ചൈനയിൽ നിന്ന് ഫണ്ട് വാങ്ങി; ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി ഡൽഹി പൊലീസ്

ന്യൂഡൽഹി: ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി ഡൽഹി പൊലീസ്. ചൈനയിൽ നിന്ന് ഫണ്ട് വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെയും മറ്റും വീടുകളിൽ ഡൽഹി പൊലീസ് റെയ്ഡും നടത്തിയിരുന്നു. റെയ്ഡിൽ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത, മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാസിങ്, ഊർമിളേഷ് എന്നിവരുടെ വസതികളിലും എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോക്ടർ രഘുനന്ദന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. ഡൽഹി, നോയ്ഡ, ഗസ്സിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡൽഹി പൊലീസ് പരിശോധന നടത്തിയത്. ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദ്, മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ താകുർത്ത എന്നിവരുടെ വീടുകളും റെയ്ഡ് നടന്നു. മുംബൈയിൽ താമസിക്കുന്ന ടീസ്റ്റയെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

അതേസമയം, വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) ലംഘിച്ച് വിദേശ ധനസഹായം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ക്ലിക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരം പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നാണ് ഇഡി ആരോപിച്ചിരുന്നത്. ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട ചില ആസ്തികൾ ഇഡി കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, ഡൽഹി പൊലീസ് നടപടിയിൽ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമാണ് മാധ്യമപ്രവർത്തകരുടെ സംഘടനകൾ ഉൾപ്പെടെ റെയ്ഡിനെതിരെ വിമർശനവുമായി രംഗത്തെത്തി. മോദി സർക്കാറിനും വൻകിട മുതലാളിമാർക്കുമെതിരെ റിപ്പോർട്ടുകൾ പുറത്തുവിട്ട മാധ്യമ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് ഇവർ പറയുന്നത്.