General (Page 38)

റോഡ് അപകടങ്ങൾക്കുള്ള മുഖ്യ കാരണം വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ്. റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലായിരിക്കും കാരണം, വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല, ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്.

എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട് ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രിയും രാത്രി മുഴുവൻ ഉറക്കമിളച്ചിട്ട് വീണ്ടും പകലും ഡ്രൈവിംഗ് വീലിന് പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവന് ഭീഷണിയാകുന്ന പ്രവർത്തിയാണ് അതെന്ന്. നിരന്തരമായ പ്രവർത്തിയും അംഗ ചലനവും തിരക്കേറിയ റോഡിൽ വാഹനം ഓടിക്കുമ്പോൾ ആവശ്യമാണ് എന്നതുകൊണ്ട് തന്നെ ഡ്രൈവർക്ക് ഉറക്കം വരാനുള്ള സാധ്യതം കുറവാണ്. എന്നാൽ റോഡ് വിജനമാകുകയും ഡ്രൈവറുടെ പ്രവർത്തിയുടെ ആവശ്യം കുറയുകയും മാത്രമല്ല കൂടെ ഉള്ളവർ ഉറക്കത്തിലേക്ക് പോകുകയും ചെയ്യുമ്പോൾ ഡ്രൈവറുടെ മനോനിലയെയും അത് ബാധിക്കുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

സ്ഥിരമായി ഉറങ്ങുമ്പോൾ കേൾക്കുന്ന പാട്ടുകൾ കേൾക്കുന്നതും കൂടുതൽ ഭക്ഷണം കഴിക്കുന്നതും എല്ലാം ഉറക്കത്തിലേക്ക് നയിച്ചേക്കാം. രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം. ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാൽ , ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്‌ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണ് സുരക്ഷിതമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പത്തനംതിട്ട: ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്‌കാരം ഉണ്ടാക്കണമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പത്തനംതിട്ട അപകടം വളരെ ദുഖകരമായ സംഭവമാണെന്നും ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സീസൺ ആണ്. ആയിരക്കണക്കിന് വണ്ടികളാണ് റോഡുകളിലൂടെ പോകുന്നത്. പത്തനംതിട്ടയിലെ സംഭവത്തിൽ വീട് വളരെ അടുത്തായതിനാൽ വീട്ടിലെത്തി ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണും. പല അപകടങ്ങളും അശ്രദ്ധമൂലം ഉണ്ടാകുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലക്കാട് നടന്ന അപകടം കുഞ്ഞുങ്ങളുടെ കുറ്റം അല്ല. പല സിഫ്റ്റ് ഡ്രൈവർമാരും അശ്രദ്ധമായി വണ്ടിയോടിക്കുന്നുണ്ട്. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് ചില റോഡുകൾ പണിഞ്ഞിരിക്കുന്നത് ഇത് അപകടത്തിന് കാരണമാകുന്നുണ്ട്. ശാസ്ത്രീയമായല്ല പല റോഡുകളും നിർമ്മിച്ചിട്ടുള്ളത്. റോഡ് നിർമ്മാണത്തിനായി പ്രാദേശിക പരിശോധന നടത്തുന്നില്ല. നാഷണൽ ഹൈവേ ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണെന്നും സംസ്ഥാനത്തെ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ തിരക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധനവ്. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം ഭക്തരാണ് ഇത്തവണ ശബരിമലയിൽ ദർശനം നടത്താൻ എത്തിയത്. 22.7 കോടി രൂപയാണ് ഇത്തവണ അധിക വരുമാനമായി ലഭിച്ചത്. നട തുറന്ന് 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത് കണക്ക് അവതരിപ്പിച്ചു.

തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസ് സംവിധാനം വിജയകരമാണെന്ന് പി എസ് പ്രശാന്ത് അറിയിച്ചു. 25ന് തങ്കയങ്കി എത്തുമെന്നും അന്ന് തയങ്കയക്കി ചാർത്തിയുള്ള ദീപാരാധന നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 22,67,956 തീർഥാടകരാണ് ഈ സീസണിൽ ഇതുവരെ ദർശനത്തിന് എത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം തീർഥാടകരുടെ വർധന.163, 89,20,204 രൂപയാണ് ഈ സീസണിലെ നടവരവ്. കഴിഞ്ഞ തവണത്തെക്കാൾ 22 കോടി 76 ലക്ഷത്തിൽ കവിയുന്ന അധിക വരുമാനം നേടാൻ കഴിഞ്ഞു. അരവണ വിറ്റുവരവിലും വൻ കുതിപ്പുണ്ടായി. കഴിഞ്ഞ വർഷം 65 കോടി രൂപയിലധികം രൂപയുടെ സ്ഥാനത്ത് ഇക്കുറി 82.5 കോടിയിലധികം രൂപയുടെ വിറ്റുവരവാണുണ്ടായത്.

കഴിഞ്ഞ വർഷത്തെക്കാൾ 17 കോടിയിലധികം രൂപയാണ് അരവണ വിറ്റുവരവിലൂടെ ലഭിച്ചത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടം. കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ നാലു പേർ മരണപ്പെട്ടു. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. മലേഷ്യൻ യാത്ര കഴിഞ്ഞ് തിരികെ എത്തിയ അനുവിനെയും നിഖിലിനെയും വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ട് പോകവെയാണ് അപകടം നടന്നത്.

പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന 3 പേർ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം.

കഴിഞ്ഞ നവംബർ 30നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം കഴിഞ്ഞത്. എട്ട് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവർ വിവാഹിതരായത്.

തിരുവനന്തപുരമ: അപകടം നടന്ന പനിയം പാടത്തെ റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെന്നും അത് ഉടൻ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ലോറി മറിഞ്ഞ് കുട്ടികൾ മരണപ്പെട്ട പനിയംമ്പാടത്തെ അപകട സ്ഥലവും റോഡിലെ പ്രശ്നങ്ങളും നേരിട്ടെത്തി മനസിലാക്കി. റോഡിന്റെ നിർമ്മാണം അശാസ്ത്രീയമാണ്. ഒരുവശത്ത് കൂടുതൽ വീതിയും മറുവശത്ത് കുറഞ്ഞ വീതിയും ആണുള്ളത്. ഇത് പരിഹരിക്കാൻ റോഡിൻറെ നടുവിലെ മാർക്ക് രണ്ട് മീറ്റർ മാറ്റിവരയ്ക്കും. ഇവിടെ അടിയന്തിരമായി ഡിവൈഡർ സ്ഥാപിക്കും. അപകടത്തിന് കാരണമാകുന്ന വലതുഭാഗത്തുള്ള ഓട്ടോസ്റ്റാൻഡ് ഇടതു ഭാഗത്തേക്ക് മാറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നാഷണൽ ഹൈവേ അതോറിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവരുടെ യോഗം ചൊവ്വാഴ്ച വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാഷണൽ ഹൈവേ അതോറിറ്റിയുടെ കൺസ്ട്രക്ഷൻ അപാകതയാണ് റോഡിനുള്ളത്. അത് പരിഹരിക്കാനാണ് ചർച്ച. ഇതിലേക്കുള്ള പണം നാഷണൽ ഹൈവേ അതോറിറ്റിയാണ് അനുവദിക്കേണ്ടത്. അവർ വിസമ്മതിക്കുകയാണെങ്കിൽ സർക്കാർ ന്റെ റോഡ് സേഫ്റ്റി അതോറിറ്റി വഴി തുക അനുവദിക്കും. മുണ്ടൂരിലെ ദേശീയപാതയിലും നാട്ടുകാർ ഇത്തരം ഒരു പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അത് കെഎസ് ടി പി റോഡാണ്. ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ പെടുത്തും. അവിടെ വേണ്ടത് റൗണ്ടാണോ ഫ്ലക്ചർ ലൈറ്റാണോ തുടങ്ങിയ കാര്യങ്ങൾ അടുത്ത ദിവസങ്ങളിൽ ഉദ്യോഗസ്ഥ പരിശോധനയിലൂടെ തീരുമാനിക്കും. റോഡ് ക്രോസിംഗുകൾക്ക് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുന്നത് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു എന്നത് കാണാതിരുന്നുകൂടാ എന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ മന്ത്രി സ്ഥലത്തെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ കേട്ടു. തുടർന്ന് വാഹനാപകടം നടന്ന സ്ഥലത്തെ വീട്ടുകാരുടെ അഭിപ്രായങ്ങളും കേട്ടാണ് മടങ്ങിയത്. റോഡപകടം നടന്ന പ്രദേശത്തെ റോഡിലൂടെ സ്വന്തം കാർ സ്വയം ഡ്രൈവ് ചെയ്താണ് മന്ത്രി റോഡിലെ നിർമ്മാണ പ്രശ്നങ്ങൾ വിലയിരുത്തിയത്. ആർടിഒ, പോലീസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ന്യൂഡൽഹി:ഭാരതീയ സംസ്കാരം ലോകത്തിനു തന്നെ മാത്രകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ ആണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഭരണഘടനാ നിർമാണത്തിൽ സ്ത്രീകൾ പ്രത്യേകം പങ്കു വഹിച്ചു.ഭാരതീയ സംസ്കാരം ലോകത്തിന് തന്നെ മാതൃകയാന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ ജനാധിപത്യം മറ്റുള്ള രാജ്യങ്ങൾക്ക് പ്രചോദനം ഏകുന്നു. 75 വർഷങ്ങൾ നീണ്ടുനിന്ന യാത്ര എളുപ്പമായിരുന്നില്ല. രാജ്യത്ത് സ്ത്രീകളുടെ അവകാശവും ഉന്നമനവും ഭരണഘടന ഉറപ്പാക്കി. രാജ്യത്തെ എല്ലാ പദ്ധതികളും സ്ത്രീകളെ കേന്ദ്രീകരിച്ചാണ്. പാർലമെന്റിലും സ്ത്രീകളുടെ പ്രാധാന്യം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൻജിഒകളും വിവിധ വ്യക്തികളും വയനാട് പുനരധിവാസത്തിന് വലിയ സഹായങ്ങൾ വാഗ്ദാനം ചെയ്തുവെന്നും അവർക്ക് വേണ്ട സ്ഥലം അനുവദിക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.

