Health (Page 9)

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സിക്ക വൈറസ് വ്യാപനം. പൂനെയിൽ 68 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. സിക്ക വൈറസ് ബാധിച്ചവരിൽ നാലു പേർ മരണപ്പെട്ടു. മരണം വൈറസ് ബാധമൂലമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പ്രായാധിക്യവും മറ്റുരോഗങ്ങളും കാരണമാണെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

വൈറസ് സ്ഥിരീകരിച്ച 68 പേരിൽ 26 പേർ ഗർഭിണികളാണ്. രോഗം സ്ഥിരീകരിച്ചവരെല്ലാം ആരോഗ്യനില വീണ്ടെടുത്തുവെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. രോഗം പടരുന്ന പശ്ചാത്തലത്തിൽ പൂനെയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണിത്. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ കാണാറില്ല.

ഗർഭിണികളെയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് വരെ കാരണമാകും. ഗർഭകാലത്തുള്ള സങ്കീർണതയ്ക്കും ഗർഭഛിത്രത്തിനും വരെ ഇത് ഇടയാക്കിയേക്കാം. കുട്ടികളിലും മുതിർന്നവരിലും സിക്ക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശങ്ങളും ഉണ്ടാകാനിടയുണ്ട്. സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് നിലവിൽ ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്.

ജനീവ: പകർച്ചവ്യാധികൾക്ക് കാരണമായേക്കാവുന്ന മുപ്പതിലധികം രോഗാണുക്കളടങ്ങുന്ന പട്ടിക ലോകാരോഗ്യ സംഘടന പുറത്തിറക്കി. ജൂലൈ 30നാണ് ഈ പട്ടിക ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്. റിപ്പോർട്ടിൽ ഇൻഫ്ലുവൻസ എ വൈറസ്, ഡെങ്കു വൈറസ്, മങ്കിപോക്‌സ് വൈറസ് എന്നിവ ഇടംനേടിയിട്ടുണ്ട്.

രോഗകാരികളുടെ മുൻഗണനാപട്ടികയിൽ, പകർച്ചവ്യാധി പോലെയുള്ള ആഗോള പൊതുജന ആരോഗ്യ അടിയന്തരാവസ്ഥ ജനങ്ങളിലുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രോഗാണുക്കളെ തിരഞ്ഞെടുത്തത്. രോഗം പടരുന്നതിന്റെ വേഗത, വൈറസ് ബാധയുള്ളവ, വാക്‌സിനുകൾക്കും ചികിത്സകൾക്കും പരിമിതമായ പരിധിയുള്ളവ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി ക്രമീകരിച്ചിരിക്കുന്ന പട്ടികയാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്.

പട്ടികയിൽ അമേരിക്കയിലെ കന്നുകാലികളിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട എച്ച് 5 ഉപവകഭേദം ഉൾപ്പെടെയുള്ള നിരവധി ഇൻഫ്ലുവൻസ എ വൈറസുകളും ഉൾപ്പെട്ടിട്ടുണ്ട്. കോളറ, പ്ലേഗ്, വയറിളക്കം, അതിസാരം, ന്യുമോണിയ എന്നിവയ്ക്ക് കാരണമാകുന്ന അഞ്ച് പുതിയ ബാക്ടീരിയകളും മഹാമാരിക്ക് കാരണമാകുന്ന രോഗകാരികളുടെ പട്ടികയിലുണ്ട്. ഇന്ത്യയിൽ അടുത്തിടെ കണ്ടെത്തിയ നിപ വൈറസും പട്ടികയിലുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥിരീകരിച്ച സാഹചര്യത്തിൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതലുകളെടുക്കണം. മലിനമായ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. ഇത്തരം കുളങ്ങളിൽ കുളിക്കുന്നവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ അത് പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖ അടുത്തിടെ രാജ്യത്ത് ആദ്യമായി പുറത്തിറക്കിയിരുന്നു. ഈ മാർഗരേഖ അനുസരിച്ചായിരിക്കും ചികിത്സ. അവബോധം ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

വയനാട് ഉരുൾപൊട്ടൽ, അമീബിക്ക് മസ്തിഷ്‌ക ജ്വരം എന്നിവയുടെ സാഹചര്യത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. തിരുവനന്തപുരത്ത് മരണമടഞ്ഞയാൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 3 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗികളെല്ലാം പായൽ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയിൽ സമ്പർക്കമുണ്ടായ ആൾക്കാരാണ്.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആൾക്കാരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വർധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്.

ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.

എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ചെളിയിലോ ഇറങ്ങുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കേണ്ടതാണ്. സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. ഡെങ്കിപ്പനി കേസുകളിൽ കുറവ് വന്നിട്ടുള്ളതായി യോഗം വിലയിരുത്തി. ആശുപത്രികളിൽ മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്താനും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വയനാട്: വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് ദീർഘകാല മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെ മാനസിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമായി നടത്തി വരുന്നുണ്ട്. 137 കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനം കൂടി ഉറപ്പാക്കും. കൂടുതൽ ഫീൽഡുതല ജീവനക്കാരെ വീടുകളിലേക്ക് അയക്കും. മാനസികാരോഗ്യത്തിന് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകി. ഇത്തരം ദുരന്തങ്ങളിൽ ദീർഘകാല മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അത് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മഴ കുറഞ്ഞത് കാരണം ക്യാമ്പുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ചെക്ക് ലിസ്റ്റ് പ്രകാരം മെഡിക്കൽ ടീം ക്യാമ്പുകൾ സന്ദർശിച്ചു. ക്യാമ്പിലുള്ളവർക്ക് ആരോഗ്യസേവനം ഉറപ്പാക്കിയിട്ടുണ്ട്. 14 സ്ഥലങ്ങളിലും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് മൊബൈൽ ലാബുകൾ സജ്ജമാക്കി. സന്നദ്ധ പ്രവർത്തകർക്കും ജീവനക്കാർക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ വിതരണം ചെയ്തു വരുന്നു. 84 സാമ്പിളുകൾ എടുത്ത് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു.

മൃതദേഹങ്ങൾ ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി 149 ആംബുലൻസുകൾ സജ്ജമാണ്. മൃതദേഹങ്ങൾ സൂക്ഷിക്കാനായി 138 ഫ്രീസറുകൾ അധികമായുണ്ട്. 225 മൃതദേഹങ്ങളും 181 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീരഭാഗങ്ങളുൾപ്പെടെ 406 പോസ്റ്റുമോർട്ടങ്ങൾ നടത്തി.

ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ സർവൈലൻസ് ഓഫീസർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ചവ്യാധികൾക്കെതിരെ നിതാന്ത ജാഗ്രത പുലർത്താൻ നിർദേശം നൽകി. ക്യാമ്പുകളെല്ലാം മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണം. എലിപ്പനി, വയറിളക്ക രോഗങ്ങൾ, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ചിക്കൻ പോക്സ് എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആശുപത്രികളിലെത്തിച്ച മുഴുവൻ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു. വയനാട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളേജുകൾക്ക് പുറമേ ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിൽ നിന്നും ഫോറൻസിക് സർജൻമാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. വയനാട് മേപ്പാടിയിൽ ഇപ്പോൾ പോസ്റ്റുമോർട്ടം നടത്തുന്ന സ്ഥലത്തിന് പുറമേ മറ്റൊരു സ്ഥലത്ത് കൂടി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചു. ഇതുകൂടാതെ നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള അധിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 140 മൊബൈൽ ഫ്രീസറുകൾ ലഭ്യമാക്കിയിട്ടുണ്ട്. 210 മൃതദേഹങ്ങളും 135 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുൾപ്പെടെ 343 പോസ്റ്റുമോർട്ടങ്ങൾ നടത്തി. നടപടികൾ പൂർത്തിയാക്കി 146 പേരുടെ മൃതദേഹങ്ങൾ തിരിച്ച് നൽകാനായി.

ചികിത്സ, ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യം, മാനസികാരോഗ്യം, പകർച്ചവ്യാധി പ്രതിരോധം, പോസ്റ്റ്മോർട്ടം എന്നിവയാണ് ആരോഗ്യ വകുപ്പ് പ്രധാനമായും ഏകോപിപ്പിക്കുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് ഡി.എൻ.എ. പരിശോധന നടത്തി വരുന്നു. എല്ലാ ആശുപത്രികളിലും അധികമായി മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രി അടിസ്ഥാനത്തിൽ ക്യാമ്പുകളിലൂടെ മരുന്നുകൾ നൽകുന്നുണ്ട്. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ ആവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി മരുന്നുകളും പരിചരണവും ഉറപ്പാക്കിയിട്ടുണ്ട്. ആയുഷ് വിഭാഗത്തിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് 123 കൗൺസിലർമാരെ നിയോഗിച്ചു. കൗൺസിലർമാർക്ക് ഐഡി കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾക്കനുസരിച്ച് മാത്രമേ ഇവർ സേവനം നൽകാവൂ. ഇന്ന് 645 പേർക്ക് സൈക്കോസോഷ്യൽ സപ്പോർട്ട് നൽകി. വിത്ത്ഡ്രോവൽ സിൻഡ്രോം കണ്ടെത്തിയ 3 പേരെ അഡ്മിറ്റാക്കി. ഗർഭിണികൾ, കുഞ്ഞുങ്ങൾ, വയോജനങ്ങൾ, രോഗങ്ങളുള്ളവർ എന്നിവരുടെ പരിചരണത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. സിക്കിൾ സെൽ അനീമിയ രോഗികളെ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പോലീസിന്റെ സേവനം തേടിയിട്ടുണ്ട്. ജീവനക്കാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.

ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങൾ, 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾ, മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ എന്നിവരുടെ വിവരങ്ങൾ ശേഖരിച്ച് വരുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് ക്യാമ്പുകളിൽ സ്വകാര്യത ഉറപ്പാക്കി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ആർത്തവ ശുചിത്വത്തിനും പ്രാധാന്യം നൽകി ഇടപെടൽ നടത്തണം. ഇവയെല്ലാം പ്രത്യേകം ശ്രദ്ധിക്കാൻ വനിത ശിശുവികസന വകുപ്പിന് മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലും മറ്റ് ജില്ലകളിലെ ശക്തമായ മഴയും കാരണം പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിതാന്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ തുടങ്ങിയവ പടർന്നുപിടിക്കാൻ സാധ്യത കൂടുതലാണ്. എലിപ്പനി കേസുകൾ കൂടാൻ സാധ്യതയുള്ളതിനാൽ വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ള എല്ലാവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. എല്ലാ ആശുപത്രികളിലും അവശ്യ മരുന്നുകൾ, ഒ.ആർ.എസ്., സിങ്ക്, ഡോക്‌സിസൈക്ലിൻ, ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കാൻ നിർദേശം നൽകി. ലഭ്യത കുറവ് മുൻകൂട്ടി അറിയിക്കണം. എല്ലാ പ്രധാന ആശുപത്രികളിലും പാമ്പുകടിയേറ്റാൽ ചികിത്സിക്കാനുള്ള ആന്റി സ്‌നേക്ക് വെനം സ്റ്റോക്ക് ഉറപ്പാക്കാനും നിർദേശം നൽകി.

ആശുപത്രികൾ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കണം. ദുരിത ബാധിത പ്രദേശങ്ങളിൽ അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും സേവനങ്ങൾ ഉറപ്പാക്കണം. ശുചീകരണ പ്രവർത്തനങ്ങളിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർ വ്യക്തിഗത സുരക്ഷാ ഉപാധികളായ ഗ്ലൗസ്, മാസ്‌ക്, ബൂട്ട് മുതലായവ ധരിക്കേണ്ടതാണ്. വൈദ്യുതാഘാതം, പാമ്പ് കടി, ഇഴജന്തുക്കൾ ഉൾപ്പെടെയുള്ളവയുടെ ആക്രമണം മുതലായവ ഒഴിവാക്കാനുള്ള സുരക്ഷാ നടപടികൾ കൈക്കൊള്ളുക. പ്രളയബാധിത പ്രദേശങ്ങളിലെ ആശുപത്രികളിൽ ഉപകരണങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

ദുരിതാശ്വാസ ക്യാമ്പുകൾ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ക്യാമ്പുകളിലും ആരോഗ്യ സേവനം ഉറപ്പാക്കാൻ ഒരു നോഡൽ ഓഫീസർ ഉണ്ടായിരിക്കണം. ക്യാമ്പുകളിൽ ഡയാലിസിസ്, കീമോതെറാപ്പി മുതലായ ചികിത്സയിലുള്ള രോഗികൾക്ക് തുടർചികിത്സ ഉറപ്പാക്കണം. ഏതെങ്കിലും രോഗങ്ങൾക്ക് പതിവായി മരുന്ന് കഴിക്കുന്നവർ അത് തുടരേണ്ടതാണ്. സൂരക്ഷിതമല്ലാത്ത മേഖലകളിൽ വസിക്കുന്നവർ നിർദ്ദേശം കിട്ടിയാലുടനെ ദൂരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറി താമസിക്കേണ്ടതാണ്. പക്ഷി മൃഗാദികളുടെ ശവശരീരങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആഴത്തിൽ കുഴിയെടുത്ത് ബ്ലീച്ചിംഗ് പൗഡർ വിതറി സംസ്‌കരിക്കേണ്ടതാണ്.

