General (Page 18)

ന്യൂഡൽഹി: 27 വർഷങ്ങൾക്ക് ശേഷം രാജ്യ തലസ്ഥാനത്ത് വീണ്ടും അധികാരത്തിൽ എത്തി ബിജെപി. രാജ്യത്തുടനീളം ശക്തമായ മുന്നേറ്റം നടത്തി പാർട്ടി 21 സംസ്ഥാനങ്ങളിൽ അധികാരം നിലനിർത്തിയതും പുതിയ സംസ്ഥാനങ്ങൾ കൈവശപ്പെടുത്തി എന്നതും രാഷ്ട്രീയമായ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ബിജെപി ക്ക് വ്യക്തമായ മുൻതൂക്കമുണ്ടാക്കിയിരുന്നു. നിരവധി സംസ്ഥാനങ്ങളിൽ കോൺഗ്രസ്, ആമാആദ്മി പാർട്ടി (AAP) കൾക്കു തിരിച്ചടി നേരിടേണ്ടിവന്നു.

ഈ തിരഞ്ഞെടുപ്പ് ഫലം ബിജെപി ക്കും പാർട്ടി നേതൃത്വത്തിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രധാന നേട്ടമായി കണക്കാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് പുതിയമുന്നേറ്റമായി കെ-ഹോംസ് പദ്ധതി പ്രഖ്യാപിച്ചു. ആൾത്താമസമില്ലാത്ത വീടുകൾ ടൂറിസ്റ്റുകൾക്ക് വാടകയ്ക്ക് നൽകുന്നതിലൂടെ ഹോസ്പിറ്റാലിറ്റി മേഖലയുടെ സാധ്യതകൾ കൂടുതൽ വിനിയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തിൽ നാല് ജില്ലകളിൽ പ്രായോഗികമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളായ കോവളം, മൂന്നാർ, കുമരകം , ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ ഒഴിവു വീടുകൾ കേന്ദ്രികരിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയിലൂടെ ടൂറിസം മേഖലയിൽ പുതിയ തൊഴിൽ അവസരങ്ങളും വരുമാനമാർഗങ്ങളും സൃഷ്ടിക്കാനാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

ഗവൺമെന്റിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന ഈ പദ്ധതി വിനോദസഞ്ചാരികൾക്ക് ബജറ്റ് സൗഹൃദ താമസസൗകര്യം നൽകും. വീട്ടുടമകൾക്ക് അധിക വരുമാനം ലഭ്യമാകുന്നതിനൊപ്പം ടൂറിസം മേഖലയിലെ ആകെയുള്ള ഗുണനിലവാരവും ഉയർത്താനാകും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

നാലുവർഷ ബിരുദ പ്രോഗ്രാം സിലബസുകൾ സമഗ്രമായി സർവ്വകലാശാലാ തലത്തിൽ അവലോകനം ചെയ്യാൻ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സർവ്വകലാശാലകൾ ഇതിനായി പോർട്ടൽ ആരംഭിക്കുമെന്നും നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ അവലോകനയോഗ തീരുമാനങ്ങളായി മന്ത്രി അറിയിച്ചു.

സിലബസുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനും ഓരോ കോഴ്സുമനുസരിച്ച് വിദ്യാർത്ഥികൾ ആർജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പു വരുത്താനുമാണ് സിലബസ് അവലോകനം – മന്ത്രി പറഞ്ഞു.

തിരഞ്ഞെടുത്ത കോഴ്‌സുകൾ സംസ്ഥാന തലത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ റിവ്യൂ ചെയ്യും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനുമടക്കം സർവ്വകലാശാലാ സിലബസിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനാണ് പോർട്ടൽ തുടങ്ങുക. ഈ പോർട്ടലുകളിൽ വരുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അതത് പഠനബോർഡുകൾ പരിഗണിക്കും. തുടർന്ന് എല്ലാ സർവ്വകലാശാലാ പഠന ബോർഡുകളും സ്വന്തം സിലബസ് സമഗ്രമായി അവലോകനം ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും. 

