Health (Page 2)

തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം , തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം, എറണാകുളം ജില്ലയിലെ കട്ടിങ് പ്ലാന്റേഷന്‍ ജനകീയ ആരോഗ്യ കേന്ദ്രം , വയനാട് ജില്ലയിലെ വടക്കനാട് ജനകീയ ആരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങളാണ് ഈ അംഗീകാരം കരസ്ഥമാക്കിയത്.

സംസ്ഥാനത്ത് ആദ്യമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത്.

കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക്, ഇലക്ട്രിക് ഡെർമറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌കിൻ ബാങ്ക് അന്തിമഘട്ടത്തിലാണ്. ഇതിന് പുറമേയാണ് വിവിധ ഫണ്ടുകൾ ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവർക്ക് ത്വക്ക് വച്ച് പിടിപ്പിച്ചാൽ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനാകും. കൂടാതെ രോഗികളെ വൈരൂപ്യത്തിൽ നിന്നും രക്ഷിക്കാനുമാകും. ഈയൊരു ലക്ഷ്യം മുൻനിർത്തിയാണ് സ്‌കിൻ ബാങ്കുകൾ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസർവ് ചെയ്ത് ആവശ്യമുള്ള രോഗികൾക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിൻ ബാങ്കിലൂടെ ചെയ്യുന്നത്. കൃത്യമായ വീതിയിലും ഘനത്തിലും ശരീരത്തിന്റെ പരുക്കേൽക്കാത്ത ഭാഗങ്ങളിൽ നിന്നും ചർമ്മ ഗ്രാഫ്റ്റുകളെടുക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക ശസ്ത്രക്രിയാ ഉപകരണമാണ് ഇലക്ട്രിക് ഡെർമറ്റോം. ഗുരുതര പൊള്ളലോ ആഘാതമോ മൂലം കേടായ ചർമ്മം പുന:നിർമ്മിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

2022 ലാണ് കോട്ടയം മെഡിക്കൽ കോളേജിൽ ബേൺസ് യൂണീറ്റ് സാക്ഷാത്ക്കരിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 578 രോഗികളാണ് ഈ വിഭാഗത്തിൽ ചികിത്സ നേടിയത്. 262 സങ്കീർണ ശസ്ത്രക്രിയകളാണ് നടത്തിയത്. ഏർളി ആന്റ് അൾട്രാ ഏർളി എക്‌സിഷൻ ആന്റ് ഗ്രാഫ്റ്റിംഗ്, എസ്ചാറോട്ടമി (Early and ultra early excision and grafting, scharotomy) മുതലായ സർജറികൾ ഇവിടെ നടത്തി വരുന്നു.

പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ കീഴിലാണ് ബേൺസ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ 8 കിടക്കകളും, 4 ഐസിയു കിടക്കകളും, ഓപ്പറേഷൻ തീയറ്ററുകളും ഈ വിഭാഗത്തിലുണ്ട്. ബേൺസ് ചികിത്സയിൽ പ്രത്യേക പരിശീലനവും പ്രാവീണ്യവുമുള്ള അതിനായി മാത്രം പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് സർജനാണ് ഇതിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അനസ്‌തേഷ്യോളജിസ്റ്റ്, ഫിസിയോതെറാപ്പി വിഭാഗം, നഴ്‌സസ് മുതലായവരുടെ കൂട്ടായ്മയിലൂടെ രോഗികൾക്ക് വേദനയില്ലാതെയും, പൊള്ളലേറ്റവർക്ക് ദീർഘകാലം ഉണ്ടായേക്കാവുന്ന വൈരൂപ്യം ഇല്ലാതെയുമുള്ള അത്യാധുനിക ചികിത്സയാണ് ഇവിടെ ലഭ്യമാക്കുന്നത്.

