General (Page 5)

വത്തിക്കാൻ സിറ്റി: സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട മാർപ്പാപ്പ ഫ്രാൻസിസ് അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗം ലോകമെമ്പാടുമുള്ള വിശ്വാസികളെ ദുഃഖത്തിലാഴ്ത്തി. ഇതിനിടെ വത്തിക്കാൻ മാർപ്പാപ്പയുടെ മരണപത്രം പുറത്തിറക്കി. തന്റെ അന്ത്യവിശ്രമസ്ഥലം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്ന് മരണപത്രത്തിൽ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. മുൻ മാർപ്പാപ്പമാരിൽ പലരും വിശ്രമിച്ചിരിക്കുന്ന സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിലല്ലാതെ വേണമെന്ന് അവരുടെ ആഗ്രഹം.

ശവകുടീരത്തിൽ ലാത്തിൻ ഭാഷയിൽ “Franciscus” എന്ന് മാത്രം എഴുതണമെന്ന്, മറ്റ് അലങ്കാരങ്ങൾ ഒഴിവാക്കണമെന്നും മരണം മുമ്പ് ഫ്രാൻസിസ് മാർപ്പാപ്പ നിർദ്ദേശിച്ചിരുന്നു. പതിനായിരക്കണക്കിന് വിശ്വാസികൾ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്കാണ് ഇന്നലെ മുതൽ ഒഴുകിയെത്തുന്നത്. രാത്രിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് കാർഡിനാൾ കെവിൻ ഫെറെൽ നേതൃത്വം നൽകി.

മാർപ്പാപ്പയുടെ മരണകാരണം സംബന്ധിച്ച് വത്തിക്കാൻ ഔദ്യോഗിക പ്രസ്താവനയും പുറത്തുവിട്ടിട്ടുണ്ട്. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിന് കാരണമെന്ന് അതിൽ വ്യക്തമാക്കുന്നു. ഇന്ന് വത്തിക്കാനിൽ കാർഡിനാൾമാരുടെ യോഗം ചേരുന്നുണ്ട്. സംസ്കാര ചടങ്ങുകൾ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനം എടുക്കും.

ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05-ന് മാർപ്പാപ്പ അന്തരിച്ചു. 88 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ച് 38 ദിവസത്തെ ആശുപത്രി ചികിത്സയ്ക്കുശേഷം കഴിഞ്ഞ മാസം 23നാണ് അദ്ദേഹം വസതിയിലേക്ക് മടങ്ങിയത്. 2013 മാർച്ച് 13-ന്, ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന്, ഫ്രാൻസിസ് മാർപ്പാപ്പയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കത്തോലിക്ക സഭയുടെ 266-ാമത് മാർപ്പാപ്പ ആയിരുന്നു അദ്ദേഹം, കൂടാതെ ആദ്യലാറ്റിനമേരിക്കക്കാരനായിരുന്നു .

ജന്മനാമം ഹോർഗേ മരിയോ ബർഗോളിയോ ആയിരുന്ന അദ്ദേഹം മാർപ്പാപ്പയായപ്പോൾ ‘ഫ്രാൻസിസ്’ എന്ന പേരാണ് സ്വീകരിച്ചത് — കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ആ പേര് മാർപ്പാപ്പ പദവിക്ക് സ്വീകരിക്കപ്പെട്ടത്. വത്തിക്കാൻ കൊട്ടാരം വേണ്ടെന്നുവെച്ച്അദ്ദേഹം അതിഥിമന്ദിരത്തിലെ സാധാരണ മുറിയിലാണ് താമസമാക്കിയിരുന്നത്. ദരിദ്രർക്കും സ്ത്രീകൾക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാവർക്കും വേണ്ടി ശക്തമായി നിലകൊണ്ട അദ്ദേഹം യുദ്ധങ്ങളെ നന്മ-തിന്മ ആയി തിരിച്ചറിയരുതെന്ന് വിശ്വസിച്ചു. സഭയുടെ മൂല്യങ്ങളും ആധുനിക ലോകത്തെ അതിന്റെ പ്രസക്തിയും അദ്ദേഹം ഉറച്ച നിലപാടിലൂടെ വിളിച്ചുപറഞ്ഞതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നിന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡുമായി (നാഷണൽ ഹെറാൾഡ്) ബന്ധപ്പെട്ട് 661 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. ഡൽഹി, മുംബൈ, ലഖ്‌നൗ എന്നീ നഗരങ്ങളിലുള്ള നാഷണൽ ഹെറാൾഡിന്റെ സ്ഥാവര സ്വത്തകളുമായി ബന്ധപ്പെട്ട്, ഈ മാസം 11ന് പ്രോപ്പർട്ടി രജിസ്ട്രാർമാർക്ക് നോട്ടീസ് അയച്ചതായി ഇഡി അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമായ പിഎംഎൽഎയുടെ സെക്ഷൻ 8, റൂൾ 5(1) പ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്. മുംബൈയിലെ ഹെറാൾഡ് ഹൗസിലെ മൂന്ന് നിലകളിൽ താമസിക്കുന്ന ജിൻഡാൽ സൗത്ത് വെസ്റ്റ് പ്രോജക്ട്സിന് പ്രത്യേക നോട്ടീസ് നൽകിയതോടൊപ്പം, ഭാവിയിൽ അടയ്ക്കേണ്ട വാടക തുക നേരിട്ട് ഇഡിയിൽ നിക്ഷേപിക്കാനും നിർദ്ദേശമുണ്ട്.

2014ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി കോടതിയിൽ സമർപ്പിച്ച പരാതിയെ തുടർന്നാണ് ഇഡി 2021ൽ അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ, യംഗ് ഇന്ത്യൻ എന്ന സ്വകാര്യ കമ്പനിയുടെ മുഖേന 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2,000 കോടി രൂപയുടെ സ്വത്തുക്കൾ അനധികൃതമായി സ്വന്തമാക്കിയതായാണ് പരാതി.

ഇഡി നടത്തിയ അന്വേഷണത്തിൽ, യംഗ് ഇന്ത്യൻ വെറും 50 ലക്ഷം രൂപയ്ക്ക് എജെഎലിന്റെ വിറ്റു വിലയിൽ വളരെയധികം ഉയർന്ന സ്വത്തുക്കൾ ഏറ്റെടുത്തതായും, അതിന്റെ ആസ്തി മൂല്യം പ്രമേയപരമായി കുറച്ചുകാണിച്ചതായും കണ്ടെത്തിയതായി അറിയിച്ചു.

വിഷു – ഈസ്റ്റർ ഉത്സവസീസണിൽ കൺസ്യൂമർഫെഡ് ആരംഭിക്കുന്ന സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവനന്തപുരം സ്റ്റാച്യുവിൽ വിഷു – ഈസ്റ്റർ സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് എല്ലാ കാലഘട്ടത്തിലും കൺസ്യൂമർഫെഡ് ഉത്സവ സീസണുകളിൽ വിപണി ഇടപെടൽ നടത്താറുണ്ട്. വിഷു – ഈസ്റ്റർ പ്രമാണിച്ച് സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിൽ വിപണി ആരംഭിക്കുകയാണ്. 10 ശതമാനം മുതൽ 35 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ വിപണിയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. വിവിധ സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ജൈവവൈവിധ്യ ഉൽപ്പന്നങ്ങളും വിപണനത്തിനുണ്ട്. ഉത്സവകാലത്ത് സർക്കാർ നടത്തുന്ന വിപണി ഇടപെടലിലൂടെ വില നിലവാരം കൃത്യമായി നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് എത്തിക്കാനും കഴിയുന്നതായി മന്ത്രി പറഞ്ഞു.

കഴിഞ്ഞ എട്ടു വർഷങ്ങളിലേറെയായി 13 സാധനങ്ങൾ ഒരേ വിലയിൽ നൽകുന്ന സാഹചര്യം കൺസ്യൂമർഫെഡ് സ്വീകരിച്ചുവരുന്നു. സഹകരണ മേഖലയിൽ 400 ലധികം ഉൽപ്പന്നങ്ങൾ ഉൽപ്പാദനം ചെയ്യുന്നുണ്ടെന്നും അമേരിക്കയിലേക്കും അറബ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എറണാകുളം: നടന്‍ ഷൈന്‍ ടോം ചാക്കോയെ പ്രതിയായ കൊക്കയിന്‍ കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിരവധി ഗൗരവമായ വീഴ്ചകള്‍ ഉണ്ടെന്ന് വ്യക്തമാക്കി വിചാരണക്കോടതി ഉത്തരവ്. അന്വേഷണം നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന്കോടതി കണ്ടെത്തി. പിടിച്ചെടുത്ത കൊക്കെയിന്റെ ഘടകങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിച്ച് പരിശോധിച്ചില്ലെന്നും രഹസ്യവിവരം ലഭിച്ചെന്ന പൊലീസ് വാദം പട്രോളിംഗ് സംഘം തള്ളിപ്പറഞ്ഞതായും കോടതി പറഞ്ഞു.

