General (Page 54)

ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരക്കൊതിയുള്ള പാർട്ടികളെ വോട്ടർമാർ തള്ളി. ജനങ്ങളുടെ ശബ്ദം പാർലമെന്റിലുയർത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനിയൊട്ട് ഉയർത്തുകയുമില്ല. ജനങ്ങൾക്ക് മോശം പ്രതിപക്ഷ പാർട്ടികളെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരിക്കുന്നു.പാർലമെന്റിലെ തുറന്ന സംവാദങ്ങളെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ നിരന്തരം തടസപ്പെടുത്തുന്നു. ജനം തള്ളിയ ഇക്കൂട്ടർ സഭയെ കൂടി മലീമസപ്പെടുത്തുന്നു. അസ്വസ്ഥമാക്കാൻ ശ്രമിക്കുന്നു. യുവ എംപിമാർക്ക് ഈ ബഹളത്തിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. അവരുടെ പ്രവർത്തനങ്ങളും തടസപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: പാലക്കാട്ട് വോട്ട് ശതമാനം ഉയർത്താൻ ബിജെപിക്ക് കഴിഞ്ഞില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിൽ ശരിയായ വിലയിരുത്തൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ തവണ ഇ ശ്രീധരന് പൊതുസമൂഹത്തിൽ നിന്ന് നല്ല നിലയിൽ വോട്ട് കിട്ടിയിട്ടുണ്ട്. ആ വോട്ടുകൾ സമാഹരിക്കാൻ പാലക്കാട്ടെ സ്ഥാനാർത്ഥി കൃഷ്ണകുമാറിന് കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയരുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. സംസ്ഥാനത്ത് കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാർത്ഥി നിർണയത്തിന്റെ ചുമതലയെന്ന് അദ്ദേഹം വ്യക്തമാക്കി.

