General (Page 2)

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് വിട നൽകാൻ കേരളം. തിരുവനന്തപുരം വസതിയിൽ നിന്ന് വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലേക്ക് എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിൽ എത്തിയിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണിവരെ പൊതുദർശനം തുടരും.

പ്രിയ നേതാവിനെ അവസാനമായി കാണാനായി തലസ്ഥാനത്ത് ജനപ്രവാഹം . കക്ഷി ഭേദമന്യേ വിവിധ രാഷ്ട്രീയ നേതാക്കൾ വി.എസ്.അച്ച്യുതാനന്ദന് അന്തിമോപചാരമർപ്പിക്കാൻ എത്തുന്നുണ്ട്. ദർബാർ ഹാളിലെ പൊതുദർശനത്തിനു ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി വിഎസിന്റെ മൃതദേഹം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വഴിയുള്ള നിരവധി കേന്ദ്രങ്ങളിലായി പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.

ഇന്ന് രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പത് മണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഓഫീസിൽ പൊതുദർശനത്തിനായി വെക്കും. തുടർന്ന് രാവിലെ പത്ത് മണിമുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടായിരിക്കും. വൈകിട്ട് മൂന്ന് മണിക്ക് പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമ്മകൾ കാത്തുസൂക്ഷിക്കുന്ന വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.

വി.എസ്. അച്യുതാനന്ദന് ആദരസൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കൊളളും. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണെന്നും സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കുമെല്ലാം അവധി ആണെന്നും അറിയിപ്പുണ്ട്. ആലപ്പുഴയിൽ സംസ്കാരം നടക്കുന്നതിനാൽ നാളെയും അവധിയായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്‌കരിക്കാൻ വിദഗ്ധ സമിതി നിർദേശങ്ങൾ സമർപ്പിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പച്ചക്കറികൾക്ക് ബദലായി മൈക്രോ ഗ്രീനുകൾ മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഉൾപ്പെടുത്തും. ഇലക്കറികളിൽ പയർ/പരിപ്പ് ചേർക്കും.

ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി ഉപയോഗിച്ച് വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി എന്നിവ നൽകും. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത ചമ്മന്തി തൊടുകറിയായി വിളമ്പും. ചെറുധാന്യങ്ങൾ ഉൾപ്പെടുത്തി റാഗി ബോൾസ്, റാഗി കൊഴുക്കട്ട, ക്യാരറ്റ് പായസം തുടങ്ങിയ വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തി.

അഹമ്മദാബാദ്: സർദാർ വല്ലഭഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണ ദുരന്തസ്ഥലം സന്ദർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമാന അപകടത്തെ തുടർന്ന്, എയർ ഇന്ത്യ സി.ഇ.ഒയും വിവിധ അന്വേഷണ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥരുമും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രി പിന്നീട് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിയും സന്ദർശിച്ചു.

ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് take-off സമയത്ത് തകരെപോയത്. ഇന്നലെ ഉച്ചയ്ക്ക് 1:38നാണ് അപകടം സംഭവിച്ചത്. 23-ാം നമ്പർ റൺവേയിലൂടെയാണ് എഐ-171 വിമാനം പറന്നുയർന്നത്. take-off കഴിഞ്ഞ് 625 അടി ഉയരത്തിലെത്തിയപ്പോഴാണ് എയർ ട്രാഫിക് കൺട്രോളിന് അപകടസൂചന ലഭിച്ചത്. അതിനുശേഷം വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുറച്ച് നേരത്തിനകം വിമാനം തകർന്നു വീഴുകയായിരുന്നു.

വിമാനം തകർന്നുവീണത് സമീപത്തുള്ള ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ്. അപകടത്തിൽ 294 പേരാണ് മരിച്ചത് . അതിൽ 242 പേർ വിമാനത്തിൽ സഞ്ചരിച്ച കാബിൻ ക്രൂ അംഗങ്ങളും യാത്രക്കാരുമാണ്. ശേഷിക്കുന്നവർ അപകടസമയത്ത് ഹോസ്റ്റലിൽ ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും സമീപവാസികളുമാണ്.

അപകടം സംഭവിച്ച ശേഷം ഒൻപത് മണിക്കൂറിനകം വിമാനം തകർന്നിടത്തിൽ നിന്നുള്ള ബ്ലാക്ക് ബോക്സ് കണ്ടെത്തി. പിറകുവശം കത്താതെ നിലനിന്നത് ബ്ലാക്ക് ബോക്സ് വേഗത്തിൽ കണ്ടെത്താൻ സഹായകമായി. പൈലറ്റുമാരുടെ അവസാന സംഭാഷണം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിന് സാങ്കേതിക തകരാറ് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടും.

