General (Page 34)

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്സ് ടെക്നോ മീഡിയയും സംയുക്തമായി ചേർന്ന് ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 സംഘടിപ്പിക്കും. 2025 മാർച്ച് 12, 13 തീയതികളിൽ കൊച്ചി ഗ്രാന്റ് ഹയാത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

കെ.എസ്.ഇ.ബി, കേരള എനർജി മേനേജ്മെന്റ് സെന്റർ എന്നിവയോടൊപ്പം അനർട്ടും സമ്മേളനത്തിന്റെ മുഖ്യപങ്കാളിയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ‘പുനരുപയോഗ ഊർജ്ജവും ഗ്രീൻ ഹൈഡ്രജനും; ഭാവി സാധ്യതകൾ’ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും. കേന്ദ്ര വൈദ്യുതി വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടർ, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, പെട്രോളിയം, പ്രകൃതി വാതകം വകുപ്പുകളുടെ കേന്ദ്ര സഹ മന്ത്രി സുരേഷ്ഗോപി എന്നിവരുടെ സാന്നിധ്യത്തിൽ സമ്മിറ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.

വൈദ്യുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകർ, അനർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വേളൂരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗ്രീൻ ഹൈഡ്രജൻ രംഗത്തെ സാധ്യതകൾ, വെല്ലുവിളികൾ, പുത്തൻ ചുവടുവയ്പ്പുകൾ എന്നിവ ദ്വിദിന സമ്മേളനത്തിൽ ചർച്ചാ വിഷയങ്ങളാകും. പുനരുപയോഗ ഊർജ്ജ രംഗത്തെ വികസനങ്ങളും പുത്തൻമാറ്റങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഇ-ഗവൺമെന്റ് മാഗസീനിന്റെ പ്രത്യേക പതിപ്പ് സമ്മേളനത്തിൽ പ്രകാശനം ചെയ്യും. ഗവേഷകർ, വ്യവസായിക ഉപഭോക്താക്കൾ, ഊർജ്ജ വിദഗ്ദർ ഉൾപ്പെടെ 300 ൽപരം ഡെലിഗേറ്റുകൾ സമ്മേളനത്തിൽ പങ്കെടുക്കും.

റായ്ബറേലി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയ്ക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി. ജാതി സെൻസസ് പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. ജനുവരി ഏഴിന് കോടതി രാഹുൽ ഗാന്ധി ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാതി സെൻസസ് സംബന്ധിച്ച് നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി നോട്ടീസ് അയച്ചത്.

രാജ്യത്ത് ആഭ്യന്തരയുദ്ധം തുടങ്ങാനുള്ള ശ്രമമാണ് രാഹുലിന്റെ പരാമർശത്തിന് പിന്നിലെന്ന് ഹർജിക്കാരനായ പങ്കജ് പതക് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിയമസഭാ-പാർലമെന്റ് സാമാജികർക്കുള്ള കോടതിയാണ് ആദ്യം സമീപിച്ചത്. സമർപ്പിച്ച ഹർജി തളളിയതിനെ തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചതെന്നും ഹർജിക്കാൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സാമ്പത്തികമായ സർവേ നടത്തുമെന്ന് രാഹുൽ ഗാന്ധി പ്രചരണ വേളയിൽ പറഞ്ഞിരുന്നു.

രാജ്യത്തിന്റെ സമ്പത്ത് ആരുടേതാണെന്ന് കണ്ടെത്താനാണ് ഇത്തരത്തിലൊരു സർവേ നടത്തുന്നത്. പിന്നാക്ക ജാതികൾ, പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷങ്ങൾ, മറ്റ് ജാതികൾ എന്നിവയുടെ കൃത്യമായ ജനസംഖ്യയും നിലയും അറിയുന്നതിനായി ഒരു ജാതി സെൻസസ് നടത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

മുംബൈ: രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ദേശീയ പാത ഉദ്ഘാടനം ചെയ്ത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബയോ-ബിറ്റുമെൻ ഉപയോഗിച്ചാണ് ദേശീയപാത നിർമ്മിച്ചിരിക്കുന്നത്. നാഗ്പൂർ ജില്ലയിലെ ദേശീയ പാത 44 ന്റെ നാഗ്പൂർ-മൻസാർ ബൈപാസിന്റെ ഭാഗമാണ് വിളകളുടെ അവശിഷ്ടമായ ലിഗ്‌നിൻ പ്രയോജനപ്പെടുത്തി നിർമിച്ചത്. സ്വകാര്യ ബയോടെക് കമ്പനിയായ പ്രജ് ഇൻഡസ്ട്രീസ്, സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിആർആർഐ) സഹകരണത്തോടെയാണ് ബയോ-ബിറ്റുമെൻ നിർമ്മിച്ചത്.

പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ വിജയം സിആർആർഐ വിലയിരുത്തും. ഗുജറാത്തിലെ ഹലോളിലെ സർവ്വീസ് റോഡിൽ പദ്ധതി വിജയം കണ്ടതോടെയൊണ് ദേശീയപാതയിലേക്കും വ്യാപിപ്പിച്ചത്. നിലവിൽ പെട്രോളിയത്തിൽ നിന്ന് ലഭിക്കുന്ന ബിറ്റുമെനാണ് റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്. എന്നാൽ ബയോ- ബിറ്റുമെൻ ഉൽപ്പാദനത്തിന് ജൈവ അവശിഷ്ടങ്ങളാണ് ഉപയോഗിക്കുന്നത്. ബയോ- ബിറ്റുമെൻ സസ്യ എണ്ണകൾ, വിളകളുടെ അവശിഷ്ടങ്ങൾ, ആൽഗകൾ, ലിഗ്‌നിൻ (മരത്തിന്റെ ഒരു ഘടകം), മൃഗങ്ങളുടെ കാഷ്ഠം തുടങ്ങിയവയിൽ നിന്നെല്ലാം നിർമിക്കാം.

റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നത് 25,000-30,000 കോടി രൂപയുടെ ബിറ്റുമെനാണ്. ഇതിൽ പകുതിയോളം ഇറക്കുമതിയാണ്. ബയോ ബിറ്റുമെനിലേക്ക് തിരിയുന്നതോടെ റോഡ് നിർമാണത്തിനായി ചെലവഴിക്കേണ്ട തുകയിലും ഗണ്യമായ കുറവ് വരും.

തിരുവനന്തപുരം: വൻവിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ചന്തകൾക്ക് തുടക്കമായി. ജില്ലകളിലും ജില്ലാ ആസ്ഥാനത്തെ പ്രധാന സൂപ്പർ മാർക്കറ്റിലും സജ്ജമാക്കുന്ന ചന്ത ഈ മാസം 30 വരെ പ്രവർത്തിക്കും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ പ്രത്യേക ജില്ലാ ചന്തകളുണ്ടാകും. 13 ഇനം സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്എംസിജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 40 ശതമാനം വിലക്കുറവിൽ ഫെയറുകളിലൂടെ വിൽപന നടത്തും.

ബ്രാൻഡഡ് സാധനങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനം വരെ വിലക്കുറവുണ്ടാകും. ഒരുകിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും. കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് ഫെയർ പ്രവർത്തിക്കുക. ജില്ല ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഇന്ന് മുതൽ 30 വരെ ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ ഫ്‌ലാഷ് സെയിലും നടത്തും. സബ്‌സിഡിയിതര ഉൽപന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ഉണ്ടാകും.

തിരുവനന്തപുരം: കെഎഎസ് ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുത്താനുള്ളവർ തിരുത്തണം. പഴയ ശീലങ്ങൾക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ്. അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെഎഎസ് പോസിറ്റീവായ റിസൽട്ട് കിട്ടിയിട്ടുണ്ട്. ഇനിയും ഏറെ മുന്നേറാൻ ഉണ്ട്. നിലവിലെ സർക്കാർ സമ്പ്രദായങ്ങൾ കെഎഎസുകാർ അതേപടി പിന്തുടരരുത്. ചുവപ്പുനാട പഴയതു പോലെ ഇല്ല പക്ഷെ ചില വകുപ്പുകളിൽ ഇപ്പോഴും ഉണ്ടെന്നും അത് മാറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അപ്രധാന വകുപ്പുകളെന്നൊരു വിഭാഗം ഇല്ല. ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണം. ഫയലുകളിൽ കാലതാമസം പാടില്ല. ജനപ്രതിനിധികളെ വിലകുറച്ച് കാണരുതെന്നും ജനങ്ങൾക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് നൽകലാകണം ഫയൽ നോട്ടത്തിന്റെ മാനദണ്ഡമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാജ്യത്ത് ഉദ്യം രജിസ്‌ട്രേഷനെടുത്ത സംരംഭങ്ങളുടെ എണ്ണം 3.21 കോടിയായി. ഇതിൽ 3.12 കോടിയും സൂക്ഷ്മ സംരംഭങ്ങളാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. 7.31 ലക്ഷം ചെറുകിട സംരംഭങ്ങളും മറ്റുള്ളവ ഇടത്തരം സംരംഭങ്ങളുമാണ്. 5.45 കോടി സ്ത്രീകൾ ഉൾപ്പടെ 21 കോടി തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, ഉദ്യം രജിസ്‌ട്രേഷൻ കേരളത്തിലും ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തുള്ളത് 7.64 ലക്ഷം സംരംഭങ്ങളാണ് ഇതിൽ 7.44 ലക്ഷവും സൂക്ഷ്മ സംരംഭങ്ങളാണ്. 19,047 സംരംഭങ്ങൾ ചെറുകിട മേഖലയിൽ നിന്നാണ്. ബാക്കിയുള്ളവ ഇടത്തരം സംരംഭങ്ങളുമാണ്. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്. വ്യവസായ സംരംഭങ്ങൾക്ക് ഉത്തേജനമേകാനായി കേന്ദ്ര-സൂക്ഷ്മ ചെറുകിട-ഇടത്തരം മന്ത്രാലയമാണ് ഉദ്യം രജിസ്‌ട്രേഷൻ നടപ്പിലാക്കിയത്.

