ന്യൂഡൽഹി: ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷപ്രശ്നങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകി കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. കമ്പ്യൂട്ടർ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം നടത്താൻ സാധിക്കത്തക്ക വിധത്തിലുള്ള സുരക്ഷാ വീഴ്ചകളാണ് ക്രോമിലുള്ളതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് വേണ്ടി ഐടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം.
ബ്രൗസറിലെ സുരക്ഷാ വീഴ്ചകൾ മുതലെടുത്ത് കമ്പ്യൂട്ടർ സംവിധാനത്തിനെതിരെ ഡിനയൽ ഓഫ് സർവീസ് ആക്രമണം നടത്താൻ ഹാക്കർമാർക്ക് കഴിഞ്ഞേക്കുമെന്ന് സിഇആർടി അറിയിച്ചു. സുരക്ഷ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എത്രയും വേഗം തന്നെ ഉപയോക്താക്കൾ അപ്‌ഡേറ്റ് ചെയ്യണമെന്നും വിദഗ്ധർ പറയുന്നു.
സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുന്നത് ഗൂഗിൾ ക്രോമിന്റെ 118.0.5993.70 അല്ലെങ്കിൽ 118.0.5993.71 എന്നീ വിൻഡോസിന് മുമ്പുള്ള വേർഷനുകളിലാണ്. മാക്ക്, ലിനക്സ് പതിപ്പുകളുടെ 118.0.5993.70 വേർഷന് മുമ്പുള്ള വേർഷനിലും ഈ പ്രശ്‌നമുണ്ട്.