മോദിയും അമിത് ഷായും അടങ്ങുന്ന പാർലമെന്ററി ബോർഡ് അംഗീകാരം നൽകിയ ആളാണ് പാലക്കാട് സ്ഥാനാർത്ഥിയായത്. മൂന്ന് പേരുകൾ ചർച്ചയിൽ വന്നിരുന്നു. ഇതിൽ രണ്ട് പേർ മത്സരിക്കാൻ സന്നദ്ധരായില്ല. അങ്ങനെയാണ് സ്ഥാനാത്ഥിത്വം കൃഷ്ണകുമാറിലേക്ക് എത്തിയത്. മത്സരിപ്പിക്കരുത് എന്ന നിലപാട് കൃഷ്ണകുമാറിനും ഉണ്ടായിരുന്നു. മലമ്പുഴയിൽ മൂവായിരം വോട്ടുകൾ അമ്പതിനായിരം ആക്കിയ സ്ഥാനാർഥിയാണ് കൃഷ്ണകുമാറെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് മാറ്റിക്കളിക്കുന്ന എൽഡിഎഫിന്റെ വർഗീയ കാർഡുകൾക്കൊപ്പമല്ല ജനം യുഡിഎഫിന്റെ മതേതരത്വത്തിന് ഒപ്പമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലീഗിനെതിരെ വിമർശനം ഉണ്ടാകും. ഇല്ലെങ്കിലെ അത്ഭുതമുള്ളൂ. വയനാട്ടിലും പാലക്കാടും യുഡിഫിന് വൻ ഭൂരിപക്ഷമാണ് ഉള്ളത്. ഈ വിജയത്തിൽ ലീഗിനും പാണക്കാട് തങ്ങൾക്കും ഉള്ള പങ്ക് വലുതാണ്. ഇന്ന് വന്ന കണക്ക് പ്രകാരം എൽഡി എഫ് പലയിടത്തും മൂന്നാമതാണ്. എസ്ഡിപിഐ ജമാത്തെ ഇസ്ലാമി ആരോപണം ഉന്നയിക്കുമ്പോ ഇടതുപക്ഷം അവരുടെ അവസ്ഥ കൂടി ആലോചിക്കണം വോട്ടുചോർച്ച ഉണ്ടാകുന്നത് എൽഡിഎഫിനാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കാർഡ് മാറ്റി കളിക്കുമ്പോൾ ഉണ്ടാകുന്ന ഫലം അവർ ചിന്തിക്കുന്നില്ല. മന്ത്രിയുടെ മണ്ഡലങ്ങളിൽ പോലും എൽഡിഎഫ് ബിജെപിക്കും പിന്നിലാണ്. അവരുടെ കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോകുന്നത് അറിയുന്നില്ല. ചേരിതിരിവിന് ഇടയാക്കുന്ന വിഷയങ്ങൾ പ്രചരിപ്പിക്കുമ്പോൾ അത് അവരെ എങ്ങനെ ബാധിക്കുന്നുവെന്ന് അവർ ഓർക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനത്തിന് പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഇടതുപക്ഷമില്ലെങ്കിൽ മുസ്ലിംകൾ രണ്ടാംകിട പൗരന്മാരാകുമെന്ന് വരെ പറഞ്ഞവരാണ് സിപിഎമ്മുകാർ. പുരോഗമന രാഷ്ട്രീയത്തിന് പകരം വർഗീയ പ്രചാരണമാണ് ഇപ്പോൾ സിപിഎം നടത്തുന്നത്. ഭരണവിരുദ്ധ വികാരം ശക്തമായി അനുഭവപ്പെട്ട ഉപതെരഞ്ഞെടുപ്പാണിത്. യുഡിഎഫിന് 100 സീറ്റ് കിട്ടിയപ്പോഴും ചേലക്കര എൽഡിഎഫിനൊപ്പമായിരുന്നു. ആ ചേലക്കരയിൽ വലിയ വോട്ട് നഷ്ടമാണ് സിപിഎമ്മിനുണ്ടായത്. ഇടതുപക്ഷത്തിന് എവിടെയും ഒന്നും നേടാനായിട്ടില്ല. മതേതര കാഴ്ചപ്പാടോടെയാണ് യുഡിഎഫ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ജനം അംഗീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ ക്യാൻസർ പഠനത്തിനായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി
ക്യാൻസർ മേഖലയിലെ തുടർപഠനങ്ങൾക്കായി കൊച്ചി ക്യാൻസർ റിസേർച്ച് സെന്ററും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ബഹു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ച ധാരണാപത്ര പ്രകാരം 5.5 കോടി രൂപയുടെ ഉപകരണങ്ങൾ ആർജിസിബി സിസിആർസിയ്ക്ക് കൈമാറും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.

ശ്വാസകോശ ക്യാൻസർ, വായിലെ ക്യാൻസർ, സ്തനാർബുദം എന്നിവയിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ച് ക്യാൻസർ ചികിത്സയുടെ വികസനത്തിന് ഉതകുന്ന പദ്ധതികൾ ഈ തുക വിനിയോഗിച്ച് കൊച്ചി ക്യാൻസർ സെന്ററിൽ ആവിഷ്‌കരിക്കും. ജനിതക കാരണങ്ങൾ, സൂഷ്മാണു വ്യവസ്ഥ എന്നിവ സംബന്ധിച്ചാവും ഗവേഷണങ്ങൾ. ക്യാൻസർ ചികിത്സയുടെ പുരോഗതിക്കാവശ്യമായ കണ്ടുപിടിത്തങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംബലിൽ സംഘർഷത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു. നൗമാൻ, ബിലാൽ, നയീം എന്നിവരാണ് കൊല്ലപ്പെട്ടത്. മരണകാരണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 22 പേർക്ക് പരിക്കേറ്റതായും 18 പേരെ പോലീസ് കസ്റ്റഡിയിലെടുത്തെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലേറ് നടത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ ചില വാഹനങ്ങൾക്കും തീയിടുകയും ചെയ്തിട്ടുണ്ട്. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തി കണ്ണീർ വാതകം പ്രയോഗിച്ചു.

