General (Page 35)

തിരുവനന്തപുരം: ‘സൗഖ്യം സദാ’ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ 2.30ന് പത്തനംതിട്ട മൈലപ്ര മാർ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ സ്പാർക്ക് (SPAARK: Students Programme Against Antimicrobial Resistance Kerala) പദ്ധതിയുടെ ഭാഗമായി നാഷണൽ സർവീസ് സ്‌കീമുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആധുനിക ലോകത്തെ അശാസ്ത്രീയമായ മരുന്നുപയോഗ ശീലങ്ങൾ തിരിച്ചറിയുന്നതിലൂടെ സ്വയം പാകപ്പെടുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കി അവരിലൂടെ സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബർ 21 മുതൽ ആരംഭിക്കുന്ന എൻ.എസ്.എസ്. ക്യാമ്പുകളിൽ പതിനേഴായിരത്തോളം വരുന്ന വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വിദ്യാർത്ഥികൾ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ സ്പാർക്ക് പദ്ധതി പ്രമേയങ്ങൾ ഉൾക്കൊണ്ട് 343 പഞ്ചായത്തുകളിലെ വീടുകളിൽ സന്ദർശനം നടത്തും.

അശാസ്ത്രീയമായ മരുന്നുപയോഗത്തിന്റെയും ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചും ആന്റിബയോട്ടിക് പ്രതിരോധം തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളെക്കുറിച്ചും ഇവർ അവബോധ പ്രവർത്തനം നടത്തും. പൊതുജനാരോഗ്യത്തിന് ഭീഷണിയായി ഉയർന്നുവരുന്ന ആന്റിമൈക്രോബിയൽ പ്രതിരോധത്തെ ഫലപ്രദമായി ചെറുക്കുന്നതിന് സംസ്ഥാന സർക്കാരും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പും ഒട്ടേറെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.

ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി പരിശോധനകൾ കർശനമാക്കുകയും സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ‘അമൃത്’, ‘വെറ്റ്ബയോട്ടിക്’, ‘ഓപ്പറേഷൻ ഡബിൾ ചെക്ക്’ തുടങ്ങിയ പേരുകളിൽ റെയ്ഡുകൾ നടത്തുകയും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇത്തരം പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടമായാണ് ‘സൗഖ്യം സദാ’ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യമാണുള്ളതെന്നും ഈ വിലക്കയറ്റം കേരളത്തിൽ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുന്നത് സംസ്ഥാന സർക്കാറിന്റെ കൃത്യമായ വിപണി ഇടപെടൽ മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിസംബർ 21 മുതൽ 30 വരെ നടക്കുന്ന സപ്ലൈക്കോ ക്രിസ്മസ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാർ ഇടപെടലിൽ പ്രധാന ശക്തിയായി പ്രവർത്തിക്കുന്നത് സപ്ലൈകോയാണ്.

ഉത്സവകാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കാനിടയുണ്ട് എന്ന് കണ്ടതുകൊണ്ടാണ് സംസ്ഥാന സർക്കാർ ഫലപ്രദമായ ഇടപെടൽ വിപണിയിൽ നടത്തുന്നത്.

സംസ്ഥാന വ്യാപകമായിയുള്ള ഫലപ്രദമായ ഇടപെടലിൽ സപ്ലൈകോയ്‌ക്കൊപ്പം കൺസ്യൂമർ ഫെഡുമുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളും ഉത്സവകാലങ്ങളിൽ ഇടപെടൽ നടത്തുന്നുണ്ട്. ഇത്തരത്തിൽ വിവിധ മേഖലകളിലെ ഇടപെടലാണ് വിലക്കയറ്റം വലിയ തോതിൽ ഉയരാതെ തടുത്തു നിർത്തുന്നത്.

കേരളത്തിൽ മാത്രമാണ് ഇത്ര വിപുലമായ വിപണി ഇടപെടൽ നടത്തുന്നതും വിലക്കയറ്റം ഫലപ്രദമായി തടഞ്ഞുനിർത്താൻ കഴിയുന്നതും. ഇത് കൃത്യമായ കാഴ്ചപ്പാടുള്ളതുകൊണ്ടാണ്. സാധാരണക്കാരും പാവപ്പെട്ടവരും വിലക്കയറ്റം മൂലം പൊറുതിമുട്ടരുതെന്ന കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഭക്ഷ്യോത്പാദന രംഗത്ത് നല്ല രീതിയിൽ മുന്നേറുന്ന ഒരു കാലഘട്ടമാണിത്. നെല്ലിന്റെ കാര്യത്തിൽ ഉത്പാദനക്ഷമത നല്ലതുപോലെ വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. നാളികേരത്തിന്റെയും ഉത്പാദനക്ഷമത വർധിക്കുകയാണ്. കാർഷികോൽപ്പന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന നടപടികളും സ്വീകരിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ക്രിസ്മസ് പ്രമാണിച്ച് നിലവിലുള്ള സബ്‌സിഡി ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിന് പുറമേ മറ്റുൽപ്പന്നങ്ങൾക്ക് പലവിധത്തിലുള്ള ഓഫറുകളും വിലക്കുറവും നൽകി ജനങ്ങൾക്ക് ആശ്വാസം പകരാൻ കഴയുന്ന തരത്തിലാണ് ഇത്തവണ ക്രിസ്മസ് ഫെയർ സംഘടിപ്പിക്കുന്നതെന്നു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

കേരളത്തിൽ ഒട്ടാകെ ജില്ലാ ആസ്ഥാനങ്ങളിൽ ഫെയറുകൾ ആരംഭിച്ചിട്ടുണ്ട്. ഔട്ട്ലെറ്റുകളിൽ എല്ലാ ഉത്പന്നങ്ങളും എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിലെ ആറ് ലക്ഷത്തോളമുള്ള എ.എ.വൈ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് പഞ്ചസാര സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. പുതുവർഷം പ്രമാണിച്ച് 45 രൂപയിലധികംവരുന്ന ഒരു കിലോ പഞ്ചസാര കാർഡുടമകൾക്ക് ഇരുപത്തിയേഴ് രൂപയ്ക്ക് ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് മന്ത്രി പറഞ്ഞു.

ഡിസംബർ 30 വരെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ക്രിസ്മസ് ഫെയർ നടക്കും. ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 4 മണി വരെ ഫ്‌ലാഷ് സെയിൽ സംഘടിപ്പിക്കും. സബ്‌സിഡി ഇതര ഉത്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന വിലക്കുറവിനു പുറമേ അധിക വിലക്കുറവ് ഈ സമയത്ത് ലഭിക്കും.

ആന്റണി രാജു എം.എൽ.എ, സപ്ലൈക്കോ ചെയർമാൻ & മാനേജിങ് ഡയറക്ടർ പി ബി നൂഹ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയിൽ പിഴവുണ്ടായെന്നാരോപിച്ച് പ്രതിഷേധം. പട്ടികയിൽ നിന്നും നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകളിൽ ഇരട്ടിപ്പുണ്ടെന്നുമാണ് പ്രധാന ആരോപണം. ദുരന്തബാധിതരുടെ സമര സമിതിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഒരു വാർഡിൽ മാത്രം നിരവധി പേരുകൾ ഇരട്ടിച്ചുവെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം 388 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അതിൽ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പലരുടെയും പേര് ഒഴിവാക്കിയെന്നാണ് ഉയരുന്ന പരാതി. പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്വം. മാനന്തവാടി സബ് കളക്ടർക്കായിരുന്നു. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഘത്തിലുണ്ടായിരുന്നു. എന്നിട്ടും പിഴവുകൾ കടന്നുകൂടിയെന്നാണ് ആക്ഷേപം. 15 ദിവസത്തിനുള്ളിൽ വിട്ടുപോയവരുടെ പേരുകൾ നൽകാമെന്നും 30 ദിവസത്തിനുള്ളിൽ അന്തിമ പട്ടിക തയ്യാറാക്കുമെന്നും അധികൃതർ അറിയിച്ചു.

ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ. തമിഴ്‌നാട്ടിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ആക്രമിച്ചത്. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രൻ, രാജ്കുമാർ, നാഗലിംഗം തുടങ്ങിയ തൊഴിലാളികൾക്ക് ആക്രമണത്തിൽ പരിക്കേറ്റു.

ഫൈബർ ബോട്ടുകളിലെത്തി കല്ല് കൊണ്ടും മാരകായുധങ്ങൾ കൊണ്ടുമാണ് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ തൊഴിലാളികളെ ആക്രമിച്ചത്. ഇവരെ ആക്രമിച്ചതിന് ശേഷം ഇവരുടെ വലയും ജിപിഎസ് ഉപകരണങ്ങളും കൊള്ളക്കാർ കവർന്നെടുത്തു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ചു. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

തമിഴ്‌നാട് സർക്കാർ ഇടപെട്ട് ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി ഓഫീസിന് സമീപം പരിഭ്രാന്തി സൃഷ്ടിച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തി. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ഓഫീസിന് സമീപമാണ് അവകാശികളില്ലാത്ത ബാഗ് കണ്ടെത്തിയത്.

വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലീസ് പരിശോധനകൾ നടത്തി. മേഖല പൂർണമായും വളഞ്ഞ ശേഷമായിരുന്നു പരിശോധന.

അന്വേഷണത്തിനൊടുവിൽ ബാഗ് ഒരു മാധ്യമ പ്രവർത്തകന്റേതാണെന്ന് പോലീസ് കണ്ടെത്തിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ കൂടുതൽ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക്. ശബരിമലയിലെ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജയ്ക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്‌പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം.