ഗുരുതരമായി പൊള്ളലേറ്റവരുടെ മരണസംഖ്യ ആഗോള തലത്തിൽ തന്നെ വലുതാണ്. അതേസമയം അനേകം രോഗികളെ രക്ഷിച്ചെടുക്കാൻ ഇവിടത്തെ ബേൺസ് യൂണിറ്റിനായി. വളരെ സങ്കീർണവും ഗുരുതരവുമായി പൊള്ളലേറ്റ രോഗികളെ ചികിൽസിക്കുന്ന ഈ യൂണിറ്റിൽ 2024ലെ മരണ നിരക്ക് 26 ശതമാനം മാത്രമാണെന്നുള്ളത് ഈ വിഭാഗത്തിലെ ചികിത്സയുടെ ഗുണമേന്മയാണ് കാണിക്കുന്നത്. 40 ശതമാനം വരെയുള്ള ആഴത്തിലുള്ള പൊള്ളലുകളും 70 ശതമാനം വരെയുള്ള ആഴം കുറഞ്ഞ പൊള്ളലുകളുമുള്ള (superficial burns) നിരവധി രോഗികൾ വൈരൂപ്യമില്ലാതെ ഭേദമായി ഇവിടെ നിന്നും വീട്ടിൽ പോകുന്നു എന്നുള്ളതും അഭിമാനിക്കാവുന്ന നേട്ടമാണ്.

ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. എച്ച്.എം.പി. വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേ കാര്യം തന്നെ ഇന്ന് ഐസിഎംആർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയിലും കണ്ടുവരുന്ന ഒരു വൈറസാണ് എച്ച്.എം.പി.വി. എന്ന് പത്രക്കുറിപ്പിലൂടെ ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ടതില്ല. എച്ച്.എം.പി. വൈറസിനെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാൻ കഴിയില്ല. വൈറസിൽ കാര്യമായ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനിതക വ്യതിയാനം ഉള്ളതായി ലോകാരോഗ്യ സംഘടനയോ, ചൈനയിലെ വിദഗ്ധരോ അറിയിച്ചിട്ടില്ല. നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതാണ്. അതോടൊപ്പം ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ കാണുന്നുവെങ്കിൽ അവരെയും നിരീക്ഷിക്കുന്നതാണ്. ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളുള്ളവർ മാസ്‌ക് ധരിക്കുകയും കൃത്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുക.

ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്നത് പരിശോധിച്ച് വരികയാണ് . കുഞ്ഞിന് എച്ച്എംപിവിയുടെ ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്ന് അടക്കം വ്യക്തമായിട്ടില്ല. സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

കുഞ്ഞിൻ്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന് ചൈനയിൽ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.

covid

ദില്ലി: ഹ്യൂമൻ മെറ്റന്യൂമോ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയിലെ സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ. സാഹചര്യം വിലയിരുത്താൻ ആരോഗ്യ മന്ത്രാലയം യോഗം ചേർന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം അവശ്യ സാഹചര്യമുണ്ടായാൽ നേരിടാൻ ആശുപത്രികൾ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 

എന്നാൽ ചൈനയിലെ ആശുപത്രികളിൽ ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി ചികിത്സ തേടിയെത്തുന്നതായും റിപ്പോർട്ടുണ്ട്.അതേസമയം ചൈന വ്യക്തമാക്കുന്നത് ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ല എന്നാണ്. കൊവിഡ് കാലത്തിന് സമാനമായ രീതിയിൽ മാസ്ക് ധരിക്കണമെന്നും കൈകൾ ശുചിയായി സൂക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമൊക്കെയുള്ള നിർദ്ദേശങ്ങൾ ആരോഗ്യ വിദഗ്ധർ ജനങ്ങൾക്ക് നൽകി. 

ന്യൂഡല്‍ഹി: ചൈനയില്‍ അതിവേഗം പടർന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (DGHS) ഡോ. അതുല്‍ ഗോയല്‍. ഇന്ത്യയില്‍ ഇതുവരെ എ‌ച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സാധാരണ എടുക്കാറുള്ള പൊതുവായ മുന്‍കരുതലുകള്‍ സ്വീകരിച്ചാൽ മതിയെന്നും ഡോ.അതുല്‍ ഗോയല്‍ നിര്‍ദേശിച്ചു.