പകർച്ചവ്യാധി നിയന്ത്രണം

Ø തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.

Ø കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് അണുബാധ തടയും.

Ø മഴവെള്ളത്തിൽ കുതിർന്ന ഭക്ഷണം ഉപയോഗിക്കരുത്.

Ø പഴകിയ ഭക്ഷണം കഴിക്കരുത്.

Ø ആർക്കെങ്കിലും പനിയോ വയറിളക്കമോ ഉണ്ടായാൽ ഉടനടി ചികിത്സ തേടേണ്ടതാണ്.

Ø ദുരിതാശ്വാസ ക്യാമ്പുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ

Ø തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ നൽകുക.

Ø കുടിവെള്ള സ്രോതസുകൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ക്ലോറിനേറ്റ് ചെയ്യണം.

Ø ദുരിതാശ്വാസ ക്യാമ്പുകളുടെ പരിസരം ആഴ്ച്ചയിൽ രണ്ടുതവണ അണുനശീകരണം നടത്തണം.

Ø ക്യാമ്പുകളിൽ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടത്തുക.

Ø ക്യാമ്പുകളിൽ കൊതുകിന്റെ ഉറവിട നശീകരണത്തിന് ഫോഗിംഗും മറ്റ് വെക്ടർ നിയന്ത്രണ പ്രവർത്തനങ്ങളും നടത്തുക.

Ø ഗർഭിണികൾ, കുഞ്ഞുങ്ങൾ, ദീർഘകാല രോഗങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുക.

Ø രോഗലക്ഷണങ്ങളുള്ളവരെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് തുടർനടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്നു. ജില്ലകളുടെ പൊതു സാഹചര്യവും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ജില്ലകളുടെ പ്രവർത്തനങ്ങൾ പ്രത്യേകമായും ചർച്ച ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചു. ഓരോ ക്യാമ്പിലും ഒരു ആരോഗ്യ പ്രവർത്തകന് വീതം ചുമതല നൽകാൻ നിർദേശം നൽകി. പകർച്ചവ്യാധി പ്രതിരോധത്തിനായി നടപടികൾ സ്വീകരിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കാൻ നിർദേശം നൽകി. സ്റ്റേറ്റ് ആർആർടി യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിച്ചു. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാൻ വയനാടിലുള്ള ഫോറൻസിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറൻസിക് ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ ജനിതക പരിശോധനകൾ നടത്താനുള്ള സംവിധാനമൊരുക്കി. അധിക മോർച്ചറി സൗകര്യങ്ങളുമൊരുക്കി. മൊബൈൽ മോർച്ചറി സൗകര്യങ്ങൾ ക്രമീകരിച്ചു.

പ്രളയാനന്തര പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ക്യാമ്പുകളിൽ പകർച്ചവ്യാധി പ്രതിരോധം ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കണം. ജലജന്യ രോഗങ്ങൾ പ്രതിരോധിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ.

വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ മരുന്നുകളുടേയും സുരക്ഷാ സാമഗ്രികളുടേയും ലഭ്യത ഉറപ്പാക്കണം. വയനാടിലേക്ക് കൂടുതൽ മരുന്നുകളെത്തിച്ചു. വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ ഗർഭിണികളുടേയും കുട്ടികളുടേയും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.

വയനാട് ഉരുൾപൊട്ടലിനെ തുടർന്നുള്ള സാഹചര്യം നേരിടുന്നതിന് ആരോഗ്യ വകുപ്പ് സത്വര നടപടികൾ സ്വീകരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സ്ഥലത്ത് വേണ്ടത്ര ക്രമീകരണങ്ങൾ നടത്താൻ വകുപ്പിന് നിർദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചു ചേർത്ത് തുടർനടപടികൾ സ്വീകരിച്ചു. ഇതുകൂടാതെ മന്ത്രി നേരിട്ട് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ് നടത്തി വരുന്ന ക്രമീകരണങ്ങൾ വിലയിരുത്തുകയും തുടർനടപടികൾക്ക് നിർദേശം നൽകുകയും ചെയ്തു.

വയനാട്ടിൽ പ്രാദേശികമായി ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടറെ രാവിലെതന്നെ നിയോഗിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

താത്ക്കാലിക ആശുപത്രികൾ സജ്ജമാക്കി വരുന്നു. ചൂരൽമലയിൽ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കി. പോളിടെക്‌നിക്കിലെ താൽക്കാലിക ആശുപത്രി പ്രവർത്തനമാരംഭിച്ചു.

