പാലക്കാട്: കേരളത്തിലേക്ക് തുടർച്ചയായി മാരക ലഹരിമരുന്നായ എംഡിഎംഎ (മെത്തഡിൻ ഡയോക്സിൻ മെത്താഫെറ്റാമിൻ) വിറ്റഴിക്കുന്നതിന് പിന്നിൽ ആഫ്രിക്കൻ വംശജന്റെ നേതൃത്വത്തിൽ ബെംഗളൂരു കേന്ദ്രമാക്കിയുള്ള റാക്കറ്റ്. നർക്കോട്ടിക് കൺട്രോൾബ്യൂറോയുടെ (എൻസിബി) സഹായത്തോടെ എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ഈ വൻസംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്.
ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും സംഘം ഇടപാട് നടത്തുന്നുണ്ടെങ്കിലും കൂടുതൽ വിൽപന കേരളത്തിലാണെന്നാണ് ആ സംസ്ഥാനങ്ങളിലെ ലഹരിവിരുദ്ധസെല്ലുകളുടെ നിഗമനം. കണ്ടാലറിയാവുന്ന ആഫ്രിക്കൻ വംശജനിൽനിന്നാണ് സാധനം വാങ്ങിയതെന്നാണ് അറസ്റ്റിലായവരെല്ലാം നൽകുന്ന മൊഴി. കൊല്ലം, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽനിന്നു ബെംഗളൂരുവിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളെ ഉപയോഗിച്ച് പ്രധാനമായും ഡിജെ പാർട്ടികൾക്കും റിസോർട്ടുകൾക്കുമാണ് എംഡിഎംഎ വിതരണം. മെത്ത്, എം എന്നീ പേരുകളിലാണ് റാക്കറ്റിനുളളിൽ ഇത് അറിയപ്പെടുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ അറസ്റ്റിലായവരും ശൃംഖലയുടെ ഭാഗമാണെന്ന് നർക്കോട്ടിക് ബ്യൂറോ സംശയിക്കുന്നു. കടത്തിക്കൊണ്ടുവരുന്നവരും ഈ ലഹരിമരുന്നിന്റെ അടിമകളാണെന്ന് എക്സൈസ് സിഐയും ലഹരി വിരുദ്ധസെൽ സംസ്ഥാന നോഡൽ ഒാഫിസറുമായ പി.കെ. സതീഷ് പറഞ്ഞു.
ലോക്ഡൗണിനു ശേഷം ആദ്യമാസങ്ങളിൽ കഞ്ചാവാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വലിയതോതിൽ എത്തിയിരുന്നതെങ്കിൽ 6 മാസമായി എംഡിഎംഎയാണ് കൂടുതൽ.
കഞ്ചാവ് എത്തിക്കാനും സൂക്ഷിക്കാനുമുളള ബുദ്ധിമുട്ടില്ലെന്നതും വൻലാഭവുമാണ് മാരകമായ ഈ ലഹരിമരുന്നിന്റെ കച്ചവടത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നത്.എത്ര മികച്ച രീതിയിൽ ഒളിപ്പിച്ചാലും കഞ്ചാവിന്റെ ഗന്ധം തടയാൻ കഴിയില്ല. ട്രെയിനുകളിൽ അധികൃതർ പരിശോധന നടത്തുന്നതുപോലും കഞ്ചാവിന്റെ ഗന്ധംപിടിച്ചാണ്.
കോവിഡിനെ തുടർന്ന് പഠനം താളംതെറ്റുകയും സാമ്പത്തിക ബുദ്ധിമുട്ട് വർധിക്കുകയും ചെയ്തതോടെയാണ് യുവതീയുവാക്കൾ പലരും എംഡിഎംഎ കടത്തിന്റെ കണ്ണികളായതെന്ന് എക്സൈസ് ഇന്റലിജൻസ് നിരീക്ഷിക്കുന്നു. ഇതു ശരിവയ്ക്കുന്നതാണ് അറസ്റ്റിലായവരുടെ മൊഴികളും. യുവാക്കൾക്കിടയിൽ അപകടകരമായ സ്ഥിതിയാണ് ഉള്ളതെന്നും അധികൃതർ പറയുന്നു.