ഡിസംബർ 26ന് ദർശനം 60,000 പേർക്കായി നിയന്ത്രിച്ചിട്ടുണ്ട്. ഇന്നലെയാണ് സന്നിധാനത്ത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തിയത്. 96,853 പേരാണ് ഇന്നലെ ദർശനം നടത്തിയത്. ഈ സീസണിലാകെ വൻ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതൽ ഭക്തരെത്താനുള്ള സാധ്യത മുന്നിൽ കണ്ടുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിൽ തണുപ്പ് കൂടിയതോടെ വായുമലിനീകരണവും രൂക്ഷമായി. വായുഗുണനിലവാരം അതീവ ഗുരുതര വിഭാഗത്തിലാണുള്ളത്. വായു ഗുണനിലവാര സൂചികയിൽ ഇന്ന് രേഖപ്പെടുത്തിയ ശരാശരി 400 എക്യു ഐയാണ്.

ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഹൈബ്രിഡ് മോഡിലാക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം കൊണ്ടുവന്നു. 8 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

വരും ദിവസങ്ങളിലും ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് എംടിയുടെ ആരോഗ്യസ്ഥിതി മോശമായത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിയുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത് വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ എംടിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു.

തിരുവനന്തപുരം: ലോറി മറിഞ്ഞു നാല് സ്‌കൂൾ വിദ്യാർഥിനികൾ മരിച്ച പാലക്കാട് പനയംപാടത്ത് റമ്പിൾസ് വച്ച് സ്പീഡ് കുറയ്ക്കാനുള്ള ഏർപ്പാട് ഉടനെ ചെയ്യുമെന്നും, താത്കാലിക ഡിവൈഡറിന്റെ സ്ഥാനത്ത് ഒരു സ്ഥിരാമായ ഡിവൈഡർ സ്ഥാപിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ തിരുവനതപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അപകടം സംഭവിച്ച ഭാഗത്തടക്കം റോഡിന്റെ ഷോൽഡർ പണി പൂർത്തിയാക്കും. അവിടെ ഒരു റിറ്റൈനിങ് മതിൽ പണിയുകയും ഒപ്പം റോഡിൽ നിന്ന് മാറി നടന്നുപോകാൻ ഉള്ള സംവിധാനം ഒരുക്കുകയും ചെയ്യും. പനയംപാടം അപകടവുമായി ബന്ധപെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.

ജംഗ്ഷനിൽ ഉള്ള ബസ് ബേ അവിടുന്ന് മാറ്റും. ജംഗ്ഷനിൽ വെള്ളം കെട്ടാതിരിക്കാനുള്ള സംവിധാനം ഉടൻതന്നെ ഹൈവേ അതോരിറ്റി ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അടിയന്തിരമായി ഒരാഴ്ചയ്ക്കുള്ളിൽ അവിടെ ചെയ്യണ്ട ജോലികളുടെ ഡിസൈൻ പിഡബ്ല്യുഡി നാഷണൽ ഹൈവേ വിഭാഗം ചീഫ് എഞ്ചിനീയർ ഹൈവേ അതോറിറ്റി ഡയറക്ടർക്ക് കൈമാറും. ഒരു കോടി രൂപയ്യ്ക്ക് മുകളിൽ ആണ് എസ്റ്റിമേറ്റ്.

മറ്റൊരു ബ്ലാക്ക്സ്പോട്ട് ആയ മുണ്ടൂർ ജംഗ്ഷനിലും ഫ്ലാഷ് ലൈറ്റ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

കൊച്ചി: നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടിയ്ക്ക് സ്റ്റേ. എറണാകുളം സബ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. കേസിൽ അന്തിമ ഉത്തരവ് വരുന്നത് വരെ സാന്ദ്ര തോമസിന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ അംഗമായി തുടരാം.

കൃത്യമായി കാരണം പറയാതെ തന്നെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഉയർന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനൊപ്പം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനയുടെ മൗനത്തെ ചോദ്യ ചെയ്തതും നിർമാതാക്കളുടെ സംഘടനയിൽ നിന്ന് തന്നെ പുറത്താക്കാൻ കാരണമായെന്ന് സാന്ദ്ര തോമസ് പറയുന്നു. താൻ ഇപ്പോഴും സംഘടനയിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ആളാണ്. സംഘടനയിലെ ചില അംഗങ്ങൾക്ക് മാത്രമാണ് തന്നോട് എതിർപ്പെന്നും നിർമാതാവ് ജി സുരേഷ് കുമാർ കിങ് ജോങ് ഉന്നിനെ പോലെയാണ് സംഘടനയിൽ പെരുമാറുന്നതെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.