അതേസമയം, കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചയോടെ സർവേ നടപടികൾ അഭിഭാഷക കമ്മീഷൻ പൂർത്തിയാക്കി. മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിലാണ് സർവ്വേ നടത്തണമെന്ന് കോടതി ഉത്തരവിട്ടത്.

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാണക്കാട് തങ്ങളെ വിമർശിച്ചത് രാഷ്ട്രീയ വിമർശനമാണെന്നും മറ്റൊന്നും അല്ലെന്നും പിണറായി പറഞ്ഞു. കോഴിക്കോട് സൗത്ത് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സ്വാതന്ത്ര സമരത്തെ തള്ളിപറഞ്ഞ ആർഎസ്എസ് നേതാക്കളെ ഇപ്പോൾ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നു. ഒരു ദിവസത്തെ തോന്നൽ കൊണ്ട് ഉണ്ടാക്കിയത് അല്ല, ഭരണഘടന. അതിനെ തകർക്കാനാണ് ആർഎസ്എസ് ശ്രമം. കോൺഗ്രസ് ശക്തി കേന്ദ്രങ്ങൾ എല്ലാം പതിയെ ബിജെപി ശക്തി കേന്ദ്രങ്ങൾ ആയി മാറുന്നു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടാണ് ഈ മാറ്റം. ബാബരി മസ്ജിദ് തകർക്കുമ്പോൾ എല്ലാ സഹകരണവും ചെയ്തു കൊടുത്തത് കോൺഗ്രസ് ആണ്. അന്ന് കേരളത്തിൽ മന്ത്രിസഭയിൽ കോൺഗ്രസിന് ഒപ്പം ആയിരുന്നു ലീഗ്. കോൺഗ്രസ് നിലപാടിനോട് എതിർപ്പ് വേണം എന്നും ലീഗിൽ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിർത്തില്ല. കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു. അന്ന് ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പ് ഉണ്ടായി. പാണക്കാട് തങ്ങൾ ഒറ്റപ്പാലത്തു പോയി. പക്ഷേ തങ്ങളെ കാണാൻ ആരും പോയില്ല. അധികാരം നിലനിർത്താൻ ചെയ്യാൻ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തിൽ ലീഗ് മാറിയെന്നും പിണറായി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ലീഗ് ചേർത്ത് നിർത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: ഹിയറിംഗിൽ ഹാജരാകാതിരുന്ന ആറ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന വിവരാവകാശ കമ്മീഷൻ സമൻസ് അയച്ചു. വയനാട് ജില്ലാ പട്ടികവർഗ വികസന ഓഫീസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോൺ വിജിലൻസിലെയും 2 വീതം ഉദ്യോഗസ്ഥർക്കും എരവന്നൂർ എ യു പി സ്‌കൂൾ ഹെഡ്മാസ്റ്റർ, പാലക്കാട് ഷോളയാർ പൊലീസ് എസ്എച്ച്ഒ എന്നിവർക്കുമാണ് സമൻസ്. ഇവർ ഡിസംബർ 11ന് വിശദീകരണം സഹിതം തിരുവനന്തപുരത്ത് കമ്മീഷൻ ആസ്ഥാനത്ത് ഹാജരാകണം. ഹിയറിംഗിന് വിളിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർ നേരിൽ ഹാജരാകണമെന്നും പകരക്കാരെ അംഗീകരിക്കില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ.അബ്ദുൽ ഹക്കീം അറിയിച്ചു.

