General (Page 37)

തിരുവനന്തപുരം: വയനാട് ജില്ലയിലെ മാനന്തവാടി പയ്യംമ്പള്ളി കൂടൽക്കടവ് ചെമ്മാട് പട്ടികവർഗ്ഗ ഉന്നതിയിലെ മധ്യവയസ്‌കനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയ സംഭവത്തെ ഏറെ ഗൗരവമായി തന്നെയാണ് കണ്ടിരിക്കുന്നതെന്നും മന്ത്രി ഒ ആർ കേളു. കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിൽ മാനന്തവാടി പോലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കർശന ശിക്ഷ നൽകുന്നതിനുമുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ച് കഴിഞ്ഞു. ഒപ്പം ഈ ദാരുണ സംഭവത്തിൽ പരിക്കേറ്റ മാതന് ആവശ്യമായ വിദഗ്ധ ചികിൽസ നൽകുന്നതിന് വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൽപ്പറ്റ: ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ചു. വയനാട് മാനന്തവാടിയിലാണ് സംഭവം. സംഭവത്തിലെ പ്രതികളെയെല്ലാം പോലീസ് തിരിച്ചറിഞ്ഞു.
വയനാട് കണിയാമ്പറ്റ സ്വദേശി ഹർഷിദും സുഹൃത്തുക്കളുമാണ് പ്രതികൾ.

കണിയാംപറ്റയിൽ നിന്ന് യുവാവിനെ വലിച്ചിഴച്ച കാറും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേറിയത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ചിഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണെന്നും കോടതി നിർദേശിച്ചു. ജനുവരി 23ന് ഇതുസംബന്ധിച്ച പൊതുതാൽപര്യ ഹർജി കോടതി വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം: അന്തരിച്ച ലോകപ്രശസ്ത തബല വിദ്വാൻ സാക്കിർ ഹുസൈന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീർ ഹുസൈനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ ക്ലാസിക്കൽ സംഗീത പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും അപാരമായ സിദ്ധിയും സക്കീർ ഹുസൈനെ അനുപമനായ സംഗീതജ്ഞനാക്കി മാറ്റി. അതോടൊപ്പം ലോകസംഗീതവും അതിലെ സമകാലിക ഭാവുകത്വങ്ങളും തന്റെ കലയിൽ അദ്ദേഹം വിലയിപ്പിക്കുകയും അനുവാചകരെ നിരന്തരം വിസ്മയിപ്പിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തിന് അഭിമാനം പകരുന്ന ഗ്രാമി ഉൾപ്പെടെയുള്ള അന്തർദ്ദേശിയ പുരസ്‌കാരങ്ങൾ നിരവധി തവണ അദ്ദേഹത്തെ തേടിയെത്തി. സക്കീർ ഹുസൈന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ലോകപ്രശസ്തനായ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. അര നൂറ്റാണ്ടിലേറെ ലോകസംഗീതത്തിൽ നിറഞ്ഞുനിന്ന താള വിസ്മയമാണ് നിലച്ചത്. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. 73 വയസായിരുന്നു. ഉസ്താദിന്റെ മരണം കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു.

ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയോടെയാണ് സാക്കിർ ഹുസൈൻറെ മരണം കുടുംബം സ്ഥിരീകരിച്ചത്. ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ച ഗുരുതര രോഗം കാരണമാണ് സാക്കിർ ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തബലയെ ലോകപ്രശസ്തയിലേക്ക് ഉയർത്തിയവരിൽ ഒരാളാണ് ഉസ്താദ് സാക്കിർ ഹുസൈൻ.

1951ൽ മുംബൈയിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. 12-ാം വയസ് മുതൽ കച്ചേരികൾ അവതരിപ്പിക്കാൻ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ എൻഡോവ്മെൻറ് ഫോർ ആർട്സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു.

ganesh kumar

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ ആവർത്തിക്കുകയും ജീവൻ പൊലിയുന്നവരുട എണ്ണം കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉന്നത തല യോഗം വിളിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ സുരക്ഷിതമായ യാത്രക്ക് ആവശ്യമായ തുടർ നടപടികളും അപകടരഹിത യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഉന്നത തല യോഗം വിളിച്ചിരിക്കുന്നത്.

അപകടമേഖലയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തുന്നത് ഉൾപ്പെടെ ഉന്നത തല യോഗത്തിൽ ചർച്ച ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്താണ് ഉന്നത തല യോഗം നടക്കുക. മോട്ടോർ വാഹന വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ദേശീയ പാത അതോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി, റോഡ് സേഫ്റ്റ് വിഭാഗം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും

