General (Page 76)

തിരുവനന്തപുരം: മലയാളികൾക്ക് കേരളപ്പിറവി ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിമതപ്രാദേശിക വൈജാത്യങ്ങൾക്ക് അതീതമായ മാനവികതയെ ഏറ്റെടുക്കാനും പരസ്പരം കൈകോർത്തു പിടിച്ചു മുന്നോട്ടു പോകാനും നമുക്ക് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കേരളപ്പിറവി ദിനം. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഇക്കാലയളവിനുള്ളിൽ അനേകം നേട്ടങ്ങൾ കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും സാമൂഹ്യനീതിയുടേയും മൂല്യങ്ങൾ എക്കാലവും ചേർത്തുനിർത്തിയ കേരളം ജീവിതനിലവാരത്തിലും ജനക്ഷേമത്തിലും രാജ്യത്തിനാകെ മാതൃകയായി വളർന്നു. ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമാകെ ശ്രദ്ധ നേടിയെന്ന് അദ്ദേഹം അറിയിച്ചു.

ദേശീയ പ്രസ്ഥാനവും നവോത്ഥാന മുന്നേറ്റവും തീർത്ത അടിത്തറയിലാണ് ഈ നേട്ടങ്ങളെല്ലാം നാം പടുത്തുയർത്തിയത്. അതിനെ ദുർബലമാക്കാൻ വർഗീയ രാഷ്ട്രീയശക്തികൾ ശ്രമിക്കുന്ന വർത്തമാനകാല സാഹചര്യങ്ങൾ ഈ കേരളപ്പിറവി ദിനാചരണത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. ആധുനിക കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യവും അതു സമ്മാനിച്ച സുദീർഘമായ ചരിത്രവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ജീവിതത്തിൽ പകർത്താനും ഏവരും തയ്യാറാകേണ്ട സന്ദർഭമാണിത്. ഐക്യകേരളത്തിനായി പൊരുതിയ പൂർവികരുടെ ശ്രമങ്ങൾ പാഴാവില്ലെന്ന് ഉറപ്പു വരുത്താം. പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് കേരളത്തിന്റെ മഹത്വത്തെ കൂടുതൽ പ്രകാശപൂർണ്ണമാക്കാം. ഏവർക്കും ഹൃദയപൂർവ്വം കേരളപ്പിറവി ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയൻസ് & എൻജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ് സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്. ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്‌കാരങ്ങൾ അനുവദിക്കണമെങ്കിൽ ആകെ പുരസ്‌കാരങ്ങളുടെ എണ്ണം ഒരു വർഷത്തിൽ പത്തിൽ അധികരിക്കാൻ പാടില്ലെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ബി ഇക്ബാൽ എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്. ആകെ പുരസ്‌കാരങ്ങളുടെ എണ്ണം പത്തിൽ അധികരിക്കാൻ പാടില്ല എന്ന നിബന്ധന അനുസരിച്ച് ഒൻപത് പുരസ്‌കാരങ്ങൾക്കാണ് സമിതി ശുപാർശ സമർപ്പിച്ചത്.

തിരുവനന്തപുരം: രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി പിഡീയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സ് ആരംഭിക്കാനുള്ള അനുമതി ലഭിച്ചു. ഈ സർക്കാരിന്റെ കാലത്ത് മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകമായ പ്രാധാന്യം കൊടുത്തു കൊണ്ടാണ് പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

