Health (Page 8)

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ പദ്ധതികൾക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം നടപ്പാക്കുന്ന 2024-25ലെ വാർഷിക പദ്ധതികൾക്കാണ് അനുമതി ലഭ്യമായത്. 69.35 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ദേശീയ ആരോഗ്യ ദൗത്യം പദ്ധതികൾ നടപ്പിലാക്കുന്നത്. ആശുപത്രികളിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾക്ക് പുറമേയാണ് ഈ പദ്ധതികൾ അനുദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

29 ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം നൽകിയത്. കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 50 കിടക്കകളുള്ള മാതൃ ശിശു മന്ദിരം പണിയുന്നതിനായി 6.16 കോടി രൂപ അംഗീകാരം നൽകി. കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഓരോ വെയർഹൗസുകൾ നിർമ്മിക്കുന്നതിനായി 4.70 കോടി വീതം വകയിരുത്തി. കാസർഗോഡ് ടാറ്റ ആശുപത്രിയിൽ പുതിയ ഒപി, ഐപി കെട്ടിടം പണിയുന്നതിന് 4.5 കോടി, മലപ്പുറം ജില്ലയിൽ സ്‌കിൽ ലാബ്, ട്രെയിനിങ് സെന്റർ എന്നിവയ്ക്കായി 3.33 കോടി, എറണാകുളം ജില്ലയിൽ പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ഒ.പി ബ്ലോക്ക്, കാഷ്വാലിറ്റി എന്നിവ നവീകരിക്കാൻ 3.87 കോടി എന്നിങ്ങനേയും അംഗീകാരം നൽകി.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡയഗ്‌നോസ്റ്റിക് ബ്ലോക്ക് ശക്തിപ്പെടുത്താനായി 3 കോടി, ഇടുക്കി ഇടമലക്കുടി സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണത്തിന് 1.70 കോടി, ഇടുക്കി ജില്ലാ ആശുപത്രി ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്താൻ 3 കോടി, മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പീഡിയാട്രിക് വാർഡ്, വയനാട് വൈത്തിരി ആശുപത്രിയിൽ ഐപി ബ്ലോക്ക് ശക്തിപ്പെടുത്താൻ 1.50 കോടി, ഗൈനക് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് 2.09 കോടി, കണ്ണൂർ പഴയങ്ങാടി ആശുപത്രിയിൽ കാഷ്വാലിറ്റി ബ്ലോക്കിന് 2.10 കോടി, കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപ്പറേഷൻ തീയറ്റർ നവീകരിക്കുന്നതിന് 3.11 കോടി എന്നിങ്ങനേയും അംഗീകാരം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പി.ഒ.എസ്. മെഷീൻ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെൽത്ത് പദ്ധതി നടപ്പിൽ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ആദ്യ ഘട്ടത്തിൽ നടപ്പിലാക്കും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യഘട്ടമായി ഇ ഹെൽത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിലാണ് ഈ സംവിധാനമൊരുക്കുക. ഇതിനായി 249 പി.ഒ.എസ്. മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി തന്നെ പെയ്‌മെന്റ് നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഓൺലൈൻ സംവിധാനത്തിലൂടെ മുൻകൂറായി ഒ.പി. ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. 624 ആശുപത്രികളിലാണ് ഇ ഹെൽത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ഈ സേവനം ലഭ്യമാക്കി വരുന്നു. ഇ- ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ഈ സംവിധാനം നടപ്പിലാക്കുന്നതാണ്. ആദ്യഘട്ടമായി ഇ ഹെൽത്ത് ഇല്ലാത്ത 80 ആശുപത്രികളിൽ കൂടി ഈ സംവിധാനം സജ്ജമാക്കും. മുൻകൂറായി ടോക്കൺ എടുക്കുന്നതിനോടൊപ്പം ആശുപത്രിയിൽ ഒ.പി. ടിക്കറ്റിന് തുക ഈടാക്കുന്നുണ്ടെങ്കിൽ അത് ഓൺലൈനായി തന്നെ അടയ്ക്കുന്നതിനുള്ള സൗകര്യവും ലഭ്യമാകും.

സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ സേവനം തേടുന്നതിനായി ആശുപത്രിയിൽ വരുന്ന പൊതുജനങ്ങൾക്ക് ക്യൂ നിൽക്കാതെ തന്നെ ആശുപത്രിയിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് ഒ.പി. ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും നടപ്പിലാക്കും. ഈ സംവിധാനം ആദ്യഘട്ടമെന്ന നിലയിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും അതോടൊപ്പം ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെയും നടപ്പിലാക്കുന്നതാണ്.

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു മൊബൈൽ ആപ്പ് കൂടി ഇ-ഹെൽത്ത് സജ്ജമാക്കി വരുന്നു. ഇ-ഹെൽത്ത് സൗകര്യമുള്ള ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ ഹെൽത്ത് റെക്കോർഡ്, ലാബ് റിപ്പോർട്ട്, ഫാർമസി റിപ്പോർട്ട് എന്നിവ ഈ മൊബൈൽ ആപ്പിലൂടെ രോഗിക്ക് കാണാൻ സാധിക്കും. ഈ മൊബൈൽ ആപ്പ് വഴിയും ഓൺലൈൻ ടിക്കറ്റെടുക്കുന്നതിനും അതിനുള്ള തുക അടയ്ക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. ഇതുകൂടാതെ ഇ-ഹെൽത്ത് പോർട്ടൽ വഴിയും ഈ സേവനങ്ങൾ ലഭ്യമാകും.

തിരുവനന്തപുരം: ചില രാജ്യങ്ങളിൽ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും സർവൈലൻസ് ടീമിനെ സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. 2022ൽ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷൻ, സാമ്പിൾ കളക്ഷൻ, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എംപോക്സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കിൽ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. കൃത്യമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരള ടൂറിസത്തിന് ഐസിആർടി ഗോൾഡ് അവാർഡ്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്. എംപ്ലോയിങ്ങ് ആന്റ് അപ് സ്‌കില്ലിങ് ലോക്കൽ കമ്യൂണിറ്റി എന്ന കാറ്റഗറിയിൽ ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്ക് തുടർന്നും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരള ടൂറിസത്തിന് ഐ.സി.ആർ.ടി ഗോൾഡ് അവാർഡ് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു.

എംപ്ലോയിങ്ങ് ആന്റ് അപ് സ്‌കില്ലിങ് ലോക്കൽ കമ്യൂണിറ്റി എന്ന കാറ്റഗറിയിൽ ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹമായത്.

ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്ക് തുടർന്നും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരം: മങ്കിപോക്സ് പകർച്ചവ്യാധി ലോകത്തെ പല രാജ്യങ്ങളിലും പടരാൻ സാധ്യതയുണ്ടെന്ന ലോകരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രത നിർദ്ദേശം. ഒട്ടേറെ രാജ്യാന്തര യാത്രക്കാർ എത്തുന്നതു കണക്കിലെടുത്താണ് ജാഗ്രത പുലർത്തുന്നത്. യാത്ര ചെയ്യുന്നവരും അവരുമായി സമ്പർക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം.

ഇന്ത്യയിൽ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തിലും മങ്കി പോക്സ് റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനാണ് രോഗലക്ഷണം കണ്ടെത്തിയത്. മുമ്പ് കെനിയയിൽ കണ്ടെത്തിയ മങ്കിപോക്സിന്റെ ക്ലേഡ്2ബി വകഭേദം ഭീതി വിതച്ചിരുന്നു.

അതിനേക്കാൾ തീവ്രവും വ്യാപനശേഷി ഏറിയതുമാണ് നിലവിൽ പടരുന്ന ക്ലേഡ് 1 വകഭേദം. ലോകത്ത് ഇതിനോടകം ഒരു ലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് പ്രദേശങ്ങളിൽ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കുളം, തോട് തുടങ്ങിയ ജലാശയങ്ങളിൽ കുളിച്ചവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാൽ ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേർ മാത്രമാണ്. കേരളത്തിൽ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവർക്ക് മെഡിക്കൽ ബോർഡിന്റെ ഏകോപനത്തിൽ ഫലപ്രദമായ ചികിത്സ ഉറപ്പ് വരുത്തിയതായും വീണാ ജോർജ് പറഞ്ഞു.

പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വർഷങ്ങളായി വൃത്തിയാക്കാത്ത വാട്ടർ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അമീബ ഉണ്ടോയേക്കാം. മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയ്ക്ക് വിധേയമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഇതൊരു പകർച്ചവ്യാധിയല്ല. മിക്കവാറും ജലാശയങ്ങളിൽ അമീബ കാണാം. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വർധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്തുള്ള പിസിആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന അഞ്ച് മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകൾ നൽകി തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാൻ സാധിക്കുന്നത്. അതിനാൽ രോഗലക്ഷണങ്ങൾ തുടങ്ങി എത്രയും വേഗം മരുന്നുകൾ നൽകേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

വയനാട്: ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധി വ്യാപനം തടയാൻ മുൻകരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് കൽപറ്റ ജനറൽ ആശുപത്രി ഡി.ഇ.ഐ.സി ഹാളിൽ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പുകളിൽ പനി ബാധിച്ചവരെ പ്രത്യേകം നിരീക്ഷിക്കണം. എച്ച്1എൻ1, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത വേണം. ലക്ഷണം കണ്ടാലുടൻ ചികിത്സ ആരംഭിക്കണം. ജലദോഷമില്ലാത്ത പനി ശ്രദ്ധയിൽപ്പെട്ടാൽ എലിപ്പനിക്ക് ചികിത്സ തേടണം. അടുത്ത രണ്ടാഴ്ചയിൽ എലിപ്പനി വ്യാപനത്തിനെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കണം. ക്യാമ്പുകളിൽ മാസ്‌ക് നിർബന്ധമാക്കണം.

ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിൽ കഴിഞ്ഞ ആറ് ദിവസമായി കോളുകൾ വന്നിട്ടില്ല. ഈ സാഹചര്യത്തിൽ കൺട്രോൾ റൂം ടെലിമനസുമായി ചേർന്ന് പ്രവർത്തിക്കും. ആരോഗ്യ, ആയുർവേദ, ഹോമിയോ വകുപ്പുകളും ജില്ലാ വനിതാ – ശിശുസംരക്ഷണ ഓഫീസും ശേഖരിച്ച മാനസികാരോഗ്യ പിന്തുണ നൽകുന്നതിനാവശ്യമായ വിവരങ്ങൾ ക്രോഡീകരിക്കും.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്താൻ വാട്ടർ അതോറിട്ടിയുമായി സഹകരിച്ചുള്ള പ്രവർത്തനം നടത്തണം. മഞ്ഞപ്പിത്ത രോഗബാധ തടയാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. പകർച്ചവ്യാധി പ്രതിരോധത്തിന് ശക്തമായ നടപടികൾ തുടരണം. ക്യാമ്പുകളിലോ വീടുകളിലോ രോഗം കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്ത് തുടർനടപടികൾ സ്വീകരിക്കണം. ചെളിയിലും വെള്ളത്തിലുമിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പുകളിൽ മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോപ്പതി ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ 12 ഹെൽത്ത് ടീം 360 പൊതുജനാരോഗ്യ സ്‌ക്രീനിംഗ് നടത്തി. മാനസികാരോഗ്യം ഉറപ്പാക്കാനായി വ്യക്തിഗത കൗൺസിലിംഗും ഗ്രൂപ്പ് കൗൺസിലിംഗും നൽകി വരുന്നു. 136 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകളും വീടുകളും സന്ദർശിച്ചു. 218 പേർക്ക് ഗ്രൂപ്പ് കൗൺസിലിംഗും 467 പേർക്ക് സൈക്കോസോഷ്യൽ ഇന്റർവെൻഷനും 36 പേർക്ക് ഫാർമാക്കോ തെറാപ്പിയും നൽകി. 90 ഡി.എൻ.എ. സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ സർവൈലൻസ് ഓഫീസർ എന്നിവർ പങ്കെടുത്തു.

