ചെന്നൈ: ഉദയനിധി സ്റ്റാലിന്റെ സനാതന ധർമത്തിനെതിരെയുള്ള പരാമർശവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ബിജെപിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഡിഎംകെ. ഡിഎംകെ നേതാവ് എ രാജയാണ് പരസ്യ സംവാദത്തിന് വെല്ലുവിളിച്ചത്.
വിഷയത്തിൽ അമിത് ഷാ സംവാദത്തിന് തയാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. സനാതന ധർമത്തെ ഡിഎംകെ എതിർത്തതുകൊണ്ടാണ് തമിഴിസൈ ഗവർണർ ആയതെന്നും രാജ ചൂണ്ടിക്കാട്ടി.
അതേസമയം, ഡിഎംകെയ്ക്ക് എതിരെ വിമർശനവുമായി ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി. ദളിതരെ വോട്ട് ബാങ്ക് ആയി മാത്രം കാണുന്നവരാണ് ഡിഎംകെയെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ സനാതന ധർമം എന്താണ് എന്ന് വിശദീകരിച്ച ഉദയനിധി സ്റ്റാലിൻ, രാഷ്ട്രപതിയെ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിൽ അവഗണിച്ച ഉദ്ദാഹരണം ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആരോപണത്തിനും അണ്ണാമലൈ മറുപടി നൽകി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിനെ ഡിഎംകെ പിന്തുണച്ചില്ലെന്ന് അണ്ണാമലൈ പറഞ്ഞു.