കാനഡക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; നാൽപതോളം നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടു

ന്യൂഡൽഹി: കാനഡക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡയുടെ നാൽപതോളം നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോർട്ട്.

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന് കാനഡയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവരുടെ വിസ താൽകാലികമായി നിർത്തിവെക്കുയും ചെയ്തിരുന്നു. പിന്നാലെ, രാജ്യത്തെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിൽ ആവശ്യത്തിലധികം കനേഡയിൻ നയതന്ത്ര ഉദ്യോഗസ്ഥരുണ്ടെന്നും എന്നാൽ, കാനഡയിൽ അത്രത്തോളം ഇന്ത്യൻ ഉദ്യോഗസ്ഥരില്ലെന്നും അരിന്ദം ബാഗ്ചി അറിയിച്ചിരുന്നു. ഇന്ത്യയിൽ കാനഡയിൻ 62 നയതന്ത്ര ഉദ്യോഗസ്ഥരുണ്ട്. കാനഡയിൽ നിന്നുള്ള എല്ലാത്തരം വിസകളും സസ്‌പെൻഡ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു. ഹർദീപ് സിംഗിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ സുരക്ഷാ ഏജൻസികൾ സജീവമായി അന്വേഷിക്കുകയാണെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു.