തിരുവനന്തപുരം: ഭൂതത്താൻകെട്ട് ജലവൈദ്യുതപദ്ധതിയുടെ പണി പൂർത്തിയാക്കാനാകാതെ മുടങ്ങുന്നു. കെഎസ്ഇബിയിലെ ആഭ്യന്തര തർക്കത്തെ തുടർന്നാണ് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാത്തത്.
കെഎസ്ഇബി തന്നെയുണ്ടാക്കിയ കരാറിൽ അവർതന്നെ സംശയം പ്രകടിപ്പിച്ച് പണം നൽകാതിരിക്കുന്നതാണ് പണി മുടങ്ങാൻ കാരണം. 12 കോടി കൂടി ചെലവഴിച്ചാൽ 24 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന പദ്ധതിയാണിത്. ഓരോ വർഷവും 34 കോടിയുടെ ഉത്പാദനനഷ്ടത്തിമാണ് കരാറിലെ തർക്കം കാരണമുണ്ടാകുന്നത്.
പദ്ധതി 2016-ൽ പണിപൂർത്തിയാക്കി കമ്മിഷൻ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഭൂതത്താൻകെട്ട് അണക്കെട്ടിലെ അധികജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 231.21 കോടിരൂപയാണ് പദ്ധതിയുടെ ചെലവ്. ശ്രീശരവണ എൻജിനിയറിങ് ഭവാനി കമ്പനിയും ഹുനാൻഷാങ് ജനറേറ്റിങ് എക്യുപ്‌മെന്റ് കമ്പനിയും ചേർന്നുള്ള കൺസോർഷ്യമാണ് കരാർ ഏറ്റെടുത്തത്. സിവിൽജോലികൾ 99.7 ശതമാനം പൂർത്തിയാക്കി. 86.61 ശതമാനം മെക്കാനിക്കൽ ജോലികളും പൂർത്തിയാക്കി. ഇനി ബാക്കിയുള്ളത് അവസാനഘട്ടത്തിലുള്ള യന്ത്രങ്ങൾ സ്ഥാപിക്കലാണ്.
കരാറിൽ വ്യവസ്ഥ ചെയ്തിരുന്നത് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പണം ഹുനാൻഷാങ് കമ്പനിക്ക് കെ.എസ്.ഇ.ബി. നേരിട്ട് നൽകാമെന്നായിരുന്നു. ശ്രീശരവണ, ഹുനാൻഷാങ്, കെ.എസ്.ഇ.ബി. എന്നിവർ കക്ഷികളായി ഏപ്രിൽ 27-നാണ് കരാറിൽ ഒപ്പുവെച്ചത്. ശ്രീശരവണ കമ്പനിക്ക് ബില്ലിൽ നിന്ന് പിടിച്ചുവെച്ചതും നിക്ഷേപവും അടക്കം 29 കോടിരൂപ കെ.എസ്.ഇ.ബി. നൽകാനുണ്ട്.
10.75 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇനി സ്ഥാപിക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീശരവണയ്ക്ക് ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള പണം ഹുനാൻഷാങ് കമ്പനിക്ക് നൽകാൻ കഴിയാതിരുന്നതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. ഇത് പദ്ധതിയെ ബാധിച്ചതോടെ കെഎസ്ഇബി ഇടപെടുകയായിരുന്നു. കക്ഷിയിലൊന്ന് ചൈനീസ് കമ്പനിയായതിനാൽ കരാർ നിലനിൽക്കില്ലെന്ന നിലപാടിലാണ് ഇപ്പോൾ കെഎസ്ഇബി. അതേസമയം, ഭൂതത്താൻകെട്ട് പദ്ധതി എന്ന് കമ്മിഷൻ ചെയ്യാനാകുമെന്നത് സംബന്ധിച്ച് ഇപ്പോൾ തീരുമാനമെടുക്കാനാകില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

