ന്യൂഡൽഹി: കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ നിയോഗിച്ച എട്ടംഗ സമിതിയിൽ അംഗമാകില്ല. പാനലിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുകയാണ് അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ് അദ്ദേഹം കത്ത് നൽകിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.
സമിതിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അധിർ രഞ്ജൻ ചൗധരി സമിതിയിൽ നിന്നും പിന്മാറിയത്.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ വിഷയത്തെ കുറിച്ച് പഠിക്കാൻ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ എട്ടംഗ സമിതി രൂപീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനവും പുറത്തിറക്കി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് എട്ടംഗ സമിതിയുടെ അധ്യക്ഷൻ. ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആയിരുന്ന എൻ.കെ സിങ്, ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ സുബാഷ് കശ്യപ്, സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി തുടങ്ങിയവരും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സമിതിയുടെ സെക്രട്ടറി കേന്ദ്ര നിയമ സെക്രട്ടറി നിതേൻ ചന്ദ്ര ആണ്. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ സമിതിയുടെ യോഗങ്ങളിൽ പങ്കെടുക്കും.