എച്ച്എംപിവി വ്യാപനം സംബന്ധിച്ച് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടൻ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങൾ പാലിച്ച് ഒരു മാസത്തിനകം കമ്മീഷൻ ചെയ്യുന്നതാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള സ്റ്റാന്റേർഡ് ഗൈഡ്‌ലൈൻ രൂപീകരിക്കാനും മന്ത്രി നിർദേശം നൽകി. ബേൺസ് യൂണിറ്റുകളെ ശക്തിപ്പെടുത്താനായി ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസർവ് ചെയ്ത് വച്ച് ആവശ്യമുള്ള രോഗികൾക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിൻ ബാങ്കിലൂടെ ചെയ്യുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവർക്ക് പകരം ത്വക്ക് വച്ച് പിടിപ്പിച്ചാൽ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനാകും. കൂടാതെ രോഗിയെ വൈരൂപ്യത്തിൽ നിന്നും രക്ഷിക്കാനുമാകും. മറ്റ് അവയവങ്ങൾ പോലെ ത്വക്ക് ദാനം ചെയ്യാനുള്ള അവബോധം ശക്തമാക്കണം.

പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ബേൺസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ സജ്ജമാക്കി. ആലപ്പുഴ, കണ്ണൂർ, കൊല്ലം മെഡിക്കൽ കോളേജുകളിൽ ഈ സർക്കാരിന്റെ കാലത്താണ് പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ വിജയകരമായി പ്രവർത്തിച്ചു വരുന്നു. എറണാകുളം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ബേൺസ് യൂണിറ്റുകളുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ബേൺസ് യൂണിറ്റ് സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കൊല്ലം, ആലപ്പുഴ, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ കൂടി ബേൺസ് യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദേശം നൽകി. ബേൺസ് യൂണിറ്റുകൾ സ്റ്റാന്റേഡൈസ് ചെയ്യാനുള്ള പ്രൊപ്പോസൽ 15 ദിവസത്തിനകം വർക്കിംഗ് ഗ്രൂപ്പ് ചേർന്ന് സമർപ്പിക്കാൻ നിർദേശം നൽകി. ഏകീകൃത ചികിത്സാ പ്രോട്ടോകോൾ രൂപീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഏകോപിപ്പിക്കാനുള്ള സംവിധാനമൊരുക്കാനും മന്ത്രി നിർദേശം നൽകി.

തിരുവനന്തപുരം: ആന്റി മൈക്രോബിയൽ പ്രതിരോധം സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ വിപത്തെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എജ്യുക്കേഷൻ ( വി. എച്ച്. എസ്. ഇ) വിഭാഗം നാഷണൽ സർവീസ് സ്‌കീമുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗഖ്യം സദാ ആന്റിബയോട്ടിക് സാക്ഷരത യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മൈലപ്ര മാർ കുര്യാക്കോസ് ആശ്രമം ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അശാസ്ത്രീയമായ മരുന്ന് ഉപയോഗം മരുന്നുകൾ കൊണ്ട് അസുഖങ്ങൾ മാറാത്ത സാഹചര്യത്തിലേക്ക് എത്തിക്കും.

എൻഎസ്എസ് വോളന്റിയർമാർ സംസ്ഥാനത്തുടനീളം 343 പഞ്ചായത്തുകളിലെ വീടുകളിൽ സന്ദർശനം നടത്തി മുന്നറിയിപ്പ് നൽകുകയാണ്. അശാസ്ത്രീയമായ മരുന്നുപയോഗത്തിന്റെയും ആന്റിബയോട്ടികളുടെ അമിത ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചും ആന്റി മൈക്രോബിയൽ പ്രതിരോധം തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളെ കുറിച്ചുമാണ് അവബോധം സൃഷ്ടിക്കുന്നത്.

ആന്റിബയോട്ടിക്കുകളുടെ അമിതഉപയോഗം തടയുന്നതിന് ആരോഗ്യവകുപ്പ് പ്രത്യേക പ്രവർത്തനങ്ങൾ നടത്തുകയാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടികൾ വിതരണം ചെയ്യുന്നതിന് വിലക്കുണ്ട്;ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പരിശോധനകൾ നടത്തിവരുന്നു. ആൻറിബയോട്ടിക് മരുന്നുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് നീല കവറുകളിൽ നൽകുകയാണ് ഇപ്പോൾ.