കരിക്കുലം കമ്മിറ്റി ചെയർമാനായിരുന്ന പ്രൊഫ. സുരേഷ് ദാസിന്റെ അധ്യക്ഷതയിൽ സംസ്ഥാന തലത്തിൽ പ്രധാനപ്പെട്ട കോഴ്സുകളുടെ അവലോകനം ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

നാലുവർഷ ബിരുദം നടപ്പിലാക്കിയതിന്റെ ഭാഗമായി നിലവിലെ പഠന-പാഠ്യേതര- പരീക്ഷാ-മൂല്യനിർണ്ണയ രീതികളിൽ വലിയ മാറ്റങ്ങളാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇവയിൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ-എയ്ഡഡ്-സ്വാശ്രയ കോളേജുകളിലെ അധ്യാപകർക്കും പരിശീലനം നല്കാനും യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. പുതുതായി ആരംഭിച്ച ടീച്ചിംഗ് ആൻഡ് ലേണിംഗ് സെന്റർ ഓഫ് എക്‌സലൻസിന്റെയും സർവ്വകലാശാലയുടെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാവും പരിശീലനപരിപാടികൾ.

വിദ്യാർത്ഥികളുടെ അന്തർസർവ്വകലാശാലാ-കോളേജ് മാറ്റം, എൻ മൈനസ് വൺ സെമസ്റ്റർ, ഓൺലൈൻ കോഴ്സുകൾ എന്നിവ നടപ്പിലാക്കുന്നതു സംബന്ധിച്ച് സ്റ്റാൻഡേഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ തയ്യാറാക്കാൻ എഫ്.വൈ.യു.ജി.പി മോണിറ്ററിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. എല്ലാ സർവ്വകലാശാലകളും കെ-റീപ്പിലേക്ക് മാറാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

budget

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ചു. ആകാംഷയ്ക്കൊടുവിൽ പ്രതീക്ഷിച്ച ക്ഷേമപെൻഷൻ വർദ്ധനവ് ഉണ്ടായില്ല. അതേസമയം, ഭൂനികുതി ഗണ്യമായി ഉയരുമെന്ന് ബജറ്റിൽ വ്യക്തമാക്കി.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളില്ലാത്തതും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ വരുമാന മാർഗങ്ങൾ തേടിയുള്ളതുമായ ബജറ്റായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വികസന പദ്ധതികൾക്ക് മുൻഗണന നൽകിയെന്നും, സാമ്പത്തിക സന്തുലിതാവസ്ഥ നിലനിർത്തുക ലക്ഷ്യമിട്ടതാണെന്നും സർക്കാർ വ്യക്തമാക്കി.

ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ, ഭൂനികുതി, കോടതി ഫീസ് എന്നിവ വർധിപ്പിച്ചുകൊണ്ട് രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചു. പ്രതീക്ഷിച്ചിരിക്കുന്ന ക്ഷേമപെൻഷൻ വർധന ഉണ്ടായില്ല. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും വർധനവ് വരുമെന്ന് ബജറ്റിൽ വ്യക്തമാക്കി.

അതേസമയം, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്തയുടെ കുടിശ്ശിക ഉടൻ നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തെ ശമ്പളത്തിൽ ഒരു ഗഡു ക്ഷാമബത്ത നൽകും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷകളെ മറികടന്നായിരുന്നു ബജറ്റിന്റെ അവതരണം. ക്ഷേമപെൻഷനിൽ 100 മുതൽ 150 രൂപവരെ വർദ്ധന ഉണ്ടാകുമെന്ന പ്രതീക്ഷയിലുമായിരുന്നു ജനങ്ങൾ, എന്നാൽ ബജറ്റിൽ അതിനായുള്ള പ്രഖ്യാപനം വന്നില്ല.