സംരംഭങ്ങൾക്ക് സർക്കാർ ആനുകൂല്യം ലഭിക്കണമെങ്കിൽ രജിസ്‌ട്രേഷൻ ആവശ്യമാണ്.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമുദായിക നേതാക്കൾ സമൂഹത്തിൽ വിലയുള്ള ആളുകളാണ്, അവരുടെ അഭിപ്രായത്തെ എതിർക്കാനില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വി. ഡി സതീശൻ അധികാര മോഹിയാണെന്ന വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കു വാങ്ങുന്ന ആളാണെന്നും വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. എസ് എൻ ഡി പി -എൻ എസ് എസ് നേതൃത്വത്തോട് സതീശനെക്കാളും അടുപ്പം ചെന്നിത്തലയ്ക്കാണെന്നും എൻ.എസ്.എസുമായി ചെന്നിത്തല അകന്നുനിൽക്കാൻ പാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

മന്നം ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ ക്ഷണിച്ച എൻഎസ്എസ് നിലപാടിനെക്കുറിച്ച് പ്രതികരിക്കവേയാണ് വെള്ളാപ്പള്ളി രമേശിനെ പിന്തുണച്ചും വിഡി സതീശനെ വിമർശിച്ചും രംഗത്ത് വന്നത്. വെള്ളാപ്പള്ളി തന്നെക്കുറിച്ച് ചില നല്ലകാര്യങ്ങൾ പറഞ്ഞു തന്നേയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശത്തെക്കുറിച്ച് ചെന്നിത്തലയുടെ പ്രതികരണം. താൻ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴുമൊക്കെ എല്ലാ സമുദായിക സംഘടനകളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. അത് ഒരു പൊതു പ്രവർത്തകന് വേണ്ട കാര്യമാണ്. എല്ലാ സാമുദായിക സംഘടനകളുമായി നല്ല ബന്ധമാണുള്ളത്. ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നുള്ളത് അവരുടെ ഇഷ്ടമാണ്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തട്ടിപ്പിന്റെ പുതിയൊരു രൂപത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഓഫറുകളുടെയും ഫ്രീ ഗിഫ്റ്റിന്റെയും പിന്നാലെ പോകുന്നവരുടെ ശ്രദ്ധക്ക് ഇത്തരം ലിങ്കിൽ കണ്ണുമടച്ച് വിവരങ്ങളെല്ലാം നൽകുന്നതിനു മുൻപ് ഒന്നു സൂക്ഷ്മമായി പരിശോധിച്ചാൽ വ്യാജമാണെന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിരവധി അക്ഷരത്തെറ്റുകളുള്ള ചോദ്യങ്ങളാണ് വെബ് പേജിൽ കൊടുത്തിരിക്കുന്നത്. ഇത്തവണ തട്ടിപ്പുകാർ 5 ഗ്രൂപ്പുകളിലും 20 കൂട്ടുകാർക്കും ഈ ലിങ്ക് ഷെയർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതിനാൽ മിക്കവരും അപ്പോൾത്തന്നെ ഫ്രണ്ട് ലിസ്റ്റിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുന്നു. മാൽവെയറുകളോ, അല്ലെങ്കിൽ വ്യക്തിവിവരങ്ങൾ ചോർത്തുന്നവരോ ആകാം ഇത്തരം ലിങ്കുകൾക്ക് പിന്നിൽ. അതുകൊണ്ട് തന്നെ ഇത്തരം ലിങ്കുകൾ വേഗം ഡിലീറ്റ് ചെയ്യുന്നതായിരിക്കും അഭികാമ്യമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ആലപ്പുഴ: എംപി എന്ന നിലയിൽ കിട്ടിയ വരുമാനവും പെൻഷനും ഇതുവരെ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യസഭാ എംപി ആയിരുന്നപ്പോഴും തൃശൂർ എംപി ആയിരുന്നപ്പോഴും പാർലമെന്റിൽ നിന്നും കിട്ടിയ വരുമാനവും പെൻഷനും കൈകൊണ്ട് തൊട്ടിട്ടില്ലെന്നും ഈ കാര്യം ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ഈ തൊഴിലിന് വന്ന ആളല്ല. താൻ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്, അവർക്ക് രാഷ്ട്രീയ പിൻബലം നൽകാനാണ് രാഷ്ട്രീയത്തിൽ വന്നത്, ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താൻ. ഗുജറാത്തിൽ വച്ച് നരേന്ദ്ര മോദിയെ കണ്ടു കഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. എന്നാൽ തന്റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായപ്പോളാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അങ്ങനെയാണ് രാഷ്ട്രീയത്തിന്റെ താര നിരയിലേക്ക് ഇറങ്ങിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഒരു പുസ്തകം എഴുതിയാൽ തീരാവുന്നതേ ഉള്ളൂ പല മഹാന്മാരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ആലപ്പുഴയിലെ ബിജെപി ജില്ല ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: സമ്പൂർണ മാലിന്യനിർമാർജനം ഉറപ്പുവരുത്തുന്നതിനായി മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ ഇപ്പോൾ സജീവമായി മുന്നോട്ട് പോകുകയാണെന്നും അത് പൂർണ്ണമായും ഫലപ്രദമാകണമെങ്കിൽ സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ സഹകരണം ഉണ്ടാകേണ്ടതത്യാവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപെട്ടു റെസിഡൻസ് അസോസിയേഷനുകൾ, തൊഴിലാളി യൂണിയനുകൾ, ജീവനക്കാരുടെ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ.എസ്.എസ്., എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്സ് & ഗൈഡ്സ് തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാവരുടെയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ മാലിനിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളൂ. നമ്മൾ വ്യക്തി ശുചിത്വത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാനാണ്. അതേ പ്രാധാന്യം തന്നെ പൊതു ശുചിത്വത്തിന് കൂടി കൊടുക്കേണ്ടതുണ്ട്. അത് നമ്മുടെ നാടിന്റെയും ഭാവി തലമുറകളുടെയും നിലനിൽപ്പിന് പ്രധാനമാണ്. ശുചിത്വം ഉറപ്പുവരുത്തുന്നത് വൃത്തിയും വെടിപ്പുമുള്ള പരിസങ്ങൾ സൃഷ്ടിക്കുന്നതിന് മാത്രമല്ല, ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിനും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ ഏറെ പ്രാധാന്യത്തോടെ ഏറ്റെടുത്തു പൂർണ്ണതോതിൽ ജനകീയമാക്കേണ്ടതുണ്ട്.

ഗാന്ധി ജയന്തി ദിനമായ 2024 ഒക്ടോബർ 2 മുതൽ അന്തരാഷ്യ സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30 വരെയാണ് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ലഭ്യമായ കണക്കനുസരിച്ചു രണ്ടു ലക്ഷത്തി നാൽപ്പതിനായിരത്തോളം പേർ സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.

2025 മാർച്ച് അവസാനം സമ്പൂർണ ശുചിത്വ കേരളം പ്രഖ്യാപനം നടത്തണമെന്നുണ്ടെങ്കിൽ എല്ലാവരും നല്ലരീതിയിൽ സഹകരിച്ചു മുന്നേറേണ്ടതുണ്ട്. അതിന് റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും തൊഴിലാളികളുടെയും ജീവനക്കാരുടെയും യുവാക്കളുടെയും വിദ്യാർദ്ധികളുടെയും വിദ്യാലയങ്ങളുടെയും സഹകരണവും പങ്കാളിതവും അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റെസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ അതാത് അസോസിയേഷന്റെ പരിധിയിൽ വരുന്ന പൊതു ഇടങ്ങൾ അസോസിയേഷൻ അംഗങ്ങളുടെ പങ്കാളിത്തത്തോടെ ശുചീകരിക്കാൻ കഴിയും. സ്വകാര്യ പറമ്പുകൾ വൃത്തിയാക്കുന്നതതിന് അവയുടെ ഉടമകളെ പ്രേരിപ്പിക്കാനും അസോസിയേഷനുകൾക്ക് കഴിയും. എല്ലാ വീടുകളിലും മാലിന്യസംസ്‌ക്കരണ സംവിധാനങ്ങൾ ശാസ്ത്രീയമായി ഏർപ്പെടുത്തുന്നതിന് പ്രോത്സാഹനം നൽകാനും അസോസിയേഷനുകൾക്ക് കഴിയും.