വെറ്ററിനറി ഡോക്ടർമാരുടെ അനുവാദമില്ലാതെ ചിലർ കന്നുകാലികൾക്ക് ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നതായി കാണുന്നുണ്ട്. ഇവയുടെ പാൽ ഉപയോഗിക്കുന്നതും അപകടമാണ്. വെറ്റ് ബയോട്ടിക് എന്ന പേരിലുള്ള പ്രചാരണത്തിലൂടെ ഇതിനെതിരെ ബോധവത്കരണം നടത്തി വരുന്നു – മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട നഗരസഭ ചെയർമാൻ റ്റി. സക്കീർ ഹുസൈൻ അധ്യക്ഷനായി. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ ഡോ. കെ. സുജിത് കുമാർ, വി.എച്ച്.എസ്. ഇ. എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. പി. രഞ്ജിത്ത്, വി എച്ച് എസ് ഇ ഡെപ്യൂട്ടി ഡയറക്ടർ ആർ. സിന്ധു, അസിസ്റ്റൻറ് ഡയറക്ടർ ഷാലി ജോൺ, ഡ്രസ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന കോ- ഓർഡിനേറ്റർ ഷാജി എം. വർഗീസ്, സെന്റ് ജോർജ് വി. എച്ച്. എസ്. എസ്. അട്ടച്ചാക്കൽ മാനേജർ ഫാ. പി വൈ. ജസ്സൻ, പ്രിൻസിപ്പൽ രശ്മി ഗ്രേസ് ഈശോ, വി. എച്ച്. എസ്. ഇ. എൻഎസ്എസ് റീജിയണൽ കോ-ഓർഡിനേറ്റർ ആർ. അനിൽ, ജില്ലാ കോ-ഓർഡിനേറ്റർ ബേബി ചന്ദ്ര, കുന്നം എം. റ്റി വിഎച്ച്എസ്എസ് വോളന്റിയർ ലീഡർ സി. എസ്. ദുർഗ, വി. എച്ച്. എസ്. ഇ. എൻഎസ് എസ് വിദ്യാർത്ഥി വോളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകുകയും വേണം. ഏത് വൈദ്യശാസ്ത്രത്തിലും ഗവേഷണം വളരെ പ്രധാനമാണ്. ഭാരതീയ ചികിത്സാ ശാസ്ത്രത്തിന് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിനുതകുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. വെൽനെസിനായും ചികിത്സയ്ക്കായും ആഗോളതലത്തിൽ നിന്നും ധാരാളം പേർ കേരളത്തിലെത്തുന്നുണ്ട്. കേരളത്തെ ഹെൽത്ത് ഹബ്ബാക്കുമ്പോൾ അതിൽ ആയുഷിന്റെ എല്ലാ മേഖലയേയും പരിഗണിക്കും. 4 പുതിയ സിദ്ധ വർമ്മ യൂണിറ്റുകളും ജീവിതശൈലി രോഗ നിവാരണത്തിനുള്ള 2 സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ഈ വർഷം പ്രവർത്തനമാരംഭിക്കുന്നതാണ്. ചെന്നൈ ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയുമായി ചേർന്ന് ജീവനക്കാർക്ക് പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. എട്ടാമത് സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാരതീയ ചികിത്സ സമ്പ്രദായങ്ങളിൽ ഏറ്റവും പഴക്കം ചെന്നതും ദക്ഷിണ ഭാരതത്തിൽ പ്രചാരത്തിൽ ഉള്ളതുമായ വൈദ്യ ശാസ്ത്രമാണ് സിദ്ധ വൈദ്യം. സിദ്ധ വൈദ്യശാസ്ത്രത്തിന് കാലഘട്ടത്തിന് അനുസൃതമായുള്ള ജനകീയ അടിത്തറയും മുന്നോട്ട്‌പോക്കും ആവശ്യമാണ്. വർത്തമാന കാലഘട്ടത്തിൽ സിദ്ധയെ ജനകീയമാക്കുന്നതിന് സൂക്ഷമങ്ങളായ പ്രവർത്തനങ്ങൾ ആവശ്യമാണ്. അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അടിസ്ഥാനസൗകര്യ വികസനങ്ങളൊരുക്കുകയും ഗവേഷണത്തിന് പിന്തുണ നൽകുകയും ചെയ്തു.

