തിരുവനന്തപുരം : സപ്ലൈകോയിൽ സാധനങ്ങൾക്ക് മാന്ദ്യമുണ്ടായതിന് പിറകെ കെ സ്റ്റോറിലും സാധനങ്ങൾക്ക് ക്ഷാമം. മിക്കയിടങ്ങളിലെയും കെ സ്റ്റോർ വരുമാനത്തിൽ ഇടിവും ഉണ്ടായതോടെ നടത്തിപ്പുകാർക്ക് തന്നെ സ്ഥാപനങ്ങൾ ബാധ്യതയായി മാറി. രണ്ട് മാസം മുൻപ് റേഷൻ കടകളോടനുബന്ധിച്ച് അവശ്യ സാധനങ്ങളും സേവനവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കെ സ്റ്റോറുകൾ സ്ഥാപിച്ചത്.
പദ്ധതിയുടെ തുടക്കത്തിൽ 108 കെ സ്റ്റോറുകൾ തുടങ്ങി സപ്ലൈ കോ ഉല്പന്നങ്ങൾ , ശബരി, മിൽമ ഉത്പന്നങ്ങൾ തുടങ്ങിയവ ലഭ്യമാക്കുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനങ്ങൾ. സാധനങ്ങൾ ഇല്ലാത്തതിനാൽ കച്ചവടവുമില്ലാതായതോടെ വാടക പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കെ സ്റ്റോർ ഉടമകൾ.സർക്കാർ വാഗ്ദാനം നൽകിയിരുന്ന ചെറു കിടസംരംഭകരുടെ ഉത്പന്നങ്ങളും കുടുംബശ്രീ ഉത്പന്നങ്ങളും ലഭ്യമാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ കൂടുതൽ സാധനങ്ങൾ കെ സ്റ്റോറിൽ ലഭ്യമാക്കാമെന്നാണ് സിവിൽ സപ്ലൈസ് അധികൃതർ വ്യക്തമാക്കുന്നത്.

