തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 20ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്ന പൊതുവേദിയില്‍ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും കേരള ഗവര്‍ണ്ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍റെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുകയെന്ന് പിണറായി വിജയൻ വ്യക്തമാക്കി.ചടങ്ങിൽ പരമാവധി 500 പേർക്ക് മാത്രമാണ് പ്രവേശനം ഉണ്ടാവുക. പാസുള്ളവർക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പങ്കെടുക്കുന്നവര്‍ ഉച്ചയ്ക്ക് 2.45ന് മുമ്പായി സ്റ്റേഡിയത്തില്‍ എത്തണം.
48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, ആര്‍ടി ലാമ്പ് നെഗറ്റീവ് റിസള്‍ട്ടോ, ആന്‍റിജന്‍ നെഗറ്റീവ്/ രണ്ട് ഡോസ് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കൈവശം വെക്കേണ്ടതുണ്ട്.കൊവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയുക്ത എല്‍എല്‍എമാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള സൗകര്യം എംഎല്‍എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്സ് 1ലും എര്‍പ്പെടുത്തിയിട്ടുണ്ട്.
സെക്രട്ടറിയേറ്റ് അനക്സ് 1, പ്രസ്സ് ക്ലബ് എന്നിവയ്ക്കു എതിര്‍വശത്തുള്ള ഗേറ്റുകള്‍ വഴിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ക്ഷണക്കത്തിനോടൊപ്പം ഗേറ്റ്പാസും വെച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഡബിള്‍ മാസ്ക് ധരിക്കേണ്ടതും കൊവിഡ്- 19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമ്പതിനായിരത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്ന ഇടമാണ് സെന്‍ട്രല്‍ സ്റ്റേഡിയം. എന്നാല്‍, ഇതിന്‍റെ നൂറിലൊന്നുപേരുടെ മാത്രം, അതായത് ഏകദേശം അഞ്ഞൂറുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. അഞ്ചുകൊല്ലം മുമ്പ് ഇതേ വേദിയില്‍ നാല്‍പതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇങ്ങനെ ചുരുക്കുന്നതെന്നും പിണറായി വ്യക്തമാക്കി.