മാലിന്യ സംസ്കരണം എളുപ്പമാക്കാൻ ഞെളിയൻപറമ്പിൽ കംപ്രസീവ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോർപ്പറേഷൻ സംഘടിപ്പിച്ച ‘ഹഗ്ഗ്’ ആദരവും ‘അഴക് 2.0’ ലോഞ്ചിംഗും  മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി ബി ജി പ്ലാൻ്റ്  എറണാകുളം ബ്രഹ്മപുരത്ത് ഫലപ്രദമായി പരീക്ഷിച്ചതാണെന്നും പദ്ധതിക്കായി ഭാരത് പെട്രോളിയം കോർപ്പറേഷനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ, വയോജനങ്ങൾ എന്നിവരെ മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമാക്കണമെന്നും നഗരത്തെ കുറിച്ച്  നല്ല വിശേഷണങ്ങളുള്ളത് പോലെ വൃത്തിയുള്ള നഗരമെന്ന അഭിപ്രായം നേടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മേയർ ഡോ.  ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എം എൽഎ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംഎൽഎയുമായ എ പ്രദീപ്കുമാർ എന്നിവർ മുഖ്യാതിഥികളായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ പി ദിവാകരൻ, പി സി രാജൻ, കൃഷ്ണകുമാരി, പി കെ നാസർ, മുൻ മേയർ ടി പി ദാസൻ, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രി സ്വാഗതവും   കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി നന്ദിയും പറഞ്ഞു. വൃത്തി കോൺക്ലേവിൽ സംസ്ഥാനത്തെ മികച്ച കോർപ്പറേഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ 14 ന് കണ്ണൂർ, കാസറഗോഡ്, 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

12ന് കണ്ണൂർ, കാസർഗോഡ്, 13ന്  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, 14ന്  ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം  കോഴിക്കോട്, വയനാട്, 15ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, 16ന്  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും 12ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, 16ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്ര മഴ സാഹചര്യത്തിൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരുന്നതിനാൽ ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ പേജുകൾ പരിശോധിക്കണം.

പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വൻസിംഗ് നടത്തി വരുന്നു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എക്സ്.എഫ്.ജി. ആണ് കേരളത്തിൽ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവിൽ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരിൽ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയിൽ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കോവിഡ് കാരണം അനാവശ്യമായി രോഗികളെ സ്വകാര്യ ആശുപത്രികൾ റഫർ ചെയ്യരുതെന്ന് നിർദേശം നൽകി. ആശുപത്രികളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം.

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. പ്ലാന്റേഷൻ ഏരിയകളിൽ ഡെങ്കിപ്പനി വ്യാപനം കാണുന്നതിനാൽ ശ്രദ്ധിക്കണം. പ്ലാന്റേഷനുകളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കാനും കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്താനും ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം. പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി നടപടി സ്വീകരിക്കും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധത്തിനായി മൈക്രോപ്ലാൻ അനുസരിച്ച് കൃത്യമായ പ്രവർത്തനങ്ങൾ നടത്തണം.

എലിപ്പനിയ്ക്കെതിരെ നിരന്തര ജാഗ്രത വേണം. മലിനജലത്തിലിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. രക്ഷാപ്രവർത്തനത്തിലിറങ്ങിയവർ ഉൾപ്പെടെ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പൊതുജനാരോഗ്യ നിയമ പ്രകാരം പരിശോധനകൾ നടത്തി കർശന നടപടി സ്വീകരിക്കണം.

മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരേയും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചു. 22 കോടി രൂപ ചെലവിട്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്. വിശാലമായ പാര്‍ക്കിങ് ഉള്‍പ്പെടെ സ്റ്റേഷനകത്തും പുറത്തും നിരവധി സൗകര്യങ്ങളാണ് പുതുതായി ഒരുക്കിയിട്ടുള്ളത്. 

