ന്യൂഡൽഹി: കഴിഞ്ഞദിവസം പിടിയിലായ മൂന്ന് ഐഎസ് ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ ഭീകരരെല്ലാം എൻജിനിയീറിങ് ബിരുദധാരികളാണെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കുന്നത്. മൂവരും ബോംബ് നിർമാണത്തിൽ പ്രാവീണ്യം നേടിയവരാണ്. ഡൽഹിയിലെ ജയത്പുരിൽ നിന്ന് പിടിയിലായ മുഹമ്മദ് ഷാനവാസ് എന്ന ഷാഫി ഉസാമ, ഇയാളുടെ കൂട്ടാളികളായ മുഹമ്മദ് റിസ്വാൻ അഷ്റഫ്, മുഹമ്മദ് അർഷദ് വാർസി എന്നിവരെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
എൻജിനീയറിങ് ബിരുദം നേടിയശേഷമാണ് ഇവർ തീവ്രവാദപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്. ഇവരിൽ ഒരാൾ പിഎച്ച്ഡി വിദ്യാർഥി കൂടിയാണ്. മൂന്നുലക്ഷം രൂപ ദേശീയ അന്വേഷണ ഏജൻസി വിലയിട്ടിരുന്ന ഭീകരനാണ് മുഹമ്മദ് ഷാനവാസ്. ഇയാൾക്കും കൂട്ടാളികളായ മറ്റുരണ്ടുപേർക്കും രാജ്യത്തെ വിവിധഭാഗങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ മുഖ്യപങ്കുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഡൽഹിയിലെ ജയത്പുരിൽ നിന്നാണ് ഇയാൾ പിടിയിലായത്.
ഷാനവാസിന്റെ ഡൽഹിയിലെ ഒളിയിടത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഒരു തോക്ക്, ബോംബ് നിർമാണത്തിന് ആവശ്യമായ രാസവസ്തുക്കൾ, പാകിസ്താനിൽ നിന്നുള്ള ലഘുലേഖകൾ തുടങ്ങിയവ ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു. ഇയാളുടെ കൂട്ടാളികളായ റിസ്വാനും അർഷദും ലഖ്നൗവിൽ നിന്നും മൊറാദാബാദിൽ നിന്നുമാണ് പോലീസിന്റെ പിടിയിലായത്. ഷാനവാസിന്റെ ഭാര്യ ഒളിവിൽപോയിരിക്കുകയാണ്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