ജില്ലയിലെ ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കി. വയനാട് അധികമായി ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു. കോഴിക്കോട്, കണ്ണൂർ, തൃശൂർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ടീമിനെ വയനാടേയ്ക്ക് അയച്ചു. കോഴിക്കോട്ട് നിന്നുള്ള രണ്ട് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. സർജറി, ഓർത്തോപീഡിക്‌സ്, കാർഡിയോളജി, സൈക്യാട്രി, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയും നഴ്‌സുമാരേയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ദുരന്ത മേഖലകളിൽ പ്രവർത്തന പരിചയമുള്ള ഡോക്ടർ സംഘവും സ്ഥലത്ത് എത്തുന്നതാണ്.

വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അവധിയിലുളള ആരോഗ്യ പ്രവർത്തകരോട് അടിയന്തരമായി തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. ആവശ്യമായ മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിച്ചു വരുന്നു. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ അധികമായി എത്തിച്ചു. മലയോര മേഖലയിൽ സഞ്ചരിക്കാൻ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാൻ നിർദേശം നൽകി. ആശുപത്രികളുടെ സൗകര്യങ്ങൾക്കനുസരിച്ച് പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. ടെലിഫോൺ വഴിയുള്ള കൗൺസലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങൾക്കുമായി ടെലി മനസ് ശക്തിപ്പെടുത്തി. ടെലി മനസ് ടോൾഫ്രീ നമ്പരിൽ (14416) 24 മണിക്കൂറും സേവനം ലഭ്യമാണ്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ആരംഭിച്ച സ്റ്റേറ്റ് കൺട്രോൾ റൂം ശക്തിപ്പെടുത്തി 24 മണിക്കൂറാക്കി. 0471 2303476, 0471 2300208 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, ആർആർടി അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: എല്ലാവരും സ്റ്റോപ്പ് ഡയേറിയ കാമ്പയിൻ 2024 പ്രചാരണ പരിപാടിയുടെ ഭാഗമാകണമെന്നും ഓരോരുത്തരും കാമ്പയിന്റെ അംബാസഡർമാരാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വളരെ പ്രധാനപ്പെട്ട ഒരു കാമ്പയിനാണ് ആരോഗ്യവകുപ്പ് തുടക്കം കുറിക്കുന്നത്. ഈ കാലഘട്ടത്തിൽ ഇതിന് വളരെ പ്രസക്തിയുണ്ട്. ജലജന്യ രോഗങ്ങൾ വർധിക്കുന്ന കാലയളവാണിത്. നമ്മുടെ വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ജല ശുചിത്വം എന്നിവ വളരെ പ്രധാനമാണ്. ശുദ്ധമായ ഭക്ഷണം കൂടി കഴിക്കുന്നു എന്നുള്ളത് ഉറപ്പാക്കേണ്ടതാണ്. ഏത് രോഗങ്ങളെയും പ്രതിരോധിക്കുന്നതിൽ ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സ്റ്റോപ്പ് ഡയേറിയ കാമ്പയിന്റെയും ഒ.ആർ.എസ്. ദിനാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നത് ഓരോരുത്തരും എല്ലായിപ്പോഴും പ്രത്യേകം ഓർമിക്കേണ്ട കാര്യമാണ്. വയറിളക്കം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിർജലീകരണം സംഭവിച്ച് മരണം തന്നെ ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. അതിനെ അതിജീവിക്കുന്നതിന് കൃത്യമായി രോഗിയ്ക്ക് ഒ.ആർ.എസ്. നൽകേണ്ടത് അനിവാര്യമാണ്.

ജൂലൈ മാസം 29 നാണ് ലോക ഒ.ആർ.എസ്. ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് ആരോഗ്യ വകുപ്പ് വലിയൊരു കാമ്പയിന് തുടക്കമിട്ടത്. ഈ വലിയ ജനകീയ പ്രചരണ പരിപാടിയിലൂടെ വയറിളക്ക രോഗങ്ങളുടെ പ്രതിരോധം, നിയന്ത്രണം, ബോധവൽക്കരണം എന്നിവയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കെ. ജീവൻ ബാബു വിശിഷ്ടാതിഥിയായി. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി.മീനാക്ഷി സ്വാഗതവും സ്റ്റേറ്റ് ഒ.ആർ.ടി. ഓഫീസർ ഡോ. ബിനോയ് എസ്. ബാബു നന്ദിയും പറഞ്ഞു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. ഷീജ എ.എൽ., ഡോ. അജിത വി. ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദിവ്യ സദാശിവൻ, സ്റ്റേറ്റ് മാസ് എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഇൻ ചാർജ് കെ.എൻ. അജയ് എന്നിവർ ആശംസകൾ അർപ്പിച്ചു.