പകരക്കാരായി എത്തിയ 2 പേരെ തിരിച്ചയച്ചു. സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണെന്നും പൊതുരേഖാ നിയമ പ്രകാരം 5 വർഷം വരെ ജയിൽ ശിക്ഷയും പതിനായിരം രൂപ മുതൽ പിഴയും ലഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവരാവകാശ നിയമവും പൊതുരേഖാ നിയമവും ഫയൽ കാണാതാകുന്ന കേസുകളിൽ ഒരേ സമീപനമാണ് വ്യവസ്ഥ ചെയ്യുന്നത്. വിവരാവകാശ അപേക്ഷ ലഭിക്കും വരെ ഓഫീസിൽ ഉണ്ടായിരുന്ന ഫയൽ അപേക്ഷ ലഭിച്ചാലുടൻ കാണാതാകുന്ന സംഭവങ്ങൾ ഉണ്ടെന്നും അത്തരം ചില കേസുകൾ കമ്മീഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഏറ്റവും ഒടുവിൽ മണിയൂർ ഗ്രാമ പഞ്ചായത്തിലാണ് ഫയൽ കാണാനില്ലെന്ന് മൊഴി ലഭിച്ചത്. ഈ ഫയൽ 14 ദിവസത്തിനകം കണ്ടെടുത്ത് വിവരം നൽകണമെന്നും കമ്മീഷൻ ഉത്തരവായി.

നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് വിവരം നൽകിയില്ല. ഉത്തരവാദിയായ ഉദ്യോഗസ്ഥനെ കണ്ടെത്താൻ പോലും കഴിയാത്തത്രയും നിരുത്തരവാദിത്തമാണ് നടക്കുന്നതെന്ന് ഹിയറിംഗ് വേളയിൽ കമ്മീഷൻ പരാമർശിച്ചു.

ന്യൂഡൽഹി: ഉത്തർപ്രദേശിൽ സംഘർഷം. ഉത്തർപ്രദേശിലെ സംബാലിലാണ് സംഘർഷം ഉണ്ടായത്. കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലേറ് നടത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്.

പ്രതിഷേധക്കാർ ചില വാഹനങ്ങൾക്കും തീയിടുകയും ചെയ്തിട്ടുണ്ട്. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തി കണ്ണീർ വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകി. ഉച്ചയോടെ സർവേ നടപടികൾ അഭിഭാഷക കമ്മീഷൻ പൂർത്തിയാക്കി. മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിലാണ് സർവ്വേ നടത്തണമെന്ന് കോടതി ഉത്തരവിട്ടത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയർ ഹോം കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൊട്ടാരക്കരയിൽ തുടക്കം. കൊട്ടാരക്കരയിലെ ബിഎസ്എൻഎല്ലിന്റെ കെട്ടിടത്തിൽ വർക്ക് നിയർ ഹോം സജ്ജീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കേന്ദ്രീകൃത ഐടി വികസനം ലക്ഷ്യമിട്ടാണ് ‘വർക്ക് നിയർ ഹോം’ പദ്ധതി ആവിഷ്‌കരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. തൊഴിൽ രംഗത്തെ മാറിവരുന്ന രീതികളും പുതിയ സാധ്യതകളും കണക്കിലെടുത്ത് വീടിനടുത്തു തന്നെ ആധുനിക സൗകര്യങ്ങളോടു കൂടിയ വൈജ്ഞാനിക തൊഴിലിടങ്ങൾ ഒരുക്കുന്ന പദ്ധതിയാണ് വർക്ക് നിയർ ഹോം. സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി 50 കോടി രൂപയാണ് ആദ്യഘട്ടമായി വകയിരുത്തിയത്. പദ്ധതി നിർവഹണ ചുമതല കെ ഡിസ്‌ക്കിനെ ഏൽപ്പിച്ചു. തുടക്കത്തിൽ പത്ത് കേന്ദ്രങ്ങൾ തുടങ്ങാനാണ് തീരുമാനം. ഇതിൽ ആദ്യ ഐടി പാർക്കാണ് കൊട്ടാരക്കരയിൽ സ്ഥാപിതമാകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