നിരാശാജനകമായ തീരുമാനങ്ങൾക്കിടയിൽ, ഡിഎ കുടിശ്ശികയുടെ ലോക്ക്-ഇൻ കാലാവധി ഒഴിവാക്കുന്നതിനും പെൻഷൻ കുടിശ്ശിക നൽകുന്നതിനും സർക്കാർ തയ്യാറാകുന്നതായി ധനമന്ത്രി വ്യക്തമാക്കിയതോടെ, ജീവനക്കാർക്കും പെൻഷൻകാർക്കും 2500 കോടിയോളം രൂപ വൈകാതെ ലഭിക്കുമെന്ന് ഉറപ്പായി. കൂടാതെ, പങ്കാളിത്ത പെൻഷന് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെയും മറ്റ് സംസ്ഥാനങ്ങളിലെയും മാതൃകകൾ അവലോകനം ചെയ്ത ശേഷമേ ഈ മാറ്റങ്ങൾ നടപ്പിലാക്കുകയുള്ളൂ. ദിവസ വേതന കരാർ ജീവനക്കാരുടെ ശമ്പളം 6 ശതമാനം വർധിപ്പിക്കും. ലൈഫ് മിഷൻ വഴി ഗ്രാമീണ മേഖലയിലായി 1 ലക്ഷം ഭവനങ്ങളും 19 ഭവന സമുച്ചയങ്ങളും നിർമിക്കും. റോഡുകൾക്കും പാലങ്ങൾക്കുമായി 4219.41 കോടി രൂപ അനുവദിച്ചു. കോവളം, മൂന്നാർ, കുമരം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ ഒഴിഞ്ഞ വീടുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി ‘കെ-ഹോംസ്’ പദ്ധതി നടപ്പാക്കും.

മുതിർന്ന പൗരന്മാർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുന്ന ‘ന്യൂ ഇന്നിംഗ്സ്’ പദ്ധതി, നെൽ കൃഷിക്ക് 150 കോടി, വിലക്കയറ്റം തടയാനുള്ള വിപണി ഇടപെടലിന് 2063 കോടി, പഴയ സർക്കാർ വാഹനങ്ങൾ മാറ്റാൻ 100 കോടി, തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി 100 കോടിയുടെ പ്രത്യേക പാക്കേജ്, വന്യമൃഗ ആക്രമണം തടയാൻ 75 കോടി രൂപ എന്നിങ്ങനെയാണിത് ബജറ്റിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങൾ.

ആദായനികുതി ഇളവിന് പിന്നാലെ മധ്യവര്‍ഗത്തിന് വീണ്ടും ആശ്വാസം. അഞ്ചുവർഷത്തിനുശേഷം റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. 0.25 ശതമാനം കുറവോടെ റിപ്പോ നിരക്ക് 6.50ൽ നിന്ന് 6.25 ശതമാനമായി. വായ്പാ ചെലവ് കുറച്ച് സാമ്പത്തിക വളർച്ചയ്ക്ക് ഉണര്‍വേകാനാണ് ഈ നടപടി.ഇതോടെ വായ്പാ പലിശ നിരക്കുകൾ താഴാൻ സാധ്യത. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർബിഐയുടെ തീരുമാനം. പുതിയ തീരുമാനം ഭവന, വാഹന, വ്യക്തിഗത വായ്പാ കിഴിവുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. സാമ്പത്തിക വിപണിയിൽ ഇതിന്റെ പ്രതികരണം ഉറ്റുനോക്കുകയാണ് നിക്ഷേപകരും ഉപഭോക്താക്കളും.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 6.6 ശതമാനത്തില്‍നിന്ന് 6.7 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. പണപ്പെരുപ്പം 4.2 ശതമാനത്തില്‍ നിര്‍ത്താനാവുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്ന് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി.

റിപ്പോ നിരക്കില്‍ ഇളവുണ്ടായതോടെ ഇ‌എം‌ഐ ഭാരം കുറയും. പുതിയ ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്ക് പലിശനിരക്ക് കുറയാനാണ് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നുമുതൽ സിനിമാ മേഖലയിലെ തൊഴിലാളികൾ സമരത്തിലേക്ക്. നികുതിയും പ്രതിഫലവും കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സിനിമാ നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും ചേർന്നാണ് ഈ തീരുമാനം.

സിനിമാ ടിക്കറ്റിന്‍റെ നികുതി കുറയ്ക്കണം, ജീവനക്കാരുടെ പ്രതിഫലം പുനർപരിശോധിക്കണം, നിർമ്മാണ ചെലവ് നിയന്ത്രിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിന് യോജിച്ച നടപടികൾ ഉണ്ടാകാതിരുന്നതിൽ പ്രതിഷേധിച്ചാണ് സമര പ്രഖ്യാപനം.