പിടിച്ചെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയില്ല. അതുപോലെ തന്നെ, പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലായിരുന്നില്ലാത്ത ഗസറ്റഡ് ഓഫീസറാണെന്നും, വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികള്‍ കൊക്കയിന്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ പരിശോധന നടത്തിയിട്ടില്ലെന്നും നിര്‍ദേശമുണ്ട്.

ഫ്ളാറ്റ് തുറന്നതാരെന്നും, ആദ്യം അകത്തേക്ക് കടന്നതാരെന്നും ചോദിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന് ഓര്‍മ്മയില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പിടിച്ചെടുത്തത് കൊക്കയിന്‍ ഹൈഡ്രോക്ലോറൈഡ് ആണെങ്കിലും, ഫൊറന്‍സിക് പരിശോധനയില്‍ ക്ലോറൈഡ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ശരിയായി തിരിച്ചറിയാനായില്ല. ഇത്തരം ഗുരുതരമായ അന്വേഷണ വീഴ്ചകളെ തുടര്‍ന്നാണ് 2024 ഫെബ്രുവരിയില്‍ കോടതി ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിയത്.

കേരളം വികേന്ദ്രീകൃതവും ജനകീയവുമായ മാലിന്യസംസ്‌കരണ മോഡൽ സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ ക്ലീൻ കേരള കോൺക്ലേവ് ‘വൃത്തി 2025’ ന്റെ  സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യസംസ്‌കരണത്തിന്റെ ഈ  കേരള മോഡൽ  ഇതിനകം മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. തമിഴ്‌നാട് സംസ്ഥാനം  കേരള മാതൃകയിൽ ക്ലീൻ തമിഴ്നാട് മിഷൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അടിത്തട്ട് മുതൽ തുടങ്ങി മുകൾതട്ട് വരെ എത്തിയ ഒരു ജനകീയ യത്‌നത്തിന്റെ അടുവിലാണ് വൃത്തി 2025 കോൺക്ലേവ് നടന്നത്.

വൃത്തി ക്ലീൻ കേരള കോൺക്ലേവ് 2025 ൽ  നടന്ന ബിസിനസ് മീറ്റിൽ 2900 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. ജനങ്ങളെ മുഴുവൻ പങ്കാളികളാക്കുമ്പോഴാണ് പൂർണതോതിൽ വിജയിക്കാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട മാതൃകകളിൽ നിന്ന് കേരളമാകെ വിജയകരമായ ഒരു മാതൃകയ്ക്ക് ഗതിവേഗം കൈവന്നിരിക്കുകയാണ്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന്റെ തീപിടിത്തത്തിന് ശേഷം ഈ അപകടത്തെ  സർക്കാർ ദൃഢ നിശ്ചയത്തോടെ അവസരമാക്കി മാറ്റുകയായിരുന്നു. അവിടെ നിന്ന് തുടങ്ങിയ മുന്നേറ്റം വലിയ വിജയത്തിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണത്തിനുള്ള അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ആകർഷകമായ അവതരണങ്ങൾ നടത്താനും  കോൺക്ലേവിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

 മാലിന്യ സംസ്‌കരണ പദ്ധതികൾക്കെതിരെ പ്രതിഷേധിക്കുന്ന വ്യക്തികളെയും പദ്ധതി നടപ്പാക്കുന്നവരെയും ഒരുമിപ്പിച്ച പൊതുഫോറം വിജയകരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ തുറന്ന സംവാദം ആശങ്കകൾ പരിഹരിക്കുകയും മാലിന്യ നിർമാർജ്ജന പദ്ധതികളെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്തു.  ഇത് ചില പ്രതിഷേധങ്ങൾ പിൻവലിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിൽ ചർച്ചയുടെ പ്രാധാന്യം ഇത് വെളിവാക്കുന്നതായി അദ്ദേഹം പറഞ്ഞു.

സാധാരണക്കാരായ ജനങ്ങളെ പരമാവധി സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി  ജി ആർ അനിൽ. ഉത്സവ സീസണുകളിൽ വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  വിഷു, ഈസ്റ്റർ ഫെയറുകളുടെ  സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ ഏപ്രിൽ 19 വരെയാണ് ഉത്സവകാല ഫെയറുകൾ സംഘടിപ്പിക്കുന്നത്.

