ന്യൂഡൽഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.
ചടങ്ങിൽ നടി വഹീദ റഹ്മാന് ദാദാ സാഹേബ് പുരസ്‌കാരം നൽകി ആദരിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ‘റോക്കട്രി- ദ നമ്പി ഇഫക്ടി’ന് വേണ്ടി നിർമാതാവ് വർഗീസ് മൂലൻ ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘ഗോദാവരി’ എന്ന മറാത്തി ചിത്രത്തിന്റെ സംവിധായകൻ നിഖിൽ മഹാജനാണ് ലഭിച്ചത്. ആലിയ ഭട്ട്, കൃതി സനോൺ എന്നിവർ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും അല്ലു അർജുൻ മികച്ച നടനുള്ള പുരസ്‌കാരവും രാഷ്ട്രപതിയിൽ നിന്നും സ്വീകരിച്ചു.
ച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായി എട്ട് പുരസ്‌കാരങ്ങളും മലയാള സിനിമാ മേഖലയും കരസ്ഥമാക്കി. ‘ഹോം’ സിനിമയിലെ അഭിനയത്തിന് നടൻ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ‘ഹോ’മിന് വേണ്ടി നിർമാതാവ് വിജയ് ബാബു പുരസ്‌കാരം സ്വീകരിച്ചു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ‘നായാട്ടി’ന്റെ തിരക്കഥാകൃത്ത് ഷാഹി കബീറും ഏറ്റുവാങ്ങി.
അതേസമയം, മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം ‘ചവിട്ട്’ എന്ന ചിത്രത്തിന് അരുൺ അശോക്, സോനി കെ പി എന്നിവർക്ക് സമ്മാനിച്ചു. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് വിഷ്ണു മോഹൻ ഏറ്റുവാങ്ങി. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’ത്തിന് ലഭിച്ചു. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ആർ.ആർ ആദർശ് സംവിധാനം ചെയ്ത ‘മൂന്നാം വളവ്’ എന്ന ചിത്രത്തിനാണ് ലഭിച്ചത്. മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം ‘കണ്ടിട്ടുണ്ടോ’ എന്ന ചിത്രത്തിന്റെ സംവിധായിക അദിതി കൃഷ്ണദാസും സ്വീകരിച്ചു.