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വടകരയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളത്തില്‍ ഏത് നിമിഷവും പുതിയ ട്രെയിനുകള്‍ വരാമെന്നും അതിനുള്ള പണിപ്പുരയിലാണ് കേന്ദ്ര സര്‍ക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംപിമാരായ പി ടി ഉഷ, ഷാഫി പറമ്പില്‍, കെ കെ രമ എംഎല്‍എ, ഡിആര്‍എം അരുണ്‍ ചതുര്‍വേദി, വടകര നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പ്രേമകുമാരി, പി കെ കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി കലാപരിപാടികളും അരങ്ങേറി.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാൽ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയിൽ തന്നെ പ്രോട്ടോകോൾ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികൾ കോവിഡ് ആണെന്ന് കാണുമ്പോൾ റഫർ ചെയ്യുന്നത് ശരിയല്ലയെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. 182 കോവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയിൽ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ആർടിപിസിആർ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിർദേശം നൽകി.

നിപ പ്രതിരോധ പ്രവർത്തനം പ്രത്യേകമായി യോഗം ചർച്ച ചെയ്തു. പ്രോട്ടോകോൾ പാലിച്ച് കൺട്രോൾ റൂം പ്രവർത്തനങ്ങൾ തുടരാൻ നിർദേശം നൽകി. രോഗവ്യാപനം ഇല്ലാത്തതിനാലും കണ്ടൈൻമെന്റ് സോൺ പിൻവലിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി.

മഴക്കാലം വരുന്നതിനാൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുള്ളവതിനാൽ ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായ കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തണം. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ രോഗങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ തദ്ദേശ സ്ഥാപനത്തിലും ആക്ഷൻ പ്ലാൻ ഉണ്ടാകണം. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഈ മാസം അവസാനത്തിനുള്ളിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയെന്ന് ഉറപ്പാക്കണം.

മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരേയും ജാഗ്രത പാലിക്കണം.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനപ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മേയ് 19ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 20 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 23 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും 19 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, 20 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, 21 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, 22 ന് കണ്ണൂർ, കാസറഗോഡ്, 23 ന് ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി, തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല മാതൃക കാട്ടിയിരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

        ഈ ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മെയ് 12ന് സർവ്വകലാശാല പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം അവസാന സെമസ്റ്റർ ഫലം ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കുന്ന സർവ്വകലാശാലയായും എം.ജി മാറി. അഭിമാനകരമായ മികവാണിതെന്ന് മന്ത്രി പറഞ്ഞു.

ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിർണ്ണയ ക്യാമ്പുകളിലായാണ് ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന പൂർത്തിയാക്കിയത്. മെയ് ഏഴിന് മൂല്യനിർണ്ണയം അവസാനിച്ചു. മെയ് ഒമ്പതിന് അവസാന സെമസ്റ്റർ വൈവ വോസി പരീക്ഷകളും പൂർത്തിയാക്കി. ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് തൊട്ടു മുൻപു നടന്ന അനുബന്ധ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങൾ കൂടി ഉൾപ്പെടുത്തി സമഗ്രമായ ഫലമാണ് ഇപ്പോൾ സർവ്വകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൃത്യമായ ആസൂത്രണം, ചിട്ടയായ പ്രവർത്തനം – റെക്കോർഡ് വേഗത്തിലുള്ള ഫലപ്രഖ്യാപനത്തിലേക്ക് എത്തിച്ചത് ഇവ രണ്ടുമാണെന്ന് സർവ്വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. അനുകരണീയമായ മാതൃകയ്ക്ക് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

2023 ൽ പരീക്ഷ കഴിഞ്ഞ് പതിനാലാം ദിവസവും 2024 ൽ പത്താം ദിവസവും സർവ്വകലാശാല അവസാന വർഷ ബിരുദഫലം പ്രസിദ്ധീകരിച്ചിരുന്നു. നാലുവർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം മൂന്നാം ദിവസം പ്രസിദ്ധീകരിച്ചും എം ജി സർവ്വകലാശാല, ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രപരിഷ്‌കരണ സംരംഭങ്ങളിൽ തോളോടുതോൾ നിന്നിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മൂല്യനിർണ്ണയ ജോലികൾ ചിട്ടയായി പൂർത്തിയാക്കിയ അധ്യാപകരെയും ക്യാമ്പുകൾക്ക് മേൽനോട്ടം വഹിച്ചവരെയും ജീവനക്കാരെയും ഏകോപനച്ചുമതല നിർവഹിച്ച സിൻഡിക്കേറ്റ് അംഗങ്ങളെയും സർവ്വകലാശാലാ നേതൃത്വത്തെയാകെയും മന്ത്രി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും അനുമോദനങ്ങൾ അറിയിച്ചു.