മണിപ്പൂരിൽ നടക്കുന്നത് ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള സംഘർഷമല്ല; ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് ബോംബെ ആർച്ച് ബിഷപ്പ്

മുംബൈ: മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. മണിപ്പൂരിൽ സംഭവിച്ചതും സംഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളും ഏറെ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ നടക്കുന്നത് ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള സംഘർഷമല്ലെന്നും അത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും അദ്ദേഹം വ്യക്തമാക്കി.

മണിപ്പൂരിൽ പള്ളികളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അവ പുനർനിർമിക്കാൻ തങ്ങൾ ആവശ്യമായ സഹായം ചെയ്യും. മണിപ്പൂരിലെ കലാപത്തിന് ചിലർ മതപരമായ മാനങ്ങൾ നൽകി. എന്നാൽ, മണിപ്പൂരിൽ നടക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘട്ടനമല്ല, മറിച്ച് ചരിത്രപരമായി പരസ്പരം ശത്രുത പുലർത്തുന്ന രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമാണ്. പല കാരണങ്ങൾ കൊണ്ട് മണിപ്പൂർ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. നിരവധി അക്രമ സംഭവങ്ങൾ സംസ്ഥാനത്ത് അരങ്ങേറി. നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടു. ധാരാളം പേരുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടു. എന്നാൽ ഈ സംഭവം മാധ്യമങ്ങളിൽ എങ്ങനെ അവതരിപ്പിക്കപ്പെട്ടു എന്നതിൽ തങ്ങൾക്ക് സങ്കടമുണ്ട്. ഇന്ത്യയിൽ ഇത് സംഭവിച്ചു എന്നതിൽ നമ്മൾ ലജ്ജിച്ചു തല താഴ്ത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മണിപ്പൂരിന്റെ സമാധാനത്തിനായും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായും സംഭാവന നൽകണം. ഇതിനായി ഓഗസ്റ്റ് 12, 13 തീയതികളിൽ പ്രത്യേക യോഗം സംഘടിപ്പിക്കുകയും സംഭാവന സ്വീകരിക്കുകയും ചെയ്യുന്നതാണ്. മണിപ്പൂരിനായി എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.