അതിന്റെ മാറ്റങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഓരോന്നോരോന്നായി ഉണ്ടാകുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ്ങിൽ നമ്മുടെ മെഡിക്കൽ കോളേജും ദന്തൽ കോളേജും ഒക്കെ ഉൾപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. അതുപോലെ തന്നെയാണ് മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ സീറ്റുകളുടെ എണ്ണത്തിലും. നഴ്സിങ് മേഖലയിൽ 451 സർക്കാർ സീറ്റുകൾ മാത്രമാണ് ഈ സർക്കാരിന്റെ തുടക്കകാലത്ത് ഉണ്ടായിരുന്നത്. ഇന്നത് 1025 ആണ്. എംബിബിഎസ് സീറ്റുകളിലും പിജി സീറ്റുകളിലും ഗണ്യമായ വർദ്ധനവ് ഉണ്ടായി. ജനറ്റിക്സ്, ഫീറ്റൽ മെഡിസിൻ, ജെറിയാട്രിക്സ് തുടങ്ങിയ പുതിയ ഡിപ്പാർട്ട്മെന്റുകൾ ആരംഭിക്കാൻ കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്റർവെൻഷണൽ ന്യൂറോളജിയിൽ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കാൻ സാധിച്ചു. ഇപ്പോൾ മറ്റൊരു അഭിമാനകരമായ കാര്യം കൂടി പങ്കുവയ്ക്കുകയാണ്. ആദ്യമായി ചില സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ കേരളത്തിന് പിജി അനുവദിക്കപ്പെട്ടിരിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 മെഡിക്കൽ പിജി സീറ്റുകൾക്കാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പൾമണറി മെഡിസിൻ 2 സീറ്റ്, എംഡി അനസ്‌തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കൽ കോളേജിൽ എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഇതോടെ ഈ സർക്കാർ വന്ന ശേഷം പുതുതായി 92 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി നേടിയെടുക്കാനായെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയ്ക്ക് യുഎൻ- ഷാങ്ഹായ് ഗ്ലോബൽ പുരസ്‌കാരം. സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ യുഎൻ- ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയ തിരുവനന്തപുരം കോർപ്പറേഷനെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. യുഎൻ ഹാബിറ്റാറ്റിന്റെയും, ഷാങ്ഹായ് മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലുള്ള ആഗോള സംരംഭമാണ് നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള യുഎൻ-ഷാങ്ഹായ് അവാർഡിനു തിരുവനന്തപുരം കോർപ്പറേഷനെ തിരഞ്ഞെടുത്തത്.

ബ്രിസ്‌ബെയിൻ (ഓസ്‌ട്രേലിയ), സാൽവഡോർ (ബ്രസീൽ) പോലെയുള്ള നഗരങ്ങളാണ് മുൻവർഷങ്ങളിൽ ഈ പുരസ്‌കാരം നേടിയത്. ഇന്ത്യയിൽ നിന്ന് ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ നഗരമാണ് തിരുവനന്തപുരം. ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ നടക്കുന്ന ചടങ്ങിൽ ഇന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട് സിറ്റി സി ഇ ഒ രാഹുൽ ശർമ്മയും പുരസ്‌കാരം ഏറ്റുവാങ്ങും. കേരളത്തിനുള്ള ദീപാവലി സമ്മാനമാണ് പുരസ്‌കാരമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിന്റെ ഈ നേട്ടം കേരളത്തിനാകെ അഭിമാനമാണ്. രാജ്യത്തെ എല്ലാ നഗരങ്ങൾക്കും മാതൃകയാക്കാനാവുന്ന നിരവധി പ്രവർത്തനങ്ങളാണ് നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. ഈ ചുവടുവെപ്പുകൾക്ക് ആഗോളാംഗീകരം നേടാനായത് ആവേശകരമാണ്. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും തിരുവനന്തപുരം നിവാസികളെയും മന്ത്രി അഭിവാദ്യം ചെയ്തു .

നഗരങ്ങളുടെ പുരോഗതി, ഭരണം, പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ് നിർണയിച്ചത്. ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ നിന്ന്, സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കും, നഗരസുരക്ഷാ മാനദണ്ഡങ്ങൾക്കും, നഗര ശാക്തീകരണ പ്രവർത്തനങ്ങൾക്കും വേണ്ടി തിരുവനന്തപുരം നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വിദഗ്ധർ അടങ്ങിയ അന്താരാഷ്ട്ര ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. വിജയികൾക്ക് ഫലകവും, ട്രോഫിയും സമ്മാനിക്കും.

