ന്യൂഡൽഹി: മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഛത്തീസ്ഗഡിൽ 21 മണ്ഡലങ്ങളിലേക്കും മധ്യപ്രദേശിൽ 39 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
90 സീറ്റുകളാണ് ഛത്തീസ്ഗഡിലുള്ളത്. മധ്യപ്രദേശിൽ 230 സീറ്റുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നിരുന്നു.
ഛത്തീസ്ഗഡിൽ അഞ്ച് വനിതകളും 10 പട്ടികവർഗക്കാരും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഒരാളും ബിജെപിയുടെ സ്ഥാനാർഥിപ്പട്ടികയിലുണ്ട്. മധ്യപ്രദേശിൽ അഞ്ച് സ്ത്രീകളും 21 ആദിവാസികളും ഉൾപ്പെടുന്ന ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്.

