മുംബൈ: രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സർക്കാർ. ഔറംഗാബാദ് ഉൾപ്പെടെ രണ്ട് ജില്ലകളുടെ പേരാണ് സർക്കാർ മാറ്റിയത്. ഛത്രപതി സംഭാജി നഗർ എന്നാണ് ഔറംഗാബാദിന്റെ പുതിയ പേര്. ധാരാശിവ് എന്നാണ് ഉസ്മാനാബാദിന്റെ പേര്. വെള്ളിയാഴ്ച ഇതുസംബന്ധിച്ച വിജ്ഞാപനം റവന്യൂ വകുപ്പ് പുറത്തിറക്കിയിരുന്നു.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച തീരുമാനമെടുത്തത്. മുൻപ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ രണ്ടു ജില്ലകളുടെയും പേരുമാറ്റാനായി തീരുമാനമെടുത്തിരുന്നു. ഇതു പിന്നീടെത്തിയ ഷിൻഡെ സർക്കാരും തിരുത്താൻ തയാറായില്ല. എന്നാൽ തീരുമാനത്തെ എതിർത്ത് ഹൈക്കോടതിയിൽ ഹർജി വന്നതോടെ തീരുമാനം നീണ്ടുപോകുകയായിരുന്നു.
കോടതി ഹർജി തള്ളിയതോടെയാണ് പേരുമാറ്റ നടപടികൾ വീണ്ടും ആരംഭിച്ചത്. ശിവസേനയുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു ഔറംഗാബാദിന് സംഭാജിയുടെ പേരു നൽകണമെന്നത്.