സംസ്ഥാനത്ത് പുതിയ സിനിമകളുടെ റിലീസ് തടയുന്നതിനൊപ്പം ഷൂട്ടിംഗുകൾ വെട്ടിക്കുറയ്ക്കുന്നതിനും പ്രതിനിധികൾ ആലോചിക്കുന്നുണ്ട്. നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകാതെ തുടർന്നാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കരകൗശല രംഗത്ത് ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്നും വിപണി കുറേകൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന കരകൗശല അവാർഡ് (2023) വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിപണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ‘കെ-ഷോപ്പി’ തുടങ്ങിയിട്ടുള്ളത്. ഹാൻഡിക്രാഫ്റ്റ്‌സ് കോർപറേഷന്റെ ഉൽപ്പന്നങ്ങളെല്ലാം കെ-ഷോപ്പിയിൽ ലഭ്യമാണ്. കൈത്തറി, കൊയർ, ഖാദി ഉൽപ്പന്നങ്ങളെല്ലാം തന്നെ കെ-ഷോപ്പിയിൽ ലഭ്യമാണ്.

കേരളത്തിന്റെ വ്യവസായ വികസനത്തിന്റെ ഒരു സവിശേഷത എല്ലാവരെയും ഉൾകൊള്ളുന്ന വ്യവസായവൽക്കരണമാണെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത മേഖലയെ ആധുനികവൽക്കരിച്ചു ശക്തിപ്പെടുത്താൻ നമ്മൾ ശ്രമിക്കുന്നു. എം.എസ്.എം.ഇകൾക്ക് സവിശേഷമായ പ്രാധാന്യം കൊടുത്തു. നമുക്ക് ചുരുങ്ങിയ കാലം കൊണ്ട് മൂന്നരലക്ഷത്തോളം പുതിയ എം.എസ്.എം.ഇകൾ കേരളത്തിൽ ആരംഭിക്കാൻ കഴിഞ്ഞു. എം.എസ്.എം.ഇകളുടെ ഉൽപ്പന്നങ്ങളുടെയും പാരമ്പരാഗത ഉൽപ്പന്നങ്ങളുടെയുമെല്ലാം വിപണനം ഇപ്പോൾ കെ സ്റ്റോർ വഴി സാധ്യമാണ്.  ഒപ്പം പൊതുമേഖലാ സ്ഥാപനങ്ങൾ ആധുനികവൽക്കരിച്ച് മത്സരാധിഷ്ഠിതമാക്കി ലാഭകരമാക്കാനുള്ള പ്രവർത്തനവും സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു. സമ്മാനാർഹരായ എല്ലാവർക്കും മന്ത്രി അഭിനന്ദനങ്ങളറിയിച്ചു.

സംസ്ഥാനത്ത് കരകൗശല വ്യവസായം വികസിപ്പിക്കുന്നതിനും കരകൗശല വിദഗ്ധർക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്നതിനുമായി കേരളത്തിലെ കരകൗശല മേഖലയിലെ വിദഗ്ദ്ധരിൽ മികവുള്ളവരെ കണ്ടെത്തി കേരള സംസ്ഥാന സർക്കാർ 2015 മുതൽ കരകൗശല അവാർഡ് നൽകി വരുന്നു. കരകൗശല വിദഗ്ധരുടെ മികച്ച സംഭാവനകൾ, കരകൗശല വൈദഗ്ധ്യം, കരകൗശല വികസനം എന്നിവ കണക്കിലെടുത്താണ് അവാർഡുകൾ നൽകുന്നത്.

