ന്യൂഡൽഹി: ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി. ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമായാണ് ഇന്ത്യ കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഏതു രൂപത്തിലുള്ള ആഗോളഭീകരതയ്ക്കെതിരെയും പോരാടേണ്ട ഉത്തരവാദിത്വമുണ്ട്. മനുഷ്യത്വപരമായ നിയമങ്ങൾ പാലിക്കുക എന്ന ധാർമികബാധ്യത സംരക്ഷിക്കപ്പെടണം. ഇസ്രയേലുമായി സമാധാനം പുലർത്തുന്ന, പരമാധികാരമുള്ളതും സ്വതന്ത്രവും സ്വയംപര്യാപ്തവുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ചർച്ചകൾ പുനരാരംഭിക്കണമെന്ന വാദത്തിൽ എക്കാലവും ഇന്ത്യ ഉറച്ചു നിൽക്കുന്നു. പലസ്തീനോടുള്ള ഇന്ത്യയുടെ ആ നിലപാട് മാറ്റമില്ലാതെ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഇസ്രയേലിലുള്ള മുഴുവൻ ഇന്ത്യക്കാരും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം. ആവശ്യമെങ്കിൽ കൂടുതൽ വിമാനങ്ങൾ ഏർപ്പാടാക്കും. ഇസ്രയേലിൽ ഏകദേശം 18,000 ഇന്ത്യക്കാരും വെസ്റ്റ്ബാങ്കിൽ 12 പേരും ഗാസ മുനമ്പിൽ നാലു പേരുമുണ്ട്. കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിൽ പരിക്കേറ്റ മലയാളി യുവതി ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.

