മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ ചോദ്യംചെയ്യുന്നതിന് മുമ്പ് കോൺഗ്രസ് ആത്മപരിശോധന നടത്തണം; ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാജ്യത്തിന്റെ ഭൂപ്രദേശം ചൈനീസ് സൈന്യം കൈയടക്കുന്നതിൽ ലഡാക്കിലെ ജനങ്ങൾ അസ്വസ്ഥരാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. ഒരു കാലത്ത് ‘ഹിന്ദി ചീനി ഭായ് ഭായ്’ എന്ന് വാദിക്കുകയും 45,000 ചതുരശ്ര കിലോമീറ്റർ ചൈനയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസെന്ന് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ ചോദ്യംചെയ്യുന്നതിന് മുമ്പ് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതികരണവുമായി രവിശങ്കർ പ്രസാദും രംഗത്തെത്തി. നമ്മുടെ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ ചോദ്യംചെയ്യുന്ന തരത്തിലാണ് രാഹുൽ നിലവിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എവിടെ സന്ദർശിച്ചാലും രാജ്യത്തിനെതിരെ ആരോപണങ്ങളുന്നയിക്കുക എന്നത് രാഹുലിന്റെ ശീലമാണ്. ഒരു വിനോദസഞ്ചാരി എന്ന നിലയിലാണ് രാഹുൽ ലഡാക്ക് സന്ദർശിച്ചത്. ആത്മാഭിമാനത്തോടെ ഇന്ത്യൻ ജവാന്മാർ ചൈനയ്ക്കെതിരെ പോരാടുകയാണ്. അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ചാൽ ചൈനയ്ക്കുവേണ്ടി അടിസ്ഥാനരഹിതമായ ഒരു ആരോപണം ഉന്നയിക്കുന്നത് രാഹുലിന്റെ പതിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.