സിദ്ധ പരമാവധി ജനകീയമാക്കുന്ന കർമ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന്റെ 20 കിടക്കകളോട് കൂടിയ ആശുപത്രി, 6 ഡിസ്പെൻസറികൾ, നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ 28 സ്ഥാപനങ്ങൾ, നാഷണൽ ആയുഷ് മിഷന്റെ കീഴിൽ 3 ട്രൈബൽ യൂണിറ്റുകൾ, ഭാരതീയ ചികിത്സാ വകുപ്പിന്റെ ആശുപത്രികളിൽ 10 അറ്റാച്ച്ഡ് യൂണിറ്റുകൾ, 3 ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റുകൾ എന്നിവ സംസ്ഥാനത്ത് സിദ്ധ വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു.

സ്ത്രീകളും പെൺകുട്ടികളും അഭിമുഖീകരിക്കുന്ന വിളർച്ചാ രോഗം, ഇതര സ്ത്രീരോഗങ്ങൾ എന്നിവ അകറ്റി ആരോഗ്യ പൂർണമായ ഭാവി തലമുറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ‘മഗളിർ ജ്യോതി’ എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു. അസ്ഥി സന്ധി രോഗ ചികിത്സക്കായി 3 സിദ്ധ വർമ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സിദ്ധ വിഭാഗത്തിലെ പാലിയേറ്റിവ് കെയർ യൂണിറ്റ് ആലപ്പുഴ മണ്ണഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്നു.

നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. പ്രിയ കെ.എസ്., ഹോമിയോപ്പതി വകുപ്പ് വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. ബീന എം.പി., ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പിസിഒ ഡോ. ടി.കെ. വിജയൻ, ഭാരതീയ ചികിത്സ വകുപ്പ് ജോ. ഡയറക്ടർ ഡോ. പി.ആർ. സലജ കുമാരി, സിദ്ധ പ്രാദേശിക ഗവേഷണ കേന്ദ്രം, പൂജപ്പുര റിസർച്ച് ഓഫീസർ (സിദ്ധ) & ഇൻ ചാർജ് ഡോ. നടരാജൻ എസ് , തിരുവനന്തപുരം ഐഎസ്എം ഡിഎംഒ ഇൻ ചാർജ് ഡോ. അജിത അതിയേടത്ത്, നാഷണൽ ഹെൽത്ത് മിഷൻ തിരുവനന്തപുരം ഡിപിഎം ഡോ. ആശ വിജയൻ, ദേശീയ ആയുഷ് മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർമാരായ ഡോ. ജയനാരായണൻ. ആർ, ഡോ. സജി പി.ആർ. എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തെ കേന്ദ്ര സർക്കാർ സെന്റർ ഓഫ് എക്‌സലൻസ് ആയി തിരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് – ഐസിഎംആർ തിരഞ്ഞടുക്കുന്ന രാജ്യത്തെ അഞ്ച് മെഡിക്കൽ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജും ഉൾപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും രണ്ടു കോടി രൂപ മെഡിക്കൽ കോളേജിന് ലഭിക്കും. കേരളത്തിൽ നിന്നൊരു മെഡിക്കൽ കോളേജ് ഈ സ്ഥാനത്ത് എത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്. മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസ് ആയി ഈ സർക്കാരിന്റെ കാലത്ത് കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു. ഇതോടെ മെഡിക്കൽ കോളേജും എസ്.എ.ടി. ആശുപത്രിയും സെന്റർ ഓഫ് എക്‌സലൻസായി മാറുകയാണ്.

രാജ്യത്തെ 5 പ്രധാന ആശുപത്രികൾക്കൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ എമർജൻസി മെഡിസിൻ വിഭാഗത്തെ സെന്റർ ഓഫ് എക്‌സലൻസ് ആയി ഉയർത്തുമ്പോൾ വളരെ സന്തോഷമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ സർക്കാരിന്റെ തുടക്കകാലത്ത് 2021ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മുന്നറിയിപ്പില്ലാതെ മന്ത്രി നടത്തിയ സന്ദർശനമാണ് എമർജൻസി മെഡിസിൻ ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനങ്ങളിലേക്ക് തുടക്കം കുറിച്ചത്.