നിലവിൽ 2025 ജൂൺ 5 നു ട്രിവാൻഡ്രം ക്ലൈമറ്റ് ബജറ്റ് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. സുസ്ഥിര നഗരമെന്നും, സോളാർ നഗരമെന്നുമുള്ള നിലയിൽ വിഭാവനം ചെയ്തിട്ടുള്ള ലക്ഷ്യങ്ങളും നഗരസഭ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 17000 കിലോവാട്ട് സോളാർ പാനൽ, 2000 സോളാർ തെരുവ് വിളക്കുകൾ, എല്ലാ തെരുവ് വിളക്കുകളും എൽ.ഇ.ഡി ലൈറ്റാക്കൽ, പൊതുഗതാഗത സൗകര്യത്തിനായി 115 ഇലക്ട്രിക ബസുകൾ, തൊഴിൽ രഹിതർക്കായി 100 ഇലക്ട്രിക്കൽ ഓട്ടോ, 35 ഇലക്ട്രിക് സ്‌കൂട്ടർ തുടങ്ങി നിരവധി പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയാക്കി. അഞ്ഞൂറിലധികം ഓഫീസുകൾ സോളാർ ആക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്താനിരിക്കുകയാണ്. ഇങ്ങനെ വൈവിധ്യവും വിപുലമായ പ്രവർത്തനങ്ങളാണ് കോർപറേഷൻ നടത്തുന്നത്.

ഈ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്‌കാരങ്ങളും നഗരസഭയെ തേടിയെത്തിയിട്ടുണ്ട്. രണ്ട് മാസം മുൻപാണ് കേന്ദ്രസർക്കാരിന്റെ പ്രധാൻമന്ത്രി സ്വനിധി PRAISE പുരസ്‌കാരം നഗരസഭ സ്വന്തമാക്കിയത്. കേന്ദ്രസർക്കാരിന്റെ ഹൌസിംഗ് ആൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ ഏർപ്പെടുത്തിയ രണ്ട് ദേശീയ പുരസ്‌കാരങ്ങൾ രണ്ട് ആഴ്ച മുൻപാണ് തിരുവനന്തപുരം നഗരസഭ സ്വന്തമാക്കിയത്. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന് കീഴിലെ ഹഡ്‌കോ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങളിൽ അർബൻ ഗവേണൻസ്, സാനിറ്റേഷൻ എന്നീ രണ്ട് വിഭാഗത്തിലാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. സ്മാർട്ട് സിറ്റി പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിൽ സിറ്റി 2.0 യ്ക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ അപൂർവം നഗരങ്ങളിലൊന്നാവാനും തിരുവനന്തപുരത്തിന് കഴിഞ്ഞു. അമൃത് 1 പദ്ധതി നടത്തിപ്പിലെ മികവിന്റെ അടിസ്ഥാനത്തിൽ 10 കോടി രൂപയുടെ പ്രത്യക ഇൻസെന്റീവും കേന്ദ്രസർക്കാരിൽ നിന്ന് നഗരസഭ നേടിയെടുത്തിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി, ആർദ്രകേരളം പുരസ്‌കാരം, വയോസേവന പുരസ്‌കാരം, ഭിന്നശേഷി സൌഹൃദനഗരസഭ തുടങ്ങി നഗരസഭയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങൾ നീളുന്നു. ഈ പ്രവർത്തനങ്ങൾക്കാകെ നേതൃത്വം നൽകിയ മേയർ ആര്യാ രാജേന്ദ്രന് ടൈംസ് ബിസിനസ് അവാർഡ് ലഭിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മേയർക്ക് ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്‌കാരമാണ് ലഭിച്ചത്.

