്ചോടില്ലെന്നും ദിവ്യ വ്യക്തമാക്കി. നവീൻ ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങളും ദിവ്യമുൻകൂർ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഫയലുകള്ഡ വെച്ചു താമസിപ്പിക്കുന്നുവെന്ന പരാതി നേരത്തെയും നവീനെതിരെ ഉയർന്നിട്ടുണ്ട്. പ്രശാന്തൻ മാത്രമല്ല ഗംഗാധരൻ എന്നയാളും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ദിവ്യ കൂട്ടിച്ചേർത്തു. ദിവ്യ കോടതിയിൽ പ്രസംഗം തെളിവായി ഹാജാരാക്കുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: പ്രമുഖ തൊഴിൽദാതാക്കളുടെ വെബ്‌സൈറ്റുകൾ വഴി ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വെബ് സൈറ്റിൽ നിന്ന് അപേക്ഷകരുടെ വിവരങ്ങൾ ശേഖരിക്കുന്ന തട്ടിപ്പുകാർ ഇവരെ ബന്ധപ്പെടുകയും തൊഴിൽ നൽകാമെന്ന പേരിൽ പ്രാഥമിക പരീക്ഷ നടത്തുകയും ചെയ്യുന്നു. തുടർന്ന് ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടതായി അറിയിക്കും. നിയമന ഉത്തരവ് ഉൾപ്പെടെയുള്ള വ്യാജരേഖകൾ അയച്ചു നൽകി അവരെ വിശ്വസിപ്പിക്കുകയും ചെയ്യുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ജോലിയിൽ പ്രവേശിക്കുന്നതിനായി ഒരു നിശ്ചിത കോഴ്‌സിൻറെ സർട്ടിഫിക്കറ്റ് അത്യാവശ്യമാണെന്ന് അറിയിക്കുന്നതാണ് അടുത്തഘട്ടം. അതിനായി തട്ടിപ്പുകാർ നൽകുന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ച് സർട്ടിഫിക്കറ്റ് അടിയന്തരമായി നേടാൻ പറയുന്നു. ചതിക്കുഴി മനസ്സിലാക്കാതെ ഉദ്യോഗാർത്ഥികൾ വ്യാജ വെബ്‌സൈറ്റ് സന്ദർശിക്കുകയും അതിൽ ആവശ്യപ്പെടുന്ന തുക സർട്ടിഫിക്കറ്റ് ഫീസായി നൽകുകയും ചെയ്യുന്നു. ഇതോടെ ഉദ്യോഗാർത്ഥികളുടെ പണം തട്ടിപ്പുകാർ കൈക്കലാക്കി കഴിഞ്ഞു. തുടർന്ന് തൊഴിൽ ദാതാക്കളുമായി ബന്ധപ്പെടാൻ കഴിയാതെവരുമ്പോൾ മാത്രമാണ് തട്ടിപ്പിനിരയായ കാര്യം മനസ്സിലാകുന്നത്.

ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ അതീവജാഗ്രത പുലർത്തണം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ചോ സൈബർ പോർട്ടൽ മുഖേനയോ പരാതിപ്പെടാവുന്നതാണ്.

പത്തനംതിട്ട: കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. യാത്രയയപ്പ് വേളയിലുണ്ടായ സംഭവങ്ങളിൽ അദ്ദേഹം ഖേദം രേഖപ്പെടുത്തി. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കുടുംബത്തിന് കത്ത് നൽകി. പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തിയാണ് കത്ത് നവീൻ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്.

യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ ചേമ്പറിൽ വിളിച്ചു സംസാരിച്ചിരുന്നതായാണ് ഉള്ളടക്കം. എന്താണ് സംസാരിച്ചതെന്നതിൽ വ്യക്തതയില്ല. അതേസമയം, നേരത്തെ കളക്ടർക്കെതിരെ സിപിഎം പത്തനംതിട്ട നേതൃത്വവും ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്നായിരുന്നു ഉയർന്ന ആരോപണം.

കൊൽക്കത്ത: സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഐസിയുവിലായിരുന്ന രോഗി തീപിടുത്തത്തിൽ മരിച്ചു. 80 പേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഒരു വാർഡിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതിനാൽ ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ തടയാൻ കഴിഞ്ഞു.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്നിശമന സേന രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീപിടിത്തമുണ്ടായതിന് പിന്നാലെ ബംഗാൾ ഫയർ ആൻഡ് എമർജൻസി സർവീസ് മന്ത്രി സുജിത് ബോസ് ആശുപത്രിയിലെത്തി. ഭയങ്കരമായ തീപിടിത്തം എന്നാണ് ജില്ലാ ഫയർ ഓഫീസർ ടി കെ ദത്ത പ്രതികരിച്ചത്.

കൊച്ചി: വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തിൽ നിന്ന് പ്രത്യേക സഹായം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. കേന്ദ്രം ഇതുവരെ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ഇക്കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഈ സാമ്പത്തിക വർഷം കേരളത്തിന് 782 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രം വിശദമാക്കി. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

2024-25 സാമ്പത്തിക വർഷത്തിൽ 2 തവണയായി 388 കോടി രൂപ അനുവദിച്ചെന്നും കഴിഞ്ഞ വർഷത്തെ ഫണ്ട് കൂടി ചേർത്ത് 700 കോടിക്ക് മുകളിൽ പണം അനുവദിച്ചെന്നാണ് കേന്ദ്രം ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ വയനാടിന് വേണ്ടി പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് കേരളം തിരിച്ചടിച്ചു. വയനാടിന് സ്‌പെഷ്യൽ ഫണ്ട് അനുവദിക്കണമെന്നാണ് കേരളം വ്യക്തമാക്കുന്നത്.

അതേസമയം, നേരത്തെ അനുവദിച്ച 782 കോടി രൂപ വയനാടിന് വേണ്ടി ഉപയോഗിക്കാമല്ലോ എന്ന് കോടതി ചോദിച്ചു. കേരളത്തിൽ എവിടെയെല്ലാം കേന്ദ്ര ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്ന് കേരള സർക്കാർ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. വയനാട്ടിൽ ബാങ്ക് വായ്പയുടെ കാര്യത്തിൽ കേന്ദ്രം സർക്കുലർ ഇറക്കിയാൽ നന്നാവുമെന്നും കോടതി നിർദേശിച്ചു.