നാടാര്‍ സംവരണം; നിലവിലെ ഉത്തരവ് പിന്‍വലിച്ചു; പുതിയ ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നാടാര്‍ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി പുതിയ ഉത്തരവിറക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഭരണഘടനാവിരുദ്ധമെന്ന ഹര്‍ജിയെ തുടര്‍ന്ന് നിലവിലുള്ള ഉത്തരവ് പിന്‍വലിക്കുന്നതായി എ ജി ഹൈക്കോടതിയെ അറിയിച്ചു. പുതിയ ഉത്തരവ് ഇറക്കാനുള്ള അനുമതി കോടതി നല്‍കിയിട്ടുണ്ട്. നിലവില്‍ ആനുകൂല്യം ലഭിച്ചവരെ ബാധിക്കാതെയായിരിക്കും പുതിയ ഉത്തരവ് നടപ്പിലാക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച് ഒബിസിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ഏറെ പിന്തുണ ലഭിച്ച ഈ ഉത്തരവ് നാടാര്‍ ഭൂരിപക്ഷമേഖലയില്‍ ഇടതുമുന്നണിക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുകയും ചെയ്തു.

അതേസമയം, എതെങ്കിലും ഒരു മതവിഭാഗത്തിന് സംവരണം നല്‍കാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണെന്ന് കാണിച്ച് മോസ്റ്റ് ബാങ്ക്വേഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി എസ് കുട്ടപ്പന്‍ ചെട്ടിയാര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഉത്തരവ് കോടതി സ്റ്റേ ചെയ്തു. ഇതിനിടെ എതെങ്കിലും മതവിഭാഗത്തെ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. ഇതോടെയാണ് നിലവിലുള്ള ഉത്തരവ് പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നിയമപ്രകാരമുള്ള പുതിയ ഉത്തരവ് ഉടന്‍ നിലവില്‍ വരുത്താനാണ് സര്‍ക്കാര്‍ നീക്കം.