വിഷു-ഈസ്റ്റർ കാലയളവിലും ജനങ്ങൾക്ക് കൂടുതൽ ആശ്വാസമേകുന്ന നിലപാടാണ് സപ്ലൈകോ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  അതിന്റെ ഭാഗമായി തുവര പരിപ്പിന്റെ വില 115 രൂപയിൽ നിന്ന് 105 രൂപയായും ഉഴുന്നിന്റെ വില 95 രൂപയിൽ നിന്നും 90 രൂപയായും വൻകടലയുടെ വില 69 രൂപയിൽ നിന്നും 65 രൂപയായും വൻപയറിന്റെ വില 79 രൂപയിൽ നിന്നും 75 രൂപയായും മുളക് 500 ഗ്രാമിന് 68.25 രൂപയിൽ നിന്നും 57.75 രൂപയായും കുറച്ചിട്ടുണ്ട്.  ഏപ്രിൽ 11 മുതൽ  തന്നെ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക്  സപ്ലൈകോ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യധാന്യങ്ങൾക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ വിലക്കയറ്റത്തിന്റെ സ്വാധീനം വലിയ തോതിൽ അനുഭവപ്പെടേണ്ടതാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ വിപണി ഇടപെടൽ കാരണം വിലക്കയറ്റത്തിന്റെ രൂക്ഷത  കുറഞ്ഞ തോതിലാണ് കേരളത്തിൽ അനുഭവപ്പെടുന്നത്. സപ്ലൈകോ, കൺസ്യൂമർഫെഡ് മറ്റ് സഹകരണ സ്ഥാപനങ്ങൾ എന്നിവയിലൂടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടൽ നടത്തുന്നതു കൊണ്ടാണ് വിലക്കയറ്റത്തിന്റെ രൂക്ഷത കേരളത്തിൽ അനുഭവപ്പെടാത്തത്.

പ്രതിമാസം 35 ലക്ഷത്തിലധികം ജനങ്ങൾ സപ്ലൈകോ സ്ഥാപനങ്ങളുടെ ഉപഭോക്താക്കളാണ്.  സംസ്ഥാനത്ത് പഞ്ചായത്തിൽ ഒന്ന് എന്ന രീതിയിൽ ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോറുകളും സൂപ്പർമാർക്കറ്റുകളും ഇന്ന് ഒരു പഞ്ചായത്തിൽ രണ്ടും മൂന്നും ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. സപ്ലൈകോ സ്ഥാപിതമായിട്ട് 50 വർഷങ്ങൾ പൂർത്തിയാകുന്നു. സുവർണ്ണജൂബിലിയോടനുബന്ധിച്ച് സപ്ലൈകോ നവീകരിക്കുന്നതിനുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും. മുൻ വർഷങ്ങളിലെ പകർച്ചവ്യാധികളുടെ കണക്കുകൾ പരിശോധിച്ച് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി വിശകലനം നടത്തി പ്രതിരോധം ശക്തമാക്കും. ഈ ഹോട്ട് സ്പോട്ടുകളിൽ പ്രാദേശികമായ പ്രതിരോധ പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കർമ്മപദ്ധതി നടപ്പിലാക്കുകയും ചെയ്യും. ഇതിലൂടെ പ്രാദേശികമായി തന്നെ പകർച്ചവ്യാധികളെ പ്രതിരോധിക്കാനാകും. ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നടത്തണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം. ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻഗുനിയ എന്നിവയ്ക്കെതിരേയും ശ്രദ്ധ വേണം. ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എൻ1 തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. കുടിവെള്ള സ്രോതസുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. നിപ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും മന്ത്രി നിർദേശം നൽകി.

വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) ജാഗ്രത പാലിക്കണം. ജലാശയങ്ങളിൽ കുളിക്കുന്നവർ ശ്രദ്ധിക്കണം. വാട്ടർ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാൽ ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം നിർണയിക്കാനുള്ള പരിശോധന കൂടി നടത്താനും മന്ത്രി നിർദേശം നൽകി.

ദില്ലി: റിസർവ് ബാങ്ക് തുടർച്ചയായി രണ്ടാം തവണയും റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയ അവലോകനത്തിൽ പോലെ ഈ തവണയും 0.25 ശതമാനമാണ് കുറവ്. പുതിയ നിരക്കിനുസാരമായി റിപ്പോ നിരക്ക് 6 ശതമാനമായി കുറയുന്നു.