തൃശൂർ: പൂരനഗരിയിൽ എത്തിയത് ആംബുലൻസിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ എത്തിയതെന്നും അഞ്ച് കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് അതുവരെ എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഗുണ്ടകൾ തന്നെ ആക്രമിച്ചു. അവിടെനിന്ന് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ് തന്നെ പൊക്കിയെടുത്ത് രക്ഷിച്ചത്. അവിടെ നിന്നാണ് ആംബുലൻസിൽ കയറിയതെന്ന് സുരേഷ് ഗോപി അറിയിച്ചു.

പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിടാൻ ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. ആംബുലൻസ് എന്ന് പറഞ്ഞ് നിങ്ങൾ ഇപ്പോഴും ഇട്ട് കളിക്കുകയാണ്. ആംബുലൻസിൽ കയറി എന്നുപറഞ്ഞയാളിന്റെ മൊഴി പൊലീസ് എടുത്തെങ്കിൽ അത് അവിടെ ഉത്തരവാദിത്വപ്പെട്ട ഒരു പാർട്ടിയുടെ ഭാരവാഹിയാണ്. മൊഴി പ്രകാരം എന്താ പൊലീസ് കേസ് എടുക്കാത്തത്. താൻ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനം തനിക്ക് വോട്ട് ചെയ്തതിന് പ്രധാനകാരണം കരുവന്നൂർ ആണ്. അതിലെ തട്ടിപ്പ് മറയ്ക്കാൻ പൂരമല്ല അതിന്റെ വകഭേദങ്ങളും ഉപയോഗിക്കും. മുനമ്പം വിഷയം പോലെ സത്യം വിളിച്ച് പറയാൻ മാധ്യമങ്ങൾക്ക് പേടിയുണ്ടോ. സഹകരണനിയമം അമിത് ഷാ കൊണ്ടുവന്നപ്പോൾ എന്തുകൊണ്ട് മാധ്യമങ്ങൾ ജനങ്ങളുടെ പക്ഷത്ത് നിന്നില്ല. അതുകൊണ്ടാണ് താൻ നിങ്ങളെ കരുതാത്തത്. ജനങ്ങൾക്ക് ആവശ്യമുള്ളതല്ല നിങ്ങൾ ചോദിക്കുന്നതും കൊടുക്കുന്നതും. നിങ്ങൾ ഓരോരുത്തർക്കും ഓരോ രാഷ്ട്രീയമാണ്. മാധ്യമങ്ങൾക്ക് രാഷ്ട്രീയം പ്രവർത്തിക്കാൻ അവകാശമില്ല. മാധ്യമപ്രവർത്തകർ എന്ന് പറഞ്ഞ് നടക്കാൻ നിങ്ങൾക്ക് യോഗ്യതയില്ല. ഇനി ഉടനെ ഇതും അവഹേളിക്കാലാണെന്ന് പറയരുത്. സത്യമാണ് പറയുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു,

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്. വ്യാജ ട്രേഡിംഗ് ആപ്പ് വഴി ഐടി എഞ്ചിനീയർക്ക് 6 കോടി രൂപ നഷ്ടമായി. സംഭവത്തിൽ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദേശത്ത് ഐടി മേഖലയിൽ ജോലി ചെയ്ത് മടങ്ങി എത്തിയ തിരുവനന്തപുരം സ്വദേശിയാണ് തട്ടിപ്പിനിരയായത്.

വ്യാജ ട്രേഡിങ് ആപ്പിൽ കുരുങ്ങിയാണ് ഇയാൾക്ക് പണം നഷ്ടമായത്. വിദേശത്ത് നിന്ന് മടങ്ങിയ ശേഷം പരാതിക്കാരനായ ഐടി എഞ്ചിനിയർ പ്രമുഖ ഓൺലൈൻ സൈറ്റ് വഴി ട്രേഡിംഗ് നടത്തുമായിരുന്നു. ഇതിനിടെയാണ് പേരുകേട്ട ട്രേഡിംഗ് കമ്പനികളുടെ പേരിൽ വാട്ട്‌സ് ആപ്പ് മെസേജുകൾ വരുന്നത്. മെസേജിലുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്ത് ട്രേഡിങ് നടത്തി.

