ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകൾ ആറു മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് ഐംസിഎംആര്‍ തലവൻ ഡോ. ബല്‍റാം ഭാര്‍ഗവ. രോഗവ്യാപനം തടയാൻ ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.രോഗവ്യാപന നിരക്ക് 10 ശതമാനത്തിനു മുകളിലുള്ള ജില്ലകളില്‍ ലോക്ക് ഡൗൺ നിയന്ത്രണം തുടരണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് തലവൻ വ്യക്തമാക്കിയത്. രാജ്യത്തെ ബഹുഭൂരിപക്ഷം ജില്ലകളിലും ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെക്കുറിച്ച് സംസാരിക്കവെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ രാജ്യത്തെ നാലിൽ മൂന്ന് ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മുംബൈ, ഡൽഹി, ബെംഗളുരു തുടങ്ങിയ നഗരങ്ങളിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തിന് മുകളിലാണ്. ഈ സാഹചര്യത്തിലാണ് ബൽറാം ഭാർഗവ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
രണ്ടാം തരംഗത്തിനിടെ രാജ്യത്ത് ലോക്ക് ഡൗൺ അനിവാര്യമാണെന്ന് പ്രധാനപ്പെട്ട ആരോഗ്യ ഏജൻസികളിലൊന്നിന്‍റെ തലവൻ തന്നെ പറയുന്നത് ഇതാദ്യവുമാണ്. രാജ്യവ്യാപക ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടെന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന അതേവേളയിൽ തന്നെയാണ് ഇതെന്നതും ശ്രദ്ധേയമാണ്.
രോഗവ്യാപന തോത് 5-10 ശതമാനത്തിനിടയിലായാല്‍ തുറന്നു കൊടുക്കാം. പക്ഷേ 6-8 ആഴ്ചയ്ക്കുള്ളില്‍ അതുണ്ടാകാന്‍ സാധ്യതയില്ല” ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഡല്‍ഹി നാളെ തുറന്നാല്‍ അത് വന്‍ദുരന്തം ആയിരിക്കുമെന്നും ഭാര്‍ഗവ മുന്നറിയിപ്പു നല്‍കി. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍നിന്ന് 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്.