കൊച്ചി: സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹർജി തള്ളി ഹൈക്കോടതി. ഹർജിക്കാർക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
എറണാകുളം ഉദയംപേരൂർ ആസ്ഥാനമായ സംഘടന നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേകിച്ച് വടക്കൻ മേഖലയിലുള്ളവർക്ക് തിരുവനന്തപുരത്തേക്ക് എത്താൻ ബുദ്ധിമുട്ടാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് മാറ്റമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്. കോൺഗ്രസിനുള്ളിൽ നിന്നു പോലും ഹൈബി ഈഡനെതിരെ വിമർശനം ഉയർന്നിരുന്നു. ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു.