വലിയ ഓഫറുകൾ കിട്ടിയപ്പോൾ വൻ തുക നിക്ഷേപിച്ചു. സൈബർ തട്ടിപ്പ് സംഘം ഉണ്ടാക്കിയ വ്യാജ അക്കൗണ്ടിൽ ഓരോ പ്രാവശ്യവും ലക്ഷങ്ങളും കോടികളും എത്തിയതായി കാണിച്ചു .അങ്ങനെ ആറ് കോടി രൂപ പരാതിക്കാരൻ നിക്ഷേപിച്ചു. പണം പിൻവലിക്കാൻ നോക്കിയപ്പോൾ ലാഭത്തിന്റെ ഇരുപത് ശതമാനം തുക നിക്ഷേപിച്ചാൽ മാത്രമേ പണം പിൻവലിക്കാൻ കഴിയൂവെന്ന് തട്ടിപ്പ് സംഘം അറിയിച്ചു. ഈ മാസം 27 തീയതിയാണ് തട്ടിപ്പിലൂടെ പണം നഷ്ടമായതായി വ്യക്തമായത്.

തുടർന്ന് ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതി അറിയിക്കുന്ന പോർട്ടലിൽ വിവരം അറിയിച്ചു. അപ്പോഴേക്കും പണമെല്ലാം പല അക്കൗണ്ടുകൾ വഴി നഷ്ടമായിരുന്നു. വെറും ഒരുമാസം കൊണ്ടാണ് ഇത്രയുമധികം പണം നഷ്ടമായതെന്ന് പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരം: സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ ചരിത്രത്തോടും വർത്തമാനത്തോടും നീതി പുലർത്താൻ നാഷണൽ സർവീസ് സകീമിനു കഴിയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാനതല എൻഎസ്എസ് പുരസ്‌കാര വിതരണ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 37 സർവകലാശാലകളിൽ 40000 വോണ്ടിയർമാരുമായി പ്രവർത്തനമാരംഭിച്ച എൻഎസ്എസ് ഇന്ന് 40 ലക്ഷത്തോളം വോളണ്ടിയർമാർ ഉൾപ്പെടുന്ന സന്നദ്ധ സംഘടനയായി മാറി. നവോത്ഥാന മൂല്യങ്ങളടക്കം പിൻതുടരുന്ന പുരോഗമനപരമായ നിലപാടിലൂടെയാണ് എൻഎസ്എസ് മുന്നോട്ട് പോകുന്നത്. മതനിരപേക്ഷതയുടെ മാതൃകയായ നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളും യാതൊരുവിധ വിവേചനങ്ങളുമില്ലാതെയാണ് മുന്നോട്ട് പോകുന്നത്. നാഷണൽ സർവീസ് സ്‌കീമിന്റെ സ്വാഗതഗാനത്തിലെ മനസ്സു നന്നാകട്ടെ എന്നു തുടങ്ങുന്ന വരികളും ഇതേ മൂല്യത്തെ ഉയർത്തിപ്പിടിക്കുന്നു. വിഷലിപ്തമായ ആശയങ്ങൾ നമ്മുടെ മനസിലേക്ക് കയറാതെ മാതൃകാപരമായ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനും തലമുറയെ നയിക്കാനും നാഷണൽ സർവീസ് സ്‌കീമിന് കഴിയുന്നു.

ഇന്ന് മാലിന്യ നിർമ്മാർജ്ജനത്തിലും ശുചീകരണ പ്രവർത്തനങ്ങളുമായുള്ള വിവിധ പരിപാടികൾ എൻഎസ്എസിന് സംസ്ഥാന വ്യാപകമായി വിജയകരമായി പൂർത്തിയാക്കൻ സാധിച്ചു എന്നത് അഭിമാനകരമാണ്. സഹപാഠികളുടെ അവസ്ഥകൾ പരിഗണിക്കുകയും അവരുടെ ജീവിതത്തിൽ ഇടപെടുകയും ചെയ്യുന്ന വോളണ്ടിയർമാരാണ് എൻഎസ്എസിന്റെ ഭാഗമായുള്ളത്. സമൂഹത്തിന്റെ പിന്തുണയോടെ വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി ഏറെ ശ്രദ്ധേയമായ ഒന്നാണ്.

