ന്യൂഡൽഹി: മിത്ത് വിവാദം കേന്ദ്രകമ്മിറ്റി യോഗം ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം കേന്ദ്രകമ്മിറ്റിയുടെ മുമ്പിൽ വരികപോലും ചെയ്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗത്തെത്തുടർന്ന് കേരളത്തിലുണ്ടായ വിവാദത്തിന്റെ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എന്താണ് വിവാദമെന്ന് തനിക്കറിയില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും അതിൽ കൂടുതൽ എന്തെങ്കിലും പറയാനുണ്ടെന്ന് തോന്നുന്നില്ലെന്നും യെച്ചൂരി അറിയിച്ചു.
അതേസമയം, മൂന്ന് ദിവസമായി നടന്ന കേന്ദ്രകമ്മിറ്റിയോഗം ഞായറാഴ്ച അവസാനിച്ചു. ഡൽഹിയിൽ എച്ച്‌കെഎസ് ഭവനിലാണ് യോഗം ചേർന്നത്. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ, മുതിർന്ന നേതാവ് എസ് രാമചന്ദ്രൻപിള്ള, എ. വിജയരാഘവൻ, പി.കെ. ശ്രീമതി, ടി.എം. തോമസ് ഐസക്, എ.കെ. ബാലൻ, കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി. സതീദേവി, സി.എസ്. സുജാത തുടങ്ങിയ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.