തൊഴിലാളി സംഘടനകൾക്കും ജീവനക്കാരുടെ സംഘടനകൾക്കും അവരവരുടെ തൊഴിലിടങ്ങൾ മാലിന്യമുക്തമാകുന്നു എന്നുറപ്പുവരുത്താൻ കൂട്ടായ പ്രവർത്തനങ്ങൾ നടത്താൻ കഴിയും. ഇത്തരം പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നത് ഏറെ പ്രയോജനപ്രദമാകും. സ്‌കൂളുകളുടെയും കലാലയങ്ങളുടെയും കാര്യത്തിലാകട്ടെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഘടനകളുടെ മേൽനോട്ടത്തിലും എൻ.എസ്.എസ്., എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്സ് & ഗൈഡ്സ് എന്നിവയുടെ ഒക്കെ സഹകരണത്തിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രധാന അധ്യാപകരും, പ്രിൻസിപ്പൽമാരും നേതൃത്വം നൽകണം. ഈ വിധത്തിലുള്ള സമഗ്രമായ ഇടപെടലാണ് മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്താനുദ്ദേശിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഓഫിസുകൾ, ടൗനുകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, സ്‌കൂളുകൾ, കലാലയങ്ങൾ എന്നിവ ഹരിതമാക്കാനുള്ള സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.ഈ സമയക്രമം പാലിക്കണമെന്നുണ്ടെങ്കിൽ എല്ലാവരുടെയും കൂട്ടായ ഇടപെടൽ ഉണ്ടാവണം. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എല്ലാവരുടെയും സഹകരണമാവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ, ഫ്ലാറ്റുകൾ, ഹോസ്റ്റലുകൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, പൊതുസ്ഥലങ്ങൾ, ഹോട്ടലുകൾ, ഹാളുകൾ മുതലാവയിൽ കമ്മ്യൂണിറ്റി തലത്തിൽ ജൈവമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മാലിന്യസംസ്‌ക്കരണ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അവയുടെ നടത്തിപ്പിൽ അസോസിയേഷനുകൾക്കും തൊഴിലാളികൾക്കും ജീവനക്കാർക്കും നല്ല നിലയിൽ പങ്കാളികളാകാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ മുക്കും മൂലയും ശുചിയക്കുന്ന വിപുലമായ ക്യാമ്പയിൻ ആണ് ഡിസംബർ- ജനുവരി മാസങ്ങളിൽ നടക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ക്യാമ്പയിനിൽ പങ്കാളികളാക്കണമെന്നാണ് ലക്ഷ്യമിടുന്നത്. അത് ഉറപ്പു വരുത്താൻ ഭവനസന്ദർശനം നടത്തി മുന്നൊരുക്കപ്രവർത്തനം നടത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ എല്ലാ റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും പിൻതുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ പൂർണ്ണതോതിൽ നടപ്പിലാക്കിയെങ്കിൽ മാത്രമേ സുസ്ഥിരമായ നവകേരളം എന്ന നമ്മുടെ ആത്യന്തിക ലക്ഷ്യം കൈവരിക്കാനാകൂ. ഇത് നമ്മുടെ ഭാവി തലമുറകളെ കൂടി ബാധിക്കുന്ന വിഷയമാണ്. അതിവേഗത്തിൽ നഗരവത്കരിക്കപെട്ടുകൊണ്ടിരിക്കുന്ന കേരളത്തിൽ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെടേണ്ടത് കേരളീയരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിനോദ സഞ്ചാരത്തെ വലിയ തോതിൽ ആശ്രയിക്കുന്ന കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ വളർത്തുന്നതിനും ഉപകരിക്കും. അതിനാൽ ഇക്കാര്യത്തിൽ എല്ലാവരുടെയും പൂർണ്ണ പിൻതുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.