കാസർകോട്: മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ കേന്ദ്രം സഹായം നിഷേധിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഗവൺമെന്റ് ഒരു പകപോക്കൽ നിലപാടാണ് കേരളത്തോട് കാണിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളവും രാജ്യത്തിന്റെ ഭാഗമാണ്. നീതി നിഷേധിക്കാൻ പാടില്ല. കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടിൽ കടുത്ത പ്രതിഷേധം ഉയർന്ന് വരണം. കോൺഗ്രസ് സാമ്രാജ്യത്വത്തിന് വിധേയപ്പെട്ടു. നരേന്ദ്ര മോദി പറയുന്ന അതേ കാര്യങ്ങളാണ് രാഹുൽ ഗാന്ധിയും പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, കേന്ദ്ര നടപടിക്കെതിരെ മന്ത്രി പി രാജീവും വിമർശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിൻറെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോയെന്നായിരുന്നു മന്ത്രി പി രാജീവിന്റെ ചോദ്യം. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട: ഇതുവരെ 1,25,0551 പേർ എ.ഐ ചാറ്റ് ബോട്ട് ഉപയോഗിച്ചതായി അധികൃതർ. ശബരിമല തീർഥാടകർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം സജ്ജമാക്കിയതാണ് സ്വാമി ചാറ്റ് ബോട്ട്. ഇതുവരെ മൂവായിരത്തോളം അത്യാഹിത കേസുകളിലും എ.ഐ ചാറ്റ് ബോട്ടിലൂടെ ഇടപെടൽ നടത്തിയെന്നും അധികൃതർ പറയുന്നു. ദിനംപ്രതി പതിനായിരത്തോളം പേരാണ് വാട്ട്സ് ആപ് അധിഷ്ഠിതമായ സ്വാമി ചാറ്റ് ബോട്ട് ഉപയോഗിക്കുന്നത്.

ആറ് വ്യത്യസ്ത ഭാഷകളിൽ ശബരിമലയിലെ തത്സമയ വിവരങ്ങൾ ചാറ്റ്ബോട്ടിൽ ലഭ്യമാണ്. തീർത്ഥാടകർക്ക് 6238008000 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ‘ഹായ്’ അയച്ചും ക്യു.ആർ കോഡ് സ്‌കാൻ ചെയ്തും സ്വാമി ചാറ്റ് ബോട്ട് ഉപയോഗിക്കാം. ഇഷ്ടമുള്ള ഭാഷ, ഭക്ഷണ ചാർട്ടുകൾ, കെഎസ്ആർടിസി ബസ് സമയങ്ങൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, ക്ഷേത്ര സേവനങ്ങൾ, താമസ ബുക്കിംഗ് തുടങ്ങിയ വിവരങ്ങൾ സ്വാമി എ.ഐ ചാറ്റ് ബോട്ടിൽ ലഭിക്കുന്നതാണ്.

നടതുറക്കൽ, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് ‘സ്വാമി ചാറ്റ് ബോട്ടിലൂടെ’ ലഭ്യമാകും.

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ ആരോപണങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറൽ തത്വങ്ങളെ തകർക്കുമെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് മുൻപ് മൂന്ന് തെരഞ്ഞെടുപ്പുകൾ സമാന രീതിയിൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ ലക്ഷ്യമിടുന്ന ആർട്ടിക്കിൾ 82 എ അവതരിപ്പിക്കുന്നതിനൊപ്പം പാർലമെന്റിന്റെയും നിയമസഭകളുടെയും പൂർണകാലാവധി ഉറപ്പുവരുത്തുന്ന തരത്തിൽ ആർട്ടിക്കിൾ 83, ആർട്ടിക്കിൾ 172 തുടങ്ങിയവയിൽ ഭേദഗതി വരുത്താനും ബിൽ ലക്ഷ്യമിടുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ വിജയം ഉറപ്പാക്കുന്നതാണ് ഈ നീക്കമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് പുതിയ കാര്യമല്ല. രാജ്യത്ത് മൂന്ന് തെരഞ്ഞെടുപ്പ് സമാന രീതിയിൽ നടന്നിട്ടുണ്ട്. 1952-ൽ എല്ലാ തെരഞ്ഞെടുപ്പുകളും ഒരേസമയമാണ് നടന്നത്. 1957-ൽ തെരഞ്ഞെടുപ്പ് തീയതികളിൽ വ്യത്യാസമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഒരേ സമയം നടത്താനായി എട്ട് സംസ്ഥാനങ്ങളിലെ നിയമസഭകൾ പിരിച്ചുവിട്ടു. ഇതിന് ശേഷം മൂന്നാം തവണയും രാജ്യത്ത് സമാനരീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയതായി അമിത് ഷാ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ ഹെലികോപ്റ്റർ സേവനത്തിന് പണം ആവശ്യപ്പെട്ടതിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സാധാരണ നടപടി മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും ഹെലികോപ്റ്റർ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

പിണറായി വിജയൻ സർക്കാർ ഇത് വിവാദമാക്കുന്നതെന്തിനാണ്. എഐ ക്യാമറയും, ബ്രഹ്മപുരവും പോലുള്ള അഴിമതി കരാറുകൾക്കായി കോടികൾ ചിലവഴിക്കുന്ന സർക്കാർ വയനാടിലെ ജനങ്ങൾക്കായി ഒന്നും നൽകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. അതേസമയം, വയനാട് ദുരന്തം, പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിന്റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോയെന്നാണ് മന്ത്രി പി രജീവ് വിമർശിച്ചത്.

കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകും. ടൗൺഷിപ്പ് നിർമ്മാണം എന്നതിൽ നിന്ന് പിന്നോട്ടില്ല. രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. ഇത് അനുകൂലമായാൽ എസ്റ്റേറ്റ് ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.