സിക്കിമിലെ മിന്നൽ പ്രളയത്തിന് കാരണം നേപ്പാളിലെ ഭൂകമ്പമോ; പരിശോധിക്കുമെന്ന് വിദഗ്ധർ

ഗാങ്‌ടോക്: സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നൽ പ്രളയത്തിന്റെ കാരണം നേപ്പാളിലെ ഭൂകമ്പമെന്നു സംശയം. ഈ സാധ്യതയെ കുറിച്ച് വിദഗ്ധർ പരിശോധിക്കുന്നുണ്ടെന്നാണ് കേന്ദ്ര ജല കമ്മിഷൻ വ്യക്തമാക്കുന്നത്. ഭൂകമ്പത്തെ തുടർന്ന് തടാകത്തിലെ വെള്ളം കുത്തിയൊലിച്ചതാകാം മിന്നൽപ്രളയത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. 14 ആയി. 22 സൈനികർ ഉൾപ്പെടെ 102 പേരെ കാണാതായെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം കാണാതായ സൈനികരിൽ ഒരാളെ രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. രണ്ടു ദിവസമായി കനത്ത മഴയാണ് സിക്കിമിൽ അനുഭവപ്പെടുന്നത്. മേഘവിസ്ഫോടനം കൂടി ഉണ്ടായതോടെയാണ് സംസ്ഥാനത്തെ സ്ഥിഗതികൾ വഷളായത്. മിന്നൽ പ്രളയത്തിൽ ടീസ്ത നദിയിലെ ജലനിരപ്പ് ഉയർന്ന് നദി തീരത്തുള്ള സൈനിക ക്യാമ്പുകളിലേക്ക് വെള്ളം കയറി. ടെന്റുകളും സൈനിക വാഹനങ്ങളും പ്രളയത്തിൽ ഒഴുകിപ്പോയി. 23 സൈനികർ ഉൾപ്പടെ നിരവധി പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേന ഏഴ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളെല്ലാം താറുമാറായ നിലയിലാണ്. റോഡുകളിലും പാലങ്ങളിലുമെല്ലാം വെള്ളം കയറിയ അവസ്ഥയിലാണ്. 14 പാലങ്ങൾ പ്രളയത്തിൽ തകർന്നുവെന്നാണ് വിവരം.

സിക്കിമിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗുമായി അദ്ദേഹം ഫോണിൽ സംസാരിക്കുകയും ചെയ്തു. സിക്കിമിന് എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്.