പഴയ അത്യാഹിത വിഭാഗം സ്ഥലപരിമിതിയോടെ, അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഞെങ്ങി ഞെരുങ്ങിയാണ് പ്രവർത്തിച്ചു വന്നിരുന്നത്. വെളിച്ചമില്ലാത്ത വരാന്തയിൽ അഞ്ചും ആറും മണിക്കൂറുകൾ മതിയായ ചികിത്സ ലഭ്യമാകാതെ സ്ട്രച്ചറിൽ കാത്തു കിടക്കുന്ന രോഗികളെ കാണാൻ സാധിച്ചു. പലയിടത്ത് നിന്നും ഇസിജി വേരിയേഷൻ രേഖപ്പെടുത്തി വന്നവരും അക്കൂട്ടത്തിൽ ഉണ്ട്. ഓരോ ഡോക്ടർമാരുടെ ടേബിളിന് ചുറ്റും മുപ്പതും നാൽപതും രോഗികൾ ഉണ്ടായിരുന്നു. സേവനം ലഭിച്ചിരുന്നത് മണിക്കൂറുകൾ കഴിഞ്ഞു മാത്രമാണെന്ന് പലരും പരാതി പറഞ്ഞു. അപ്പോഴാണ് ഈ അവസ്ഥ മാറ്റി എമർജൻസി മെഡിക്കസിൻ വിഭാഗം എവിടെ തുടങ്ങും എന്നുള്ള ചിന്ത വന്നത്.

നിർമ്മാണം തുടങ്ങിയെങ്കിലും വളരെക്കാലം നിലച്ചു പോയിരുന്ന കെട്ടിടത്തിൽ നൂതന എമർജൻസി മെഡിസിൻ സംവിധാനങ്ങളൊരുക്കിയാണ് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചത്. ശാസ്ത്രീയമായ ട്രയാജ് സംവിധാനം ആദ്യമായി നടപ്പിലാക്കി. ചെസ്റ്റ് പെയിൻ ക്ലിനിക്, സ്‌ട്രോക്ക് ഹോട്ട്‌ലൈൻ, അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ ഉറപ്പാക്കി. സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. മെഡിക്കൽ കോളേജിലെ എല്ലാ തലത്തിലും സൂക്ഷ്മമായ ഇടപെടൽ വേണമെന്ന് കണ്ടതുകൊണ്ട് പുതിയ ഡിപ്പാർട്ട്‌മെന്റുകൾ, പുതിയ സംവിധാനങ്ങൾ, ഫെലോഷിപ്പ് പ്രോഗ്രാം എന്നിവ ആരംഭിച്ചു. എയിംസ്, ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ അത്യാഹിത വിഭാഗം സന്ദർശിച്ച് അഭിനന്ദിച്ചു. എമർജൻസി മെഡിസിനിൽ മൂന്ന് പിജി സീറ്റുകൾക്ക് അനുമതി ലഭ്യമാക്കി കോഴ്സ് ആരംഭിച്ചു. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക്, സ്‌പെക്റ്റ് സ്‌കാൻ എന്നിവ സ്ഥാപിച്ചു. പെറ്റ് സ്‌കാൻ സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.

ഈ കാലയളവിൽ ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ തുടർച്ചയായ രണ്ട് വർഷങ്ങളിൽ മെഡിക്കൽ കോളേജ് ഉൾപ്പെട്ടു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. 85ൽ അധികം തവണയാണ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് സന്ദർശിച്ച് ചർച്ച നടത്തിയത്. മാസ്റ്റർപ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിർമ്മാണം പൂർത്തിയാക്കി 194.32 കോടി അനുവദിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിലെ ന്യൂറോ കാത്ത് ലാബ് ഉൾപ്പെട്ട 14.3 കോടിയുടെ സമഗ്ര സ്ട്രോക്ക് സെന്റർ സജ്ജമാക്കി. മെഡിക്കൽ കോളേജിൽ റോബോട്ടിക് സർജറി ആരംഭിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്.

മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. ലിനാക്, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, ബേൺസ് ഐസിയു എന്നിവ സ്ഥാപിച്ചു. രാജ്യത്ത് മെഡിക്കൽ കോളേജുകളിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ ഇന്റർവെൻഷൻ ആരംഭിച്ചു. 23 കോടിയുടെ ലേഡീസ് ഹോസ്റ്റൽ യാഥാർത്ഥ്യമാക്കി. അടുത്തിടെ മെഡിക്കൽ കോളേജിനായി 25 അധ്യാപക തസ്തികകൾ സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിറ്റിക്കൽ കെയർ, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ച് നടപടികൾ പുരോഗമിക്കുന്നു.