ഹൈദരാബാദ്: അഴിമതിക്കേസിൽ അറസ്റ്റിലായ തെലുഗുദേശം പാർട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ പതിനാലു ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിജയവാഡ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജമുന്ദ്രി ജയിലാണ് ചന്ദ്രബാബു നായിഡു. രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി തന്നെ കുടുക്കിയതാണെന്നാണ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവുകളില്ലെന്നും നായിഡു കോടതിയിൽ അറിയിച്ചിരുന്നു.
ചന്ദ്രബാബു നായിഡുവിനെ വിജയവാഡയിലെ കോടതിയിൽ ഹാജരാക്കിയത് അതീവ സുരക്ഷാസംവിധാനങ്ങളോടെയാണ്. ചോദ്യംചെയ്യലിനോട് സഹകരിക്കാൻ ചന്ദ്രബാബു നായിഡു തയ്യാറായില്ലെന്നും പല ചോദ്യങ്ങൾക്കും ഓർമയില്ലെന്ന മറുപടി നൽകിയതായുമാണ് അന്വേഷണസംഘം കോടതിയിൽ അറിയിച്ചത്.
371 കോടിയുടെ സ്‌കിൽ ഡെവലപ്മെന്റ് പദ്ധതി അഴിമതിക്കേസിലാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ ചന്ദ്രബാബുവിനെ ഒന്നാം പ്രതിയാക്കിയെന്ന് സിഐഡി വിഭാഗം സ്ഥിരീകരിച്ചിരുന്നു. 11 മണിക്കൂറോളം നായിഡുവിനെ സിഐഡി വിഭാഗം ചോദ്യം ചെയ്തിരുന്നു. നായിഡുവിന് 10 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി നൽകിയെങ്കിലും ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു.