രണ്ട് നിലകളിലായി 10,000 ചതുരശ്രയടി കെട്ടിടത്തിൽ 220 പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്. ഓഫിസ് മൊഡ്യൂളുകളും കോ വർക്കിംഗ് സ്റ്റേഷനുകളും കോൺഫറൻസ് സൗകര്യങ്ങളും കഫെറ്റീരിയയും അതിവേഗ ഇന്റർനെറ്റും അടക്കം ഉണ്ടാവും. നാലു മാസത്തിനുള്ളിൽ കേന്ദ്രം പ്രവർത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. ഐടി മേഖലയിൽ ജോലി എടുക്കുന്നവർക്ക് അകലെ വൻ നഗരങ്ങളിലുള്ള ഐടി പാർക്കുകളിൽ പോകാതെയും, എന്നാൽ വീട്ടിലെ അലോസരങ്ങൾ ഒഴിവാക്കിയും അടുത്തുള്ള പട്ടണത്തിൽ പ്രവർത്തിക്കാനുള്ള അവസരമാണ് വർക്ക് നിയർ ഹോം പദ്ധതി ഒരുക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷം ഐടി ജോലി എടുക്കുന്നവരും വൻ നഗരങ്ങളിൽ നിന്നുള്ളവരല്ല. വിദൂര ഗ്രാമങ്ങളിൽനിന്നു പോലും നിരവധി ആളുകൾ ഐടി മേഖലയിലുണ്ട്.

വിദൂര സ്ഥലങ്ങളിൽ തൊഴിലെടുക്കുന്നതിന് പ്രയാസം നേരിടുന്ന അഭ്യസ്തവിദ്യരായ അഞ്ചര ലക്ഷത്തോളം വനിതകൾ കേരളത്തിൽ തൊഴിൽ രഹിതരായി ഉണ്ടന്നാണ് കണക്കാക്കുന്നത്. ഇവർക്കും തുടർതൊഴിൽ ഉറപ്പാക്കാൻ വീടിനടുത്തുതന്നെ ഐടി പാർക്കിന്റെ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതും കണക്കിലെടുത്താണ് ‘വർക്ക് നിയർ ഹോം’ പദ്ധതി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത്. ഫ്രീലാൻസായി തൊഴിലെടുക്കുന്നവർ, സ്റ്റാർട്ടപ്പുകൾ, സ്വന്തമായി തൊഴിൽ സംരംഭങ്ങൾ നടത്തുന്നവർ, ജീവനക്കാർക്ക് വിദൂരമായി ജോലി നൽകാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ, തുടങ്ങിയവർക്ക് സൗകര്യപ്രദമായും സുഖകരമായും ജോലിയിൽ ഏർപ്പെടാനുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കും. വീടിനടുത്ത് ജോലിയിലൂടെ ഐ.ടി മേഖലയിലെ വനിതാ പങ്കാളിത്തം വർധിപ്പിക്കാനാകും. ആവശ്യമെങ്കിൽ പുതിയകാല കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന നൈപുണ്യ പരിശീലന സൗകര്യങ്ങളും ഭാവിയിൽ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം നാളെ മുതൽ. വഖഫ് നിയമഭേദഗതി ഉൾപ്പെടെ 15 സുപ്രധാന ബില്ലുകൾ പാർലമെന്റിന്റെ ശൈത്യകാല സമ്മേളത്തിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ദുരന്ത നിവാരണ ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ പാർലമെന്റിൽ കൊണ്ടുവരും.

അതേസമയം, വഖഫിൽ കൂടുതൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സർവകക്ഷിയോഗത്തിൽ സർക്കാർ തള്ളി. ശൈത്യകാല സമ്മേളനത്തിൽ അദാനി വിഷയത്തിലടക്കം പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

അദാനിയെ അറസ്റ്റു ചെയ്യണം, സംയുക്ത പാർലമെന്ററി സമിതി അന്വേഷണം തുടങ്ങിയ ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.