ആലപ്പുഴ: ജില്ലയില്‍ ചെള്ള് പനി (സ്‌ക്രബ് ടൈഫസ്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി. ചെറുജീവികളായ ചെള്ളു (മൈറ്റു)കളുടെ ലാര്‍വദശയായ ചിഗ്ഗര്‍മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ട് തിന്നുന്ന ജീവികളിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്. ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍മൈറ്റുകള്‍ കടിച്ചഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി(എസ്‌കാര്‍) മാറുകയും ചെയ്യുന്നു. നീണ്ടു നില്‍ക്കുന്ന പനി ,തലവേദന കണ്ണുചുവക്കല്‍, കഴല വീക്കം, പേശി വേദന വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ തന്നെ വൈദ്യസഹായം
തേടേണ്ടതാണ്. ചെള്ള് പനി പ്രതിരോധിക്കുന്നതിന്ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുല്ലില്‍ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.ജോലിക്കായി മറ്റും ഇറങ്ങുമ്പോള്‍ വ്യക്തിഗത സുരക്ഷാമാര്‍ഗ്ഗങ്ങള്‍ (ഗം ബൂട്ട്, കാലുറ) എന്നിവ ധരിക്കുക. വസ്ത്രങ്ങള്‍ കുറ്റിച്ചെടിയിലും നിലത്തുമിട്ട് ഉണക്കരുത്. അയയില്‍ വിരിച്ച് വെയിലില്‍ ഉണക്കുക. വീടിന് പരിസരത്തുള്ള കുറ്റിച്ചെടികള്‍ വെട്ടി വൃത്തിയാക്കി പരിസരം
ശുചിയായി സൂക്ഷിക്കുക. പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം.

എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എലി മാളങ്ങള്‍ നശിപ്പിക്കുക. പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കുക. ആഹാര അവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കണം. മൈറ്റ്കളുടെ കടിയേല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന ലേപനങ്ങള്‍ (മൈറ്റ് റിപ്പലന്റുകള്‍)ശരീരത്തില്‍ പുരട്ടുക.

ചെള്ള് പനി കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. കുഞ്ഞുങ്ങള്‍ മണ്ണില്‍ കളിച്ചാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കുക.

തിരുവനന്തപുരം: മലബാർ ക്യാൻസർ സെന്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആന്റ് റീസർച്ചിൽ കാർ ടി സെൽ തെറാപ്പി (CAR T Cell Therapy) വിജയകരമായി പൂർത്തീകരിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച 19 വയസുകാരനാണ് ഈ ചികിത്സ നടത്തിയത്. മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിന് ശേഷം ഈ അതിനൂതന ചികിത്സ സർക്കാർ തലത്തിൽ നടത്തുന്ന രണ്ടാമത്തെ സെന്റർ എന്ന അഭിമാനകരമായ നേട്ടമാണ് ഇതുവഴി എംസിസി സ്വന്തമാക്കിയത്. ഡയറക്ടർ ഉൾപ്പെടെയുള്ള എംസിസിയിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദനം അറിയിച്ചു.

ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട ഏക കാർ ടി സെൽ കമ്പനി ആയ ഇമ്മുണോ ആക്ട് വഴിയാണ് കാർ ടി സെൽ ഉത്പാദിച്ചെടുത്തത്. സാധാരണ നിലയിൽ 50 ലക്ഷത്തോളം രൂപ വരുന്ന ജനിതക പരിഷ്‌കരണമാണ് ‘പേഷ്യന്റ് അസ്സിസ്റ്റൻസ് പ്രോഗ്രം’ വഴി 30 ലക്ഷം രൂപക്ക് ലഭ്യമാക്കിയത്. വിവിധ സർക്കാർ പദ്ധതികളുൾപ്പെടെ ചികിത്സയ്ക്ക് സഹായകമായി. സാധാരണക്കാർക്കും ഇത്തരം അത്യാധുനിക ചികിത്സകൾ ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