കൃത്യമായ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിൽ കേന്ദ്ര സർക്കാർ സഹായം അനുവദിച്ചേനെ. റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയും സമാനമായി സംസ്ഥാന സർക്കാരിനോട് ചോദ്യമുന്നയിച്ചു. വയനാടിന് പ്രധാനമന്ത്രി തന്നെ സഹായ വാഗ്ദാനം നടത്തിയിട്ടുണ്ടെന്നും ഗവർണർ വിശദമാക്കി.

അതേസമയം, ദുരന്ത ബാധിതരെ എയർലിഫ്റ്റ് ചെയ്തതിന് 132.62 കോടി ആവശ്യപ്പെട്ട കേന്ദ്ര നടപടി ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കേരളത്തോട് കേന്ദ്രം ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വയനാടിന് വേണ്ടി കേന്ദ്രം എന്ത് സഹായം ചെയ്തുവെന്നതാണ് പ്രധാനം. ഹെലികോപ്റ്റർ ഉപയോഗിച്ചതിന് പണം ചോദിച്ചത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ആ തീരുമാനം തിരിച്ചെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ഊർജ്ജ സംരക്ഷണത്തിലെ കേരള മാതൃകയ്ക്ക് ദേശീയതലത്തിൽ അംഗീകാരം. 2024 ലെ നാഷണൽ എനർജി കൺസർവേഷൻ അവാർഡിലെ സംസ്ഥാന ഊർജ കാര്യക്ഷമത പെർഫോമൻസ് അവാർഡിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഭിമാനകരമായ നേട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഊർജ്ജ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കാർഷിക രംഗം, വൈദ്യുത വിതരണരംഗം, ഗതാഗതം, വ്യവസായികരംഗം, വൻകിട കെട്ടിടങ്ങൾ, ഗാർഹിക മേഖല എന്നീ വിഭാഗങ്ങളിൽ ഊർജ്ജ കാര്യക്ഷമത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും, ഈ മേഖലയിലെ ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി സർക്കാർ ഇതര സ്ഥാപനങ്ങളുടെ ധന സഹായത്തോടെ നടത്തിവരുന്ന പദ്ധതികളും പ്രവർത്തനങ്ങളും കണക്കിലെടുത്താണ് കേരളത്തിന് പുരസ്‌കാരം ലഭിച്ചത്. ഈ മേഖലയിൽ കൂടുതൽ മികവോടെ മുന്നോട്ടുപോകാൻ ഈ അംഗീകാരം പ്രചോദനം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്: പുതിയ ട്രാവൽ കൾച്ചർ രൂപീകരിക്കുന്നതിന് ഭാഗമായി കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസുകളും എസി ആക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പുതുതായി ആരംഭിക്കുന്ന മൂന്ന് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസുകളിൽ ഒന്ന് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് കോഴിക്കോട് സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് ആരംഭിക്കും. പാലക്കാട് നിന്നും ബാംഗ്ലൂർ മൈസൂർ ബസുകൾ ഉടൻ ഓടിത്തുടങ്ങും. ടൂറിസം വികസനത്തിന്റെ ഭാഗമായി പാലക്കാട് നിന്ന് മൂന്നാർ കുമളി സർവീസ് ആരംഭിക്കും. പാലക്കാട് നിന്നും മൂകാംബികയിലേക്ക് ആരംഭിച്ച മിന്നൽ സർവീസ് വലിയ ലാഭത്തിലാണ്. ‘പുതിയ 35 എസി, സെമി സ്ലീപ്പർ ബസുകൾ പുറത്തിറക്കും. അതിൽനിന്ന് ഒരു വണ്ടി മൈസൂരിലേക്കും ഒരു വണ്ടി മദ്രാസിലേക്കും സർവീസ് നടത്തും. പാലക്കാട് നിന്ന് പഴനിയിലേക്ക് ഓടിയിരുന്ന സർവീസ് നിർത്തില്ല പകരം ലാഭകരമാകുന്ന പുതിയ സമയം ക്രമീകരിച്ച് സർവീസ് പുനരാരംഭിക്കും. സ്ത്രീകളും കുട്ടികളും കെഎസ്ആർടിസിയിൽ കയറാതെ കെഎസ്ആർടിസി രക്ഷപ്പെടില്ല. അതിന് മികച്ച സൗകര്യങ്ങൾ ശുചിത്വം, ഭക്ഷണം എന്നിവ പ്രധാനമാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം എല്ലാ വാഹനങ്ങളിലും ക്യാമറകൾ ഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ക്യാമറ കൺട്രോളുകൾ നേരിട്ട് കെഎസ്ആർടിസി ഹെഡ് കോർട്ടേഴ്‌സുകളിൽ ആയിരിക്കും. ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക ക്യാമറകൾ കൂടി ഫിറ്റ് ചെയ്യുന്നത് പരിഗണനയിലാണ് ‘പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് പുറകുവശത്തെ ഒഴിഞ്ഞ സ്ഥലത്ത് പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന പെട്രോൾ പമ്പ് സ്ഥാപിക്കും. ജീവനക്കാർക്ക് മികച്ച വിശ്രമ സൗകര്യം അനുവദിക്കാനാണ് തീരുമാനം. നല്ല വിശ്രമം ലഭിക്കുന്നത് അപകടങ്ങൾ കുറയ്ക്കും. കെഎസ്ആർടിസിയിലെ ടോയ്‌ലറ്റ് ഉടൻ ഉപയോഗയോഗ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 62,201 4ജി ടവറുകൾ സ്ഥാപിച്ചുവെന്ന് കേന്ദ്രം. ടെലികോം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇവ മൊത്തമായി കമ്മീഷൻ ചെയ്തിട്ടില്ലെന്നും ടോലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

രാജ്യത്ത് ഒരു ലക്ഷം ടവറുകൾ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും വൈകാതെ തന്നെ ഇത് യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി ടവറുകൾ സ്ഥാപിക്കുന്നത് ടാറ്റയുമായി സഹകരിച്ചാണ്.

700 MHz, 2100 MHz ബാൻഡുകളിലാണ് ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്വർക്ക് പ്രവർത്തിക്കുന്നത്. തങ്ങളുടെ നെറ്റ്വർക്ക് മറ്റ് ടെലികോം കമ്പനികളുടെ നെറ്റ്വർക്കിന് തുല്യമായ വേഗതയാണ് നൽകുന്നതെന്നാണ് ബിഎസ്എൻഎല്ലിന്റെ അവകാശവാദം.