ദാരു ശിൽപങ്ങൾ, പ്രകൃതിദത്ത നാരുകളിൽ തീർത്ത ശിൽപങ്ങൾ, ചൂരൽ, മുള എന്നിവയിൽ തീർത്ത ശിൽപങ്ങൾ, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നൽ, ലോഹ ശിൽപങ്ങൾ, ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച ശിൽപങ്ങൾ, വിവിധ വസ്തുക്കളിൽ നിർമ്മിച്ചവ (മുകളിൽ ഉൾപ്പെടാത്തവ) എന്നീ ഏഴ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്കുന്നത്. ഉപയോഗപ്രദവും, സൗന്ദര്യാത്മകവും, കലാപരവും, ക്രിയാത്മകവും, പരമ്പരാഗതവും, സാംസ്‌കാരിക പ്രാധാന്യമുള്ളതുമായ കരകൗശല ഉത്പന്നങ്ങളെ കണ്ടെത്തുന്നതിലൂടെ പ്രസ്തുത മേഖലയെ കൂടുതൽ മികവുറ്റതാക്കുന്നതിനും കരകൗശല വിദഗ്ധരെ സഹായിക്കുന്നതിനും പ്രോത്സാ ഹിപ്പിക്കുന്നതിനും സാധിക്കുന്നു.

സംസ്ഥാനത്തെ മ്യൂസിയങ്ങൾ സാംസ്‌കാരിക വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന സചേതനമായ കഥ പറയുന്ന മ്യൂസിയങ്ങളാക്കി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കേരളം മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ നടന്ന മ്യൂസിയം മാനേജ്‌മെന്റ്‌ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൈതൃകത്തിന്റെയും നാടിന്റെ സമ്പന്നമായ സാംസ്‌കാരത്തിന്റെയും അടയാളങ്ങളാണ് മ്യൂസിയങ്ങൾ. നമ്മുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യവും മഹിതമായ ചരിത്രവും വരും തലമുറയ്ക്ക് കൈമാറുകയെന്ന ദൗത്യമാണ് മ്യൂസിയങ്ങളിലൂടെ നിർവഹിക്കപ്പെടുന്നത്. മ്യൂസിയങ്ങളുടെ പരിപാലനം പ്രധാനപ്പെട്ടതാണ്. സന്ദർശകർക്ക് മ്യൂസിയം ഉൾക്കൊള്ളുന്ന ചരിത്രകഥയും അനുഭൂതികളും പകർന്നു നൽകാനാകണം. കഴിഞ്ഞ 8 വർഷങ്ങളായി പ്രാദേശിക ചരിത്രമ്യൂസിയങ്ങൾ മുതൽ സംസ്ഥാന മ്യൂസിയം വരെ മ്യൂസിയങ്ങളുടെ വലിയ ശൃംഖല തന്നെ സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേരള സർക്കാരിന്റെ മ്യൂസിയം നോഡൽ ഏജൻസിയായ കേരളം മ്യൂസിയം സംസ്ഥാനത്ത് മ്യൂസിയങ്ങൾ രൂപീകരിക്കുന്നതിലും അവയെ ജനാകർഷകവും സന്ദർശക സൗഹൃദവുമാക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആധുനിക മ്യൂസിയം സങ്കല്പങ്ങൾ പരിവർത്തനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. കഥ പറയുന്ന മ്യൂസിയങ്ങൾ ഒരു ദേശത്തിന്റെ ജനതയുടെ വൈവിധ്യവും വൈശിഷ്ടങ്ങളുമായ ഭൂതകാല ചരിത്രത്തെ അനാവരണം ചെയ്യുന്ന ദൗത്യമാണ് നിർവഹിക്കുന്നത്. സാംസ്‌കാരിക മുന്നേറ്റത്തിന്റെ ഗതിവേഗം അടയാളപ്പെടുത്തുവാനും അമൂല്യമായ പുരാവസ്തു ശേഖരങ്ങൾ പ്രദർശിപ്പിക്കുക വഴി ചരിത്രവസ്തുതകളെ തിരിച്ചറിയുവാനും മ്യൂസിയങ്ങളിലൂടെ സാധിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. 

കേരളത്തിന് അഭിമാനിക്കാവുന്ന രീതിയിൽ 1880ൽ തിരുവനന്തപുരത്ത് സ്ഥാപിച്ച നേപ്പിയർ മ്യൂസിയത്തിൽ അമൂല്യമായ വസ്തുക്കൾ വിഭിന്നങ്ങളായ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും കാലക്രമത്തിനനുസൃതമായി പ്രദർശിപ്പിച്ചിട്ടുണ്ട്. അതുപോലെ തിരുവനന്തപുരത്തെ കാഴ്ചബംഗ്ലാവും ലോകപ്രശസ്തമായ രവിവർമ്മ ആർട്ട് ഗ്യാലറിയും നാച്വറൽ ഹിസ്റ്ററി മ്യൂസിയവും കണ്ണൂരിലെ കൈത്തറി മ്യൂസിയവും വയനാട്ടിലെ കുങ്കിച്ചിറ മ്യൂസിയവും ശ്രദ്ധേയമാണ്. കണ്ണൂർ പെരളശ്ശേരിയിൽ എ.കെ.ജി യുടെ സ്മൃതി മ്യൂസിയവും ചന്തപ്പുരയിൽ തെയ്യം മ്യൂസിയവും തയാറാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, പുരാരേഖ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പാർവതി എസ്, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ ഇൻ ചാർജ് മഞ്ജുള ദേവി പി എസ്, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.

ദില്ലി: ഔദ്യോഗിക ആവശ്യങ്ങൾക്ക് ചാറ്റ് ജിപിടി, ഡീപ്സീക്ക് പോലുള്ള എഐ ടൂളുകൾ ഇനി ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിർദ്ദേശം നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശക സംഘം, എഐ ടൂളുകൾ ഔദ്യോഗിക രേഖകളിലെ വിവരങ്ങൾ ചോരാൻ സാധ്യത ഉണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ മന്ത്രാലയം ജീവനക്കാരോട് ഈ ടൂളുകൾ ഉപേക്ഷിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഔദ്യോഗിക വിവരങ്ങളുടെ ചോർച്ചയ്ക്ക് സാധ്യത ഉണ്ടെന്ന കാരണത്താൽ ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ ഡീപ്സീക്ക് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു,

ചാറ്റ് ജിപിടി, ഡീപ്സീക്ക് എന്നിവയുടെ മാതൃസ്ഥാപനം ആയ ഓപ്പൺ എഐ ഇതുവരെ ഈ തീരുമാനം സംബന്ധിച്ച് വ്യക്തമായ പ്രതികരണം നൽകിയിട്ടില്ല. ധനകാര്യ വകുപ്പ്, ഈ ആഴ്ച തന്നെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

prime minister

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയാഗ്‌രാജിലെത്തി. രാവിലെ പ്രത്യേക ബോട്ടിലൂടെയാണ് അദ്ദേഹം ത്രിവേണി സംഗമത്തിലെത്തിയത്. തുടര്‍ന്ന് ഗംഗാ ദേവിയെ പ്രാർത്ഥിച്ച് പുണ്യസ്നാനം നടത്തി. സ്നാനത്തിനിടെ ട്രാക്ക് പാന്റും കാവി ജാക്കറ്റും ധരിച്ച പ്രധാനമന്ത്രി കയ്യിൽ രുദ്രാക്ഷമാലയുമായി ആചാരങ്ങൾ പാലിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെത്തുടർന്ന് നഗരത്തിൽ കർശന സുരക്ഷാ നടപടികൾ നടപ്പാക്കിയിരുന്നു.സംസ്ഥാന സർക്കാരിലെ നിരവധി മന്ത്രിമാരും പ്രധാനമന്ത്രിയെ അനുഗമിച്ചു.

കുംഭമേളയ്ക്കിടെ പുണ്യസ്നാനത്തിനായി പരമ്പരാഗതമായി ബസന്ത് പഞ്ചമി, മൗനി അമാവാസി തുടങ്ങിയ ശുഭദിനങ്ങളാണ് പ്രധാനമായും തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ ഫെബ്രുവരി 5 അതിന്റെ പ്രത്യേക ആത്മീയ പ്രാധാന്യത്തെക്കൊണ്ടു വേറിട്ടുനിൽക്കുന്നു. ഹിന്ദു കലണ്ടറിൽ പുണ്യദിനമായി കണക്കാക്കപ്പെടുന്ന മാഘാഷ്ടമിയുമായി സംഗമിക്കുന്ന ദിനമാണിത്. ഇതുതന്നെയാണ് പ്രധാനമന്ത്രി പുണ്യസ്നാനത്തിനായി തെരഞ്ഞെടുത്തതും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പ്രത്യേക സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.