മനുഷ്യ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ സുപ്രധാന ഘടകങ്ങളായ ഒരു തരം വെളുത്ത രക്താണുക്കളാണ് ടി സെല്ലുകൾ. ഇവയുടെ പ്രധാന പ്രവർത്തനം രോഗ പ്രതിരോധമാണ്. കാർ ടി സെൽ ചികിത്സാ രീതിയിൽ ഈ ലിംഫോസൈറ്റുകളെ രോഗിയിൽ നിന്നും ശേഖരിച്ച ശേഷം അവയെ പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയിൽ വെച്ച് ജനിതക പരിഷ്‌കരണം നടത്തുന്നു.

ജനിതകമാറ്റം വരുത്തി അവയെ ട്യൂമർ ആന്റിജനുകളെ ലക്ഷ്യം വച്ചുള്ള ആന്റിബോഡികൾ ഉപരിതലത്തിൽ പ്രകടിപ്പിക്കുന്ന തരത്തിലുള്ളതാക്കി മാറ്റുന്നു. ഇത്തരത്തിൽ മാറ്റം വരുത്തിയ കോശങ്ങൾ രോഗിയിൽ തിരികെ നൽകുന്നു. ഇത് ട്യൂമർ കോശങ്ങളെ നശിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. ട്യൂമറിനെതിരായ ഏറ്റവും നിശ്ചിതമായ ടാർഗെറ്റ്ഡ് തെറാപ്പികളിൽ ഒന്നാണിത്.

ഈ അത്യാധുനിക ചികിത്സയ്ക്ക് സവിശേഷതകളേറെയാണ്. ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കാതെ കാർ ടി സെല്ലുകൾ പ്രത്യേകമായി ക്യാൻസർ കോശങ്ങളെ ലക്ഷ്യമിടുന്നു. മാറാത്ത രക്താർബുദങ്ങൾക്ക് മികച്ച ചികിത്സ നൽകാനാകും. പരമ്പരാഗത കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി എന്നിവയിൽ നിന്ന് വ്യത്യസ്തമായി കാർ ടി സെൽ തെറാപ്പി സാധാരണയായി ഒറ്റത്തവണ ചികിത്സയാണ്. പരമ്പരാഗത കാൻസർ ചികിത്സകളെ അപേക്ഷിച്ച് കാർ ടി സെൽ തെറാപ്പിക്ക് പാർശ്വഫലങ്ങൾ കുറവായിരിക്കും. രോഗ ലക്ഷണങ്ങൾ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കാർ ടി സെൽ തെറാപ്പിക്ക് കഴിയും. കാർ ടി സെൽ തെറാപ്പിയുടെ ആശുപത്രിവാസ സമയം താരതമ്യേന കുറവാണ്. ആശുപത്രി വാസമില്ലാതെയും ഇത് നൽകാൻ സാധിക്കും.

ത്വരിത വേഗത്തിൽ ഗവേഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് കാർ ടി സെൽ തെറാപ്പി. മലബാർ ക്യാൻസർ സെന്ററിനും ഈ ഗവേഷണത്തിൽ മികച്ച സംഭാവന നൽകാൻ സാധിക്കും എന്നാണ് പ്രത്യാശിക്കുന്നത്.

ഡോ. ചന്ദ്രൻ കെ. നായർ, ഡോ. അഭിലാഷ്, ഡോ. പ്രവീൺ ഷേണായി, ഡോ. ഷോയിബ് നവാസ്, ഡോ. മോഹൻദാസ്, ഡോ. അഞ്ജു കുറുപ്പ്, ഷിബിൻ, സിന്ധു, നഴ്സുമാർ എന്നിവരടങ്ങിയ സംഘമാണ് ഈ പ്രൊസീജയർ നടത്തിയത്.