ന്യൂഡൽഹി: കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ ഭാഗമായി നടക്കുന്ന മാധ്യമ വിചാരണകളിൽ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചു. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനു നടത്തുന്ന വാർത്താ സമ്മേനങ്ങളിൽ ശ്രദ്ധിക്കേണ്ട വിവരങ്ങൾ ഉൾപ്പെടുത്തി പൊലീസിനു പ്രത്യേക മാർഗനിർദേശം നൽകണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് മൂന്ന് മാസത്തെ സാവകാശവും നൽകി.
ഇതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിമാരോടും ദേശീയ മനുഷ്യാവകാശ കമ്മീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനകം അഭിപ്രായങ്ങൾ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. ജനുവരിയിൽ സുപ്രീം കോടതി ഈ വിഷയം വീണ്ടും പരിഗണിക്കും. പ്രതികളുടെയും ഇരകളുടെയും അവകാശം സംരക്ഷിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
പോലീസ് മാധ്യമങ്ങൾക്കു നൽകുന്ന വിവരങ്ങൾ ഊഹാപോഹങ്ങൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിങ്ങിനു കാരണമാകുന്നു. പക്ഷപാതപരമായ റിപ്പോർട്ടിങ് വ്യക്തികൾ കുറ്റം ചെയ്തുവെന്ന സംശയം പൊതുജനങ്ങളിൽ സൃഷ്ടിക്കുന്നുവെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

