മണിപ്പൂർ കലാപം; അന്വേഷണത്തിൽ സുപ്രീംകോടതി മേൽനോട്ടം വഹിക്കുന്നതിനോടു യോജിപ്പാണെന്ന് കേന്ദ്രം

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സുപ്രീംകോടതി മേൽനോട്ടം വഹിക്കുന്നതിനോടു യോജിപ്പാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സർക്കാരിനായി കോടതിയിൽ ഹാജരായത്. ഇദ്ദേഹമാണ് കേസിൽ സുപ്രീം കോടതി മേൽനോട്ടം വഹിക്കുന്നതിനോട് യോജിക്കുന്നുവെന്ന് വ്യക്തമാക്കിയത്. അഭിഭാഷകൻ കപിൽ സിബലാണ് ഇരകൾക്ക് വേണ്ടി ഹാജരായത്. സിബിഐക്ക് പകരം സ്വതന്ത്ര അന്വേഷണം വേണമെന്നായിരുന്നു അദ്ദേഹം സിബിഐയോട് ആവശ്യപ്പെട്ടത്.

സംഭവിച്ച കാര്യങ്ങളുടെ ആഘാതത്തിലാണ് സ്ത്രീകളെന്ന് മുതിർന്ന അഭിഭാഷകയായ ഇന്ദിര ജയ്‌സിങ് പറഞ്ഞു. സിബിഐയോട് സ്ത്രീകൾ കാര്യങ്ങൾ തുറന്നുപറയുമോയെന്ന് അറിയില്ല. അവർക്കു സത്യം പറയാനുള്ള ആത്മവിശ്വാസം ഉണ്ടാകണം. വനിതാ അംഗങ്ങളുടെ ഒരു ഉന്നതാധികാര സമിതി വേണം. അതിജീവിതമാർക്കു മുന്നോട്ട് വരാനും സത്യം പങ്കിടാനും കഴിയുമെന്ന് ഇന്ദിര വ്യക്തമാക്കി.

കേസ് അസമിലേക്കു മാറ്റുന്നതിനെയും ഇരകൾ എതിർത്തു. ഇതിനുപിന്നാലെയാണ് അന്വേഷണത്തിൽ സുപ്രീംകോടതി മേൽനോട്ടം വഹിക്കുന്നതിൽ എതിർപ്പില്ലെന്നു കേന്ദ്രം വ്യക്തമാക്കിയത്.