പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്മ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു; പ്രധാനമന്ത്രി

ന്യൂഡൽഹി: സനാതന ധർമ്മ വിവാദത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്മ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ തറക്കല്ലിടൽ ചടങ്ങിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

സനാതന ധർമ്മമാണ് സ്വാമി വിവേകാനന്ദനും ലോകമാന്യ ബാലഗംഗാധര തിലകനും പ്രചോദനം നൽകിയത്. എന്നാൽ, ഇന്ന് സനാതന ധർമ്മത്തെ അവർ നേരിട്ട് ലക്ഷ്യംവെക്കുകയാണ്. നാളെ നമുക്കെതിരായ ആക്രമണം അവർ കൂടുതൽ ശക്തമാക്കും. ആക്രമണത്തിനെതിരെ എല്ലാ സനാതന ധർമ്മ വിശ്വാസികളും രംഗത്തെത്തണം. ഇന്ത്യൻ സംസ്‌കാരത്തെ ആക്രമിക്കാനുള്ള ഗൂഢപദ്ധതി ഇന്ത്യ സഖ്യത്തിനുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു.

സനാതന ധർമ്മത്തെ പിന്തുണക്കുന്ന എല്ലാവരും ജാഗ്രതയോടെ ഇതിനെ നേരിടണം. രാജ്യത്തിന്റേയും സംസ്ഥാനങ്ങളുടേയും വികസനത്തിന് സർക്കാറുകൾ സുതാര്യതയോടും അഴിമതിരഹിതമായും പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ദീർഘകാലം മധ്യപ്രദേശ് ഭരിച്ച പാർട്ടി അഴിമതിയല്ലാതെ സംസ്ഥാനത്തിന് മറ്റൊന്നും നൽകിയിട്ടില്ല. ജി20 ഉച്ചകോടിയുടെ വിജയം 140 കോടി ജനങ്ങളുടേയും വിജയമാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ വൈവിധ്യവും സംസ്‌കാരവും ജി20 നേതാക്കളിൽ മതിപ്പുളവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.