കേരളത്തിന്റെ ഗ്രാമീണ മേഖലകളിൽ പതിനായിരത്തോളം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് രണ്ട് ലക്ഷത്തിലധികം ബ്ലഡ് യൂണിറ്റുകൾ സംഭാവന ചെയ്തു. ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രങ്ങൾ, ആദിവാസി സംരക്ഷണ കേന്ദ്രങ്ങൾ, കരിയർ ഡെവലപ്‌മെന്റ് പരിപാടികൾ, പച്ചക്കറിത്തോട്ടങ്ങൾ, വയോജന സംരക്ഷണ പരിപാടികൾ തുടങ്ങിയ നിരവധി പരിപാടികൾ എൻഎസ്എസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്നു. ഇതിനെ പ്രോൽസാഹിപ്പിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. അരക്കോടിയിലധികം രൂപ ബജറ്റിൽ എൻഎസ്എസ് പ്രവർത്തനങ്ങൾക്കായി വകയിരുത്തിയതും നാല് വർഷ ബിരുദ കോഴ്‌സുകളുടെ പാഠ്യപദ്ധതിയിൽ നാഷണൽ സർവ്വീസ് സ്‌കീം സേവനങ്ങൾ ഉൾപ്പെടുത്തിയതും ഇതിനുദാഹരണങ്ങളാണ്. ചൂരൽമല ദുരന്തത്തിലടക്കമുള്ള പ്രതിസന്ധികളിൽ നാഷണൽ സർവീസ് സ്‌കീം നടത്തിയ പ്രവർത്തനങ്ങളും ദുരന്തബാധിതർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന പ്രഖ്യാപനവും മാതൃകാപരമാണ്.

വിദ്യാർഥി കാലഘട്ടങ്ങളിൽ വോളണ്ടിയർമാർ കാട്ടുന്ന സന്നദ്ധതയും നൻമയും സ്‌നേഹവും തുടർന്നുള്ള ജീവിത ഘട്ടങ്ങളിലും ആവർത്തിക്കാൻ കഴിയണം. മാതൃകാപരമായ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിലൂടെ അവാർഡ് ജേതാക്കളായവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിക്കെതിരായ ആസാദ് സേന രൂപീകരിച്ചും സാമൂഹിക നീതി വകുപ്പിന്റെ വയോജന പരിപാടികളിലടക്കം സഹകരിച്ചും വൈവിധ്യമാർന്ന പദ്ധതികളിലൂടെ എൻ എസ് എസ് മാതൃക തീർക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. യുവാക്കളുടെ കർമശേഷി രാഷ്ട്ര പുനർനിർമാണത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയാണ് എൻ എസ് എസ് രൂപീകരണത്തിന് കാരണമായത്. ഇന്ന് സംസ്ഥാനത്തിന്റെ സേവന പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത ചരിത്രം നാഷണൽ സർവീസ് സ്‌കീം സൃഷ്ടിക്കുന്നു.

മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ഉദ്യാനങ്ങളാക്കി മാറ്റിയ സ്നേഹാരാമം പദ്ധതി വിജയകരമായി പൂർത്തിയാക്കി സംസ്ഥാനത്തെ മൂന്നര ലക്ഷം വരുന്ന നാഷണൽ സർവീസ് സ്‌കീം വോളണ്ടിയമാർ നടത്തുന്ന പ്രവർത്തനങ്ങളാണ് അവാർഡ് നിർണയത്തിൽ പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു.

