ശിവകാശി: പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം. സ്ത്രീകൾ ഉൾപ്പെടെ 13 പേരാണ് സ്‌ഫോടനത്തിൽ മരണപ്പെട്ടത്. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശിവകാശിയിലാണ് സംഭവം. കിച്ചനായകംപട്ടി, രംഗപാളയം എന്നിവിടങ്ങളിലെ പടക്കനിർമ്മാണശാലകളിലാണ് അപകടമുണ്ടായത്. രംഗപാളയത്ത് 12 പേരും കിച്ചനായകംപട്ടിയിൽ ഒരാളും മരണപ്പെട്ടുവെന്നാണ് വിവരം.
മരിച്ച 13 പേരിൽ ഒൻപത് പേരും സ്ത്രീകളാണ്. നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് തീയണച്ചത്. രംഗപാളയത്ത് വിൽക്കാനായി തയ്യാറാക്കിയ പടക്കങ്ങൾ പൊട്ടിച്ച് പരിശോധിക്കവെയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.
അപകടത്തിൽ പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്ന വിവരവും പുറത്തു വരുന്നുണ്ട്. പരിക്കേറ്റവരെ ശ്രീവില്ലിപുത്തൂരിലെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ധനസഹായം പ്രഖ്യാപിച്ചത്. മൂന്ന് ലക്ഷം രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചതെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി.