തിരുവനന്തപുരം: ഹീമോഫീലിയ ചികിത്സയിൽ ഇനി മുതൽ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നൽകാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കൽ മാത്രം എടുത്താൽ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഏകദേശം 300 ഓളം കുട്ടികൾക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഹീമോഫിലിയ ചികിത്സയിൽ ഗോൾഡ് സ്റ്റാൻഡേർഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്സിസ് (പ്രതിരോധ ചികിത്സ) 2021 മുതൽ നൽകി വരുന്നുണ്ട്. ഇത്തരത്തിൽ പ്രൊഫിലാക്സിസ് ചികിത്സ ഇത്രയധികം രോഗികൾക്ക് നൽകുന്നതും ഇന്ത്യയിൽ തന്നെ ആദ്യമായി നമ്മുടെ സംസ്ഥാനത്തിലാണ്. ‘ഹീമോഫിലിയ രോഗികൾക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതമുറപ്പുവരുത്തുക’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് വിപ്ലവകരമായ ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

എമിസിസുമാബ് എന്ന ഈ നൂതന ചികിത്സാ 2021 മുതൽ തിരഞ്ഞെടുത്ത രോഗികളിൽ നമ്മൾ നൽകി വരുന്നുണ്ട്. കഴിഞ്ഞ 3 വർഷത്തെ ചികിത്സയുടെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ രോഗികൾക്ക് പ്രയോജനകരമാകുന്ന തരത്തിൽ 18 വയസിൽ താഴെയുള്ള മുഴുവൻ രോഗികൾക്കും വിലകൂടിയ മരുന്ന് നൽകുവാൻ തീരുമാനിച്ചിട്ടുള്ളത്.

കുട്ടികൾ ഈ മരുന്നിലേക്ക് മാറുന്നത് വഴി ആഴ്ചയിൽ 2 തവണ വീതമുള്ള ആശുപത്രി സന്ദർശനവും ഞരമ്പിലൂടെയുള്ള ഇഞ്ചക്ഷനുകളുടെ കാഠിന്യവും അതിനോടനുബന്ധിച്ചുള്ള സ്‌കൂൾ മുടക്കങ്ങളും മാതാപിതാക്കളുടെ തൊഴിൽ നഷ്ടവും ഗണ്യമായി കുറയുകയും അവരുടെ ജീവിതനിലവാരം ഉയർത്തുവാനും സാധിക്കുന്നതുമാണ്.

കേരളത്തിൽ ഹീമോഫിലിയ രോഗബാധിതരായ ഏകദേശം 2000ത്തോളം പേരാണ് ആശധാര പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻകാലങ്ങളിൽ മെഡിക്കൽ കോളേജുകളിലും ആലുവ താലൂക്ക് ആശുപത്രിയിലും മാത്രം ലഭ്യമായിരുന്ന ചികിത്സയെ 72ൽ പരം ആശുപത്രികളിലേയ്ക്ക് വികേന്ദ്രികരിച്ചതും ഈ സർക്കാരിന്റെ കാലത്താണ്. എണ്ണത്തിൽ കുറവാണെങ്കിലും ഹീമോഫിലിയ പോലെയുള്ള അപൂർവ രോഗം ബാധിച്ചവരേയും ചേർത്തുനിർത്തുന്ന സമീപനമാണ് സർക്കാർ എക്കാലവും സ്വീകരിച്ചു വരുന്നത്.

തിരുവനന്തപുരം: 8 പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോൾ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റിൽ വൈകുന്നേരം ചേർന്ന നിപ അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു.

472 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. അതിൽ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവർത്തകരുടെ ഭവന സന്ദർശനം പൂർത്തിയാക്കി. ഇന്ന് 1477 വീടുകളിൽ സന്ദർശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്. ഇന്ന് 227 പേർക്ക് മാനസിക ആരോഗ്യ സേവനങ്ങൾ നൽകി.

സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷൻ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷൻ. ഡിസ്ചാർജ് ആയവരും ഐസോലേഷൻ മാർഗ നിർദേശങ്ങൾ പാലിക്കണം. അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.