2022 – 23 വർഷത്തെ നാഷണൽ സർവീസ് സ്‌കീമിന്റെ മികച്ച സേവന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്. മികച്ച സ്നേഹാരാമങ്ങൾ നിർമിച്ച എൻ എസ് എസ് യൂണിറ്റുകൾക്കുള്ള പുരസ്‌കാര വിതരണവും ചടങ്ങിൽ നടന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. കെ. പ്രശാന്ത് എം എൽ എ, സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ. അൻസർ ആർ എൻ, എൻ എസ് എസ് റീജീയണൽ ഡയറക്ടർ പി എൻ സന്തോഷ്, കാലിക്കറ്റ് സർവകലാശാല ഇ ടി ഐ ട്രെയിനിംഗ് കോർഡിനേറ്റർ ഡോ. സണ്ണി എൻ എം, കേരള സർവകലാശാല എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ഷാജി എ തുടങ്ങിയവർ സംബന്ധിച്ചു.

തിരുവനന്തപുരം: ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകൾക്കതീതമായ, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ദീപാവലി ആശംസകൾ നേർന്നു. ആഘോഷത്തിന്റെ ആഹ്ലാദത്താൽ ജനമനസ്സുകളെ ധന്യമാക്കുന്നതോടൊപ്പം സമഷ്ടിസ്നേഹവും ഐക്യബോധവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താനും ദീപങ്ങളുടെ ഉത്സവം നമുക്ക് പ്രചോദനമേകട്ടെയെന്ന് അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിൽ വെങ്കലനേട്ടം ആവർത്തിച്ച ഇന്ത്യൻ ഹോക്കി താരം പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആവേശോജ്വല സ്വീകരണം. തിരുവനന്തപുരം വെള്ളയമ്പലത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഹോക്കിയുടെ തിരിച്ചുവരവിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് പി ആർ ശ്രീജേഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടീം പ്രതിസന്ധിയിലായ അവസരങ്ങളിൽ ഗംഭീര പ്രകടനങ്ങളിലൂടെ ടീമിനെ വിജയിപ്പിക്കാനും സഹതാരങ്ങൾക്ക് പ്രചോദനമാകാനും ശ്രീജേഷന് കഴിഞ്ഞു. ഈ മികവ് കൊണ്ടാണ് 18 വർഷം ദേശീയ ടീമിൽ പ്രധാന കളിക്കാരനായി നിലനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചത്. ഇന്ത്യൻ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പറാണ് ശ്രീജേഷെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിമാരും ജനപ്രതിനിധികളും അന്താരാഷ്ട്ര താരങ്ങളും ഉൾപ്പെടെ കായികരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സർക്കാർ പ്രഖ്യാപിച്ച 2 കോടി രൂപയുടെ പാരിതോഷികവും ശ്രീജേഷിന് ചടങ്ങിൽ സമ്മാനിച്ചു.

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ അഞ്ച് കായിക താരങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌പോർട്സ് ഓർഗനൈസറായുള്ള നിയമന ഉത്തരവും ചടങ്ങിൽ കൈമാറി.

പി ആർ ശ്രീജേഷിനെ കൂടാതെ പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത രാധാകൃഷ്ണൻ നായർ( അത്ലറ്റിക്‌സ് ചീഫ് കോച്ച്), മുഹമ്മദ് അനസ്(4×400), മുഹമ്മദ് അജ്മൽ(4×400), അബ്ദുള്ള അബൂബക്കർ(ട്രിപ്പിൾ ജമ്പ്), എച്ച് എസ് പ്രണോയി (ബാഡ്മിന്റൺ) എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

വൈകുന്നേരം മൂന്നരയോടെ മാനവീയം വീഥിയിൽ നിന്നും തുറന്ന ജീപ്പിൽ ഘോഷയാത്രയായിട്ടാണ് ശ്രീജേഷിനെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്.

