General (Page 55)

ന്യൂഡൽഹി: അദാനിക്ക് മേൽ കുരുക്ക് മുറുക്കാൻ അമേരിക്ക. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷൻ നോട്ടീസയച്ചു. പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗരോർജ വൈദ്യുതി കരാർ ലഭിക്കാൻ 2200 കോടി രൂപ കൈക്കൂലി നൽകിയെന്ന കേസിലാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നടപടി. കേസിൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ 8 പേർക്കെതിരെ യുഎസിലെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.

സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്. അദാനി ഗ്രീൻ എനർജി ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടാൻ കോഴ നൽകിയ വിവരം യുഎസ് നിക്ഷേപരിൽ നിന്ന് മറച്ചുവെച്ചുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനെർജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. അദാനി ഗ്രീൻ എനർജി യുഎസ് നിക്ഷേപകരിൽ നിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിൽ വിശദമാക്കിയിട്ടുണ്ട്.

കൊച്ചി: നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികൾ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റുകയാണെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും നടി അറിയിച്ചു.

താൻ നേരിട്ട അതിക്രമത്തിന് നീതി വേണം. അതിനാൽ പരാതി പിൻവലിക്കില്ലെന്നും എസ്‌ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി അറിയിച്ചു. നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

നടന്മാർക്കെതിരെ പരാതി നൽകിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞു.

തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ കെ എസ് ഇ ബി. പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ചാണ് നടപടി.

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുക. സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കും.

അപേക്ഷാ ഫോം കെ എസ് ഇ ബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. അപേക്ഷാഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും.

എസ്റ്റിമേറ്റനുസരിച്ചുള്ള പണമടച്ചാൽ ഉടൻ സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്‌സാപ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാനും ഉപഭോക്താവിനു കഴിയുമെന്ന് കെഎസ്ഇബി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലക്കെടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളങ്ങുന്ന വിജയം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട്ട് മുൻ തെരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം അണിനിരന്നു. ഇനിയുള്ള നാളുകളിൽ വികസന -ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വർധിച്ച ഊർജ്ജം നൽകുന്നതാണ് ഈ ജനവിധി. എല്ലാത്തരം വർഗീയതയ്ക്കും എതിരായ മതനിരപേക്ഷ വോട്ടാണ് എൽ ഡി എഫിന് ലഭിച്ചത്. വർഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന ഒരു സന്ദേശമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണ വിരുദ്ധ വികാരം എന്ന പ്രചാരണം ലവലേശം പോലും ജനങ്ങളെ സ്വാധീനിച്ചിട്ടില്ല എന്നും വിവാദ-നുണ പ്രചാരകരെ ജനങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല എന്നും തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് പാലക്കാട് നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ടുകൾ നേരത്തേയുള്ളതിൽ നിന്നും കൂടുകയാണുണ്ടായത്. ചില താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കുന്നതൊഴിച്ച് ബിജെപിക്ക് കേരളത്തിൽ ശാശ്വതമായ ചലനം ഉണ്ടാക്കാൻ സാധിക്കില്ല എന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിച്ചത് ചൂണ്ടിക്കാട്ടി അവർ മുഴക്കിയ അവകാശവാദങ്ങൾ ജനങ്ങൾ തിരസ്‌കരിച്ചതിലൂടെ വ്യക്തമാകുന്നത്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെയും വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെയും വിജയികളെ അഭിനന്ദിക്കുന്നു. എൽ ഡി എഫിന് വോട്ടുചെയ്ത മുഴുവൻ ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്.

ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു. നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്, ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുണ്ട്.

ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷൻ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങൾ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തിൽ നിലവിലുള്ള കേസുകളിൽ താമസക്കാർക്ക് അനുകൂലമായി സർക്കാർ കക്ഷി ചേരുന്നതാണ്. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സർക്കാർ സ്വീകരിക്കുന്നതാണ്. ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും. കമ്മീഷന്റെ പ്രവർത്തനം വേഗത്തിലാക്കാൻ താമസക്കാരുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ചർച്ചയിൽ റവന്യു മന്ത്രി കെ. രാജൻ, നിയമ മന്ത്രി പി. രാജീവ്, വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരും വൈപ്പിൻ എം എൽ എ കെ. എൻ ഉണ്ണികൃഷ്ണൻ, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, മുനമ്പം സമരസമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, കൺവീനർ ബെന്നി, മുരുകൻ (എസ്. എൻ. ഡി. പി), പി.ജെ ജോസഫ് പ്രദേശവാസി) എന്നിവരും പങ്കെടുത്തു.

വയനാട്: വയനാട് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടി രണ്ട് കുട്ടികൾക്ക് നേരിയ പരിക്ക്. കൽപ്പറ്റയിലാണ് സംഭവം. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. വിജയാഘോഷത്തിനിടെ പടക്കം പൊട്ടിക്കുമ്പോൾ കുട്ടികളും സമീപത്തുണ്ടായിരുന്നു. പെട്ടെന്ന് പൊട്ടിയ പടക്കം തെറിച്ച് കുട്ടികളുടെ ദേഹത്ത് വീഴുകയായിരുന്നു.

കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. യുഡിഎഫ് പ്രവർത്തകനോടൊപ്പം ഇരുചക്ര വാഹനത്തിൽ ഇരിക്കുകയായിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്. കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്റെ വിജയം നേടിയതിന് പിന്നാലെ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി. വയനാട്ടിലെ വോട്ടർമാർക്ക് പ്രിയങ്ക നന്ദി പറഞ്ഞു. തന്നിലർപ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങൾ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രിയങ്കാഗാന്ധിയുടെ പ്രതികരണം.

വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ് ആരംഭിക്കുന്നത്. നിങ്ങൾ ഓരോരുത്തരും എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ അതീയായ സന്തോഷമുണ്ട്. വരും നാളുകളിൽ ഈ വിജയം നിങ്ങൾ ഓരോരുത്തരുടേതുമാണെന്ന് താൻ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങൾ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും.

പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പിൽ പറഞ്ഞു. തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്‌നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നുവെന്നും സർക്കാരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പാലക്കാട്ടെ യുഡിഎഫിന്റെ വിജയം വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണെന്നും സരിൻ ഇടതുപക്ഷത്തിന് മുതൽ കൂട്ടാവുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

ചേലക്കരയിൽ ഇടതുപക്ഷത്തെ തോൽപ്പിക്കുമെന്ന കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. എന്നാൽ, ചേലക്കരയിൽ മികച്ച ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് വിജയിച്ചത്. ഇത് സർക്കാരിന് അനുകൂലമായ ജനവിധിയാണ്. ഈ തെരഞ്ഞെടുപ്പിന്റെ വിജയം പരിശോധിക്കുമ്പോൾ കേരളത്തിന്റെ ജനങ്ങളുടെ ഭാവി ജീവിതത്തിന് സാധ്യമല്ലാതാക്കുന്ന ചില വസ്തുതകളുണ്ട്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും നമ്മുടെ നാടിന് ആപത്താണ്. രണ്ടും വർഗീയതയും ഉയർത്തുന്നത് മതരാഷ്ട്രമാണ്. ഇത് നമ്മുടെ നാടിന് നല്ലതല്ല. പാലക്കാട്ടെ വിജയത്തിൽ ആദ്യം ആഹ്ലാദവുമായി വന്നത് എസ്ഡിപിഐ ആണ്. ഈ രാഷ്ട്രീയം മതനിരപേക്ഷ മൂല്യങ്ങൾക്കെതിരാണ്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനൊപ്പം നിലകൊണ്ടുകൊണ്ടു. ഇത്തരത്തിൽ വർഗീയ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ടാണ് പാലക്കാട്ടെ യുഡിഎഫിന്റെ വിജയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഇടതു പക്ഷത്തിനു അനുകൂലമായ എല്ലാ വോട്ടും സമാഹരിച്ചു എന്ന് പറയാൻ ആവില്ല. പാലക്കാട് സരിന്റെ സ്ഥാനാർത്ഥിത്വം തിരിച്ചടിയല്ല. സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാവും. സരിനിലൂടെ പാലക്കാട് ഇടതുപക്ഷത്തിന്റെ വർധിപ്പിക്കാൻ കഴിഞ്ഞു. ബിജെപിയുടെ പരാജയത്തിൽ സന്തോഷമുണ്ട്. ബിജെപിക്കെതിരായ നിലപാടുകൾ എന്നും ഉയർത്തിപ്പിടിക്കുമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്. ലീഡ് 8500 കടന്നതോടെ മണ്ഡലത്തിൽ എൽഡിഎഫ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്റെ മുന്നേറ്റം.

പ്രദീപിന്റെ ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് എൽഡിഎഫ് ക്യാമ്പുകൾ ഉറപ്പിക്കുന്നത്. ചേലക്കരയിൽ പി വി അൻവറിന്റെ സ്ഥാനാർത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് കഴിഞ്ഞില്ല.

ഗോവ: മത്സ്യബന്ധന ബോട്ട് നാവിക സേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ച് അപകടം. കിഴക്കൻ ഗോവ തീരത്തു നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. മാർത്തോമ എന്ന മത്സ്യബന്ധന ബോട്ടുമായാണ് ഇന്ത്യൻ നാവിക സേനയുടെ സ്‌കോർപിയൻ ക്ലാസ് മുങ്ങിക്കപ്പൽ കൂട്ടിയിടിച്ചത്.

13 പേരാണ് മത്സ്യബന്ധനബോട്ടിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാവിക സേന രക്ഷാപ്രവത്തനം നടത്തി. ആറ് കപ്പലുകളും നാവിക സേനയുടെ നിരീക്ഷണ വിമാനങ്ങളും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 11 പേരെയും കണ്ടെത്തി രക്ഷിക്കാനായി. രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിന്റെ മേൽനോട്ടത്തിൽ കോസ്റ്റ് ഗാർഡിന്റേത് ഉൾപ്പെടെയുള്ള കൂടുതൽ കപ്പലുകളും ബോട്ടുകളും സ്ഥലത്തേക്ക് എത്തിച്ച് തെരച്ചിൽ തുടരുകയാണ്.