General (Page 73)

കൊച്ചി: മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്രാ തോമസിനെ പുറത്താക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടി സ്വീകരിച്ചതെന്ന് സംഘടന വ്യക്തമാക്കി. സംഘടനയുടെ നേതൃത്വത്തിലുള്ളവർക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സാന്ദ്രാ തോമസിന്റെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേർസ് അസോസിയേഷന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. നേരത്തെ മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്‌ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സാന്ദ്രയെ നിർമ്മാതാക്കളുടെ സംഘടന പുറത്താക്കിയത്.

ന്യൂഡൽഹി: കാനഡയിൽ ക്ഷേത്രം ആക്രമിക്കുകയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം, ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഭീഷണികളിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനാവില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും അതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് സമർപ്പിച്ച കേരളാ ക്ലൈമറ്റ് റെസിലിയന്റ്‌റ് അഗ്രി-വാല്യൂ ചെയിൻ (കേര) പദ്ധതിയ്ക്ക് ലോകബാങ്ക് സഹായം ലഭിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ 31ന് കൂടിയ ലോക ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ യോഗം സംസ്ഥാന കൃഷി വകുപ്പ് സമർപ്പിച്ച 2,365.5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. ആദ്യ ഗഡുവായി 1,655.85 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇതിൽ ആനുപാതിക സംസ്ഥാന വിഹിതം 709.65 കോടി രൂപയാണ്. കേരളത്തിലെ കാർഷിക മേഖലയിൽ അടുത്ത 5 വർഷം കൊണ്ട് പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

കാലാവസ്ഥാനുപൂരകമായ കൃഷി രീതികൾ അനുവർത്തിക്കുന്നതിലൂടെ ഏകദേശം 4 ലക്ഷം കർഷകർക്ക് പ്രത്യക്ഷമായും, 10 ലക്ഷം കർഷകർക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിൽ സ്ത്രീകൾ നടത്തുന്ന ചെറുകിട, ഇടത്തരം കാർഷിക സംരംഭങ്ങൾക്കുള്ള വാണിജ്യ സഹായമായി 76 കോടി രൂപ പ്രത്യേക ധനസഹായവും ഉൾപ്പെടുന്നു.

കാർബൺ ബഹിർഗമനം കുറച്ചു കൊണ്ട് നെല്ലിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഈ ഉദ്ദേശത്തോടെ പദ്ധതി തുകയിൽ നിന്ന് 500 കോടി രൂപ മുതൽ മുടക്കി നെൽകൃഷി പ്രോത്സാഹിപ്പിക്കും. ഇക്കാര്യത്തിൽ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കർഷകന്റെ സാങ്കേതിക- സാമ്പത്തിക-സാമൂഹിക ക്ഷേമ സംബന്ധമായ എല്ലാ വെല്ലുവിളികളെയും പങ്കാളിത്ത രീതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നേരിടാനുള്ള തുടക്കമെന്ന നിലയിൽ കൃഷി സമൃദ്ധി പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

തരിശിട്ടിരിക്കുന്ന ഭൂമി ഏറ്റെടുത്ത് കൃഷിയിറക്കുന്നതിനായി സർക്കാർ രൂപം നൽകിയ നവോത്ഥാൻ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തുന്ന ക്രോപ്പ് കൾട്ടിവേറ്റേഴ്‌സ് കാർഡ് അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ മൊത്തം കൃഷി ഭൂമിയിൽ ഏകദേശം 103,334 ഹെക്ടർ തരിശിട്ടിരിക്കുകയാണ്. ഇതിൽ 50,000 ഹെക്ടർ ഭൂമി അടുത്ത വർഷങ്ങളിൽ കൃഷിയോഗ്യമാക്കാൻ സാധിച്ചാൽ സംസ്ഥാനത്തിന്റെ പഴം, പച്ചക്കറി ഉൽപാദനത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകുകയും കാർഷിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യാൻ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: ആഗ്രയിൽ വ്യോമസേന വിമാനം തകർന്നു വീണു. ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനമാണ് തകർന്നു വീണത്. പൈലറ്റ് ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ എന്നാണ് വിവരം. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗ്രയ്ക്കടുത്ത് കരഗോൽ എന്ന ഗ്രാമത്തിൽ പാടത്താണ് വിമാനം തകർന്നുവീണത്. പിന്നാലെ തീപിടിച്ച വിമാനം കത്തിയമർന്നു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. പഞ്ചാബിലെ അദംപൂറിൽ നിന്നാണ് വിമാനം യാത്ര തുടങ്ങിയത്. ആഗ്രയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. അപകടം മുന്നിൽ കണ്ട് പൈലറ്റുമാർ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കൻ തമിഴ്‌നാട് വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോട്ടയം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

  • പ്രധാന റോഡുകളിലെ വെള്ളക്കെട്ട്/വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്/വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
  • മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
  • വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
  • ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
  • മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

  • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
  • അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

വളരെ ചുരുക്കം ചില സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് അനാർക്കലി മരക്കാർ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ തന്റെ പിതാവിന്റെ രണ്ടാം വിവാഹത്തിന് പങ്കെടുത്തതിന് തനിക്കെതിരെയുണ്ടായ വിമർശനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അനാർക്കലി ഇക്കാര്യം വ്യക്തമാക്കിയത്. അനാർക്കലിയുടെ പിതാവ് നിയാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് പങ്കുവെച്ച കുറിപ്പിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

താൻ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലർക്കും ഇഷ്ടക്കേട് ഉണ്ടാക്കിയിരുന്നു. അവർക്കെല്ലാം ഒരു മറുപടി എന്ന നിലയിലായിരുന്നു ആ പോസ്റ്റ്. അവർ രണ്ടു പേരും ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. വാപ്പ വേറെ കെട്ടുന്നതിൽ ഉമ്മയ്ക്ക് പരാതിയുടെ ആവശ്യമില്ല. വാപ്പയുടെ കൂടെ നിൽക്കാതിരിക്കേണ്ട ആവശ്യം തനിക്കുമില്ല. തനിക്ക് രണ്ടുപേരും ഒരുപോലെയാണ്. വാപ്പയുടെ ജീവിതത്തിന്റെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാവുക എന്നുള്ളതാണ് താൻ ചെയ്യേണ്ട ഏറ്റവും വലിയ ശരി.

താനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കിൽ തീർച്ചയായും വാപ്പയും ഉമ്മയും വരും. ആ പിന്തുണ തിരിച്ചും വേണമെന്ന് താരം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര ജിഎസ്ടി വകുപ്പ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ ഏഴ് വർഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ജിഎസ്ടിയിൽ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ്.

നോട്ടീസിന് വിശദീകരണം നൽകുമെന്ന് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങളിൽ നിന്നുള്ള തുക, ചിത്രങ്ങളും ശിൽപ്പങ്ങളും വിൽക്കുന്നതിൽ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി വകുപ്പ് പറയുന്നത്. നികുതി അടയ്ക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടർന്ന് മതിലകം ഓഫീസിൽ പരിശോധന നടത്തിയിരുന്നു. സേവനവും ഉൽപ്പനങ്ങളും നൽകുമ്പോൾ ജിഎസ്ടി ഭരണസമിതി വാങ്ങുന്നുണ്ടെങ്കിൽ അത് അടയ്ക്കുന്നില്ലെന്ന് കണ്ടെത്തി.

എന്നാൽ ക്ഷേത്രത്തിന് പല ഇളവുകൾ ഉണ്ടെന്നും ഈ കാലയളവിൽ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം വിശദീകരണം നൽകിയത്. മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും മറുപടി നൽകി. ഈ മറുപടി തള്ളിയാണ് കഴിഞ്ഞ മാസം വീണ്ടും നോട്ടീസ് നൽകിയത്. 1.57 കോടി രൂപ നികുതി അടയ്ക്കണമെന്നാണ് നോട്ടീസ്. 2017 മുതലുള്ള ഏഴ് വർഷത്തെ കുടിശികയാണിത്. തുക അടച്ചില്ലെങ്കിൽ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസിൽ പറയുന്നു. ഭരണസമിതി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയിൽ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്.

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാൻ ഇടപെടലുമായി സംസ്ഥാന സർക്കാർ. ഇതിനായി സർക്കാർ ഉന്നതതല യോഗം വിളിച്ചു. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ് ചെയർമാനും യോഗത്തിൽ പങ്കെടുക്കും.

നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനെ കുറിച്ചും ചർച്ച നടക്കും. കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി ഉൾപ്പെടെയുള്ള യോഗത്തിൽ ചർച്ച ചെയ്യും. അതേസമയം, പ്രശ്‌നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്നത്.

വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങൾക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങൾ നഷ്ടമായത്. അതേസമയം, മുനമ്പം പ്രശ്‌നം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ പറഞ്ഞിരുന്നു.

റാഞ്ചി: ഝാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വനവാസി സമൂഹത്തിന്റെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ വനവാസി വിഭാഗങ്ങളെ ഏകീകൃത സിവിൽ കോഡിൽ നിന്നും ഒഴിവാക്കും. സംസ്ഥാനം രൂപീകരിച്ചിട്ട് 25 വർഷമായതിനാൽ 25 വാഗ്ദാനങ്ങളാണ് ബിജെപി പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ഝാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് കേന്ദ്ര സർക്കാർ നടപ്പിലാക്കും. വനവാസി വിഭാഗങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയായിരിക്കും നിയമം നടപ്പിലാക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വനവാസി വിഭാഗങ്ങളുടെ പാരമ്പര്യവും പൈതൃകവും പൂർണമായും സംരക്ഷിക്കപ്പെടും. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റത്തിന് തടയിടും. കുടിയേറ്റക്കാർ അനധികൃതമായി സ്വന്തമാക്കിയ വനഭൂമി വനവാസി വിഭാഗങ്ങൾക്ക് തിരികെ നൽകും. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സർക്കാർ പരാജയപ്പെട്ടു. ബിജെപി സർക്കാർ അധികാരത്തിലേറിയാൽ സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകും. പ്രതിമാസം 2,100 രൂപ സ്ത്രീകൾക്ക് ലഭിക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കും. രക്ഷാബന്ധൻ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളിൽ 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ സ്ത്രീകൾക്ക് നൽകുമെന്നും 5 ലക്ഷം തൊഴിലവസരങ്ങൾ ഝാർഖണ്ഡിലെ യുവാക്കൾക്കായി ഒരുക്കുമെന്നും അമിത് ഷാ അറിയിച്ചു.

21 ലക്ഷം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടും, കുടിവെള്ള സൗകര്യവും ഒരുക്കും. പാവപ്പെട്ടവരുടെ ഭൂമി അനധികൃതമായി കയ്യടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.

ശ്രീനഗർ: ജമ്മുകശ്മീരിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് 12 പേർക്ക് പരിക്കേറ്റു. ശ്രീനഗറിൽ ഞായറാഴ്ച ചന്തയ്ക്കിടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും നാട്ടുകാരാണെന്ന് സുരക്ഷാ സേന വ്യക്തമാക്കി. സൈനികരെ ലക്ഷ്യമിട്ടുള്ള ഗ്രനേഡ് ആക്രമണമാണുണ്ടായത്.

ഞായറാഴ്ച ചന്ത പ്രവർത്തിച്ചിരുന്നത് ലാൽ ചൗക്കിന് സമീപമുള്ള പോളോ മൈതാനത്താണ്. ഇതിന് സമീപത്തായി നിർത്തിയിട്ടിരുന്ന സിആർപിഎഫ് വാഹനത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. സിആർപിഎഫ് വാഹനത്തിന് സമീപത്തായി നിർത്തിയിരുന്ന ഉന്തുവണ്ടിയിൽ സ്ഥാപിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും പരിശോധനയിൽ ഇത് ഗ്രനേഡ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും സുരക്ഷാ സേന അറിയിച്ചു.