കെ റെയിൽ; പദ്ധതി തങ്ങൾ മാത്രം തീരുമാനിച്ചാൽ നടപ്പാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂർ: കെ റെയിൽ പദ്ധതി തങ്ങൾ മാത്രം തീരുമാനിച്ചാൽ നടപ്പാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വന്ദേഭാരത് എക്‌സ്പ്രസ്‌ കേരളത്തിന് അനുവദിച്ചപ്പോഴുള്ള പ്രതികരണം കാണിക്കുന്നത് വേഗമുള്ള റെയിൽ സഞ്ചാരം കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ കെ റെയിലിന് അനുകൂലമായി ഇപ്പോൾ പ്രതികരിക്കുന്നില്ല. ഒരുകാലം ഇതിന് അംഗീകാരം തരേണ്ടതായി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരിൽ പാട്യം ഗോപാലൻ പഠനഗവേഷണ കേന്ദ്രവും കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ വികസന സെമിനാർ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കെ റെയിലിനെ നഖശിഖാന്തം എതിർത്തവർ വന്ദേഭാരത് വന്നപ്പോൾ കണ്ടകാര്യമെന്താണ്? ജനങ്ങളുടെ മനസാണത് കാണിക്കുന്നത്. വേഗമുള്ള റെയിൽ സഞ്ചാരം കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് വന്ദേഭാരത് വന്നപ്പോൾ നാം കണ്ടത്. തങ്ങൾ മാത്രം തീരുമാനിച്ചാൽ നടപ്പാക്കാൻ കഴിയില്ല. റെയിൽവേയുടെ കാര്യം കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ നടത്താൻ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാർ ഇപ്പോൾ അതിന് അനുകൂലമായി പ്രതികരിക്കുന്നില്ല. പ്രതികരിക്കുന്ന ഘട്ടത്തിലെല്ലാം നേരത്തെ അതിനെതിരായി പറഞ്ഞുകൊണ്ടിരുന്നു. അത്തരമൊരു പദ്ധതിയുമായി കേരളത്തിന് മാത്രമായി മുന്നോട്ട് പോകാൻ കഴിയില്ല. ഒരുകാലം ഇതിന് അംഗീകാരം തരേണ്ടതായി വരും. ഇപ്പോൾ തൽക്കാലം ഞങ്ങളായത് മുന്നോട്ടുകൊണ്ടുപോകുന്നില്ല എന്ന നിലപാടാണ് നേരത്തെ എടുത്തത്. ഇപ്പോൾ കേരളത്തിന്റെ മനസ് അത്തരത്തിലൊരു റെയിൽ വേണമെന്ന് ചിന്തിക്കുന്നിടത്ത് എത്തിയില്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു.