ന്യൂഡൽഹി: അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘റോക്കട്രി: ദ നമ്പി എഫക്ട്’ ആണ് മികച്ച ഫീച്ചർ സിനിമ. നിഖിൽ മഹാജനാണ് മികച്ച സംവിധായകൻ. മറാത്തി ചിത്രം ‘ഗോദാവരി’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
മികച്ച നടിയ്ക്കുള്ള പുരസ്‌കാരം രണ്ടു പേർ നേടി. ഗംഗുഭായ് കത്ത്യാവാടി എന്ന സിനിമയിലെ അഭിനയത്തിന് ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനോനും മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. അല്ലു അർജുനാണ് മികച്ച നടൻ. പുഷ്പ ചിത്രത്തിലെ അഭിനയത്തിനാണ് അല്ലു അർജുന് പുരസ്‌കാരം ലഭിച്ചത്.
മലയാളത്തിനും അഭിമാന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ‘ഹോം’ ആണ് മികച്ച മലയാള ചിത്രം. ഹോം, നായാട്ട്, മേപ്പടിയാൻ, ആവാസ വ്യൂഹം, ചവിട്ട്, മൂന്നാം വളവ്, കണ്ടിട്ടുണ്ട് തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തിന് നേട്ടം സമ്മാനിച്ചത്. ഫീച്ചർ നോൺ ഫീച്ചർ വിഭാഗങ്ങളിലായി മൊത്തം 8 പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. ഹോം എന്ന ചിത്രത്തിന് രണ്ട് പുരസ്‌കാരം ലഭിച്ചു. ചിത്രത്തിലെ അഭിനയ മികവ് ഇന്ദ്രൻസിന് മികച്ച നടനുള്ള പ്രത്യേക പരാമർശം നേടിക്കൊടുത്തു.
നായാട്ട് സിനിമ ശ്രദ്ധിക്കപ്പെട്ടത് തിരക്കഥയിലൂടെയാണ്. ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നായാട്ടിന്റെ തിരക്കഥയ്ക്ക് ഷാഹി കബീറിന് ലഭിച്ചത്. മേപ്പടിയാനിലൂടെ പുതുമുഖ സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്‌കാരവും മലയാളം നേടി. വിഷ്ണു മോഹനാണ് പുരസ്‌കാരം നേടിയത്.
‘ചവിട്ട്’ സിനിമയിലൂടെ അരുൺ അശോക് സോനു കെ പി മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് കൃഷാന്ത് ഒരുക്കിയ ആവാസവ്യൂഹമായിരുന്നു. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ രണ്ട് പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ആർ എസ് പ്രദീപ് ഒരുക്കിയ മൂന്നാം വളവ് നേടി. ബെസ്റ്റ് അനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം അദിതി കൃഷ്ണദാസിൻറെ ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം നേടി.