ഇതിലൂടെ വായ്പകളും ഇഎംഐകളും കുറയാനുള്ള പ്രതീക്ഷയിലാണ് പൊതുജനം. ഇതുവരെ 6.25% ആയിരുന്ന റിപ്പോ നിരക്ക് ഫെബ്രുവരി 2025ലെ ധനനയ അവലോകനത്തിലാണ് അവസാനമായി കുറഞ്ഞത്. ഈ ഘട്ടത്തിൽ വീണ്ടും കുറവുണ്ടാക്കിയത് വായ്പക്കാർക്ക് ആശ്വാസം നൽകുമെന്ന് കരുതുന്നു.

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്‌കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസമാണ് ക്യാമ്പയിൻ നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തിരുമാനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വാസസ്ഥലത്തോട് ചേർന്ന് നിൽക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, രക്ഷാകർതൃ സമിതി ഭാരവാഹികൾ മുതലായവരുടെ സേവനം  ഇതിനായി പ്രയോജനപ്പെടുത്തും. മെയ് 7ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടിയിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ പ്രഖ്യാപനം നടത്തുമെന്നും  മുഖ്യമന്ത്രി അറിയിച്ചു.

അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി ആവിഷ്‌കരിച്ച റോഷ്‌നി പദ്ധതി, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കിവരുന്ന സമാന പദ്ധതികൾ എന്നിവയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എസ്.സി.ഇ. ആർ.ടി സമഗ്ര വിദ്യാഭ്യാസ പരിപാടി ഏപ്രിൽ 30നകം തയ്യാറാക്കും.

മെയ് ആദ്യവാരം പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, തൊഴിൽ, സാമൂഹ്യ നീതി, വനിത ശിശുക്ഷേമം, ആരോഗ്യം മുതലായ വകുപ്പുകളുടെ യോഗം വിളിച്ച് എസ്. സി. ഇ.  ആർ ടി തയ്യാറാക്കിയ  പ്രവർത്തനരൂപരേഖ അന്തിമമാക്കും.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്‌കൂൾ പ്രവേശനം സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കണം. ആറ് മാസത്തിൽ ഒരിക്കൽ രജിസ്റ്റർ പരിഷ്‌കരിക്കണം. അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച ഡാറ്റ ഈ രജിസ്റ്ററിൽ പ്രത്യേകം സൂക്ഷിക്കണം.

സീസണൽ മൈഗ്രേഷന്റെ ഭാഗമായി ഓരോ പ്രദേശത്തും വന്ന് പോകുന്ന അതിഥി തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് മാറിപ്പോകുന്ന പ്രദേശത്ത് രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തി പഠനത്തുടർച്ച ഉറപ്പാക്കണം.

 കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ പരിശോധന സംവിധാനവും ആവശ്യമെങ്കിൽ  മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കണം. ശുചിത്വം, ലഹരി ഉപയോഗം, ആരോഗ്യ ശീലങ്ങൾ മുതലായ കാര്യങ്ങളിൽ ബോധവൽക്കരണം നടത്തണം.

വാർഡ് / തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ അവധി ദിവസങ്ങളിൽ കലാ-കായിക, സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് പൊതു ഇടങ്ങൾ സൃഷ്ടിച്ച് തദ്ദേശീയരായ കുട്ടികളുമായി ചേർന്ന് സാംസ്‌കാരിക വിനിമയത്തിന് അവസരമൊരുക്കണം.

അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടത്തണമെന്ന്  നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആധാർ അധിഷ്ഠിത രജിസട്രേഷൻ നടത്താൻ പ്രത്യേക പോർട്ടലും മൊബൈൽ അപ്ലിക്കേഷനും വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് സഹായകമായ മൊഡ്യൂളുകൾ കൂടി ചേർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, തൊഴിൽ വകുപ്പ് സെക്രട്ടറി കെ വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എ ഷാനവാസ്, ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

2024ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച അധികാരത്തെ തുടർന്നുള്ള ചട്ടങ്ങളിൽ കൊണ്ടുവരേണ്ട ഭേദഗതി എത്രയും വേഗം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. പൊതു ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്ന ഭൂമിയെയും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയെയും ചെറിയതോതിലുള്ള തരംമാറ്റത്തെയും വെവ്വേറെ കാണണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അഡ്വക്കറ്റ് ജനറലുമായി ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭേദഗതി നടപ്പാകുന്നതോടെ ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകും.

മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന  യോഗത്തിൽ റവന്യു മന്ത്രി കെ രാജൻ, നിയമ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, നിയമ സെക്രട്ടറി കെ ജി സനൽ കുമാർ, ലാൻഡ് റവന്യൂ കമ്മീഷണർ എ കൗശികൻ തുടങ്ങിയവർ  സംസാരിച്ചു.