രണ്ടായിരത്തോളം വരുന്ന കായികതാരങ്ങളും സ്‌കൂൾ- കോളേജ് വിദ്യാർത്ഥികളും റോളർ സ്‌കേറ്റിംഗ് എന്നിവയും പഞ്ചാരിമേളം ബാൻഡ് സെറ്റ് എന്നിവയും ഘോഷയാത്രയുടെ ഭാഗമായി.

തിരുവനന്തപുരം: കാസർകോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:

ഭിന്നശേഷി നിയമപ്രകാരം ജോലി

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വെങ്ങാനൂർ ഗവ. മോഡൽ എച്ച്.എസ് എസിലെ എൽ പി സ്‌കൂൾ അസിസ്റ്റന്റ് സന്ധ്യാറാണിക്ക് ഭിന്നശേഷി നിയമപ്രകാരം സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സർവ്വീസിൽ തുടരാൻ അനുവദിക്കും. വൈകല്യം സംഭവിച്ച 19.12.2023 മുതൽ ജോലിയിൽ പ്രവേശിക്കുവാൻ പ്രാപ്തയാകുന്ന തീയതി വരെയോ സർവ്വീസിൽ നിന്നും വിരമിക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയാണ് എൽ പി സ്‌കൂൾ അസിസ്റ്റന്റിന്റെ സൂപ്പർ ന്യൂമററി തസ്തിക വെങ്ങാനൂർ സർക്കാർ മോഡൽ എച്ച് എസ് എസിൽ സൃഷ്ടിക്കുക.

ദർഘാസ് അംഗീകരിക്കും

കാസർകോട് ബെല്ലൂർ ഗ്രാമപഞ്ചായത്തിലേക്കുള്ള ജലനിധി കുടിവെള്ള പദ്ധതിയുടെ ബദിയഡുക്ക മുതൽ സുള്ള്യപടവ് വരെയുള്ള പൈപ്പ് ലൈൻ, കെ ആർ എഫ് ബിയുടെ ഡെപ്പോസിറ്റ് വർക്കായി പുനഃസ്ഥാപിക്കുന്നതിനുള്ള ദർഘാസ് അംഗീകരിക്കാൻ ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അനുമതി നൽകി.

മുദ്രവില ഒഴിവാക്കി

കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ നിന്നും 01.01.2012 മുതൽ 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത കൊച്ചി താലൂക്ക് തോപ്പുംപടി വില്ലേജിലെ 2.75 ഏക്കർ സ്ഥലത്തിന്റെ ലീസ് ഡീഡ് റജിസ്ട്രേഷന് ആവശ്യമായി വരുന്ന മുദ്രവില ഒഴിവാക്കി.

അനുമതി നൽകി

കോഴിക്കോട് തൂണേരി വില്ലേജിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നാദാപുരം ജംഗ്ഷൻ മുതൽ കക്കംവെള്ളിക്കുന്ന് ജി എൽ എസ് ആർ വരെ നിലവിലുള്ള 200 എം എം എസി ഗ്രാവിറ്റി മെയിൻ മാറ്റി 200 എം എം ഡി ഐ കെ 9 പൈപ്പ് സ്ഥാപിക്കുന്നതിന് ക്വാട്ട് ചെയ്ത കരാർ നൽകുവാൻ അനുമതി നൽകി.

ടെണ്ടർ അംഗീകരിച്ചു

ഇരവിപുരം നിയോജക മണ്ഡലത്തിലെ ബി എം ആന്റ് ബി സി ടു വൈ എം സി എ റോഡ് പ്രവർത്തിക്കായി സമർപ്പിച്ച ടെണ്ടർ അംഗീകരിച്ചു.

അങ്കമാലി നിയോജക മണ്ഡലത്തിൽ കിഫ്ബി സഹായത്തോടെ പാർട്ട് 1 പാക്കേജ് 2 ൽ ഉൾപ്പെടുത്തി ജലവിഭവ ജോലികൾക്കുള്ള ടെണ്ടർ അംഗീകരിച്ചു.