മുസ്ലിം സമുദായത്തിലെ നിയമങ്ങളുടെ പരിഷ്‌കരണമാണ് ചർച്ച ചെയ്യേണ്ടത് ; ഫോറം ഫോർ മുസ്ലിം വിമൻസ്

കോഴിക്കോട് : ഏക സിവിൽ കോഡിനെ രാഷ്ട്രീയ സംഘടനകൾ അന്ധമായി എതിർക്കുന്നതിൽ കഴമ്പില്ലെന്ന് ഫോറം ഫോർ മുസ്ലിം വിമൻസ് ജൻഡർ ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഇടത് വലത് പാർട്ടികൾ യൂണിയൻ സിവിൽ കോഡ് കൈകാര്യം ചെയ്യുന്ന രീതിയിലെ ആശങ്ക സംഘടനാ പ്രതിനിധിയും എഴുത്തുകാരിയുമായ ഡോ. ഖദീജയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളുമായി പങ്ക് വച്ചത്. സിവിൽ കോഡിനെ പ്രതിരോധിക്കുന്നതിനേക്കാൾ മുസ്ലിം നിയമത്തിൽ മാറ്റങ്ങൾ കൊണ്ട് വരണമെന്ന് ഖദീജ കൂട്ടി ചേർത്തു .ഏകസിവിൽ കോഡിനെ താൻ മുൻപ് അംഗീകരിച്ചിരുന്നെന്നും പിന്നീട് ബി ജെ പി സർക്കാരിന്റെ ജനാധിപധ്യ വിരുദ്ധമായ ഭരണത്തിൽ ഏകസിവിൽ കോഡിന്റെ അപകടം മനസിലാക്കിയെന്നും അവർ പറഞ്ഞു. ഏക സിവിൽ കോഡിനേക്കാൾ മുസ്ലിം സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമങ്ങളിൽ മാറ്റം അനിവാര്യമാക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടി ചേർത്തു. സിവിൽ കോഡ് പ്രാബല്യത്തിലാക്കുന്നതിലൂടെ ബി ജെ പി തിരഞ്ഞെടുപ്പിലെ വിജയത്തെയാണ് മുന്നിൽ കാണുന്നത് . സിവിൽ കോഡിനെ എല്ലാ രീതിയിലും പഠിച്ച ശേഷം അതിനെ നോക്കിക്കണ്ട് മാറ്റങ്ങൾ വരുത്തുന്നതിനെ പറ്റി ആലോചിക്കണമെന്നും അവർ പ്രസ്താവന നടത്തി . സംഘടനയിൽ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായമാണ് ഇതെന്ന് ഖദീജ പറഞ്ഞു .ഏക സിവിൽ കോഡിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ് . യു സി സി യുമായി ബന്ധപ്പെട്ട് റിപ്പോർട്ട് 15 ന് കൈ മാറുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനോടൊപ്പം പ്രത്യേക നിയമ സഭ സമ്മേളനം നടത്താനും ബി ജെ പി ലക്ഷ്യമിടുന്നുണ്ട്.